ന്യൂദല്‍ഹി: വുഹാനില്‍ നിന്ന് രണ്ടാഴ്ച മുന്‍പ് വന്ന 406 അംഗ സംഘത്തെ രോഗമില്ലെന്ന് സ്ഥിരീകരിച്ച് വിട്ടയച്ചതിന് പിന്നാലെ അടുത്ത 120 പേരെ സ്വീകരിക്കാനൊരുങ്ങി ചാവ്ലയിലെ ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് ക്യാംപ്.
വെള്ളിയാഴ്ചയോടെ എത്തുന്ന സംഘത്തില്‍ രണ്ട് നയതന്ത്രജ്ഞരും ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. ഐടിബിപി ഡോക്ടര്‍മാരും വൈദ്യ സംഘവും ക്യാംപ് അണുവിമുക്തമാക്കുന്നതടക്കമുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. ഡോക്ടര്‍മാരുടെ 25 അംഗ സംഘം, അടുത്ത 24 മണിക്കൂര്‍ ഇത് തുടരുമെന്ന് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുന്ന മുഖ്യ മെഡിക്കല്‍ ഓഫീസര്‍ വ്യക്തമാക്കി. 14 ഐടിബിപി ഡോക്ടര്‍മാരും, ബിഎസ്എഫ്, സിആര്‍പിഎഫ്, എസ്എസ്ബി എന്നിവയില്‍ നിന്നുള്ള രണ്ട് വീതം ഡോക്ടര്‍മാരും സംഘത്തിലുണ്ട്. ഇവരെക്കൂടാതെ എയിംസ്, സഫ്ദര്‍ജങ് ആശുപത്രികളില്‍ നിന്നുള്ള ഡോക്ടര്‍മാരും സംഘത്തിലുണ്ട്.
വിമാനത്താവളത്തില്‍ പരിശോധന നടത്തിയ ശേഷമാകും ഇവരെ ഐടിബിപി ക്യാംപിലേക്ക് എത്തിക്കുക. തുടര്‍ന്ന് രണ്ടാഴ്ച നിരീക്ഷണത്തില്‍ വച്ച ശേഷം ഇവരെ വീടുകളിലേക്ക് വിട്ടയയ്ക്കും. ഇനിയെത്തുന്ന സംഘത്തിലെ കുട്ടികള്‍ക്ക് വേണ്ടി ക്യാംപില്‍ പ്രത്യേകം മുറി സജ്ജീകരിക്കുമെന്ന് ഐടിബിപി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: