ന്യൂദല്‍ഹി: ക്രിമിനല്‍ പശ്ചാത്തലമുള്ള സ്ഥാനാര്‍ഥികള്‍ 48 മണിക്കൂറിനകം കേസ് വിവരങ്ങള്‍ പാര്‍ട്ടിയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കണമെന്ന് നിര്‍ദ്ദേശിച്ച് സുപ്രീകോടതി. സ്ഥാനാര്‍ഥികള്‍ കേസ് വിവരങ്ങള്‍ ദൃശ്യ, പത്ര മാധ്യമങ്ങളിലൂടെ പ്രസിദ്ധീകരിക്കണമെന്ന് 2018 ല്‍ കോടതി നിര്‍ദ്ദേശിച്ചിരുന്നു. പല രാഷ്ട്രീയ പാര്‍ട്ടികളും ഇത് അനുസരിക്കുന്നില്ലായെന്ന് കണ്ടതോടെയാണ് കോടതിയുടെ ഇത്തരത്തിലുള്ള നിര്‍ദ്ദേശം.
ഏത് തരത്തിലുള്ള കേസാണ്, കേസിന്റെ വിചാരണ നടക്കുന്നെങ്കില്‍ നിലവില്‍ ഏത് ഘട്ടത്തിലാണ് എന്നിങ്ങനെ വ്യക്തമായ വിവരങ്ങള്‍ പ്രസിദ്ധീകരിക്കണം. ഇതേ വിവരങ്ങള്‍ 72 മണിക്കൂറിന് അകം തെരെഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിക്കണം. വിവരങ്ങള്‍ പാര്‍ട്ടികള്‍ പ്രസിദ്ധീകരിക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കണമെന്ന് കോടതി കേന്ദ്ര തെരെഞ്ഞെടുപ്പ് കമ്മീഷനോട് നിര്‍ദ്ദേശിച്ചു. സ്ഥാനാര്‍ഥി നിര്‍ണയം എന്തിന്റെ അടിസ്ഥാനത്തിലായിരുന്നു വെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ രാഷ്ടീയ പാര്‍ട്ടികള്‍ ബാധ്യസ്തരാണെന്ന് കോടതി പറഞ്ഞു. വിജയ സാധ്യത മാത്രമാകരുത് സ്ഥാനാര്‍ഥിയെ തെരെഞ്ഞെടുക്കുന്നതിന്റെ മാനദണ്ഡമെന്നും കോടതി വ്യക്തമാക്കി.
ബിജെപി വക്താവ് അശ്വിനി കുമാര്‍ ഉപാധ്യായ നല്കിയ ഹര്ജിയിന്മേല് ജസ്റ്റിസ് രവീന്ദ്ര ഭട്ട് , ആര് എഫ് നരിമാന് എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. വിധി നടപ്പിലാക്കിയില്ലെങ്കില്‍ കോടതി അലക്ഷ്യമായി പരിഗണിച്ച് നടപടികള്‍ സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: