തിരുവനന്തപുരം: ആറ്റിങ്ങലിൽ ഈ മാസം അഞ്ച് മുതൽ രാത്രിയിൽ ഗതാഗത നിയന്ത്രണങ്ങൾ എർപ്പെടുത്തി. ദേശീയ പാത വികസനത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത് കാരണമാണിത്.
ആറ്റിങ്ങല്‍ പൂവമ്പാറ മുതല്‍ മൂന്നുമുക്ക് വരെയാണ് വികസിപ്പിക്കുന്നത്. രാത്രി 8 മണി മുതല്‍ പുലര്‍ച്ചെ 6 മണി വരെയാണ് ഗതാഗത നിയന്ത്രണം. കൊല്ലം ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങള്‍ നിലവിലത്തെ പോലെ ആലംകോട്- കച്ചേരി ജംഗ്ഷന് – മുനിസിപ്പാലിറ്റിയുടെ മുന്നിലൂടെ കടന്ന് പോകും. എന്നാല്‍ തിരുവനന്തപുരം ഭാഗത്ത് നിന്നും കൊല്ലം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ ആറ്റിങ്ങല്‍ – പാലസ് റോഡ് – മണനാക്ക് – ആലംകോട് വഴി തിരിച്ചു വിടും.
റോഡ് നിര്‍മാണം നടക്കുന്ന സ്ഥലങ്ങളിലെ ബിഎസ്എന്‍എല്‍, വിവിധ മൊബൈല്‍ കമ്പനികളുടെ കേബിള്‍, കെഎസ്ഇബി ഇലക്ട്രിക് പോസ്റ്റ്, വാട്ടര്‍ അതോറിറ്റി പൈപ്പ് തുടങ്ങിയവ അതാത് വിഭാഗവുമായി ബന്ധെപ്പെട്ട് മാറ്റി സ്ഥാപിക്കും. ഫോറസ്റ്റ് വിഭാഗവുമായി ബന്ധപ്പെട്ട് റോഡ് നിര്‍മാണത്തിന് തടസ്സമാകുന്ന മരങ്ങളും മുറിച്ചു മാറ്റും.
നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നടപ്പാക്കാന്‍ വിവിധ വിഭാഗങ്ങളെ ഉള്‍പ്പെടുത്തി എംഎല്‍എ, നഗരസഭ ചെയര്മാന് എന്നിവരുടെ നേതൃത്വത്തില്‍ കോര്‍ഡിനേഷന്‍ കമ്മിറ്റിക്ക് രൂപം നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: