കൊറോണ വൈറസ് ബാധിച്ചുള്ള മരണനിരക്ക് സാര്‍സിനെയും കടത്തിവെട്ടിക്കഴിഞ്ഞു. മരിച്ചവരിലേറെയും ചൈനക്കാര്‍. ലോകത്തില്‍ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള ചൈനയിലാണ് ഈ വൈറസ് ബാധപൊട്ടിപ്പുറപ്പെട്ടതെന്ന് നാം ഓര്‍ക്കേണ്ടതുണ്ട്. സാമ്പത്തികമായി വന്ശക്തിയാര്ജിച്ച രാജ്യമാണ് ചൈന. ഏകാധിപത്യ ഭരണ രീതിയായതിനാല്‍ പ്രതിപക്ഷ ഭയമില്ലാത്ത ശക്തമായ ഭരണകൂടം. ലോകത്തെ സാമ്പത്തികമായി നിയന്ത്രിക്കുന്നത് ഇന്ന് ചൈനയാണെന്ന് തന്നെ പറയാം. എന്നിട്ടും ചൈന ഈ പകര്‍ച്ചവ്യാധിയെ നേരിട്ട രീതി ശാസ്ത്രീയമായിരുന്നോ?
സര്‍വ രംഗത്തും ചൈന മുന്നേറിയിരിക്കുന്നു എന്നായിരുന്നു നമ്മളെല്ലാം ധരിച്ചിരുന്നത്. എന്നാല്‍ കൊറോണ ആ ധാരണകളെയെല്ലാം മാറ്റിമറിച്ചു. ഒരു പകര്‍ച്ചവ്യാധി പിടിപെട്ടപ്പോള്‍ ചൈനയിലെ ഭരണാധികാരികളുടെ റിലേ പോകുന്ന കാഴ്ചയാണ് നമ്മള് കണ്ടത്. കൊടുങ്കാറ്റിനും പേമാരിക്കും ചൈനയെ ഒന്നും ചെയ്യാന്‍ സാധിക്കില്ലെന്ന് പ്രസിഡന്റ് പറഞ്ഞത് ന്യൂ ഇയറിനാണ്. ആ സമയം കൊറോണ ചൈനയെ കീഴടക്കുകയായിരുന്നു എന്നു വേണം കരുതാന്‍.
കൊറോണ വൈറസ് റിപ്പോര്‍ട്ട് ചെയ്ത ചൈനയിലെ ഡോക്ടര്‍ പെട്ടെന്ന് മരണപ്പെട്ടു. കൊറോണ ബാധയെന്നാണു പുറത്തുവരുന്ന വിവരം. കൊറോണ ബാധയുടെ വാര്‍ത്ത പുറത്തെത്തിച്ച മാധ്യമ പ്രവര്‍ത്തകനെ കാണാനില്ല. വൈറസ് അടിമുടി കീഴടക്കിയ വുഹാന്‍ നഗരത്തെ പുറം ലോകവുമായി ബന്ധപ്പെടുത്താത്ത തരത്തില്‍ ഒറ്റപ്പെടുത്തിക്കളഞ്ഞു കമ്മ്യൂണിസ്റ്റ് ചൈന’! ആ നഗരത്തിലെ എല്ലാ ആളുകളെയും വീടിനകത്താക്കി താഴിട്ട് പൂട്ടി. വെള്ളമോ ആഹാരമോ വെളിച്ചമോ കിട്ടാതെ ജനം നരകിച്ചു. പലരും മരണപ്പെട്ടു. ഇവയുടെ കണക്കുകള്‍ പുറം ലോകം അറിയാതെ കമ്മ്യൂണിസ്റ്റ് ചൈന ഒതുക്കിപ്പിടിച്ചിരിക്കുകയാണെന്നും സൂചനയുണ്ട്. കൊറോണയുടെ കാര്യത്തില്‍ ചൈനയുടെ നടപടികള്‍ സുതാര്യമല്ലെന്ന് അമേരിക്ക കഴിഞ്ഞ ദിവസം പറഞ്ഞിരുന്നല്ലോ. വുഹാന്‍ നഗരത്തില്‍ കച്ചവട സ്ഥാപനങ്ങളെല്ലാം അടച്ചു പൂട്ടിച്ചു. പൊതുഗതാഗതം സമ്പൂര്‍ണ്ണമായി തടഞ്ഞു. തീര്‍ത്തും ഒറ്റപ്പെട്ട അവസ്ഥ. ആവശ്യമുള്ള മരുന്നുകള്‍ ഇവര്‍ക്ക് നല്കുന്നുണ്ടോയെന്നു പോലും ഉറപ്പില്ല. മനുഷ്യ ജീവനുകള്‍ ഒന്നൊന്നായി പിടഞ്ഞു വീഴുന്ന കാഴ്ചയാണ് ചൈനയിലത്രെ. പകര്‍ച്ചവ്യാധിയെ നിയന്ത്രിക്കക എന്നതു മാത്രമല്ലല്ലോ, സ്വന്തം ജനതയെ രക്ഷിക്കുക എന്നൊരു ചുമതലകൂടിയുണ്ടല്ലോ സര്‍ക്കാരിന്.
എല്ലാ രംഗത്തും പുരോഗതിയുണ്ടെന്ന് പറയുന്ന ചൈന ഇങ്ങനെയാണോ ഒരു ദുരന്തത്തെ നേരിടേണ്ടത്? അവരുടെ വൈദ്യശാസ്ത്ര മണ്ഡലത്തെ അവര്‍ക്കു തന്നെ വിശ്വാസമില്ലായിരുന്നോ? പകര്‍ച്ചവ്യാധിയില്‍ ഭയചകിതരായ ഭരണകൂടം കണ്ടെത്തിയ എളുപ്പമാര്‍ഗ്ഗം രോഗം പിടിപെട്ടവരെയും ആ നാട്ടാരെയും ഒന്നടങ്കം ഇല്ലാതാക്കലാണെന്നു വേണം കരുതാന്‍. ജോലികളെല്ലാം ഉദ്യോഗസ്ഥരെ ഏല്‍പ്പിച്ച് ഭരണകൂടം രംഗത്തു നിന്നു മറഞ്ഞു നിന്നു. ഇതിനെ കാടത്തമെന്നോ മനുഷ്യത്വ വിരുദ്ധമെന്നോ മിനിമം ഭാഷയില്‍ വിശേഷിപ്പിക്കാം.
മനുഷ്യത്വം ഉണ്ടാകണമെങ്കില്‍ നല്ല മനസ്സ് വേണം. മനസ്സ് എന്ന് പറയുന്ന ഒരു സാധനമേയില്ലെന്ന് പഠിപ്പിക്കുന്ന പ്രത്യയ ശാസ്ത്രമാണ് കമ്മ്യൂണിസം. അപ്പോള്‍ കൂടുതലൊന്നും പറയേണ്ടതില്ലല്ലോ. ആന്തരിക പരിശുദ്ധി അവര്‍ക്ക് പ്രശ്നമല്ല. ആകെ ലക്ഷ്യം വയ്ക്കുന്നത് ഭൗതിക പുരോഗതി മാത്രം. അതിനു തടസ്സമായി എന്തുവന്നാലും അതില്ലാതാക്കും. ആ വിശ്വാസത്തിലധിഷ്ഠിതമായ ഭരണകൂടം പകര്‍ച്ചവ്യാധി പിടിപെട്ട സമൂഹത്തോട് ഇങ്ങനെയേ ചെയ്യൂ.
എന്നാല്‍ ലോകത്തിലെ എല്ലാ രാജ്യങ്ങളും ചൈനയെ പോലെയല്ല പെരുമാറിയത്. ഭാരതം പോലുള്ള രാജ്യങ്ങള്‍ വളരെ ധൈര്യപൂര്‍വവും ആത്മവിശ്വാസത്തോടെയും അവിടെയുള്ള സ്വന്തം പൗരന്മാരെ നാട്ടിലെത്തിച്ചു. ഭാരതം സ്വന്തം പൗരന്മാരെ ഒരിക്കലും ഉപേക്ഷിക്കാന്‍ തയാറായില്ല. ഇവിടത്തെ ആരോഗ്യ ശാസ്ത്രകാരന്മാരെ ഭരണകൂടം വിശ്വാസത്തിലെടുത്തു. വൈറസ് ബാധയേറ്റവര്‍ക്ക് സുരക്ഷിതമായ ചികിത്സ നല്കി. ആവശ്യമായ മുന്‍കരുതലുകള്‍ എടുത്തു. നമ്മുടെ ഭരണകൂടം ഭയപ്പെട്ട് മാറി നിന്നില്ല. ഭൗതിക പുരോഗതിയെക്കാള്‍ ആദ്ധ്യാത്മിക പുരോഗതിക്ക് പ്രാധാന്യം നല്കിയ സംസ്കാരത്തിന് മനുഷ്യത്വത്തിന് വിരുദ്ധമായി നില്ക്കുവാന് ഒരിക്കലും സാധിക്കില്ലല്ലോ?
പ്രതികരിക്കാൻ ഇവിടെ എഴുതുക: