തിരുവനന്തപുരം: ഭാരതീയ ദര്‍ശനങ്ങളിലും മൂല്യങ്ങളിലും അധിഷ്ഠിതമായ ജീവിതരീതിയില്‍നിന്ന് വ്യതിചലിച്ചതാണ് സമൂഹം ഇന്ന് നേരിടുന്ന പല പ്രശ്നങ്ങള്‍ക്കും കാരണമെന്ന് കേന്ദ്ര വിദേശകാര്യ, പാര്‍ലമെന്ററികാര്യ സഹമന്ത്രി വി. മുരളീധരന്. പോത്തന്‍കോട് ശാന്തിഗിരി ആശ്രമത്തിലെ പൂജിതപീഠം സമര്‍പ്പണ വാര്‍ഷികത്തോടനുബന്ധിച്ചുള്ള സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എല്ലാവരെയും ഉള്‍ക്കൊള്ളുന്നതാണ് ഭാരതീയ ദര്‍ശനം. എല്ലാ ആശയങ്ങള്‍ക്കും അതില്‍ ഇടമുണ്ട്. ഏറ്റുമുട്ടലിന്റെ പാതയല്ല, സമന്വയത്തിന്റെ പാതയാണ് ഭാരതീയ ദര്‍ശനങ്ങള്‍ മുന്നോട്ടുവെച്ചതെന്നും കേന്ദ്ര സഹമന്ത്രി ചൂണ്ടിക്കാട്ടി. ഇന്ന് മതങ്ങള്‍ തമ്മിലുള്ള ഏറ്റു മുട്ടലുകള്‍ കുറഞ്ഞിട്ടുണ്ടെന്നും അതേസമയം മതത്തിനുള്ളിലെ ഭിന്ന ആശയക്കാര്‍ തമ്മിലുള്ള ഏറ്റുമുട്ടലുകള്‍ വര്‍ദ്ധിച്ചിട്ടുണ്ടെന്ന് മുരളീധരന് ചൂണ്ടിക്കാട്ടി.
ഭാരതീയ ആചാര്യന്മാര് മുന്നോട്ടുവെച്ച മിതത്വത്തിലൂന്നിയ മനോഭാവമാണ് ഇന്ന് ലോകത്തിന്റെ നില നില്പ്പിന് അത്യാവശ്യമെന്ന് അദ്ദേഹം പറഞ്ഞു. പ്രകൃതി വിഭവങ്ങള്‍ എല്ലാവര്ക്കും അവകാശപ്പെട്ടതാണെന്ന ബോധ്യം നമുക്കുണ്ടാകണം. വാദിക്കാനും ജയിക്കാനുമല്ല, അറിയാനും അറിയിക്കാനുള്ള ശ്രമങ്ങളാണുണ്ടാവേണ്ടത്. ഈ അറിവുകളാണ് കരുണാകര ഗുരുവും പകര്‍ന്നുതന്നതെന്ന് വി. മുരളീധരന് പറഞ്ഞു.
അടൂര്‍ പ്രകാശ് എം.പി മുഖ്യ പ്രഭാഷണം നടത്തി. തെലുങ്കാന സ്പോര്‍ട്സ്, ടൂറിസം, എക്സൈസ്, സാംസ്കാരിക, ആര്‍ക്കിയോളജി വകുപ്പ് മന്ത്രി വി. ശ്രീനിവാസ് ഗൗഡ് ഗാരു മുഖ്യാതിഥിയായിരുന്നു. പാലോട് രവി, ശാന്തിഗിരി ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാനതപസ്വി, ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, പാളയം ഇമാം വി.പി സുഹൈബ്, ഐക്യരാഷ്ട്രസഭാ റിലീജ്യസ് ഫോറം സെക്രട്ടറി ഗുരു ദിലീപ്ജി മഹാരാജ്, എന്നിവരും മത, സാമൂഹിക, രാഷ്ട്രീയ, സാസ്കാരിക രംഗത്തെ നിരവധി പ്രമുഖരും ചടങ്ങില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: