തൊടുപുഴ: പട്ടാപ്പകല്‍ വീട്ടില്‍ കയറി പിഞ്ചുകുഞ്ഞിനെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച സംഭവത്തിന്റെ പശ്ചാത്തലത്തില്‍ നാടോടി സംഘങ്ങളെ കേന്ദ്രീകരിച്ച് സംസ്ഥാന ഇന്റലിജന്‍സും പോലീസും കൂടുതല്‍ പരിശോധനകള്‍ ആരംഭിച്ചു. നാടോടി സംഘങ്ങളുടെ മറവില്‍ കുട്ടികളെ തട്ടിയെടുക്കുന്ന സംഘങ്ങള്‍ സജീവമായെന്നാണ് പോലീസ് നിഗമനം.
വീട്ടില്‍ കയറി ഒന്നര വയസ്സുകാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസില്‍ അന്വേഷണം ആന്ധ്രയിലേക്ക് വ്യാപിപ്പിച്ചു. വെള്ളിയാഴ്ച കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച നാടോടി സ്ത്രീയായ ഷമിം ബീവിയെ പോലീസ് പിടിച്ചിരുന്നെങ്കിലും ഇവരുടെ യഥാര്‍ഥ മേല്‍വിലാസമോ മറ്റു വിവരങ്ങളോ ലഭിച്ചിരുന്നില്ല. ഇതേ തുടര്‍ന്ന് കരിങ്കുന്നത്തെ ഇവരുടെ അയല്‍വാസികളെ ചോദ്യം ചെയ്തപ്പോഴാണ് പേരടക്കമുള്ള ചില വിവരങ്ങള്‍ പോലീസിന് ലഭിച്ചത്. ശനിയാഴ്ച തൊടുപുഴ സിഐ സജീവ് ചെറിയാന്റെ നേതൃത്വത്തില്‍ ഇവര്‍ താമസിച്ചിരുന്ന പ്രദേശത്തെ കൂടുതല്‍ ഇതര സംസ്ഥാന തൊഴിലാളികളെ സ്റ്റേഷനിലെത്തിച്ച് വിവരങ്ങള്‍ ശേഖരിച്ചു. ഇവരില്‍ നിന്നും കണ്ടെടുത്ത ഫോണുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും കാര്യമായ വിവരം ലഭിച്ചിട്ടില്ലെന്ന് പോലീസ് പറഞ്ഞു.
സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനിലേക്കും ഇവരുടെ ചിത്രം അയച്ചുകൊടുത്തിട്ടുണ്ടെന്നും സമാനമായ കേസോ മറ്റ് കേസുകളോ ഇവരുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോയെന്ന് അറിയാന്‍ അത് സഹായകമാകുമെന്ന് സിഐ പറഞ്ഞു. ആന്ധ്ര പോലീസുമായി സഹകരിച്ച് അന്വേഷണം വിപുലമാക്കും. തൊടുപുഴയില്‍ നിന്നും ഒരു സംഘം ഇവരുടെ വിവരങ്ങള്‍ കണ്ടെത്താന്‍ ആന്ധ്രയ്ക്ക് ഉടന്‍ പുറപ്പെടും. കുട്ടികളെ കടത്തിക്കൊണ്ടുപോയി വില്‍പ്പന നടത്തുന്ന സംഘത്തിലെ കണ്ണിയാണോ ഇവരെന്ന കാര്യത്തില്‍ ഇനിയും വ്യക്തത വന്നിട്ടില്ലെന്ന് സിഐ പറഞ്ഞു. പ്രതി റിമാന്‍ഡിലാണ്.
ടൗണ്‍ മേഖലകളില്‍ പോലീസ് പരിശോധന വ്യാപകമായതോടെ ഗ്രാമീണ മേഖലകളിലേക്കു നാടോടി സംഘം തട്ടകങ്ങള്‍ മാറ്റുകയാണ്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ ഇടവെട്ടിയിലുള്ള വീട്ടില്‍ നിന്നാണ് ഒന്നര വയസ്സുള്ള പെണ്‍കുഞ്ഞിനെ ഷമീം ബീവി തട്ടിയെടുത്തത്. കുഞ്ഞിന്റെ മുത്തശ്ശി മാത്രമാണ് ഈ സമയം വീട്ടില്‍ ഉണ്ടായിരുന്നത്.
കുഞ്ഞിനെ കുളിപ്പിച്ചു വസ്ത്രം ധരിപ്പിച്ചു ഹാളില്‍ നിര്‍ത്തിയശേഷം അടുത്ത മുറിയിലേക്കു മുത്തശ്ശി പോയ സമയത്താണു കുഞ്ഞിനെ തട്ടിയെടുത്തത്. ആന്ധ്ര ചിറ്റൂര്‍ സ്വദേശിനി ഷമീം ബീവി കരിങ്കുന്നത്തു വാടകയ്ക്ക് ഏറെ നാളായി താമസിക്കുകയാണ്. ഇവരുടെ കൈയില്‍ തിരിച്ചറിയല്‍ രേഖകളൊന്നും ഉണ്ടായിരുന്നില്ല. ഇവര്‍ നല്കിയ വിലാസം വ്യാജമാണെന്നാണു കരുതുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: