ശ്ലോകം 72
മജ്ജാസ്ഥിമേദഃപലരക്തചര്മ്മ-
ത്വഗാഹ്വയൈര് ധാതുഭിരേ ഭിരന്വിതം
പാദോരുവക്ഷോഭുജ പൃഷ്ഠമസ്തകൈഃ
അംഗൈരുപാംഗൈരുപയുക്തമേതത്
ശ്ലോകം 73
അഹം മമേതി പ്രഥിതം ശരീരം
മോഹാസ്പദം സ്ഥൂലമിതീര്യതേ ബുധൈഃ
മജ്ജ ,അസ്ഥി, മേദസ്സ്, മാംസം, രക്തം, ചര്‍മ്മം, ത്വക്ക് എന്നീ സപ്തധാതുക്കള്‍ ചേര്‍ന്നതും കാല്, തുട, മാറിടം, കൈ, പുറം, തല എന്നീ അംഗങ്ങളും ഉപാംഗങ്ങളും ചേര്‍ന്നതും
ഞാന്‍ എന്നും എന്റേത് എന്നും കരുതുന്നതും മോഹത്തിന് ഇരിപ്പിടവുമായ ഈ ശരീരത്തെ അറിവുളളവര്‍ സ്ഥൂല ശരീരമെന്ന് പറയുന്നു.
നമ്മുടെ ശരീരം ലോകത്തെ ഏറ്റവും സുന്ദരവസ്തുവായി കരുതുന്നു.എന്നാല്‍ ആ ശരീരത്തെ വേണ്ട വിധത്തില്‍ കണ്ട് മനസ്സിലാക്കാനാണ് ആചാര്യ സ്വാമികള്‍ പറയുന്നത്.നാം വളരെ കേമമെന്ന് അഭിമാനിക്കുന്ന ഈ ശരീരം സപ്തധാതുക്കളുടെ കൂമ്പാരമാണ്. അവ ഓരോന്നും പ്രത്യേകമായെടുത്താല്‍ അറപ്പും വെറുപ്പും ഉളവാക്കുന്നവയാണ്.ശരീരത്തിന്റെ ഒരു പരിച്ഛേദമാണ് ആദ്യം വിവരിച്ചത്.
അടുക്കടുക്കായി നിലകൊള്ളുന്ന അതിലെ ഓരോ ഘടകത്തേയും വിശദമാക്കിയിട്ടുണ്ട്.
നമ്മുടെ കൈത്തണ്ടയുടെ കുറുകെയുള്ള പരിച്ഛേദം പരിശോധിച്ച് നോക്കാം. ഏറ്റവും ഉള്ളില്‍ വെളുത്ത നിറത്തില്‍ കാണുന്ന കൊഴുത്ത വസ്തുവാണ് മജ്ജ. അതിനെ പൊതിഞ്ഞ് അസ്ഥി, അതിനെ ചുറ്റി മേദസ്സും മാംസവും അതിന് മുകളില്‍ രക്തക്കുഴലുകള്‍.ഇതിനെയെല്ലാം നന്നായി പൊതിഞ്ഞിരിക്കുന്നത് രണ്ട് അട്ടിയുള്ള തോല് കൊണ്ടാണ്. ഉള്ളിലെ തൊലിയെ ചര്‍മ്മം എന്നും പുറമെയുള്ളതിനെ ത്വക്ക് എന്നും പറയുന്നു.ശരീരത്തിലെ ഏത് ഭാഗത്തെ ഇപ്രകാരം മുറിച്ച് പരിശോധിച്ചാലും സപ്തധാതുക്കളെ കാണാം.
ഈ ജഡമായ വസ്തുക്കളെ നന്നായി ചേര്‍ത്ത് വച്ചാല്‍ നമ്മെ ആകര്‍ഷിക്കുന്ന മനുഷ്യ ശരീരമാകും. കാലും തുടയും മാറിടവും കൈയ്യും പുറവും തലയുമൊക്കെയായി സുന്ദരരൂപമായിത്തീരും. അപ്പോള്‍ അതില്‍ നമുക്ക് വ്യാമോഹമുണ്ടാകുകയും ചെയ്യും.പല തരത്തിലുള്ള ദുരഭിമാനങ്ങള്‍ക്കും തെറ്റിദ്ധാരണകള്ക്കുമെല്ലാം ആസ്പദം ഈ ശരീരമാണ്.ഇതില്‍ ഞാന്‍ എന്നും എന്റേത് എന്നും വ്യാമോഹിച്ച് നാം കഷ്ടപ്പെടുന്നു.
ഈ സ്ഥൂല ശരീരത്തിന്റെ വശ്യതയില്‍ നാം സ്വയം മറന്ന് പോകുന്നു എന്ന് പറയാം. മാലിന്യക്കൂമ്പാരമായ ഇതിനെ താന്‍ തന്നെയെന്ന് ഉറച്ച് വിശ്വസിക്കുകയും ചെയ്യുന്നു.ശരീരത്തെ തൊട്ടാണ് ഞാന്‍… ഞാന്‍ എന്ന് അഭിമാനത്തോടെയും അഹങ്കാരത്തോടെയും പറയുന്നത്. ഞാനുമായി ബന്ധപ്പെട്ടതൊക്കെ എന്റെ എന്ന ഭാവത്തിലേക്കും കൊണ്ടും ചെന്നെത്തിക്കുന്നു.
ഞാന്‍ ചെയ്യുന്നു, ഞാന്‍ പറയുന്നു എന്നിങ്ങനെയുള്ള അഹങ്കാരവും എന്റെ തല, എന്റെ മുഖം എന്നിങ്ങനെയുള്ള മമതയും ഉണ്ടാക്കി സ്ഥൂല ശരീരത്തെ ആത്മാവെന്ന് ധരിച്ച് ആസക്തരാകും.
സ്വതവേ ജഡങ്ങളായ സപ്തധാതുക്കളും അവ ഒത്തുചേരുമ്പോഴുണ്ടാകുന്ന അവയവങ്ങളും നമ്മെ ശരിക്കും മോഹത്തിന്റെ വലയില്‍ കുടുക്കുന്നു. മോഹം എന്നാല്‍ തെറ്റിദ്ധാരണ, ഭ്രമം, വ്യാമോഹം എന്നൊക്കെയാണ് അര്‍ത്ഥം. ഞാന്‍ എന്നും എന്റേത് എന്നുമുള്ള ചിന്തകള്‍ എല്ലാ അനര്‍ത്ഥങ്ങളേയും ക്ഷണിച്ചു വരുത്തും. അനാത്മാവായ ഈ ജഡ വസ്തുക്കളുടെ കൂമ്പാരത്തെ ആത്മാവെന്ന് കരുതുന്നതു തന്നെ ഏറ്റവും വലിയ മണ്ടത്തരം.ഇവയെയെല്ലാം ഒന്നാക്കിച്ചേര്‍ത്ത് പ്രവര്‍ത്തിപ്പിക്കുന്ന ആത്മചൈതന്യത്തെക്കുറിച്ച് മനസ്സിലാക്കണം. അതിന് ആദ്യം സ്ഥൂല ശരീരത്തിന്റെ നിസ്സാരതയും അത് എങ്ങനെ, എന്തൊക്കെ കൊണ്ട് ഉണ്ടായി എന്നും അറിയണം.
9495746977
പ്രതികരിക്കാൻ ഇവിടെ എഴുതുക: