താന്‍ നയിച്ച ജീവിതത്തെയും, മുപ്പത്തൊമ്പതു വര്‍ഷങ്ങളായി ആവിഷ്കരിക്കപ്പെട്ട പ്രവര്‍ത്തനങ്ങളെയും വിലയിരുത്തുവാന്‍ ‘മറ്റൊരു വിവേകാനന്ദനേ കഴിയൂ’ എന്നാണ് വിവേകാനന്ദസ്വാമികള്‍ വെളിപ്പെടുത്തിയിട്ടുള്ളത് – സ്വാമികളെത്തിയ പൂര്‍ണതയുടെ തലങ്ങളെ സ്വാംശീകരിച്ചുകൊണ്ടുമാത്രമേ ആ ജീവിതദൗത്യത്തിന്റെ തോതു നിര്‍ണയിക്കാനാവൂ എന്ന സുപ്രധാനകാര്യമാണ് ഇതു സൂചിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ അപൂര്‍ണതയുടെ തലവുമായി താദാത്മ്യപ്പെട്ടവര്‍ തങ്ങള്‍ക്കജ്ഞാതമായ ഇത്തരം കാര്യങ്ങളെ അപഗ്രഥിച്ചെടുക്കുമ്പോള്‍ ആ ജീവിതത്തിന്റെ സമഗ്രതയെയോ, ആഴത്തെയോ തെറ്റിദ്ധരിക്കുക സ്വാഭാവികം. ശ്രീരാമകൃഷ്ണനെയും വിവേകാനന്ദനെയും വിലയിരുത്തുന്ന ചില ആധുനികചിന്തകര്‍ ഇരുട്ടില്‍ തപ്പിത്തടയുന്നതിനു കാരണവും മറ്റൊന്നല്ല. സ്വയം കെട്ടിയുണ്ടാക്കിയ ആശയാദര്‍ശങ്ങളുടെ ഇടുങ്ങിയ തലങ്ങളില്‍വെച്ചു വായിച്ചെടുക്കുന്ന വലിയ പ്രമാദത്തിലാണ് മിക്കവാറും ഇക്കൂട്ടരുടെ വിലയിരുത്തലുകള്‍ ചെന്നു നില്ക്കുക.
ശ്രീരാമകൃഷ്ണദൗത്യത്തെ ജീവിതവ്രതമാക്കിയ ശിഷ്യോത്തമന്
ഇഴപിരിച്ചുവെക്കാനാവാത്ത താദാത്മ്യം രചിക്കുന്ന അത്യപൂര്‍വ്വമായ ഈ ഗുരുശിഷ്യബന്ധത്തെ ‘ശ്രീരാമകൃഷ്ണ-വിവേകാനന്ദന്മാര്’ എന്നല്ലാതെ മറ്റൊരു തരത്തിലും വിശദീകരിക്കാനാവില്ല. ശിഷ്യന് ഗുരുവിന്റെ മജ്ജയും മാംസവുമായി പരിവര്‍ത്തനപ്പെടേണ്ടത് ഗുരുശിഷ്യപാരസ്പര്യത്തിലെ രഹസ്യഘടകമായി ഭഗവദ്ഗീതയില്‍ ഭഗവാന് കൃഷ്ണന് വിശദീകരിക്കുന്നതിന്റെ സവിശേഷവ്യാഖ്യാനം തന്നെയാണിത്. നരേന്ദ്രനെ കാണാതെ വരുമ്പോള്‍ മനസ്സുപിടയുന്ന ഗുരുഹൃദയത്തെയാണ് ആദ്യരംഗത്തില്‍ത്തന്നെ നമുക്കു കാണാനാവുക. നരേന്ദ്രനെത്തന്നെ തന്റെ ശിഷ്യസമൂഹത്തെ നയിക്കാന്‍ ചുമതലപ്പെടുത്തുന്നതിലും, താന്‍ നേടിയ സര്‍വ്വസ്വവും ശിഷ്യനുവേണ്ടി സമര്‍പ്പിച്ചു ഭിക്ഷക്കാരനെപ്പോലെയാകുന്നുവെന്ന ശ്രീരാമകൃഷ്ണന്റെ വാക്കുകളിലും ഈ സവിശേഷബന്ധത്തിന്റെ ആഴവും പരപ്പും പ്രഖ്യാപനം ചെയ്യപ്പെടുന്നുണ്ട്. നീയെവിടേയ്ക്കു കൊണ്ടുപോയാലും ഞാനവിടെത്തന്നെ ഇരിക്കുമെന്ന ‘മഹാസമാധി’ക്കു മുമ്പത്തെ വാക്കുകള്‍ ഈ ധാരണയ്ക്ക് അവസാനമുദ്രയും ചാര്‍ത്തുന്നു. നേരെ തിരിച്ചും, തന്റെ ഗുരുവില്‍ പൂര്‍ണ്ണമായും അലിഞ്ഞുനില്ക്കുന്ന ശിഷ്യന്റെ ഭാവം വിവേകാനന്ദജീവിതത്തിലും ഇഴചേര്‍ത്തുവെക്കാനാവുന്നുണ്ട്. തന്റെ വാക്കുകളിലെന്തെങ്കിലും കഴമ്പും കാമ്പുമുണ്ടെങ്കില്‍ അതിനുമുഴുവന്‍ കടപ്പെട്ടിരിക്കുന്നത് തന്റെ ഗുരുനാഥനോടു മാത്രമാണെന്ന ഉള്ളുതുറക്കലും, കല്‍ക്കത്തയിലെ മണല്‍ത്തരികളില്‍ നിന്നുപോലും ആയിരക്കണക്കിനു വിവേകാനന്ദന്മാരെ സൃഷ്ടിക്കാന്‍ തന്റെ ഗുരുനാഥനു കഴിയുമായിരുന്നുവെന്ന വാക്കുകളിലെ ഔന്നത്യവും ‘ശ്രീരാമകൃഷ്ണ-വിവേകാനന്ദന്മാരെന്ന’ വിശേഷണത്തിന്റെ ആഴമേറിയ തലങ്ങളെ വ്യാഖ്യാനിച്ചെടുക്കുന്നു. അവസാനനിമിഷംവരെ ഓരോ നിമിഷങ്ങളെയും ശ്രീരാമകൃഷ്ണദൗത്യത്തിനുവേണ്ടി ബലികൊടുക്കുന്ന ശിഷ്യഭാവത്തെയാണ് വിവേകാനന്ദചിത്രമായി വരച്ചെടുക്കാനാവുന്നതും. ശിഷ്യന്മാര് നരേന്ദ്രന്റെ അഭിപ്രായങ്ങളെക്കുറിച്ചു പരാതി പറയുമ്പോള്‍ ‘നരേന്ദ്രനാണു ശരി’ എന്നുതന്നെയായിരുന്നു ശ്രീരാമകൃഷ്ണഗതപ്രാണയായ ശാരദാദേവിയുടേയും ഉത്തരം.
പ്രപഞ്ചാവബോധമായി ആവിഷ്ക്കരിക്കപ്പെട്ട തന്റെ ഗുരുനാഥന്റെ കാലാതീതമായ വാക്കുകളും ചിന്തകളും ലോകവ്യാപനം ചെയ്യുന്ന ശിഷ്യനെ ശ്രീരാമകൃഷ്ണന് നേരത്തെതന്നെ ദീര്‍ഘദര്‍ശനം ചെയ്യുന്നുമുണ്ട്. താനനുഭവിച്ച ‘ജ്ഞാനനിഷ്ഠ’ മാനവരാശിക്ക് ശ്വാസോച്ഛ്വാശ്വാസംപോലെ ആവശ്യമെന്നു മനസ്സിലാക്കിയ അവിടുന്ന് അതു പകര്‍ന്നുവെക്കാനുള്ള ഉത്തമാധികാരികള്‍ക്കുവേണ്ടി (പന്ത്രണ്ടു വര്‍ഷത്തെ തപസ്സിനുശേഷം ദക്ഷിണേശ്വരം ക്ഷേത്രത്തിനുമുകളില്‍നിന്ന്) കേഴുന്നതായി നാം കാണുന്നുണ്ട്. അവസാനം നരേന്ദ്രനെ കണ്ടുമുട്ടുന്ന സമയത്തുതന്നെ ‘നരേന് ലോകത്തെ പഠിപ്പിക്കു’മെന്ന വെളിപ്പെടുത്തലുകളില്‍ (പിന്നീട് അമ്പതുവര്‍ഷത്തിന്നുള്ളില്‍ സംഭവിക്കപ്പെട്ട വിശ്വവിജയത്തെക്കൂടി തിരിച്ചറിയുമ്പോള്‍) വിസ്മയത്തിന്റെ കലവറ നിറയ്ക്കുന്നു. ലോകത്തിലെ ഓരോ ജീവനെയും അവര്‍ നില്ക്കുന്ന നിലയില്‍ നിന്നുതന്നെ ഉയര്‍ത്തുകയെന്ന ദൗത്യത്തിനാണ് ‘രാമകൃഷ്ണമിഷന്‍’ എന്ന കൂട്ടായ്മയായി ഭാവം പകര്‍ന്നത്. ഈ വിശുദ്ധദൗത്യ മാകട്ടെ വിശ്വവ്യാപകസ്വഭാവമുള്ളതായിരുന്നു. ഏതാണ്ട് 2500 വര്‍ഷങ്ങള്‍ക്കുമുമ്പ് ശ്രീബുദ്ധന് നടത്തിയ ദൗത്യം പ്രധാനമായും കിഴക്കിനെ ഉദ്ദേശിച്ചായിരുന്നുവെങ്കില്‍, 1200 വര്‍ഷങ്ങള്‍ക്കുമുമ്പ് നടന്ന ‘ശങ്കരദിഗ്വിജയം’ ഭാരതത്തെ കേന്ദ്രീകരിച്ചായിരുന്നുവെങ്കില്‍, വിവേകാനന്ദദൗത്യം പടിഞ്ഞാറിനെകൂടി കണക്കിലെടുത്തുകൊണ്ടുള്ള ആഗോളദൗത്യമായിരുന്നു. ചുരുക്കത്തില്‍ ശ്രീരാമകൃഷ്ണ-വിവേകാനന്ദന്മാരുടെ ചുണ്ടുകളില്‍നിന്നും പുറത്തേക്കൊഴുകിയ വാക്കുകളോരോന്നും ലോകത്തുള്ള ഓരോ ജീവന്റേയും പ്രബുദ്ധതയെ കരുതിയുള്ള കാരുണ്യമായിരുന്നു. ഈ വിശ്വകാരുണ്യത്തിന്റെ ആഗോളവ്യാപനമാണ് വിവേകാനന്ദജീവിതമായും പ്രവൃത്തികളായും വ്യാഖ്യാനിച്ചെടുക്കേണ്ടത്. (നാളെ: ഓരോ ജീവനും മാതൃകയാകേണ്ട ആവിഷ്കാരരൂപം)
പ്രതികരിക്കാൻ ഇവിടെ എഴുതുക: