കൊച്ചി: സംസ്ഥാനത്തെ ആയുര്‍വേദ ആശുപത്രികളില്‍ തെറാപ്പിസ്റ്റുകളോടുള്ള സര്‍ക്കാരിന്റെ അവഗണ തുടര്‍ക്കഥയാകുന്നു. ഡോക്ടര്‍മാര്‍, നേഴ്സുമാര്‍, ഫാര്‍മസിസ്റ്റുകള്‍ എന്നിവരെ പോലെ തെറാപ്പിസ്റ്റുകളുടെ സേവനവും അവശ്യമെന്നിരിക്കെ സര്‍ക്കാര്‍ ഈ വിഭാഗത്തോട് മുഖം തിരിക്കുകയാണ്. ഒട്ടുമിക്ക ആശുപത്രികളിലും വേണ്ടത്ര പരിശീലനം ലഭിച്ച തെറാപ്പിസ്റ്റുകളെ നിയമിക്കുന്നില്ല. പരിശീലനം ലഭിച്ച നിരവധി ആയുര്‍വേദ തെറാപ്പിസ്റ്റുകള്‍ അവസരം കിട്ടാതെ പുറത്ത് നില്ക്കുമ്പോള് ചികിത്സയ്ക്ക് നടത്തുന്നത് പാര്‍ടൈം തൂപ്പുകാരും പാചകക്കാരും അറ്റെന്ഡര്മാരുമെന്ന് ആക്ഷേപമുയരുന്നു. ശാരീരികാധ്വാനമേറെ വേണ്ട ഈ മേഖലയില്‍ വികലാംഗര്‍ പോലും ഉഴിച്ചിലും പിഴിച്ചിലും നടത്താറുണ്ടെന്നതാണ് വസ്തുത. അമ്പതും നൂറും കിടക്കകള്‍ വരെയുള്ള താലൂക്ക് ആശുപത്രികളിലും തെറാപ്പിസ്റ്റുകളുടെ നിയമനം നടത്തുന്നില്ല. എന്നാല്‍ ഇവിടങ്ങളിലെല്ലാം ഡോക്ടര്‍, നേഴ്സ്, ഫാര്‍മസിസ്റ്റ്, അറ്റന്‍ഡര്‍, കുക്ക്, സ്വീപ്പര്‍ തുടങ്ങിയ തസ്തികളില്‍ നിയമനം മുറപോലെ നടക്കുന്നുണ്ട്. അറ്റന്‍ഡര്‍മാരെ ഉപയോഗപ്പെടുത്തി താല്‍ക്കാലിക ചികിത്സ നടത്താമെന്നതാണ് തങ്ങളുടെ നിയമനം നടത്താതിന് കാരണമായി തെറാപ്പിസ്റ്റുകള്‍ ചൂണ്ടികാണിക്കുന്നത്. ദിവസ വേതതനത്തില്‍ ജോലി ചെയ്യുന്ന യോഗ്യരായ തെറാപിസ്റ്റുകളുടെ കാര്യവും വ്യത്യസ്തമല്ല. ശക്തമായ മുറവിളികളുടെ അടിസ്ഥാനത്തില്‍ 150ല്‍ നിന്ന് 350 ആയി ഇവരുടെ വേതനം വര്‍ധിപ്പിച്ചിരുന്നെങ്കിലും പിന്നീട് ഇതിന് വര്‍ധനവ് ഉണ്ടായില്ല. 28/10/2014 ലെ ജി.ഒ (പി) 466/2014/ ധന. ഉത്തരവ് പ്രകാരം സര്‍വ്വീസിലെ തന്നെ മറ്റ് വിഭാഗങ്ങള്‍ക്ക് ശബളം വര്‍ധിപ്പിച്ചപ്പോഴും തെറാപിസ്റ്റുകളെ പരിഗണിച്ചില്ല. സംസ്ഥാനത്തെ മുഴുവന്‍ ആശുപത്രികളിലുമായി ഏതാണ്ട് 400നുമേല്‍ തെറാപിസ്റ്റുകളുടെ സേവനം ലഭ്യമായി വരുന്നുണ്ടെങ്കിലും തസ്തികയിലെ സ്ഥിരം ജീവനക്കാര്‍ വിരലിലെണ്ണാവുന്നവര്‍ മാത്രമാണ്. നേരത്തെ ആരോഗ്യമന്ത്രി വിഎസ് ശിവകുമാര്‍ ആയുര്‍വേദ ആശുപത്രികളിലേക്ക് 200 തെറാപ്പിസ്റ്റുകളെ നിയമിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും അത് വാക്കുകളില്‍ മാത്രം ഒതുങ്ങുകയായിരുന്നു. ഈ സാഹചര്യത്തില്‍ തെറാപ്പിസ്റ്റുകള്‍ ചേര്‍ന്ന് ആരോഗ്യമന്ത്രിക്ക് നിവേദനം നല്‍കാനൊരുങ്ങുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: