ന്യൂദല്‍ഹി: ദല്‍ഹി തെരഞ്ഞെടുപ്പിലെ ദയനീയ പരാജയം കോണ്‍ഗ്രസ്സിനെ ഉലയ്ക്കുന്നു. ഫലപ്രഖ്യാപനത്തിന് പിന്നാലെയുണ്ടായ ആരോപണ പ്രത്യാരോപണങ്ങള്‍ക്ക് ശേഷം കേന്ദ്ര നേതൃത്വത്തിനെതിരെ വിമര്‍ശനവുമായി ഇപ്പോള്‍ മുതിര്‍ന്ന നേതാക്കളും രംഗത്തുവരികയാണ്. ജയ്റാം രമേഷിന്റെ കഴിഞ്ഞ ദിവസത്തെ പ്രസ്താവന ഏറ്റുപിടിച്ച് ജ്യോതിരാദിത്യ സിന്ധ്യയും വീരപ്പ മൊയ്ലിയും രംഗത്തെത്തി. പേരെടുത്തു പറയുന്നില്ലെങ്കിലും പാര്‍ട്ടിയെ നിയന്ത്രിക്കുന്ന നെഹ്റു കുടുംബത്തിനെതിരെയാണ് നേതാക്കളുടെ ആക്ഷേപം നീളുന്നത്. എന്നാല്‍, പരാജയം സംബന്ധിച്ച് സോണിയയും രാഹുലും പ്രിയങ്കയും മൗനത്തിലാണ്.
തോല്‍വി അതീവ നിരാശാജനകമാണെന്നും പാര്‍ട്ടി മാറിച്ചിന്തിക്കണമെന്നും എഐസിസി ജനറല്‍ സെക്രട്ടറിയായ സിന്ധ്യ പറഞ്ഞു. രാജ്യം മാറുകയാണ്. ജനങ്ങളുടെ ചിന്തകളിലും മാറ്റങ്ങളുണ്ടാകുന്നു. ജനങ്ങളിലേക്കെത്താന്‍ പാര്‍ട്ടി പുതിയ രീതിയും സമീപനവും സ്വീകരിക്കണം. അദ്ദേഹം ചൂണ്ടിക്കാട്ടി. മധ്യപ്രദേശില്‍ മുഖ്യമന്ത്രി കമല്‍നാഥുമായി ഇടഞ്ഞുനില്‍ക്കുന്ന സിന്ധ്യ നേതൃത്വത്തിന്റെ ബലഹീനത മുതലെടുക്കുമോയെന്ന ആശങ്ക പാര്‍ട്ടിക്കുണ്ട്. ആം ആദ്മി പാര്‍ട്ടിയെ പ്രശംസിച്ച പി. ചിദംബരത്തെ രൂക്ഷമായി വിമര്‍ശിച്ചാണ് വീരപ്പ മൊയ്ലിയുടെ പ്രതികരണം. ചിദംബരത്തിന്റേത് ‘സാഡിസ്റ്റിക് സാറ്റിസ്ഫാക്ഷ’നാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മറ്റുള്ളവര്‍ ബിജെപിയെ തോല്‍പ്പിക്കുന്നതില്‍ കോണ്‍ഗ്രസ്സിന് സന്തോഷിക്കാനാവുന്നതെങ്ങനെ? കോണ്‍ഗ്രസ്സാണ് മുന്നോട്ടുവരേണ്ടത്. പ്രവര്‍ത്തനം സംബന്ധിച്ച് ആഴത്തിലുള്ള പരിശോധന ആവശ്യമാണ്.
പാര്‍ട്ടിയുടെ മുഴുവന്‍ തലങ്ങളിലും സ്ഥാപിത താത്പര്യക്കാര്‍ ആധിപത്യം സ്ഥാപിച്ചു. നിരവധി തവണ തോറ്റവര്‍ക്കും അവരുടെ ബന്ധുക്കള്‍ക്കും അനുയായികള്‍ക്കും തെരഞ്ഞെടുപ്പില്‍ ടിക്കറ്റ് നല്‍കുകയാണ്. എല്ലാ ഘടകങ്ങളിലും കൃത്യമായ നേതൃത്വത്തെ വളര്‍ത്തിയെടുക്കണം. എഐസിസിയിലും സംസ്ഥാനഘടകങ്ങളിലും ഉടന്‍ ശസ്ത്രക്രിയ നടത്തണം. ഇപ്പോള്‍ കോണ്‍ഗ്രസ്സിന് തിരിച്ചുവരാന്‍ സാധിച്ചില്ലെങ്കില്‍ ഇനിയൊരിക്കലും അതുണ്ടാകില്ല. ബിജെപിയെ കുറ്റം പറഞ്ഞുകൊണ്ടുള്ള രാഷ്ട്രീയ തന്ത്രം എല്ലായ്പ്പോഴും വിജയിക്കില്ല. മറ്റൊരു പാര്‍ട്ടിയെ വെറുതെ ആക്ഷേപിക്കുന്നതില്‍ കാര്യമില്ല. വികസനങ്ങളിലും സാമൂഹ്യനീതിയിലും എന്താണ് പാര്‍ട്ടിയുടെ ബദലെന്ന് വിശദീകരിക്കണം. അദ്ദേഹം ചൂണ്ടിക്കാട്ടി.
സ്വയം അഴിച്ചുപണിയാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ തയാറാകണമെന്നും അധികാരം നഷ്ടപ്പെട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും മന്ത്രിമാരെപ്പോലെ ധാര്‍ഷ്ട്യത്തോടെയാണ് നേതാക്കള്‍ പെരുമാറുന്നതെന്നും ജയ്റാം രമേഷ് ചൂണ്ടിക്കാട്ടിയിരുന്നു. പാര്‍ട്ടിയുടെ പ്രവര്‍ത്തന രീതി മാറണമെന്നും അദ്ദേഹം വ്യക്തമാക്കി. കനത്ത തോല്‍വിയെ തുടര്‍ന്ന് അധ്യക്ഷന്‍ സുഭാഷ് ചോപ്രയും ദല്‍ഹിയുടെ ചുമതലയുണ്ടായിരുന്ന പി.സി. ചാക്കോയും രാജിവച്ചിരുന്നു. 2013ല്‍ ഷിലാ ദീക്ഷിതിന്റെ കാലത്തുതന്നെ പാര്‍ട്ടിയുടെ പതനം ആരംഭിച്ചിരുന്നുവെന്ന ചാക്കോയുടെ പ്രസ്താവന പാര്‍ട്ടിക്കുള്ളില്‍ പൊട്ടിത്തെറിയുണ്ടാക്കി. ചാക്കോക്കെതിരെ ഒരു വിഭാഗം നേതാക്കള്‍ രംഗത്തെത്തി. ഇതിന് പിന്നാലെ ചിദംബരത്തിന്റെ ആപ്പ് പ്രശംസയെ ശര്‍മ്മിഷ്ഠ മുഖര്‍ജിയും രൂക്ഷമായി വിമര്‍ശിച്ചു. ബിജെപിയെ തോല്‍പ്പിക്കാനുള്ള ജോലി കോണ്‍ഗ്രസ് പ്രാദേശിക പാര്‍ട്ടികള്‍ക്ക് പുറംകരാര്‍ നല്കിയിരിക്കുകയാണോയെന്നായിരുന്നു അവരുടെ പരിഹാസം.
ഞെട്ടിച്ചത് വോട്ട് ശതമാനം
കോണ്‍ഗ്രസ്സിന്റെ ദയനീയ പരാജയം അപ്രതീക്ഷിതമല്ല. എങ്കിലും 2015ലെ പൂജ്യം എന്ന നാണക്കേട് മറികടന്ന് മൂന്നോ നാലോ സീറ്റില്‍ ജയിക്കാനാകുമെന്ന് പാര്‍ട്ടി കരുതി. സീറ്റ് കിട്ടാത്തതിനേക്കാള്‍ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ വോട്ട് ശതമാനമാണ് നേതൃത്വത്തെ ഏറെ ഞെട്ടിച്ചത്.
15 വര്‍ഷം തുടര്‍ച്ചയായി ഭരിച്ച ദല്‍ഹിയില്‍ 4.26 ശതമാനം വോട്ടാണ് ഇത്തവണ ലഭിച്ചത്. ബിജെപി സീറ്റ് നിലയില്‍ രണ്ടക്കം കണ്ടില്ലെങ്കിലും 38.51 ശതമാനം വോട്ട് നേടി അടിത്തറ ഇളകാതെ കാത്തു. കോണ്‍ഗ്രസ് വോട്ടുകള്‍ മുഴുവന്‍ ആപ്പിലേക്ക് പോയി. ന്യൂനപക്ഷ സ്വാധീന മണ്ഡലങ്ങളിലും തിരിച്ചടി നേരിട്ടു.
മുന്‍പ് ഏറെ ശക്തമായിരുന്ന യുപി, ബിഹാര്‍, തമിഴ്നാട്, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് ഇനിയൊരു തിരിച്ചു വരവില്ലാത്ത വിധം അപ്രസക്തമായി. ഇവിടെ പ്രാദേശിക പാര്‍ട്ടികള്‍ അവരുടെ സ്ഥാനം കൈയടക്കി. ഈ ദിശയിലാണ് ദല്‍ഹിയിലെ വോട്ടു ചോര്‍ച്ചയെയും പാര്‍ട്ടി കാണുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: