മലബാറിലെ പ്രസിദ്ധ ക്ഷേത്രസങ്കേതവും ദക്ഷയാഗഭൂമിയുമായ ശ്രീ കൊട്ടിയൂര്‍ മഹാദേവക്ഷേത്ര ഊരാളന്മാരായ നാല് തറവാടുകളിലൊന്നായ കൊളങ്ങരയത്ത് തറവാട്ടിലെ പരേതരായ നടുവില്‍ വീട്ടില്‍ കൃഷ്ണന് നായരുടെയും കൊളങ്ങരയത്ത് കല്യാണിയമ്മയുടെയും രണ്ടാമത്തെ പുത്രനായി 1946 ഡിസംബര്‍ 9 നാണ് പി.പി. മുകുന്ദന്റെ ജനനം. മണത്തണ യുപി സ്കൂള്‍, പേരാവൂര്‍ സെന്റ് ജോസഫ്സ് ഹൈസ്കൂള്‍ എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ഹൈസ്കൂള്‍ പഠനകാലത്താണ് രാഷ്ട്രീയ സ്വയംസേവക സംഘത്തില്‍ ആകൃഷ്ടനാകുന്നത്.
ജില്ലയില്‍ സംഘപ്രവര്‍ത്തനം വ്യാപിച്ചുകൊണ്ടിരുന്ന 1960 കളില്‍ ജില്ലയിലെ ആദ്യകാല സംഘപ്രവര്‍ത്തകരിലൊരാളായ തലശ്ശേരി ധര്‍മ്മടത്തെ സ്വര്‍ഗ്ഗീയ കക്കന്‍ കരുണാകരന്റെ നേതൃത്വത്തില്‍ മണത്തണയില്‍ സംഘശാഖ ആരംഭിച്ചപ്പോള്‍ സ്വയംസേവകനായി സംഘപഥത്തിലെത്തി. മണത്തണ പേരാവൂര്‍, കൊട്ടിയൂര്‍ മേഖലകളില്‍ സംഘവ്യാപനത്തിനായി തുടര്‍ന്ന് പ്രവര്‍ത്തിച്ചു. ‘സംഘസംഘമൊരേജപം, ഹൃദയത്തുടിപ്പുകളാവണം, സംഘമാവണമെന്റെ ജീവിതമെന്തുധന്യമിതില്‍പ്പരം’ എന്ന ഗണഗീതമന്ത്രം അന്വര്‍ത്ഥമാക്കി. തുടര്‍ജീവിതം സംഘത്തിനായി സമര്‍പ്പിച്ച മുകുന്ദന് 1965ല്‍ കാലടിയില്‍ നടന്ന പ്രഥമവര്‍ഷ സംഘശിക്ഷാവര്‍ഗ്ഗിന് ശേഷം കണ്ണൂര്‍ താലൂക്കില്‍ പ്രചാരക ജീവിതത്തിന് തുടക്കം കുറിച്ചു. ഈ കാലഘട്ടത്തിലാണ് കണ്ണൂര്‍ താലൂക്കിന്റെ വിവിധ മേഖലകളില്‍ സംഘശാഖകള്‍ ആരംഭിച്ചതും സംഘപ്രവര്‍ത്തനത്തിന് ഗതിവേഗമുണ്ടായതും.
പയ്യന്നൂരിന്റെ പ്രാന്തപ്രദേശമായ എട്ടിക്കുളം, തടത്തില്‍ ഭാഗങ്ങളില്‍ സംഘപ്രവര്‍ത്തനം ശക്തമായതില്‍ വിറളിപൂണ്ട ഒരു വിഭാഗം മതമൗലികവാദികള്‍ അക്രമം അഴിച്ചുവിട്ടതിനെ തുടര്‍ന്ന് യുവാവായ കോരന് എന്ന സ്വയംസേവകന് വെടിയേറ്റ് മരിക്കുകയും അക്രമങ്ങള്‍ക്കെതിരെ ശക്തമായ ചെറുത്തുനില്‍പ്പ് സംഘടിപ്പിച്ചതും ഈ കാലഘട്ടത്തിലായിരുന്നുവെന്ന് ആദ്യകാല സംഘ ജില്ലാകാര്യവാഹായിരുന്ന എം.പി. ബാലന്മാസ്റ്ററെപ്പോലുള്ളവര് ഓര്‍ക്കുന്നു. 1966 ല്‍ കോയമ്പത്തൂരില്‍ വെച്ച് ദ്വിതീയ വര്‍ഷ സംഘശിക്ഷാവര്‍ഗ്ഗും 1967 ല്‍ നാഗ്പൂരില്‍ വെച്ച് ത്രിതീയവര്‍ഷ സംഘശിക്ഷാവര്‍ഗ്ഗും മുകുന്ദന് പൂര്‍ത്തിയാക്കി. 1967 ല്‍ ചെങ്ങന്നൂര്‍ താലൂക്ക് പ്രചാരകനായി. അഞ്ച് വര്‍ഷത്തിന് ശേഷം 1972 ല്‍ തൃശൂര്‍ ജില്ലാ പ്രചാരകനായും പ്രവര്‍ത്തിച്ചു. മധ്യകേരളത്തില്‍ സംഘപ്രവര്‍ത്തനത്തിന് ഗതിവേഗം കൂടിയത് ഈ കാലഘട്ടത്തിലായിരുന്നു.
1975 ല്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. സംഘത്തിന് നിരോധനം ഏര്‍പ്പെടുത്തി. തൃശൂര്‍ ജില്ലാ പ്രചാരകനായിരുന്ന പി.പി. മുകുന്ദനെ മിസ പ്രകാരം അറസ്റ്റ് ചെയ്തു. 21 മാസം വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവില്‍ കഴിഞ്ഞു. അടിയന്തരാവസ്ഥ പിന്‍വലിക്കപ്പെട്ട് രണ്ട് മാസത്തിന് ശേഷം ജയില്‍ മോചിതനായ മുകുന്ദന് തുടര്‍വര്‍ഷങ്ങളില്‍ കോഴിക്കോട്, തിരുവനന്തപുരം വിഭാഗ് പ്രചാരകനായും പ്രാന്തീയ സമ്പര്‍ക്കപ്രമുഖായും നീണ്ട കാല്‍നൂറ്റാണ്ടുകാലം പ്രചാരകജീവിതം നയിച്ചു. 1991 ല്‍ ബിജെപി സംസ്ഥാന സംഘടനാ ജനറല്‍ സെക്രട്ടറിയായി ചുമതലയേറ്റു. 2004 വരെ നീണ്ട 13 വര്‍ഷക്കാലം പ്രസ്തുത സ്ഥാനത്ത് തുടര്‍ന്നു. 2004 ല്‍ തമിഴ്നാട്, കേരളം, പോണ്ടിച്ചേരി, അന്തമാന്‍ നിക്കോബാര്‍ എന്നീ പ്രദേശങ്ങളുടെ ചുമതലയില്‍ ദക്ഷിണേന്ത്യാ സംഘടനാ സെക്രട്ടറിയായി നിയോഗിക്കപ്പെട്ടു. ഇന്ന് ദേശീയസംഘടനാ തലത്തിലും ഭരണതലത്തിലും നേതൃത്വത്തിലിരിക്കുന്ന പലരും മുകുന്ദന്റെ സഹപ്രവര്‍ത്തകരായിരുന്നു.
ഈ കാലയളവില്‍ സംഘടനയ്ക്ക് വേരോട്ടമില്ലാതിരുന്ന പ്രദേശങ്ങളില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കാനും സംഘടനയുടെ അടിസ്ഥാനഘടകമായ ബൂത്ത് തലത്തില്‍ പ്രവര്‍ത്തനം ശക്തമാക്കാനും സാധിച്ചു. പാര്‍ട്ടിയുടെ ആശയദാതാവായ പണ്ഡിറ്റ് ദീനദയാല്‍ ഉപാധ്യായയുടെ സ്മരണയില്‍ സമര്‍പ്പണനിധി പ്രവര്‍ത്തനം വ്യവസ്ഥാപിതമാക്കുന്നതിനും ഈ കാലയളവില്‍ ശ്രമമുണ്ടായി. സംഘടനാപ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ മറ്റ് വിവിധ ചുമതലകളും വഹിച്ചിട്ടുണ്ട്. സംസ്ഥാനത്തുടനീളം സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്കെതിരെ മാര്‍ക്സിസ്റ്റ് അക്രമം വ്യാപിച്ചതിനെ തുടര്‍ന്ന് രൂപീകരിക്കപ്പെട്ട മാര്‍ക്സിസ്റ്റ് അക്രമവിരുദ്ധ സമിതിയുടെ സംസ്ഥാന കണ്‍വീനര്‍, പരംപൂജനീയ ഡോക്ടര്‍ കേശവ ബലറാം ഹെഡ്ഗേവാര്‍ ജന്മശതാബ്ദി ചാരിറ്റബിള്‍ ട്രസ്റ്റ് അംഗം, ക്ഷേത്രങ്ങള്‍ രാഷ്ട്രീയമുക്തമാക്കാനുദ്ദേശിച്ച് രൂപീകൃതമായ പ്രക്ഷോഭസമിതി ജോയന്റ് സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. ജന്മഭൂമി പത്രത്തിന്റെ മാനേജിങ്ങ് ഡയക്ടറായി രണ്ട് തവണ ചുമതലയേറ്റു. ഇക്കാലയളവില്‍ പത്രത്തെ അതിന്റെ ബാലാരിഷ്ടതകളില്‍ നിന്നും കരകയറ്റാന്‍ വിവിധ പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പിലാക്കുകയും ചെയ്തു.
ഈ വേളയിലാണ് ജന്മഭൂമി പത്രം അച്ചടിക്കുന്ന അയോധ്യാ പ്രിന്റേഴ്സ് കത്തിനശിച്ചത്. വിവരമറിഞ്ഞ് കൊച്ചിയിലെത്തിയ മുകുന്ദന്റെ നിശ്ചയദാര്‍ഢ്യം മൂലം പിറ്റേദിവസം പത്രം അടിച്ചിറക്കി വായനക്കാരിലെത്തിച്ച് അത്ഭുതം സൃഷ്ടിക്കാന്‍ ജന്മഭൂമി പ്രവര്‍ത്തകര്‍ക്ക് സാധിച്ചു. ഈ കാലഘട്ടത്തില്‍ പ്രതിസന്ധികളെത്തുടര്‍ന്ന് പ്രവര്‍ത്തനം മന്ദഗതിയിലായിരുന്ന പൊന്‍കുന്നം പിഎന്‍വിഎം ഹോസ്പിറ്റല്‍ സംഘനിര്‍ദ്ദേശപ്രകാരം ഏറ്റെടുത്ത് നടത്താന്‍ നേതൃത്വം നല്കിയതും മുകുന്ദനായിരുന്നു.
സംഘടനാ ചുമതലകളില്‍ നിന്നെല്ലാം ഒഴിഞ്ഞശേഷം 2007 ല്‍ കുടുംബക്ഷേത്രമായ മണത്തണയിലെ കൊളങ്ങരയത്ത് പള്ളിഭഗവതി ക്ഷേത്ര നവീകരണത്തിനും ക്ഷേത്രത്തോടനുബന്ധിച്ച് മനോഹരമായ രൂപകല്‍പ്പന ചെയ്ത് ഭൂഗര്‍ഭധ്യാന മണ്ഡപം നിര്‍മ്മിച്ച് ഗായകന് യേശുദാസിനെക്കൊണ്ട് ഉദ്ഘാടനം ചെയ്യിക്കുന്നതിനും നേതൃത്വം നല്‍കിയത് മുകുന്ദനാണ്.
പൊതുപ്രവര്‍ത്തക മികവിനുള്ള അംഗീകാരമായി നിരവധി പുരസ്കാരങ്ങളും ആദരവുകളും ഇദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. 2008 ല്‍ കാലടിയില്‍ വെച്ച് കാഞ്ചി ശ്രീ കാമകോടി പീഠം ശങ്കരാചാര്യസ്വാമികള്‍ മഹാശിവരാത്രി പുരസ്കാരം നല്കി അനുഗ്രഹിച്ചു. 2017 ല്‍ പൂനൈമലയാളി സമാജത്തിന്റെ വിശിഷ്ടവ്യക്തിത്വ പുരസ്കാരം ലഭിച്ചു. 2018 ല്‍ ഹൈദരാബാദ് ഭാഗ്യനഗര്‍ ഹിന്ദുസംഗമവേദിയുടെ പുരസ്കാരം ലഭിച്ചു. 2019 ല്‍ പൂര്വ്വസൈനികസേവാ പരിഷത്ത് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് അടിയന്തരാവസ്ഥാ പീഡിതര്‍ക്കുള്ള സമാദരണത്തിന്റെ ഭാഗമായി പൊന്നാടയും പ്രശസ്തിഫലകവും സിനിമാ സംവിധായകന് അലി അക്ബര്‍ സമ്മാനിച്ചു. സംഘടനാപ്രവര്‍ത്തനങ്ങളുടെ ഭാഗമായി രാജ്യത്തിലുടനീളം സന്ദര്‍ശിച്ച മുകുന്ദന് ഒട്ടേറെ തവണ ഗള്‍ഫ് രാജ്യങ്ങളിലും പര്യടനം നടത്തിയിട്ടുണ്ട്.
രാഷ്ട്രീയ-പൊതുപ്രവര്‍ത്തനങ്ങളുടെ മുഖ്യധാരയില്‍ ഇപ്പോള്‍ സക്രിയമല്ലെങ്കിലും തിരക്കുകളുടെ ലോകത്ത് തന്നെയാണ് മുകുന്ദന്. ആരോഗ്യപരമായ നിരവധി പ്രശ്നങ്ങളുണ്ടെങ്കിലും സംഘപരിവാര്‍ പ്രവര്‍ത്തകരുടെയും മറ്റ് മേഖലകളിലുള്ളവരുടെയും കുടുംബങ്ങളില്‍ നടക്കുന്ന പ്രധാന ചടങ്ങുകളില്‍ അദ്ദേഹം ഇപ്പോഴും സജീവ സാന്നിധ്യമാണ്. സുഖവിവരങ്ങളന്വേഷിച്ചും പ്രശ്നപരിഹാരമാര്‍ഗ്ഗങ്ങള്‍ തേടിയും സൗഹൃദ കൂട്ടായ്മകളില്‍ നിന്നും നിത്യേനയെന്നോണം നിരവധി ഫോണ്‍കാളുകള്‍ അദ്ദേഹത്തെ തേടിയെത്തുന്നു. ഇങ്ങ് മണത്തണയിലായാലും അങ്ങ് തിരുവനന്തപുരത്തോ എറണാകുളത്തോ ആയാലും സൗഹൃദങ്ങള്‍ എപ്പോഴും അദ്ദേഹത്തോടൊപ്പമുണ്ട്.
റിട്ടയേര്‍ഡ് അധ്യാപകനായ പി.പി. ഗണേശന്, പി.പി. ചന്ദ്രന്, പരേതനായ കുഞ്ഞിരാമന് എന്നിവരാണ് മുകുന്ദന്റെ സഹോദരങ്ങള്‍. വര്‍ഷങ്ങള്‍ക്കപ്പുറം തിരുവനന്തപുരം ചാലയിലുണ്ടായ തീവെപ്പുമായി ബന്ധപ്പെട്ട് വര്‍ഗ്ഗീയ സംഘര്‍ഷമുണ്ടായതിനെ തുടര്‍ന്ന് അന്നത്തെ ഗവര്‍ണര്‍ ജ്യോതി വെങ്കിടാചലത്തെ തിരുവനന്തപുരം വിമാനത്താവളത്തില്‍ ഒരുവിഭാഗം തടഞ്ഞുവെക്കുകയും സംഘര്‍ഷാന്തരീക്ഷം സംജാതമാവുകയും ചെയ്തു. തുടര്‍ന്ന് അന്നത്തെ ഡിജിപി വെങ്കിടാചലം പി.പി. മുകന്ദനെ തന്റെ ഓഫീസിലേക്ക് വിളിപ്പിക്കുകയും സമാധാനം പുനഃസ്ഥാപിക്കാന്‍ സഹായം ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്ന് സര്‍ക്കാര്‍ അനുവദിച്ച ഗണ്‍മാന്‍മാര്‍ക്കൊപ്പം സംഘര്‍ഷമേഖലകള്‍ സന്ദര്‍ശിക്കുകയും സാമുദായിക-മത നേതാക്കളെ കണ്ട് സംസാരിച്ച് ദിവസങ്ങള്‍ക്കകം സമാധാനം പുനഃസ്ഥാപിക്കാന്‍ നേതൃത്വപരമായ പങ്ക് വഹിക്കുകയും ചെയ്തു.
മാര്‍പ്പാപ്പയുടെ സന്ദര്‍ശനത്തെ തുടര്‍ന്ന് തിരുവനന്തപുരം ശംഖുമുഖം കടപ്പുറത്ത് സ്ഥിരമായി ഒരു പോപ്പ് പോടിയം സ്ഥാപിക്കാന്‍ തീരുമാനിച്ചതിനെതിരെ വിവിധ ഹൈന്ദവസംഘടനകള്‍ മുന്നോട്ട് വന്നു. തുടര്‍ന്നുണ്ടായ പ്രക്ഷോഭം സംഘര്‍ഷത്തിലേക്ക് നീങ്ങിയപ്പോള്‍ അന്നത്തെ പ്രാന്തപ്രചാരക് ആര്. ഹരിയുടെ നിര്‍ദ്ദേശാനുസരണം പി.പി. മുകുന്ദന് തിരുവനന്തപുരം ആര്‍ച്ച് ബിഷപ്പ് മാര്‍ ഗ്രിഗോറിയസ് തിരുമേനിയെക്കണ്ട് പൗരപ്രമുഖനായ ജഗന്നാഥപ്പണിക്കരുടെ വീട്ടില്‍ വെച്ച് ചര്‍ച്ച നടത്താന്‍ തീരുമാനിച്ചു. തുടര്‍ന്ന് പോപ്പ് പോടിയം ഒഴിവാക്കി മേഖലയില്‍ സമാധാനാന്തരീക്ഷം പുനഃസ്ഥാപിക്കാന്‍ സാധിച്ചത് സുപ്രധാന സംഭവമായിരുന്നു. മാറാട് ബീച്ചില്‍ എട്ട് ഹൈന്ദവരെ മുസ്ലീം തീവ്രവാദികള്‍ വെട്ടിക്കൊലപ്പെടുത്തിയതിനെ തുടര്‍ന്ന് മാറാട് വര്‍ഗ്ഗീയ സംഘര്‍ഷം കത്തിപ്പടര്‍ന്നപ്പോള്‍ അന്നത്തെ പ്രാന്തപ്രചാരകനായിരുന്ന എസ്. സേതുമാധവന്റെ നിര്‍ദ്ദേശപ്രകാരം കുമ്മനം രാജശേഖരനോടൊപ്പം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി ചര്‍ച്ച നടത്തുകയും സംഘര്‍ഷത്തിന് ശമനമുണ്ടാക്കാന്‍ മുന്നില്‍ നിന്ന് പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുണ്ട്.
സംഘത്തിന്റെ പ്രാന്ത പ്രചാരകനായിരുന്ന സ്വര്‍ഗ്ഗീയ ഭാസ്കര്‍റാവുജിയുടെ അനുഗ്രഹാശിസ്സുകളോടെ കേരളത്തില്‍ സേവാഭാരതിയുടെ പ്രവര്‍ത്തനം ആരംഭിച്ച ആദ്യനാളുകളില്‍ തിരുവനന്തപുരത്തെ അവികസിത പ്രദേശമായ മുട്ടത്തറ വില്ലേജ് സേവാഭാരതി ഏറ്റെടുക്കുകയും തുടര്‍പ്രവര്‍ത്തനങ്ങള്‍ക്ക് പി.പി. മുകുന്ദന്റെ സജീവ പങ്കാളിത്തമുണ്ടാവുകയും ചെയ്തു. കണ്ണൂര്‍ ജില്ലയില്‍ രാഷ്ട്രീയ സംഘര്‍ഷം അതിന്റെ മൂര്‍ധന്യത്തിലെത്തുകയും നിരവധി യുവാക്കള്‍ മരണപ്പെടുകയും ചെയ്തപ്പോള്‍ റിട്ട. ജസ്റ്റിസ് വി.ആര്. കൃഷ്ണയ്യര്‍ ഉള്‍പ്പെടെയുള്ളവരെ പ്രശ്നത്തില്‍ ഇടപെടുത്തുന്നതിനും പാനൂര്‍ നഗരത്തില്‍ പ്രശസ്ത സിനിമാതാരങ്ങള്‍ അടക്കമുള്ളവരെ അണിനിരത്തി സമാധാന്തരീക്ഷം പുനഃസ്ഥാപിക്കാന്‍ ശക്തമായ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നതിനും പി.പി. മുകുന്ദന് നടത്തിയ ശ്രമവും ഏറെ ശ്രദ്ധ പിടിച്ചുപറ്റി. ഇത്തരത്തില്‍ സമാജസേവനത്തിനായി ജീവിതം സമര്‍പ്പിച്ച പി.പി. മുകുന്ദന്റെ സര്‍വ്വമംഗള പുരസ്കാരം സമര്‍പ്പിത ജീവിതത്തിനുള്ള ആദരവാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: