ബീജിങ്: ചൈനയില്‍ ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന 1716 പേര്‍ക്ക് ഇതുവരെ കൊറോണ ബാധിച്ചെന്ന് സ്ഥിരീകരിച്ച് ചൈന. രോഗികളെ ചികിത്സിച്ച ആറ് ആശുപത്രി ജീവനക്കാരാണ് ചൊവ്വാഴ്ച വരെ ചൈനയില്‍ മരിച്ചത്. ചൈനയിലെ പകര്‍ച്ചവ്യാധി കൊറോണയാണെന്ന് ആദ്യം കണ്ടെത്തിയ ഡോക്ടര്‍ ലി വെന്‍ലിയാങ്ങും ഇതില്‍ പെടുന്നു. ചൈന ആദ്യമായാണ് ഇതുസംബന്ധിച്ച വിശദീകരണം നല്‍കുന്നത്.
87 ശതമാനം പേരും വുഹാനിലെ ആശുപത്രികളിലെ ജീവനക്കാരാണ്. ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കുമിടയില്‍ രോഗബാധ വര്‍ധിച്ചുവരികയാണെന്ന് ചൈനയിലെ മുതിര്‍ന്ന ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥന് പറഞ്ഞു.
ആരോഗ്യ പ്രവര്‍ത്തകരിലെ രോഗബാധ സംബന്ധിച്ച് മാധ്യമ വാര്‍ത്തകള്‍ വന്നതോടെയാണ് ദേശീയ ആരോഗ്യ കമ്മീഷന്, വൈസ് മിനിസ്റ്റര്‍ സെങ് യീഷിന്‍ വെള്ളിയാഴ്ച പത്രസമ്മേളനത്തിലൂടെ ഔദ്യോഗിക കണക്ക് പുറത്ത് വിട്ടത്. കൊറോണ രോഗികളെ ചികിത്സിക്കുന്നവരുടെ നിലവിലെ ചുമതലകള്‍ അതി കഠിനമാണ്. ജോലിചെയ്യാനും വിശ്രമിക്കാനും പരിമിതമായ സൗകര്യങ്ങളാണുള്ളത്. വലിയ മാനസിക പിരിമുറുക്കത്തിലാണവര്‍. രോഗം പകരാനുള്ള സാധ്യതയും കൂടുതലാണ്, സെങ് പറഞ്ഞു.
അതേസമയം, പുറത്ത് നിന്നുള്ള ഡോക്ടര്‍മാരടക്കം നിരവധി പേര് കൊറോണയെ ചെറുക്കാനുള്ള സേവന പ്രവര്‍ത്തനങ്ങള്‍ക്ക് സന്നദ്ധത പ്രകടിപ്പിച്ച് രംഗത്തെത്തിയാതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നിര്‍ണായകമായ ഈ ഘട്ടത്തില്‍ രോഗികളെ നേരിട്ട് കൈകാര്യം ചെയ്യുന്ന ആശുപത്രി ജീവനക്കാര്‍ക്ക് ചൈന കൂടുതല്‍ പ്രതിഫലവും നല്‍കുന്നുണ്ട്.
മരണനിരക്ക് കുറഞ്ഞു; കഴിഞ്ഞ ദിവസത്തെ കണക്കില്‍ അപാകം
ബീജിങ്: ചൈനയില്‍ കൊറോണ വൈറസ് ബാധയില്‍ മരിച്ചവരുടേതായി കഴിഞ്ഞ ദിവസം പുറത്തുവന്ന കണക്കുകളില്‍ അപാകമെന്ന് റിപ്പോര്‍ട്ട്. മരണനിരക്ക് ക്രമാതീതമായി ഉയര്‍ന്നുവെന്ന വാര്‍ത്ത തെറ്റാണെന്നും ചിലരെ രണ്ട് വട്ടം കണക്കില്‍പ്പെടുത്തിയതാണ് ഇതിന് കാരണമെന്നുമാണ് വിവരം. ഇതോടെ മരണസംഖ്യ 1,380ല്‍ തന്നെ തുടരുകയാണ്.
ഹുബയ് പ്രവിശ്യയില്‍ മരിച്ചവരുടെ പട്ടികയില്‍ നിന്ന് 108 പേരെ ദേശീയ ആരോഗ്യ കമ്മീഷന് നീക്കി. രോഗം സ്ഥിരീകരിച്ചവരില്‍ 1,043 പേരെയും പട്ടികയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
വെള്ളിയാഴ്ച മാത്രം ഹുബയ് പ്രവിശ്യയില്‍ 116 പേരും മറ്റിടങ്ങളില്‍ അഞ്ച് പേരും മരിച്ചു. ഇതുവരെ 63,851 പേര്‍ക്കാണ് നോവല്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്.
വ്യാഴാഴ്ച മാത്രം 15,000 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായി വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. മുന്‍പ് രോഗം സ്ഥിരീകരിച്ചവര്‍ പുതിയ രോഗ നിര്‍ണയ രീതിയായ സിടി സ്കാനിങ്ങിന് വിധേയരായപ്പോള്‍ അബദ്ധത്തില്‍ വീണ്ടും പട്ടികയില്‍ ഉള്‍പ്പെട്ടതാണെന്നാണ് അധികൃതരുടെ വിശദീകരണം.
അതേസമയം, കൊറോണ കൈകാര്യം ചെയ്യുന്നതില്‍ ചൈന കൂടുതല്‍ സുതാര്യമാകണമെന്ന നിര്‍ദേശവുമായി അമേരിക്ക രംഗത്തെത്തി. കൊറോണയുമായി ബന്ധപ്പെട്ട് ചൈന പുറത്ത് വിടുന്ന വിവരങ്ങളില്‍ അവ്യക്തത ഉണ്ടെന്നും വിഷയത്തില്‍ ഇടപെടാന്‍ ക്ഷണം ലഭിക്കാത്തതില്‍ നിരാശയുണ്ടെന്നും യുഎസ് ദേശീയ സാമ്പത്തിക കൗണ്‍സില്‍ ഡയറക്ടര്‍ ലാരി കുഡ്ലോ കൂട്ടിച്ചേര്‍ത്തു.
കപ്പലിലെ ഒരു ഇന്ത്യക്കാരന് കൂടി കൊറോണ
യൊക്കോഹാമ: ജപ്പാനിലെ യൊക്കോഹാമയില്‍ കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് നിരീക്ഷണത്തിലുള്ള ഡയമണ്ട് പ്രിന്‍സസ് കപ്പലിലെ ഒരു ഇന്ത്യക്കാരനു കൂടി രോഗം സ്ഥിരീകരിച്ചു. ജപ്പാനിലെ ഇന്ത്യന്‍ എംബസ്സിയാണ് ട്വിറ്ററിലൂടെ വിവരം പുറത്ത് വിട്ടത്. ഇതോടെ ഫെബ്രുവരി 14 വരെ കപ്പലില്‍ രോഗം സ്ഥിരീകരിച്ച ഇന്ത്യക്കാരുടെ എണ്ണം മൂന്നായി.
ഇതുവരെ ലഭിച്ച വിവരമനുസരിച്ച് കപ്പലില്‍ ഇന്ത്യക്കാരില്‍ മറ്റാര്‍ക്കും രോഗലക്ഷണങ്ങളില്ലെന്നാണ് ഇന്ത്യന്‍ എംബസി അറിയിച്ചിരിക്കുന്നത്. കൊറോണ ബാധിച്ച മൂന്ന് ഇന്ത്യക്കാരുമായി ബന്ധപ്പെട്ടെന്നും ഇവര്‍ ചികിത്സയിലാണെന്നും ആരോഗ്യ നില മെച്ചപ്പെടുത്തുന്നുണ്ടെന്നും എംബസി അറിയിച്ചു. കപ്പലിലുള്ള ഇന്ത്യക്കാരുടെ നില അറിയാന്‍ നിരന്തരം ജാപ്പനീസ് ഉദ്യോഗസ്ഥരോട് എംബസി ബന്ധപ്പെടുന്നുണ്ട്.
ജീവനക്കാരും യാത്രക്കാരുമടക്കം 3,711 പേരടങ്ങിയ കപ്പലില്‍ 218 പേര്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. ചൈനയ്ക്ക് പുറത്ത് ഏറ്റവുമധികം പേരില്‍ കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത് ഡയമണ്ട് പ്രിന്‍സസിലാണ്. ആറ് യാത്രക്കാരും 132 ജീവനക്കാരുമടക്കം 138 ഇന്ത്യക്കാരാണ് കപ്പലിലുള്ളത്.
നിരീക്ഷണത്തിലുള്ള 406 പേരെ വിട്ടയച്ചേക്കും
ന്യൂദല്‍ഹി: ചൗള മേഖലയില്‍ നിരീക്ഷണത്തിലുള്ള ചൈനയില്‍ നിന്ന് വന്ന 406 പേരുടെ പരിശോധനാഫലം തൃപ്തികരമാണെങ്കില്‍ അടുത്തയാഴ്ച വിട്ടയയ്ക്കുമെന്ന് ഇന്‍ഡോ-തിബറ്റന്‍ ബോര്‍ഡര്‍ പോലീസ് (ഐടിബിപി) അറിയിച്ചു. ഐടിബിപി വക്താവ് വിവേക് പാണ്ഡേയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.
ഈ മാസം ആദ്യം ചൈനയിലെ വുഹാനില്‍ നിന്നു മടങ്ങിയ ഇവരുടെ അവസാനവട്ട പരിശോധന നടക്കുകയാണ്. രണ്ടോ മൂന്നോ ദിവസത്തിനകം മുഴുവന്‍ പേരുടെയും റിപ്പോര്‍ട്ട് ലഭ്യമാകും. പരിശോധനാ ഫലങ്ങള്‍ നെഗറ്റീവാണെങ്കില്‍ പ്രത്യേക നിര്‍ദേശങ്ങള്‍ നല്കി ഇവരെ അടുത്ത ആഴ്ച വിട്ടയയ്ക്കും, വിവേക് പാണ്ഡേ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: