ഭാരതീയ വിചാരകേന്ദ്രം ഡയറക്ടറും കന്യാകുമാരി വിവേകാനന്ദ കേന്ദ്രത്തിന്റെ അധ്യക്ഷനുമായ പി. പരമേശ്വരന്റെ ജീവിതം അത്യപൂര്‍വ്വമായ ഒന്നാണ്. തുല്യതകളില്ലാത്ത ജീവിതമാണ് അദ്ദേഹം നയിച്ചത്. ചിന്തകനായിരുന്നു. 1946 ല്‍ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ ചരിത്ര വിദ്യാര്‍ഥിയായി എത്തിയ അദ്ദേഹം, ആര്‍എസ്എസ് പ്രവര്‍ത്തകനായി തീരുകയായിരുന്നു. സംഘത്തിന്റെ ആദര്‍ശത്തെക്കുറിച്ചും ഉദ്ദേശ്യത്തെക്കുറിച്ചും മനസ്സിലാക്കിയ പരമേശ്വര്‍ജി ആര്‍എസ്എസിന്റെ പൂര്‍ണസമയ പ്രവര്‍ത്തകനാകാന്‍ തീരുമാനിച്ചു. യൂണിവേഴ്സിറ്റി കോളേജിലേയും ലൈബ്രറിയിലേയും ചരിത്ര സംബന്ധമായ പുസ്തകങ്ങള്‍ വായിച്ചു തീര്‍ക്കുക എന്നത് ജീവിതവ്രതമാക്കിയ കാലം. 1949 ല്‍ യൂണിവേഴ്സിറ്റി കോളേജില്‍ നിന്നും ബിഎ ഓണേഴ്സ് പരീക്ഷ സ്വര്‍ണ മെഡലോടെ വിജയിച്ചു.
പക്ഷെ, ആ വിജയം അറിയുന്നതിന് മുമ്പേ സംഘ പ്രചാരകനായി പോയി. ബിരുദദാന ചടങ്ങില്‍ പങ്കെടുക്കാനോ സര്‍ട്ടിഫിക്കറ്റ് വാങ്ങാനോ അദ്ദേഹം നിന്നില്ല. തിരുവിതാംകൂര്‍ സര്‍വ്വകലാശാല കേരള സര്‍വകലാശാലയായി മാറിയ സമയത്ത് ഡിഗ്രിയും മെഡലും കൈപ്പറ്റണമെന്ന് ആവശ്യപ്പെട്ട് കത്തുകിട്ടിയെങ്കിലും അതിനൊന്നും അദ്ദേഹം മെനക്കെട്ടില്ല. അത്രത്തോളം സംഘവും ഹിന്ദുസമാജവുമായി പരമേശ്വരന് ലയിച്ചു ചേര്‍ന്നിരുന്നു. സംഘപ്രചാരകനായി ആദ്യം പ്രവര്‍ത്തിച്ചത് കോഴിക്കോടാണ്. അവിടെ അദ്ദേഹം പ്രവര്‍ത്തിക്കുന്ന കാലത്താണ് സംഘത്തിന്റേതായ സാഹിത്യം രൂപപ്പെട്ടുവന്നത്. കേസരി വാരിക കോഴിക്കോട് ആരംഭിച്ചതിന്റെ പ്രചോദനവും പരമേശ്വര്‍ജിയായിരുന്നു. അദ്ദേഹം തന്നെ അതിന്റെ പത്രാധിപരും ലേഖകനുമായി അനൗപചാരികമായി പ്രവര്‍ത്തിച്ചു.
കോഴിക്കോട് ആര്‍എസ്എസിന്റെ അടിത്തറ
പാകിയവര്‍ക്ക് പിന്നാലെ ഒരു വിപുലമായ സൗഹൃദാന്തരീക്ഷം സൃഷ്ടിക്കുവാനും അദ്ദേഹത്തിന് സാധിച്ചു. ഹിന്ദുസമാജം നേരിടുന്ന ഒട്ടേറെ പ്രശ്നങ്ങള്‍ നേരിട്ടനുഭവിക്കാനും അദ്ദേഹത്തിന് സാധിച്ചു. ഒരുദാഹരണം പറഞ്ഞാല്‍, മധ്യപ്രദേശിലെ ക്രിസ്ത്യന്‍ മിഷണറി പ്രവര്‍ത്തനങ്ങളെക്കുറിച്ച് പഠിക്കാനായി കെ.ബി. ലോഗി എന്ന ഐസിഎസ് ഉദ്യോഗസ്ഥനെ അന്നത്തെ മധ്യപ്രദേശ് സര്‍ക്കാര്‍ നിയമിക്കുകയും ഒരു വിശദമായ റിപ്പോര്‍ട്ട് തയാറാക്കുകയും ചെയ്തു. ക്രിസ്ത്യന്‍ മിഷണറി പ്രവര്‍ത്തനങ്ങള്‍ക്ക് ഏറ്റവും മുന്നില്‍ നിന്നത് കേരളത്തില്‍ നിന്നുള്ള ക്രിസ്ത്യന്‍ മിഷണറിമാരാണെന്ന് ആ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ ഭാരതത്തിലെ വിദേശപാതിരി പ്രവര്‍ത്തനം എന്ന പേരില്‍ ഒരു ലഘുപുസ്തകം പരിമേശ്വര്ജി എഴുതുകയുണ്ടായി. ക്രിസ്ത്യന്‍ മിഷണറി പ്രവര്‍ത്തനത്തിന്റെ ഉള്ളറകളെ പ്രതിപാദിക്കുന്ന അതുപോലൊരു പുസ്തകം പിന്നീട് ഉണ്ടായിട്ടുണ്ടോ എന്ന് സംശയമാണ്. ഇതാണ് പരമേശ്വര്‍ജിയുടെ ആദ്യത്തെ അച്ചടിക്കപ്പെട്ട പുസ്തകം. ക്രിസ്ത്യാനികളുടെ ഭാഗത്തുനിന്നു മാത്രമല്ല ഇസ്ലാമിസ്റ്റുകളുടെ ഭാഗത്തുനിന്നും ഹിന്ദുക്കള്‍ക്ക് അപകടം വരുന്ന ഘട്ടങ്ങളില്‍ അതിനെതിരെയും പരമേശ്വര്‍ജി പ്രവര്‍ത്തിച്ചിട്ടുണ്ട്.
ജനസംഘവും മലപ്പുറം ജില്ലയും
ഗുരുവായൂരിനടുത്ത് മണത്തലയ്ക്ക് സമീപം ശ്രീനാരായണ ഗുരുദേവന്റെ ശിഷ്യര്‍ സ്ഥാപിച്ച വിശ്വനാഥ ക്ഷേത്രത്തിലേക്ക് പോവേണ്ടിയിരുന്ന ഉത്സവ ഘോഷയാത്രയെ ചാവാക്കാട്ടുവച്ച് ആക്രമിക്കാന്‍ മുസ്ലിം മതതീവ്രവാദികള്‍ ശ്രമിച്ചു. അതിനെതിരെ ഹിന്ദുക്കളെ അണിനിരത്താന്‍ പരമേശ്വര്‍ജി ശ്രമിച്ചു. പക്ഷേ, ഉത്സവഘോഷയാത്രയ്ക്ക് ഇഎംഎസ് സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തി. നിരാശരായ ഹിന്ദുക്കള്‍ ഉത്സവം തന്നെ വേണ്ടെന്നു വച്ചു. എന്നാല്‍, തൊട്ടടുത്ത വര്‍ഷം വിശ്വനാഥ ക്ഷേത്ര ഉത്സവം നടത്തുന്നതിനായി മധ്യകേരളത്തിലെ മുഴുവന്‍ ഹിന്ദുക്കളേയും സംഘടിപ്പിച്ച് ആരാധനാ സ്വാതന്ത്ര്യസമരം എന്ന പേരില്‍ പ്രക്ഷോഭം നടത്താന്‍ പരമേശ്വര്‍ജി നേതൃത്വം നല്കി. എല്ലാ മാര്‍ഗവും അതിനായി ഉപയോഗിച്ചു. പ്രക്ഷോഭത്തെ ചെറുക്കാന്‍ ഇഎംഎസ് സര്‍ക്കാര്‍ എല്ലാവഴിയും നോക്കി. പക്ഷേ ഹൈക്കോടതിയില്‍ നിന്നും ജസ്റ്റിസ് പി.കെ. രാമന് നായരുടെ വിധി വന്നു. ഉത്സവ ഘോഷയാത്ര പൊതുനിരത്തിലാണെന്നും ഘോഷയാത്ര നടത്താന്‍ എല്ലാ അവകാശവും ഹിന്ദുക്കള്‍ക്ക് ഉണ്ടെന്നുമായിരുന്നു വിധി. അന്ന് മുതല്‍ ഇന്നുവരെ മണത്തല വിശ്വനാഥക്ഷേത്ര ഉത്സവം യാതൊരു തടസ്സവും കൂടാതെ നടത്താന്‍ സാധിച്ചു.
പിന്നീട് ഭാരതീയ ജനസംഘത്തിന്റെ കേരള പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്നതിനായി അദ്ദേഹത്തെ ആര്‍എസ്എസ് നേതൃത്വവും ദീനദയാല്‍ ഉപാധ്യായയും നിയോഗിച്ചു. 1958 മുതല്‍ ജനസംഘം കേരള ഘടകത്തിന്റെ സംഘടനാ കാര്യദര്‍ശിയായി പ്രവര്‍ത്തിച്ചു. ആ വേളയിലാണ് കോഴിക്കോട് വച്ച് ജനസംഘത്തിന്റെ അഖിലേന്ത്യാ സമ്മേളനം ചേര്‍ന്നത്. ജനസംഘത്തെ കേരളത്തില്‍ പ്രധാന രാഷ്ട്രീയ കക്ഷിയായി വളര്‍ന്നതും ആ സമയത്താണ്.
മുസ്ലിം ഭൂരിപക്ഷ ജില്ല രൂപീകരിക്കാന്‍ അന്നത്തെ ഇടതുപക്ഷ സപ്തകക്ഷി മുന്നണി തീരുമാനിക്കുകയും നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. അത്തരത്തില്‍ ഒരു ജില്ല രൂപീകരിച്ചാലുണ്ടാകുന്ന വിപത്തുകള്‍ ചൂണ്ടിക്കാട്ടി പരമേശ്വര്‍ജി നിരവധി ലഘുലേഖകള്‍ എഴുതി. മുഹമ്മദലി ജിന്ന, പാക്കിസ്ഥാന് രൂപീകരിക്കുന്ന സമയത്ത് അന്നത്തെ മലബാര്‍ മുസ്ലിം ലീഗ് പ്രസിഡന്റായിരുന്ന ഇബ്രാഹിം സുലൈമാന്‍ സേട്ടിന് അയച്ച കത്ത് പ്രസിദ്ധീകരിച്ചു. തത്കാലം മാപ്പിളസ്ഥാന് രൂപീകരിക്കണമെന്നും ആ മാപ്പിളസ്ഥാനെ ഉചിതമായ സമയത്ത് പാക്കിസ്ഥാനോട് ചേര്‍ക്കാം എന്ന നിര്‍ദ്ദേശവും കത്തിലുണ്ടായിരുന്നു. ഇത് കണ്ടെത്തി, മുസ്ലിം ഭൂരിപക്ഷ ജില്ലാ വിരുദ്ധ പ്രക്ഷോഭത്തിന് പരമേശ്വര്‍ജി നേതൃത്വം നല്‍കുകയും ചെയ്തു. ധാരാളം പേര് ഈ പ്രക്ഷോഭത്തില്‍ അണിചേര്‍ന്നു. ധാരാളം ഇടതുപക്ഷ പ്രവര്‍ത്തകര്‍ ജനസംഘത്തില്‍ ചേര്‍ന്നു.
വിചാരകേന്ദ്രം എന്ന വിചാര വിപ്ലവം
ഇതിനിടയിലാണ് ശ്രീനാരായണ ഗുരു നവോത്ഥാനത്തിന്റെ പ്രവാചകന്, മഹര്‍ഷി അരവിന്ദന് ഭാവിയുടെ ദാര്ശനികന് എന്നീ പുസ്തകങ്ങള്‍ രചിച്ചത്. ഈ പുസ്തകങ്ങള്‍ ജനശ്രദ്ധയാകര്‍ഷിച്ചു. അടിസ്ഥാനപരമായ ചിന്ത അവതരിപ്പിച്ച രണ്ട് പുസ്തകങ്ങളാണിവ. അടിയന്തരാവസ്ഥക്കാലത്ത് അസുഖബാധിതനായിട്ടു കൂടി അദ്ദേഹം സത്യഗ്രഹം നടത്തി. മിസ പ്രകാരം ജയിലിലാക്കി. അതിന് ശേഷം പുതുതായി രൂപപ്പെട്ടുവന്ന രാഷ്ട്രീയ സാഹചര്യങ്ങളില്‍ അദ്ദേഹം തൃപ്തനായിരുന്നില്ല. അതുകൊണ്ട് പരമേശ്വര്‍ജി പുതിയ മേഖലയിലേക്ക് കടന്നു. ദല്‍ഹിയിലെ ദീനദയാല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ഡയറക്ടര്‍ സ്ഥാനം ഏറ്റെടുത്തു. അക്കാലത്ത് അദ്ദേഹം ദല്‍ഹിയില്‍ ഉണ്ടായിരുന്ന എല്ലാവിധ ചിന്താഗതിക്കാരുമായും സമ്പര്‍ക്കം പുലര്‍ത്തി. റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ പരിപാടികളില്‍ അവരെയെല്ലാം പങ്കെടുപ്പിച്ചു. ഗാന്ധിജി, ദീനദയാല്‍ജി, ഡോ. ലോഹ്യ എന്നിവരുടെ സാമ്പത്തിക, സാമൂഹ്യ ചിന്തകളെ താരതമ്യപ്പെടുത്തിക്കൊണ്ടും അവയിലെ സാദൃശ്യങ്ങളേയും വ്യത്യസ്തതകളേയും കുറിച്ച് ദീനദയാല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ആഭിമുഖ്യത്തില്‍ ചര്‍ച്ചാ സദസ്സുകള്‍ സംഘടിപ്പിച്ചു. അത് പിന്നീട് ഗാന്ധി-ദീനദയാല്‍-ലോഹ്യ എന്ന പേരില്‍ പുസ്തകമായി പ്രസിദ്ധീകരിച്ചു.
ദീനദയാല്‍ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനായിരുന്ന സമയത്താണ് അദ്ദേഹത്തിന്റെ മനസ്സില്‍ മറ്റൊരു ആശയം ഉടലെടുത്തത്. ഇടതുപക്ഷത്തിന്റെയും ക്രിസ്ത്യന്‍-മുസ്ലിം മേധാവിത്വത്തത്തിന്റേയും സ്വാധീനത്തില്‍ കേരളത്തിലെ വൈചാരിക രംഗത്ത് ഭാരതീയ ചിന്താഗതികള്‍ പിന്നാക്കം പോവുന്നതായി മനസ്സിലാക്കി. ഈ സാഹചര്യത്തില്‍ ഒരു വിചാര വിപ്ലവത്തിന് ഭാരതീയ വിചാരകേന്ദ്രം സ്ഥാപിച്ചു.
കേരളത്തില്‍ ജനസംഘത്തിന്റെ ശക്തി വര്‍ധിക്കുന്നത് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെ അലട്ടി. അവരുടെ ആക്രമണങ്ങള്‍ ആര്‍എസ്എസും ജനസംഘവും നേരിട്ടു. സംഘര്‍ഷം രൂക്ഷമായ സമയത്ത് പരമേശ്വര്‍ജി ദല്‍ഹിയിലായിരുന്നു. അദ്ദേഹം അവിടത്തെ പ്രമുഖ നേതാക്കന്മാരുമായി സമ്പര്‍ക്കം പുലര്‍ത്തി, സമന്വയത്തിന് ശ്രമിച്ചു. തത്കാലത്തേക്കാണെങ്കിലും അത് ഫലം കണ്ടു. പിന്നീട് വിചാരകേന്ദ്രം തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിച്ചുതുടങ്ങിയപ്പോള്‍ ബൗദ്ധിക രംഗത്ത് ഒട്ടേറെ സംഭാവനകള്‍ നല്കിയ പ്രസ്ഥാനമായി അത് മാറി. ഭാരതത്തില്‍ തന്നെ പ്രശസ്തരായ നിരവധി പേര് വിചാരകേന്ദ്രം സംഘടിപ്പിച്ച സെമിനാറുകളില്‍ പങ്കെടുത്തു. രാഷ്ട്രത്തിന്റെ താല്പര്യത്തിന് കോട്ടം തട്ടുന്ന വിധത്തില്‍ ആര് നിലപാടെടുത്താലും അതിനെയെല്ലാം പരമേശ്വര്‍ജി മടികൂടാതെ എതിര്‍ത്തു.
ഹിന്ദു സമാജത്തിന്റെ അന്തസിന്
ശ്രീരാമകൃഷ്ണ, വിവേകാനന്ദ പ്രസ്ഥാനത്തിന്റെ ആരാധകനായിരുന്നു. അതില്‍ അംഗമായിരുന്നു. ശ്രീരാമകൃഷ്ണ മിഷനില്‍ നിന്നും ദീക്ഷ സ്വീകരിക്കുകയും ചെയ്തിരുന്നു. ബംഗാളിലെ ഇടതുപക്ഷ സര്‍ക്കാര്‍ ഒരവസരത്തില്‍ അവിടുത്തെ സ്വകാര്യ സ്കൂളുകളെ നിയന്ത്രിക്കാനായി പരിശ്രമിച്ചിരുന്നു. അതിനായുള്ള നിയമം വന്നപ്പോള്‍ അത് അവിടത്തെ ഹിന്ദു മാനേജ്മെന്റ് സ്കൂളുകള്‍ക്ക് മാത്രം പ്രശ്നമായി വരുന്ന സ്ഥിതിയിലെത്തി. പക്ഷെ, ശ്രീരാമകൃഷ്ണ മിഷന്റെ നേതൃത്വത്തിലുള്ള വിദ്യാലയങ്ങളെ അത് ബാധിച്ചില്ല. ആ സമയത്ത് ശ്രീരാമകൃഷ്ണ മിഷന്റെ നേതൃത്വം, തങ്ങള്‍ ഹിന്ദുക്കള്‍ അല്ല, ശ്രീരാമകൃഷ്ണ മതത്തില്‍പ്പെട്ടവരാണെന്നും ശ്രീരാമകൃഷ്ണ സമ്പ്രദായം മറ്റൊന്നാണെന്നും സ്ഥാപിച്ചുകൊണ്ട് കല്‍ക്കട്ട ഹൈക്കോടതിയെ സമീപിച്ചു. ഈ നിലപാടിനെ പരമേശ്വര്‍ജി ശക്തമായി എതിര്‍ത്തു. ഹിന്ദുക്കള്‍ അല്ല എന്നത് അടിമ മനോഭാവമാണെന്നും ഹിന്ദുക്കളുടെ പിന്തുണ നേടിക്കൊണ്ട് സമരം നടത്തുകയായിരുന്നു ശ്രീരാമകൃഷ്ണ മിഷന് ചെയ്യേണ്ടിയിരുന്നതെന്നുമായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. കല്‍ക്കട്ട ഹൈക്കോടതി ശ്രീരാമകൃഷ്ണ മിഷന്റെ നിലപാട് തെറ്റാണെന്ന് വ്യക്തമാക്കുകയുണ്ടായി.
ഹിന്ദു സമാജത്തിന്റെ അന്തസിന് കോട്ടം വരുന്നതായ ഏതൊരു സമീപനത്തേയും ശക്തമായി എതിര്‍ത്ത് പരാജയപ്പെടുത്തുന്നതില്‍ പരമേശ്വര്‍ജി എന്നും വിജയിച്ചു. എറണാകുളത്ത് നടന്ന വിശാലഹിന്ദു സമ്മേളനം കേരളത്തിലെ ഹൈന്ദവ പ്രസ്ഥാനങ്ങളുടെ ഒരു നാഴിക കല്ലായിരുന്നു. ആ സമ്മേളനത്തില്‍ കേരളത്തിലെ ഹൈന്ദവ പ്രസ്ഥാനങ്ങളെല്ലാം പങ്കെടുത്തു. അതിന്റെ പിന്നിലെ ബുദ്ധി കേന്ദ്രം പരമേശ്വര്‍ജിയായിരുന്നു. ആ സമ്മേളനത്തില്‍ വച്ചാണ് കര്‍ക്കടക മാസം രാമായണ മാസം ആയി ആചരിക്കണമെന്ന പ്രഖ്യാപനം പരമേശ്വര്‍ജി നടത്തിയത്. ഹിന്ദു ജനത ഒന്നാകെ ആ പ്രഖ്യാപനം ഏറ്റെടുത്തു. അതിന് ശേഷം മലയാള ഭാഷയില്‍ ഏറ്റവും കൂടുതല്‍ പ്രസിദ്ധീകരിക്കുന്ന ഗ്രന്ഥം എഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണമായി. ഇതിന് പിന്നിലും പരമേശ്വര്‍ജിയുടെ ദീര്‍ഘവീക്ഷണമായിരുന്നു.
അദ്ദേഹം അസുഖ ബാധിതനായപ്പോഴും ആ സ്നേഹവും വാത്സല്യവും എല്ലാം അനുഭവിക്കാന്‍ എനിക്ക് സാധിച്ചു. രണ്ട് വര്‍ഷം മുമ്പ് മധ്യപ്രദേശ് സര്‍ക്കാരിന്റെ പത്രപ്രവര്‍ത്തകര്‍ക്ക് വേണ്ടിയുള്ള ദേശീയ അവാര്‍ഡ് ലഭിക്കുകയുണ്ടായി. ഭോപ്പാലില്‍ പോയി അവാര്‍ഡ് സ്വീകരിച്ച് തിരിച്ചെത്തി പരമേശ്വര്‍ജിയെ സന്ദര്‍ശിച്ചപ്പോള്‍ അദ്ദേഹം ആദ്യം പറഞ്ഞത് വാര്‍ത്ത ടിവിയില്‍ കണ്ടു, സന്തോഷമായി എന്നാണ്. ഞാന്‍ പ്രചാരകനായത് പരമേശ്വര്‍ജിയുടെ ശിക്ഷണത്തിലാണ്. എന്റെ പൊതുജീവിതവും പത്രപ്രവര്‍ത്തനവും സാഹിത്യ ജീവിതവും ആരംഭിച്ചത് പരമേശ്വര്‍ജിയുടെ ശിക്ഷണത്തിലാണ്. എന്റെ ജീവിതത്തിലൂടെ ഗംഗാതീര്ഥമായി ഒഴുകുന്ന അനുഗ്രഹമാണത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: