ആവശ്യത്തിനും അനാവശ്യത്തിനും നാമെല്ലാം ചിരിക്കുമെങ്കിലും അനേകം വര്‍ഷങ്ങളായി ചിരിക്കാതെ ജീവിക്കുന്ന മനുഷ്യരും നമ്മുടെ ഇടയിലുണ്ട്.
ഉദാഹരണമായി തമ്പിസാറിനെ തന്നെ ഒന്നു പരിചയപ്പെടാം. ഭൂമിയിളക്കം നിന്നുപോയാലും ചിരിക്കാത്ത തമ്പിനാരായണന് സര്.
അനന്ത വിശാലമായ പ്രപഞ്ചത്തില്‍ മനുഷ്യവാസമുള്ള വന്‍കരകളിലെല്ലാം യാത്രകള്‍ നടത്തുകയും, തത്സമയം വിശ്രമ ജീവിതം നയിച്ച് പെരിയാര്‍ തീരത്തെ ഭൂമിയില്‍ ചെറിയൊരു വീടുവെച്ചു പുരയിടത്തില്‍ കപ്പയും കാച്ചിലും ചേമ്പും ചേനയും വാഴയും ഔഷധച്ചെടികളും പൂച്ചെടികളും ഫലവൃക്ഷങ്ങളും നട്ടുവളര്‍ത്തുകയും ചെയ്യുന്ന ആള്.
ദൗത്യ നിയോഗത്തിന്റെ ബലിയാടുപോലെ. ഏഴ് കോഴികള്‍, മൂന്ന് വെച്ചൂര്‍ പശുക്കള്‍, നാല് നാടന്‍ നായ്ക്കള്‍ തുടങ്ങി, ഭാര്യയും രണ്ട് മക്കളും അടങ്ങുന്ന കുടുംബവുമായി സസുഖം ജീവിച്ചുവരികയും ചെയ്യുന്നു.
അങ്ങനെയിരിക്കെയാണ് തമ്പിസാറിനെക്കുറിച്ച് ഒരു വാര്‍ത്ത നാട്ടിലാകെ പരന്നത്. അറിയപ്പെടുന്ന കൃഷിക്കാരനും നാട്ടിലാകെ ബഹുമാനിതനുമായ ശ്രീമാന്‍ തമ്പിസാറ് ചിരിക്കുന്നത് ഇതേവരെ കണ്ടിട്ടില്ല, ഭാര്യപോലും.
തമ്പിസാറ് ചിരിക്കാറില്ലെന്ന സനാതന സത്യം ഉറക്കെ വിളിച്ചുപറഞ്ഞാണ് അന്നത്തെ സൂര്യന് പതിവിലും നേരത്തെ ഉദിച്ചു പൊങ്ങിയത്. ആ വെള്ളിവെളിച്ചത്തില്‍ പുല്ലോല തുമ്പുകളില്‍ മഞ്ഞുതുള്ളികള്‍… മിന്നല്‍ പിണരുകള്‍.
പെരുംകാട്ടിലെ ഒറ്റപ്പെടല്‍ അടയാളമായി തീര്‍ന്നെങ്കിലും ഏതോ വെളിപ്പെടുത്താനാവാത്ത രഹസ്യങ്ങളുടെ ചെപ്പുകള്‍ ആ അന്തഃരാഗത്തില് കുടുങ്ങിക്കിടക്കുന്നതായി ഒരു തോന്നല്‍. പാരമ്പര്യം അദ്ദേഹത്തിന് നല്കിയ ജീനുകളില്‍ ചിരിയുടെ സെല്ലുകള്‍ ഇല്ലായിരിക്കാം.
തമ്പിസാറ് ചിരിക്കാറില്ലെന്ന കാര്യം ഒരു ദാര്‍ശനിക വ്യഥയായി എന്നില്‍ ചുരമാന്തിയപ്പോള്‍ അദ്ദേഹത്തെ ഒന്ന് നേരില്‍ കണ്ടേക്കാം എന്ന് കരുതിയാണ് ഞാന്‍ സാറിന്റെ വീട്ടിലേക്ക് തിരിച്ചത്.
ഞാനവിടെ ചെല്ലുമ്പോള്‍ തമ്പിസാറ് പുരയിടത്തിന്റെ വടക്കേ മൂലയില്‍ ഇഞ്ചിക്കണ്ടത്തില്‍ വളമിട്ടുകൊണ്ട് നില്‍ക്കുകയായിരുന്നു.
കയ്യിലിരുന്ന കുട്ട നിലത്ത് വച്ച് തലയുയര്‍ത്തി എന്നെ നോക്കി ചോദിച്ചു:
”എന്താ പതിവില്ലാതെ ഇതിലെ വന്നത്”
”സാറിനെ വന്ന് കാണുവാനും പരിചയപ്പെടാനും വളരെ നാളായി ആഗ്രഹിക്കുന്നു.” ഞാന്‍ പറഞ്ഞു തീര്‍ത്തു.
എന്നെ സുസൂക്ഷ്മം വീക്ഷിച്ചു; ഓര്‍മകളെ പുതുതായി സൃഷ്ടിച്ചവണ്ണം.
”ങ്ഹാ! ങ്ഹാ! നിങ്ങളെ ഞാന്‍ എവിടെയോ വച്ച് കണ്ടതായി ഓര്‍ക്കുന്നു.”
എന്നില്‍ ഒരത്ഭുതം.
”സാര്‍! ഞാന്‍ തൊട്ടടുത്ത പുരയിടത്തിലെ ആളാണ്.”
”ങ്ഹാ! ഉമ്മറത്തേക്ക് കയറിയിരിക്കൂ. ഞാനീ മുഷിഞ്ഞ മുണ്ട് മാറി ദേഹം ഒന്നു കഴുകിവരാം.”അദ്ദേഹം അകത്തേക്ക് പോയി.
വിശാലമായ ഉമ്മറത്ത് നിരത്തിയിട്ട കസേരകളില്‍ വിലയേറിയ കുഷ്യനുകള്‍. നടുക്കുള്ള ടീപ്പോയില്‍ സമകാലിക പ്രസിദ്ധീകരണങ്ങളുടെ കൂമ്പാരം. വായിച്ച ഭാഗം അടയാളപ്പെടുത്തി തുറന്നുവച്ച പുസ്തകങ്ങള്‍. ഉമ്മറത്തെ കസേരയിലിരുന്നാല്‍ പശുത്തൊഴുത്ത് വ്യക്തമായി കാണാം. സുന്ദരികളായ പശുക്കള്‍ പുല്ല് തിന്നുകയും അയവിറക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു.
”കാത്തിരുന്ന് മുഷിഞ്ഞോ”. അദ്ദേഹം കടന്നുവന്നു.
”എന്താ എന്നെ കാണാനും ചോദിക്കാനുമുള്ളത്. സമയം വളരെ വിലപ്പെട്ടതാണ്. തന്നെയുമല്ല, പശുക്കളെ കറന്ന് പാല് അങ്ങാടിയില്‍ എത്തിക്കാനും സമയമാവുന്നു.”
ഇതിനിടയില്‍ സാറിന്റെ ഭാര്യ ഭാനുമതി ചേച്ചി രണ്ട് പേര്‍ക്കും ചായ കൊണ്ടുവന്നു തരികയും, കൃതാര്‍ത്ഥതയുടെ നേരിയ പുഞ്ചിരി സമ്മാനിച്ച് അകത്തേക്ക് കയറിപ്പോവുകയും ചെയ്തു.
”അങ്ങ് എന്തുകൊണ്ടാണ് ചിരിക്കാതിരിക്കുന്നത്. അങ്ങ് എത്രയോ നാടുകള്‍ സഞ്ചരിച്ചു, എത്രയോ മനുഷ്യരെ കണ്ടു; എന്നിട്ടും അങ്ങയുടെ ചിരിക്കുന്ന മുഖം ഞങ്ങളാരും കണ്ടിട്ടില്ല. യഥാര്‍ത്ഥത്തില്‍ എന്താണ് സാര്‍ കാരണം? ” യാതൊരു മഖവുരയും കൂടാതെ നേരേ വിഷയത്തിലേക്ക് ചവിട്ടിക്കയറിയ രീതിയിലുള്ള ചോദ്യം കേട്ട് തമ്പി സാറ് തന്റെ താടിയിലൊന്ന് തടവി.
അല്പം നിശ്ശബ്ദത. ഒടുവില്‍ സര്‍വ്വസംഗപരിത്യാഗിയായ ഋഷിവര്യനെ പോലെ ആഴത്തിലുള്ളൊരു നോട്ടം എന്നിലേക്കയച്ചു സംസാരിച്ചു തുടങ്ങി. ഒരു പ്രബോധനം പോലെ.
”ചങ്ങാതി! നാമെല്ലാം കാണുന്ന ഒരു സ്വപ്നമുണ്ട്. എല്ലാ മനുഷ്യരും സ്നേഹാദരവുകളോടെ ഇസങ്ങളോ വര്‍ണ വര്ഗവിവേചനങ്ങളോ ഇല്ലാതെ ഒന്നിച്ചു വസിക്കുന്ന ഒരു ലോകം. ഗാന്ധി രാമരാജ്യമെന്നും കാറല്‍ മാക്സ് കമ്മ്യൂണിസമെന്നും ബൈബിള്‍ കര്‍ത്താവിന്റെ രാജ്യമെന്നും കടുപ്പിച്ച് പറഞ്ഞൊഴിയുന്ന തത്വശാസ്ത്രം.
ഗീതയും ഖുറാനും മാവോയും എല്ലാ മതങ്ങളും ഈ ഏക ലോക സിദ്ധാന്തത്തെ പിന്തുണയ്ക്കുന്നുമുണ്ട്. എന്നാല്‍ മനുഷ്യമനസ്സുകള്‍ സങ്കോചിച്ചും സ്വകാര്യമാത്രപരമായ തലത്തില്‍ എത്തിക്കൊണ്ടിരിക്കുന്നതിനാല്‍ വ്യക്തി ബന്ധങ്ങളെക്കാള്‍ വലുത് പണമാണെന്ന് കരുതുന്നു. അവര്‍ പലതരം വില്പന ചരക്കുകള്‍ക്കായി മാര്‍ക്കറ്റുകള്‍ ഉണ്ടാക്കി, സാമ്രാജ്യങ്ങള്‍ പണിതുയര്‍ത്തി നിരവധി ചൂഷണ പ്രക്രിയയിലൂടെ തടിച്ചു കൊഴുക്കുമ്പോള്‍ ജനങ്ങള്‍ സത്യം അറിയാതെ പലതിന്റെയും പിന്നാലെ നയിക്കപ്പെടുന്നു. മഹത് വ്യക്തികളെയും അവരുടെ തത്വസംഹിതകളേയും സംഘടനാവശ്യങ്ങളെയും, സ്വകാര്യമാത്ര വ്യഗ്രതയുള്ളവര്‍ പൊതിഞ്ഞു വച്ചിരിക്കുന്നു. ആചാര്യന്മാര് നിര്
മ്മിച്ചുവെച്ച ആശ്രമങ്ങള്‍ ധനത്തിന്റെ മോഹവലയങ്ങളില്‍പ്പെട്ട് ഉല്ലസിക്കുന്നു, സ്ത്രീ ശരീരങ്ങള്‍ക്കൊപ്പം.”
ചൂടുള്ള ഒരു നെടുവീര്‍പ്പും അല്പം നിശ്ശബ്ദതയും ഒടുവില്‍.
”ഇവിടെ ഞാന്‍ എങ്ങനെയാണ് സുഹൃത്തേ ചിരിക്കേണ്ടത്.”
മറുപടി പറയാന്‍ എനിക്ക് സമയം കിട്ടിയില്ല. തമ്പിസാര്‍ തുടര്‍ന്നു:
”നാമിപ്പോള്‍ ശ്വസിക്കുന്ന വായു ശുദ്ധമാണെന്ന് കരുതുന്നുണ്ടോ! കുടിക്കുന്ന ജലം മലിനമല്ലെന്ന് തോന്നുന്നുണ്ടോ! മാര്‍ക്കറ്റില്‍ കിട്ടുന്നവ മായം ചേര്ക്കാത്തതാണെന്ന വിശ്വാസമുണ്ടോ! ചുറ്റുപാടുകളില്‍ നിന്നും കേള്‍ക്കാനിടവരുന്ന, കാതിന്റെ നെല്ലിപ്പലക തകര്‍ക്കുന്ന ശബ്ദകോലാഹലങ്ങളില്‍ അസ്വസ്ഥത തോന്നാതിരുന്നിട്ടുണ്ടോ! രോഗ വിമുക്തിക്കായി കഴിക്കുന്ന മരുന്നുകള്‍ അപകടം വരുത്തുകയില്ലെന്ന് ഉറപ്പുണ്ടോ!”.
അല്പം നിശ്ശബ്ദത. ചലിക്കാത്ത ഇമകളോടെ എന്റെ നോട്ടം തമ്പിസാറിന്റെ മുഖത്ത് മാത്രം. ഒടുവില്‍:
”ഇതൊക്കെക്കൊണ്ടാണ് സകാരണമായി ഞാന്‍ ചിരി അവസാനിപ്പിച്ചത്. താന്മോടിത്തരവും ശൂന്യമായ അറിവും എനിക്ക് വേണ്ട. സിനിമയടക്കം എന്തെല്ലാം വേഷംകെട്ടുകള്‍ നടത്തി ചിരിപ്പിക്കുന്നു. അതിനാല്‍ ഞാന്‍ ഉടനെയൊന്നും ചിരിക്കില്ല. നിങ്ങള്‍ എന്തും കണ്ടു ചിരിക്കാനായി ജീവിക്കുന്നവരാണ്. ഞാനല്പം ചിന്തിച്ചു ജീവിച്ചു കൊള്ളട്ടെ. അതുകൊണ്ടു ചിരിക്കാനായി കാത്തിരുന്ന് എന്റെ അയല്ക്കാരന് സമയം കളയേണ്ട”.
അതുകൊണ്ട് യാത്രികനും കൃഷിക്കാരനും, നല്ല വായനക്കാരനും, സര്‍വ്വോപരി നല്ലൊരു മനസ്സിന്റ ഉടമയുമായ തമ്പിസാര്‍ ചിരിക്കാതെ ചിന്തയിലാണ്ടു ജീവിച്ചിരിക്കട്ടെ. മസ്തിഷ്കത്തില്‍ ഒരു തുടം പുതിയ ചിന്തയുമായി ഞാന്‍ എഴുന്നേറ്റു. അപ്പോഴാണ് അകത്തെ മുറിയിലെ അലമാരയില്‍ കുന്നുകൂടിയിരിക്കുന്ന പുസ്ത
കപ്പുര കണ്ടത്. ഞാന്‍ നന്ദി പറഞ്ഞു
പുറത്തേക്ക് ഇറങ്ങി നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: