ഗവര്‍ണര്‍ എന്ന ഭരണഘടനാ പദവിയുടെ വിലയും നിലയും അധികാരവും എന്തെന്ന് പിണറായി വിജയന് നേതൃത്വം നല്കുന്ന ഇടതുമുന്നണി സര്‍ക്കാരിനെ ആവര്‍ത്തിച്ച് ബോധ്യപ്പെടുത്തുകയാണ് കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. തദ്ദേശ- സ്വയംഭരണ സ്ഥാപനങ്ങളില്‍ ഓരോ വാര്‍ഡു വീതം വര്‍ധിപ്പിച്ച് വളഞ്ഞ വഴിയിലൂടെ അധികാരം പിടിക്കാന്‍ ലക്ഷ്യമിട്ടുള്ള ഓര്‍ഡിനന്‍സില്‍ ഒപ്പിടാതെ രണ്ടാമതും മടക്കിയിരിക്കുകയാണ് ഗവര്‍ണര്‍. ഓര്‍ഡിനന്‍സുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ ഉന്നയിച്ച ചില ചോദ്യങ്ങള്‍ക്ക് സര്‍ക്കാര്‍ തൃപ്തികരമായ മറുപടി നല്കാത്തതിനാലാണിത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഓരോ വാര്‍ഡ് വീതം വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതോടെ പഞ്ചായത്ത്-മുനിസിപ്പാലിറ്റി നിയമങ്ങളില്‍ ഭേദഗതി വേണ്ടിവന്നതാണ് ഓര്‍ഡിനന്‍സിന് ഇടയാക്കിയത്.
ഓര്‍ഡിനന്‍സില്‍ ഒപ്പുവയ്ക്കില്ലെന്ന് ഗവര്‍ണര്‍ പറഞ്ഞിട്ടില്ല. അങ്ങനെ സര്‍ക്കാര്‍ പ്രചരിപ്പിക്കുന്നത് ശരിയല്ല. ഓര്‍ഡിനന്‍സുമായി ബന്ധപ്പെട്ട തന്റെ സംശയങ്ങള്‍ പരിഹരിച്ചാല്‍ ഒപ്പിടുമെന്നും, അതിന് തനിക്ക് സമയം വേണമെന്നും ഗവര്‍ണര്‍ വ്യക്തമാക്കിയിരിക്കുന്നു. തന്റെ മുന്നില്‍ വരുന്ന എല്ലാ കാര്യങ്ങളുടെയും മെറിറ്റ് പരിശോധിച്ച് ഭരണഘടനാ ബാധ്യതകള്‍ നിറവേറ്റുമെന്നും, ഇക്കാര്യത്തില്‍ ഒരു തരത്തിലുള്ള വിട്ടുവീഴ്ചയുമുണ്ടാവില്ലെന്നും ഗവര്‍ണര്‍ വിശദീകരിച്ചിട്ടുണ്ട്. ഭരണഘടനയനുസരിച്ച് ഗവര്‍ണര്‍ റബ്ബര്‍ സ്റ്റാമ്പല്ലെന്ന മുന്നറിയിപ്പും നല്‍കിയിരിക്കുകയാണ്. തിരക്കിട്ട് ഓര്‍ഡിനന്‍സ് കൊണ്ടുവന്നതിനെക്കാള്‍ നിയമസഭാ സമ്മേളനം വിളിച്ച് നിയമം നിര്‍മിച്ചു കൂടെയെന്നും ഗവര്‍ണര്‍ ചോദിക്കുന്നു. സിപിഎം നേതൃത്വം നല്കുന്ന ഒരു സര്‍ക്കാരിന് സ്വാഭാവികമായും ഈ നിലപാട് സ്വീകാര്യമാവില്ല. സിപിഎമ്മിന്റെ സോഷ്യല്‍ ഫാസിസ്റ്റ് അജണ്ടയാണ് ഈ ഓര്‍ഡിനന്‍സിന്റെ രൂപത്തില്‍ വന്നിരിക്കുന്നത്.
സംസ്ഥാനത്തെ 110 ഗ്രാമപഞ്ചായത്തുകള്‍ രണ്ടാക്കണമെന്ന ശുപാര്‍ശയുണ്ടായിരുന്നു. എന്നാല്‍ ഇതിനു വേണ്ടി വരുന്ന സാമ്പത്തിക ബാധ്യത കണക്കിലെടുത്ത് ധനകാര്യ വകുപ്പ് അനുകൂലിച്ചില്ല. ജനസംഖ്യ വര്‍ധിച്ചിട്ടുള്ള 45 പഞ്ചായത്തുകള്‍ വിഭജിക്കാനുള്ള ശുപാര്‍ശയും ധനവകുപ്പ് നിരസിച്ചു. ഇതിനുശേഷമാണ് ഓരോ വാര്‍ഡുകള്‍ വര്‍ധിപ്പിക്കാന്‍ തീരുമാനമായത്. തങ്ങളുടെ സ്വാധീന മേഖല കണക്കിലെടുത്ത് നിലവിലുള്ള വാര്‍ഡുകള്‍ കീറിമുറിച്ച് പുതിയതൊന്ന് സൃഷ്ടിച്ചാല്‍ ബഹുഭൂരിപക്ഷം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും അധികാരം പിടിക്കാനാവുമെന്നതാണ് സിപിഎമ്മിന്റെ തന്ത്രം. ഇതിനനുസരിച്ചുള്ള നിര്‍ദ്ദേശം പാര്‍ട്ടി നേതൃത്വം താഴെത്തട്ടിലേക്ക് നല്കിക്കഴിഞ്ഞുവത്രേ.
വാര്‍ഡ് വിഭജനം പുതിയ സെന്‍സസ് നടപടിയെ ബാധിക്കുമെന്ന ആശങ്ക സര്‍ക്കാര്‍ തള്ളിക്കളയുന്നു. ഇതിനിടെയാണ് ഗവര്‍ണര്‍ ഭരണഘടനാപരമായ വിവേചനാധികാരത്തിന്റെ വാള് വീശിയിരിക്കുന്നത്. പ്രശ്നം ചര്‍ച്ച ചെയ്യാന്‍ ഗവര്‍ണറെ സന്ദര്‍ശിച്ച ശേഷം വളരെ മോശമായാണ് തദ്ദേശ സ്വയംഭരണ മന്ത്രി എ.സി. മൊയ്തീന് മാധ്യമങ്ങളോട് സംസാരിച്ചത്. ഭരണഘടനാ ബാധ്യതകള്‍ നിറവേറ്റുമ്പോള്‍ അത് പൊതുചര്‍ച്ചയ്ക്ക് വിധേയമാക്കരുതെന്നുണ്ട്. മാര്‍ക്സിസ്റ്റ് മന്ത്രി ഇത് പാലിച്ചില്ല. ഗവര്‍ണര്‍ രാഷ്ട്രീയം കളിക്കുകയാണ് എന്ന മട്ടിലായിരുന്നു മന്ത്രിയുടെ വാക്കുകള്‍. ഇതിനുശേഷമാണ് യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചതെന്നും, ഭരണഘടനാ പദവി റബ്ബര്‍ സ്റ്റാമ്പല്ലെന്നും ഗവര്‍ണര്‍ക്ക് വ്യക്തമാക്കേണ്ടി വന്നത്.
ഭരണഘടനയെ അംഗീകരിക്കുന്നില്ലെന്ന് മാത്രമല്ല, അതിനോട് പക വച്ചുപുലര്‍ത്തുന്ന പാര്‍ട്ടിയാണ് സിപിഎം. ഭരണഘടന അട്ടിമറിച്ച് അധികാരം പിടിച്ചെടുക്കാന്‍ ആഹ്വാനം ചെയ്യുന്നതായിരുന്നു കുപ്രസിദ്ധമായ രണദിവെ തീസിസ്. പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായിരുന്നു ബാലചന്ദ്ര ത്രയംബക രണദിവെ. രണദിവെ തീസിസ് തങ്ങളുടെ പാര്‍ട്ടി തള്ളിയതാണെന്ന് സിപി
എം ഇടയ്ക്കിടെ അവകാശപ്പെടാറുണ്ടെങ്കിലും ആ പറച്ചില് അടവുനയമാണ്. ഇപ്പോള്‍ സിപിഎം പൗരത്വ നിയമഭേദഗതിയെ എതിര്‍ത്ത് ഭരണഘടനയെ വാഴ്ത്തുന്നത് ചെകുത്താന് വേദമോതുന്നതു പോലെയാണ്. എന്തായിരുന്നാലും ഈ ജനാധിപത്യ വിരോധികളെ ഭരണഘടനയാകുന്ന കണ്ണാടി കാണിക്കാന്‍ വൈകിയാണെങ്കിലും നിയമജ്ഞനായ ഒരു ഗവര്‍ണര്‍ ഉണ്ടായിരിക്കുന്നത് കേരളത്തിന്റെ ഭാഗ്യമാണ്. കാരണം ഈ കണ്ണാടിയിലൂടെ സിപിഎമ്മിന്റെയും ഇടതുമുന്നണി സര്‍ക്കാരിന്റെയും വികൃതമുഖം ജനങ്ങളും കാണുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: