ബെംഗളൂരു: ബെംഗളൂരു സെന്‍ട്രല്‍ ക്രൈംബ്രാഞ്ച്, തമിഴ്നാട് ക്യുബ്രാഞ്ച്, ദല്‍ഹി പോലീസ് എന്നിവര്‍ സംയുക്തമായി നടത്തിയ അന്വേഷണത്തില്‍ പിടികൂടിയ ഭീകരരെ ചോദ്യം ചെയ്ത അന്വേഷണസംഘത്തിന് ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങള്‍. തമിഴ്നാട്ടില്‍ അന്വേഷണം ശക്തമായതോടെ ബെംഗളൂരുവിലേക്ക് താവളം മാറ്റിയ ഭീകര സംഘം, ബെംഗളൂരുവില്‍ ആസ്ഥാനം നിര്‍മിക്കാന്‍ ആളൊഴിഞ്ഞ സ്ഥലത്ത് 50 ഏക്കര്‍ സ്ഥലം വാങ്ങാന്‍ പദ്ധതിയിട്ടു. ജീവകാരുണ്യ പ്രവര്‍ത്തനത്തിനെന്ന വ്യാജേന രൂപീകരിച്ച ട്രസ്റ്റിന്റെ പേരില്‍ വസ്തുവാങ്ങാനായിരുന്നു പദ്ധതി. ഇതിനായി വിദേശത്തുനിന്നടക്കം പണം സ്വരൂപിക്കാനുള്ള നീക്കങ്ങള്‍ വേഗത്തിലാക്കവെയാണ് സംഘത്തിലെ ഏഴു പേര് പിടിയിലായത്.
ജനുവരി ഏഴിന് ബെംഗളൂരു സോളദേവനഹള്ളി, വിവേക്നഗര്‍, എച്ച്എസ്ആര്‍ ലേഔട്ട് എന്നിവിടങ്ങളില്‍ നിന്ന് ക്യുബ്രാഞ്ചിന്റെ പിടിയിലായ മുഹമ്മദ് ഹനീഷ്ഖാന്‍, ഇമ്രാന്ഖാന്, മൊഹമ്മദ് സെയ്ദ് എന്നിവരില്‍ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ രണ്ടു ദിവസത്തിനു ശേഷം മൊയ്ദീന് ഖാജ, സെയ്ദ് അലി നവാസ്, അബ്ദുള്‍ സമദ് എന്നിവരെ ദില്ലി പോലീസും അറസ്റ്റു ചെയ്തു. ഭീകരര്‍ക്ക് ആയുധങ്ങളെത്തിച്ച് നല്‍കിയിരുന്ന ആസാദ് പാഷയെ കഴിഞ്ഞ ദിവസം ബെംഗളൂരു രാമനഗരയില്‍ നിന്ന് സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് (സിസിബി) പിടികൂടി.
2014-ല്‍ തമിഴ്നാട്ടില്‍ ഹിന്ദുമുന്നണി പ്രവര്ത്തകന് സുരേഷിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ക്കു വേണ്ടിയുള്ള അന്വേഷണമാണ് രാജ്യത്തെ തകര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ള ഭീകര പദ്ധതികള്‍ വെളിച്ചത്തു കൊണ്ടുവന്നത്. അതേസമയം, ബെംഗളൂരു കേന്ദ്രീകരിച്ച് ഭീകരകേന്ദ്രത്തിന് രൂപം നല്‍കിയതില്‍ പ്രധാനിയായ മെഹബൂബ് പാഷയെ ഇതുവരെ പിടികൂടാന്‍ അന്വേഷണസംഘത്തിന് സാധിച്ചിട്ടില്ല. മെഹബൂബ് പാഷയും മൊയ്ദീന് ഖാജയും ചേര്‍ന്നായിരുന്നു ഭീകര സംഘത്തിന് രൂപം നല്‍കിയത്. രാജ്യത്തുടനീളം സ്ഫോടനം നടത്താനായിരുന്നു സംഘത്തിന്റെ പദ്ധതി.
2014-ല്‍ സുരേഷ്കമാര്‍ വധക്കേസില്‍ ജയിലിലായ മൊയ്ദീന് ഖാജയെ രണ്ടു ബന്ധുക്കള്‍ മുഖാന്തിരമാണ് മെഹബൂബ് പാഷ പരിചയപ്പെടുന്നത്. 2018-ല്‍ ജാമ്യത്തിലിറങ്ങിയ ഖാജ ബെംഗളൂരുവിലെത്തി മെഹബൂബ്പാഷയെ കണ്ടുമുട്ടുകയും ഇരുവരും ചേര്‍ന്ന് തീവ്രവാദ ഗ്രൂപ്പിന് രൂപം നല്‍കുകയുമായിരുന്നു. നിരവധി പേരെ സംഘടനയിലേക്ക് റിക്രൂട്ട് ചെയ്തു. ബെംഗളൂരുവില്‍ ഇരുവരെയും കൂടാതെ 15 പേരാണ് ഉണ്ടായിരുന്നത്. ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് മറപിടിക്കാനായി ബെന്നാര്‍ഘട്ടയില്‍ ഒരു ട്രസ്റ്റിന് രൂപം നല്കി. സുദ്ധഗുണ്ടപാളയിലുള്ള പാഷയുടെ വീട്ടിലായിരുന്നു ഇവര്‍ യോഗം ചേര്‍ന്നിരുന്നത്. വിവേക്നഗറിലും ഇവര്‍ക്ക് സുരക്ഷിത കേന്ദ്രമുണ്ടായിരുന്നതായി പോലീസ് പറഞ്ഞു.
ഇ-മെയില്‍, വെബ് മെസേജ് എന്നിവയിലൂടെ കോഡ് ഭാഷയിലായിരുന്നു സംഘാംഗങ്ങള്‍ പരസ്പരം ബന്ധപ്പെട്ടിരുന്നത്. സംഘത്തിലുണ്ടായിരുന്ന 15 പേരില്‍ മൂന്നു പേരെ ചാവേര്‍ ആക്രമണ പരിശീലനം നല്കി സിറിയയിലേക്ക് അയക്കാനും ഖാജ പദ്ധതി തയാറാക്കിയിരുന്നു. ഇതോടൊപ്പം രാജ്യത്ത് നിരോധിച്ച സ്റ്റുഡന്റ്സ് ഇസ്ലാമിക് മൂവ്മെന്റ് ഇന്‍ ഇന്ത്യ(സിമി)യോട് ബന്ധമുള്ളവരുമായി ഇയാള്‍ നിരന്തരം ബന്ധപ്പെട്ടിരുന്നു. ഇവരിലൂടെ നിരവധി പേരെ സംഘത്തിലേക്ക് റിക്രൂട്ട് ചെയ്യാനായിരുന്നു പദ്ധതി. വിദേശത്തുള്ള തീവ്രവാദ ഗ്രൂപ്പുകളുമായി ഖാജയ്ക്കും പാഷയ്ക്കും ബന്ധമുള്ളതായി പോലീസ് പറഞ്ഞു. ബെംഗളൂരുവില്‍ കേന്ദ്ര ആസ്ഥാനം രൂപീകരിക്കാനും ആയുധങ്ങള്‍ വാങ്ങാനുമുള്ള സാമ്പത്തിക സഹായത്തിന് ഇവര്‍ വിദേശ തീവ്രവാദ സംഘങ്ങളുമായി ബന്ധപ്പെട്ടു വരുന്നതിനിടയിലാണ് പിടിയിലായത്. ഒളിവില്‍ പോയ മെഹ്ബൂബ പാഷയ്ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കിയതായി പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: