വിവേകാനന്ദനിലൂടെ പുറത്തേക്കുവന്നത്, വിശ്വചേതനയുടെ സ്വരമായതിനാലാണ് ആ ശിക്ഷണങ്ങള്‍ക്ക് അത്രയും ആധികാരികതയും സ്വീകാര്യതയും കല്പിക്കപ്പെടുന്നത്. ജീവിതം വ്യവഹാരികതലത്തില്‍ നാനാതരം വൈവിധ്യങ്ങളോടുകൂടി ബഹുവിധമായി പടര്‍ന്നുപന്തലിച്ചിരിക്കുന്നതിനാല്‍, ആത്യന്തികമായ നടുനിലയെ സ്വീകരിച്ചുകൊണ്ടുള്ള അവിടുത്തെ സമഗ്രമായ ജീവിതകാഴ്ചപ്പാടുകളെ വൈരുദ്ധ്യങ്ങളായും മറ്റും (ആ തലത്തെ മനസ്സിലാക്കാത്തവര്‍) തെറ്റിദ്ധരിച്ചുപോയേക്കാനിടയുണ്ട്. ജീവിതത്തിലെ പ്രക്ഷുബ്ധതയിലും, കര്‍മ്മകുശലതയിലും, ശീതളിമയും ശാന്തമായ സ്വച്ഛതയും ദര്‍ശിക്കാനാവുന്ന ഒരുവന് മേല്‍പ്പറഞ്ഞ വൈരുദ്ധ്യങ്ങളെ സമീകരിച്ചെടുക്കാനാവും. സമന്വയത്തിന്റെ രീതിയില്‍ കോര്‍ത്തുവെക്കുന്ന യോഗത്തിന്റെ പിരിവുകളും, ദ്വൈതാദ്വൈതസമസ്യകളേയും, വിവിധമതമാര്ഗ്ഗങ്ങളെയും ഒരേ രാഗത്തില്‍ പൂരണം ചെയ്യുന്ന രഹസ്യവും വിവേകാനന്ദന് പങ്കുവെക്കുമ്പോള്‍ അതിന്റെ വേരു തിരയേണ്ടത് തന്റെ ശരീരമനസ്സുകളെ അരനൂറ്റാണ്ടിനടുത്ത് പരീക്ഷണശാലയാക്കിക്കൊണ്ട് ശ്രീരാമകൃഷ്ണദേവന് അനുഭവപ്പെടുത്തിയ സനാതനസത്യങ്ങളിലത്രെ. വിവേകാനന്ദദര്‍ശനത്തിലെ സമഗ്രതയും ആഴവും ഗാന്ധിജിയെപ്പോലെയും ടാഗോറിനെപ്പോലെയും റോമാങ്ങ് റോളയെപ്പോലെയുമുള്ളവര്‍ തിരിച്ചറിഞ്ഞ രീതികൂടി നാം അവലംബിച്ചെടുക്കേണ്ടതാണ്. വിവേകാനന്ദദര്‍ശനങ്ങളില്‍ നിഷേധകമായിട്ടൊന്നുമില്ലെന്നാണ് ടാഗോറിന്റെ നിരീക്ഷണമെങ്കില്‍ അതിലെ തുളച്ചുകയറുന്ന പ്രചോദകശക്തിയെക്കുറിച്ചും, പരിവര്ത്തനസ്വഭാവത്തെയുംപറ്റിയാണ് ഗാന്ധിജിയും റൊമാങ്ങ് റോളയും ആരാധനാഭാവത്താടെ വാചാലമാകുന്നത്. വിവേകാനന്ദദര്ശനങ്ങളെ പിന്തുടര്ന്ന് ജീവിതവികാസം നേടിയ അനേകമാളുകളാണ് ഇവരുടെ വാക്കുകള്‍ക്ക് സാക്ഷ്യം പറയുന്നു.
തികച്ചും നിത്യനൂതനമായ ശൈലികളെയാണ് വിവേകാനന്ദന് തന്റെ ദര്ശനാവിഷ്കാരങ്ങള്ക്കായി ഉപയോഗപ്പെടുത്തിയതും. അതിനായി സയന്സിന്റേയും, അത്യാധുനിക ചിന്തകളുടേയും ഭാഷയില്‍ സംസാരിക്കുന്ന വിവേകാനന്ദന് ഭാരതത്തിന്റെ അമൂല്യമായ പാരമ്പര്യത്തെ, അവതരിപ്പിക്കുന്ന രീതി തന്നെ നോക്കുക, ‘അനുസരിക്കാന്‍ കഴിയുന്നുവനു മാത്രമേ ആജ്ഞാപിക്കാന്‍ കഴിയൂ’ എന്നുള്ള വിവേകാനന്ദവചനങ്ങളില് നിറച്ചുവെക്കുന്നത് ഗുരുശിഷ്യപാരസ്പര്യത്തില് ഒരുവനിലുണ്ടാകേണ്ട പരിവര്‍ത്തന രഹസ്യത്തെത്ത ന്നെയാണ്. ഭാരതീയ ഗുരുശിഷ്യപാരമ്പര്യം ഉദ്ഘോഷിക്കുന്നതും ഉള്ളിലുള്ള സാധ്യതകളെ ആവിഷ്ക്കരിക്കുമ്പോഴുണ്ടാകുന്ന ഈ ‘ആന്തരികപരിവര്ത്തന’മാണല്ലോ. ഇതിനോട് നമുക്കുപമിക്കാനാവുന്നത് ഒരു ദീപത്തില്‍നിന്നും തെളിയിക്കപ്പെടുന്ന അനേകം ദീപങ്ങളെയാകുന്നു. അവസാനഭാഗം നാളെ: ‘ഭാരതവും ലോകവും’
9526132929
പ്രതികരിക്കാൻ ഇവിടെ എഴുതുക: