പാലക്കാട്: നരേന്ദ്ര മോദി സര്‍ക്കാരിന്റെ സുപ്രധാന പദ്ധതികളില്‍ ഒന്നായ പ്രധാനമന്ത്രി ആവാസ് യോജന നടപ്പാക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരിന് ഗുരുതരമായ അലംഭാവം. സര്‍ക്കാരിന്റെ അനാസ്ഥയും വീഴ്ചയും കാരണം 74 കോടി രൂപ പാഴായി, കാല്‍ലക്ഷത്തിലേറെ പേര്‍ക്ക് വീടും നഷ്ടം.
കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച വീടുകളില്‍ പകുതിപോലും പൂര്‍ത്തിയാക്കാന്‍ സംസ്ഥാനത്തിന് കഴിഞ്ഞില്ലെന്നും വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നു. മുന്‍ വര്‍ഷങ്ങളില്‍ വീഴ്ച വരുത്തിയതിനാല്‍ 2018-19, 2019-20 വര്‍ഷങ്ങളില്‍ പിഎംഎവൈ ഗ്രാമീണ പ്രകാരം വീടുകളോ തുകയോ കേന്ദ്രം അനുവദിച്ചിട്ടില്ല. വിവരാവകാശ പ്രവര്‍ത്തകനും ബിജെപി പാലക്കാട് ജില്ലാ സെക്രട്ടറിയുമായ പി. രാജീവിന് ലഭിച്ച രേഖകളിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.
ഗ്രാമീണ മേഖലയില്‍ വീടില്ലാത്തവര്‍ക്കു വേണ്ടി ഒരു കോടി വീട് നിര്‍മ്മിക്കുന്നതിനുള്ള ബൃഹദ് പദ്ധതിയാണ് പ്രധാനമന്ത്രി ആവാസ് യോജന (ഗ്രാമീണ്‍). 2016ലാണ് കേരളത്തില്‍ പദ്ധതി ആരംഭിച്ചത്. സംസ്ഥാനത്തെ അര്‍ഹരായ ഗുണഭോക്താക്കളെ കണ്ടെത്തിയിട്ടുള്ള പെര്‍മനന്റ് വെയിറ്റിങ് ലിസ്റ്റിലുള്ളത് 75,709 പേര്.
2016-17, 2017-18 വര്‍ഷങ്ങളിലേക്ക് കേരളത്തിന് 42,431 വീടുകളാണ് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചത്. ഇവ നിര്‍മിക്കാന്‍ ആദ്യ ഗഡുവായി 121 കോടിയിലധികം രൂപ സംസ്ഥാന സര്‍ക്കാരിന് അനുവദിച്ചു. 2020 ആയിട്ടുപോലും 16,401 വീടുകള്‍ മാത്രമാണ് പൂര്‍ത്തിയാക്കിയത്. അങ്ങനെ 26,030 പേര്‍ക്ക് ഇടതുസര്‍ക്കാരിന്റെ വീഴ്ചയെ തുടര്‍ന്ന് വീട് നഷ്ടമായി.
ഇതിനിടെ, രണ്ടാം ഗഡുവിനായി 2018-19ല്‍ നിര്‍ദ്ദേശം നല്കി. പിന്നീട് 2019 സപ്തംബര്‍ 30ന് അത് പുതുക്കി നല്കി. 2018-19 വര്‍ഷത്തില്‍ 73 കോടി 92 ലക്ഷം രൂപയാണ് സംസ്ഥാന സര്‍ക്കാരിന് ലഭിക്കേണ്ടിയിരുന്നത്. എന്നാലിതും അനാസ്ഥമൂലം നഷ്ടപ്പെട്ടു.
2018 ജനുവരി 24ന് ശേഷം വീടുകള്‍ക്കായി വീണ്ടും അപേക്ഷ ക്ഷണിച്ചതിനെത്തുടര്‍ന്ന് മൂന്ന് ലക്ഷത്തിലധികം പേരുടെ അപേക്ഷകളാണ് ബ്ലോക്കുകള്‍ മുഖേന അധികൃതര്‍ക്ക് കൈമാറിയത്. മുന്‍പ് അനുവദിച്ചത് കൃത്യമായി പണിയുകയും കണക്ക് നല്‍കുകയും ചെയ്യാത്തതിനാല്‍ ഇതും അനിശ്ചിതത്വത്തിലായി. കേന്ദ്രസര്‍ക്കാര്‍ ഫണ്ടുകള്‍ അനുവദിക്കുമ്പോള്‍ അവ കൃത്യമായി വിനിയോഗിക്കാതെ നഷ്ടപ്പെടുത്തുകയാണ് ഇടതു സര്‍ക്കാര്‍ ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: