തിരക്കേറിയ റോഡിലൂടെ യാത്രക്കാരെയും കൊണ്ട് സവാരി പോകുമ്പോള്‍ വഴിവക്കില്‍ കാണുന്നവരെയും, സംഭവങ്ങളെയും വ്യത്യസ്തമായ രീതിയില്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ മാലപ്പടക്കമാക്കി അവതരിപ്പിച്ചായിരുന്നു അജയന് മാടക്കല്‍ എന്ന ചേര്‍ത്തലക്കാരന്റെ തുടക്കം. ആവര്‍ത്തനവിരസമായ കോമഡി രംഗങ്ങളും പതിവ് അനുകരണങ്ങളും ഒഴിവാക്കി പച്ചയായ ജീവിത സംഭവങ്ങളെ അജയകുമാര്‍ ചിരിക്ക് ആധാരമാക്കി. ചേര്‍ത്തല അര്‍ത്തുങ്കല്‍ റൂട്ടിലെ മാടക്കല്‍ ഗ്രാമമാണ് അജയ കുമാറിന്റെ നാട്. പൊതുവേ കൂലി പണിയും മറ്റും തൊഴിലാക്കിയ ഇവിടുത്തുകാരില്‍ നിന്നും വ്യത്യസ്തനാവുകയായിരുന്നു അജയന്. ജീവിത പ്രാരാബ്ധങ്ങള്‍ക്കിടയിലും കലയ്ക്കും എഴുത്തിനുമായി അജയന് സമയം കണ്ടെത്തിയത് മിമിക്രിയോടുള്ള അടങ്ങാത്ത ആവേശം കൊണ്ടായിരുന്നു. ആദ്യകാലങ്ങളില്‍ മിമിക്രി അവതരിപ്പിക്കുമ്പോള്‍ ഒട്ടനവധി തിരിച്ചടികളുണ്ടായെങ്കിലും അജയന് പതറാതെ വിജയത്തിന്റെ പടവുകള്‍ ഓരോന്നായി ചവിട്ടി കയറുകയായിരുന്നു. സ്കൂള്‍ തലം മുതലേ മിമിക്രി രംഗത്ത് സജീവമായിരുന്നു അജയന്. സ്കൂള്‍ വേദികളിലും നാട്ടിന്‍പുറത്തെ ആഘോഷ പരിപാടികളിലുമെല്ലാം അജയന്റെ മിമിക്രി കൈയടി നേടിയിരുന്നു. വളര്‍ന്നപ്പോള്‍ ജീവിത പ്രാരാബ്ധങ്ങള്‍ അദ്ദേഹത്തെ ഓട്ടോ ഡ്രൈവറാക്കി. എങ്കിലും കല കൈവിട്ടുകളയാന്‍ അജയന് തയാറായിരുന്നില്ല. ജോലിക്കിടെ സമയം കണ്ടെത്തി മിമിക്രി പരിശീലനത്തിനും സ്റ്റേജ് ഷോ അവതരണത്തിനും പോകുമായിരുന്നു. ഒരു വേള സ്ക്കൂളില്‍ മിമിക്രി അവതരിപ്പിക്കുന്നതിനിടെ വേദിയില്‍ നിന്ന് തന്നെ ഇറക്കി വിട്ട തിക്താനുഭവവും അജയന് ജന്മഭൂമിയോട് പങ്കു വച്ചു. പിന്നീട് ഈ വേദിയില്‍ തന്നെ മുഖ്യാത്ഥിയായി എത്താന്‍ കഴിഞ്ഞത് അഭിമാനത്തോടെ ഓര്‍ക്കുന്നു. കണ്ടമംഗലം എച്ച്എസ്എസ്സിലാണ് അജയന് സ്കൂള്‍ കാലഘട്ടം പൂര്‍ത്തിയാക്കിയത്. ചേര്‍ത്തല എന്‍എസ്എസ് കോളേജിലായിരുന്നു കലാലയ പഠനം. പത്തൊമ്പത് വര്‍ഷമായി മിമിക്രിയില്‍ ശോഭിക്കുന്ന അജയന് ഒരു സ്വകാര്യ ചാനല്‍ പരിപാടിയായ കോമഡി നഗര്‍ സെക്കന്‍ഡ് സ്ട്രീറ്റിലൂടെയാണ് ചാനല്‍ രംഗത്തേയ്ക്ക് എത്തിയത്. ഇത് അജയനെ നാട്ടില്‍ പ്രശസ്തനാക്കി. ഒരു ടിവി കലാകാരന് എന്ന നിലയില്‍ അജയന് അറിയപ്പെട്ടത് ഈ പരിപാടിയിലൂടെയാണ്. പിന്നീട് ഇതേ ചാനലിന്റെ തന്നെ പരിപാടിയായ മിന്നും താരത്തില്‍ റണ്ണര്‍ അപ്പായി. കൊച്ചിന് സംഗമിത്ര, കൊച്ചി ആര്‍ട്ട്സ് എന്നീ ട്രൂപ്പുകളിലും അജയന് കഴിവ് തെളിയിച്ചു. മനോജ് ഗിന്നസ്സിന്റെ കൊച്ചിന് നവോദയയില്‍ നാല് വര്‍ഷത്തോളം മിമിക്രി ആര്‍ട്ടിസ്റ്റായിരുന്നു. ഈ കാലയളവില്‍ നവോദയയിലെ ഒട്ടുമിക്ക സ്കിറ്റുകളുടേയും സ്ക്രിപ്റ്റ് അജയന് തന്നെയായിരുന്നു. നവോദയയിലെ പ്രകടനം അജയന് കോമഡി സ്ക്രിപ്റ്റ് റൈറ്റര്‍ എന്ന നിലയിലേക്ക് ഉയരുന്നതിന് മുതല്‍കൂട്ടായി. വോഡഫോണ്‍ കോമഡി സ്റ്റാര്‍സ് എന്ന പരിപാടിയിലെ ‘ടീം പോപ്പി’ എന്ന ടീമിന്റെ ലീഡറായിരുന്നു. ഏറ്റവും മികച്ച കോമഡി സ്ക്രിപ്റ്റ് റൈറ്റര്‍ക്കുള്ള ഏഷ്യാനെറ്റിന്റെ അവാര്‍ഡും അജയനെ തേടിയെത്തി. നിങ്ങളാണ് താരം, രസിക രാജ, ആടാം പാടാം എന്നീ കോമഡി റിയാലിറ്റി ഷോകളിലും അജയന് സാന്നിധ്യം അറിയിച്ചു. ഒട്ടേറെ പരസ്യ ചിത്രങ്ങളും ആല്‍ബങ്ങളും സംവിധാനം ചെയ്ത് പാടവം തെളിയിച്ച അജയന് നിരവധി വിദേശ ട്രിപ്പുകളും നടത്തിയിട്ടുണ്ട്. ഷാര്‍ജ ടു ഷാര്‍ജ, ചൂണ്ട, ലീഡര്‍, ലോലിപോപ്പ്, 101 വെഡിംഗ് എന്നീ സിനിമകളില്‍ അഭിനയിച്ചിട്ടുള്ള അജയന് പ്രശസ്തനായ ഒരു സംവിധായകന്റെ സിനിമയില്‍ ഒരു ചെറിയ വേഷമെങ്കിലും ചെയ്യണമെന്നാണ് ആഗ്രഹം. ജോയ് കെ മാത്യു സംവിധാനം ചെയ്യുന്ന പുതിയ സിനിമയില്‍ അജയന് കോമഡി വില്ലനായി എത്തുന്നു. കൂടാതെ കൃഷ്ണജിത്തിന്റെ ‘ഡെഡ് ലൈനിലും’ ശ്രദ്ധേയമായ വേഷമുണ്ട്. വിജയ വീഥികളില്‍ അജയന് താങ്ങായും തണലായും ഭാര്യ വിനീതയും മകള്‍ ശ്രേയയും ഒപ്പമുണ്ട്. അച്ഛന് സുഗുണന്. അമ്മ ലളിത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: