കൊച്ചി: തുടര്‍ച്ചയായ രണ്ട് എവേ പരാജയങ്ങള്‍ക്കുശേഷം ബ്ലാസ്റ്റേഴ്സ് ഇന്ന് വീണ്ടും കളത്തില്‍. കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ചെന്നൈയിന് എഫ്സിയാണ് എതിരാളികള്‍. പ്ലേ ഓഫ് സാധ്യതകള്‍ ഏതാണ്ട് അസ്തമിച്ച ബ്ലാസ്റ്റേഴ്സ് ചെന്നൈയിനോട് എവേ മത്സരത്തില്‍ തോറ്റതിന് പകരം വീട്ടാനാണ് ഇറങ്ങുന്നത്.
ജനുവരി അഞ്ചിന് ഹൈദരാബാദിനെ ഒന്നിനെതിരെ അഞ്ചു ഗോളുകള്‍ക്ക് തോല്‍പ്പിച്ച് തുടങ്ങിയ ബ്ലാസ്റ്റേഴ്സ് അടുത്ത കൡയില്‍ എടികെയെ അവിടെ ചെന്നും തകര്‍ത്തു. അതിനുശേഷം ജംഷഡ്പൂര്‍എഫ്സിയോടും എഫ്സി ഗോവയോടും രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തോല്‍ക്കുകയും ചെയ്തു. 14 മത്സരങ്ങളില്‍ മൂന്ന് ജയം മാത്രമുള്ള ടീം പട്ടികയില്‍ ഇപ്പോള്‍ എട്ടാം സ്ഥാനത്താണ്. ഇന്നടക്കം അവശേഷിക്കുന്ന നാലു മത്സരങ്ങള്‍ ജയിച്ച് 26 പോയിന്റ് നേടിയാലും പ്ലേഓഫ് സാധ്യത കണക്കിലെ കളിയെ ആശ്രയിച്ചിരിക്കും. ടേബിളില്‍ മൂന്നാമതുള്ള എടികെയ്ക്ക് ഇപ്പോള്‍ തന്നെ 27 പോയിന്റും നാലാമതുള്ള മുംബൈ സിറ്റിക്ക് 23 പോയിന്റുമുണ്ട്. പ്രതിരോധത്തിലെ പിഴവുകളാണ് കേരളത്തിന്റെ ടീമിന് പലപ്പോഴും തിരിച്ചടിയാവുന്നത്. സ്ട്രൈക്കര്‍മാര്‍ ഗോളടിക്കുന്നുണ്ടെങ്കിലും സന്ദേശ് ജിങ്കന്റെയും ജെയ്റോയുടെയും അഭാവം പ്രതിരോധത്തെ ദുര്‍ബലമാക്കി. അവസാന രണ്ട് തോല്‍വികളും തോറ്റത് അവസാന മിനിറ്റുകളില്‍ വഴങ്ങിയ ഗോളുകള്‍ക്കാണ്. ഈ പിഴവുകള്‍ തിരുത്തി ഇനിയുള്ള മത്സരങ്ങള്‍ ജയിക്കാനാണ് ടീമിന്റെ ശ്രമം. എന്നാല്‍ സസ്പെന്‍ഷനിലുള്ള പ്രതിരോധ താരം വിക്ടര്‍ ഡ്രോബറോവിന്റെയും ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍ മുസ്തഫ നിങിന്റെയും അഭാവം തിരിച്ചടിയാണ്.
ടീമിനായി ഇതുവരെ 15 ഗോളുകള്‍ കണ്ടെത്തിയ ഒഗ്ബച്ചെ-റഫേല്‍ മെസ്സി സഖ്യം മികച്ച ഫോമിലാണെന്നത് പ്രതീക്ഷ നല്കുന്നു. ടീമിന്റെ പ്ലേഓഫ് സാധ്യതകള്‍ ഇനിയും അവസാനിച്ചിട്ടില്ലെന്നാണ് അസി. കോച്ച് ഇഷ്ഫാഖ് അഹമ്മദ് പറയുന്നത്. കണക്കിലെ കളി പ്രകാരം ആര്‍ക്കും നാലാം സ്ഥാനത്തെത്താം. ഒഡീഷ തുടര്‍ച്ചയായി നാല് മത്സരങ്ങളില്‍ വിജയിച്ചു. ഞങ്ങളും പിന്നിലായിരുന്നു, ഞങ്ങള്‍ തുടര്‍ച്ചയായി രണ്ട് മത്സരങ്ങളില്‍ വിജയിച്ചു. ഏത് ടീമിനും യോഗ്യത നേടാന്‍ കഴിയും, ഇഷ്ഫാഖ് പറഞ്ഞു. എടികെക്കെതിരായ മത്സരത്തിലെ മോശം പെരുമാറ്റത്തിന് വിലക്കുള്ളതിനാല്‍ സൈഡ് ലൈനില്‍ തന്ത്രങ്ങള്‍ പറഞ്ഞുകൊടുക്കാന്‍ മുഖ്യപരിശീലകന്‍ എല്‍കോ ഷട്ടോരി ഇന്ന് ഗ്രൗണ്ടിലുണ്ടാവില്ല. അവസാന മൂന്ന് മത്സരങ്ങളിലും ജയിച്ച് മികച്ച ഫോമിലുള്ള ചെന്നൈയിന് എഫ്സിക്ക് ഇന്ന് ജയിച്ചാല്‍
പ്ലേഓഫിലേക്ക് ഒരു പടി കൂടി അടുക്കാം. 13 കളിയില്‍ നിന്ന് 18 പോയിന്റാണ് നിലവില്‍ അവര്‍ക്കുള്ളത്. അവസാന മത്സരത്തില്‍ ജംഷഡ്പൂരിനെ 4-1നാണ് ചെന്നൈയിന് തോല്‍പ്പിച്ചത്. പത്തു ഗോളുകള്‍ അടിച്ചുകൂട്ടിയ ലിത്വാനിയ താരം നെരിജസ് വാള്‍സ്കിസാണ് ചെന്നൈയിന്റെ തുറുപ്പുചീട്ട്.
ഐറിഷ് കോച്ച് ഓവെന്‍ കോയ്ല് പരിശീലകനായി ചുമതലയേറ്റതിന് പിന്നാലെയാണ് തകര്‍ച്ചയിലായിരുന്നമുന്‍ ചാമ്പ്യന്മാര് വിജയവഴിയിലെത്തിയത്. ഇന്ന് ജയിച്ച് പ്ലേ ഓഫ് സാധ്യത നിലനിര്‍ത്തുകയാണ് ലക്ഷ്യമെന്ന് ടീം കോച്ച് കോയല്‍. ബ്ലാസ്റ്റേഴ്സ്മികച്ച ടീമാണെങ്കിലും മെസ്സി ബൗളി,ഒഗ്ബെച്ചെ എന്നിവരെ പിടിച്ചുകെട്ടുന്നതില്‍ പ്രതിരോധം വിജയിച്ചാല്‍ മൂന്നുപോയിന്റുമായി മടങ്ങാമെന്ന പ്രതീക്ഷയിലാണ് ഓവന് കോയല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: