കന്യാകുമാരിയിലെ വിവേകാനന്ദ ശിലാസ്മാരകത്തെ രാജ്യത്തിന്റെ സാംസ്കാരിക ഔന്നത്യവും ദേശീയോദ്ഗ്രഥനവും ഉയര്‍ത്തിക്കാട്ടുന്ന പ്രകാശഗോപുരമെന്നാണ് ഏവരും കാണുന്നത്. അത് തീര്‍ച്ചയായും സത്യവുമാണ്. പക്ഷേ, ആ സ്മാരകം അവിടെ എങ്ങനെയുണ്ടായി എന്നത് പഴയ തലമുറയ്ക്കുപോലും അറിയില്ല എന്നതാണ് സത്യം.
1892 ഡിസംബര്‍ 25 മുതല്‍ 27 വരെ സ്വാമി വിവേകാനന്ദന് സമുദ്രത്തിലെ ആ ശിലയില്‍ തപസ്സനുഷ്ഠിച്ചു എന്നതുതന്നെയാണ് ആ ശിലയ്ക്ക് പരിപാവനത്വം നല്‍കിയത്. 1963ല്‍ സ്വാമിജിയുടെ ജന്മശതാബ്ദിയോടനുബന്ധിച്ച് അവിടെ സമുചിതമായ സ്മാരകം എന്നത് ഒരു ജനകീയ അഭിലാഷമായിത്തീര്ന്നു. അതിനെക്കുറിച്ച് ചിന്തിക്കാന്‍ കന്യാകുമാരിയില്‍ ചിലര്‍ ഒത്തുകൂടി. ഹൈന്ദവ സേവാസംഘം അധ്യക്ഷന്‍ പരമേശ്വരന്‍പിള്ള, എസ്. വെങ്കട്ടരാമന്, എസ്.പി. പാണ്ഡ്യന് നാടാര്‍, അഗസ്തീശ്വരന് എന്നിവരായിരുന്നു ആ പ്രമുഖര്‍. ശിലയില്‍ ഒരു സ്മാരകം, കരയില്‍നിന്ന് ശിലയിലേക്ക് ഒരു നടപ്പാലം എന്നിവയായിരുന്നു യോഗതീരുമാനം.
ശിലയില്‍ സ്മാരകം വരുന്നെന്ന വാര്‍ത്ത പരന്നപ്പോള്‍, കന്യാകുമാരിയിലെ ക്രൈസ്തവര്‍ക്കിടയില്‍ അസ്വസ്ഥത പടര്‍ത്തി. ഇവിടുത്തെ ജനങ്ങളില്‍ വലിയൊരു വിഭാഗവും മത്സ്യപ്രവര്‍ത്തകരായ ക്രൈസ്തവരാണ്. അവര്‍ സ്ഥലത്തെ വികാരിയുടെ നേതൃത്വത്തില്‍ ശിലയില്‍ കുരിശ് സ്ഥാപിച്ചു. അതിനിടയില്‍ കുരിശ് സ്ഥാപിച്ചത് കയ്യേറ്റമാണെന്ന് മദ്രാസ് സര്‍ക്കാര്‍ നിയമിച്ച ജുഡീഷ്യല്‍ കമ്മീഷന് വ്യക്തമാക്കി. പക്ഷേ, ക്രൈസ്തവര്‍ അവിടെ സെന്റ് സേവിയറിന് ഒരു സ്മാരകം വേണമെന്ന ആവശ്യം മുന്നോട്ടുവച്ചു. അവിടെ സ്മാരകം വേണ്ടെന്ന നയമാണ് തമിഴ്നാട് സര്‍ക്കാര്‍ സ്വീകരിച്ചത്. സ്മാരകം വേണമെന്ന തീരുമാനവുമായി മുന്നോട്ടുപോയവര്‍ 1963 മാര്‍ച്ചില്‍ അതിനായി സംസ്ഥാനസമിതി രജിസ്റ്റര്‍ ചെയ്തു. ശിലയില്‍ അവകാശം സ്ഥാപിച്ച് 1963 ജനുവരി 17ന് ഫലകവും സ്ഥാപിച്ചു. എന്നാല്‍ 1963 മെയ് 16ന് ആ ഫലകം കടലില്‍ എറിയപ്പെട്ടു.
പിന്നീട് ശിലാസ്മാരകത്തിന്റെ പിതാവായി മാറിയ ആര്‍എസ്എസ് മുന്‍ ജനറല്‍ സെക്രട്ടറി ഏക്നാഥ് റാനഡേ സമിതിയുമായി ബന്ധപ്പെടുന്നത് ആ വര്‍ഷം ആഗസ്റ്റിലാണ്. ജൂലൈയില്‍ സ്മാരകസമിതിയില്‍ ചിലര്‍ നാഗ്പൂരിലെ ദേശീയ ആസ്ഥാനത്ത് സര്‍സംഘചാലക് ഗുരുജി എം.എസ്. ഗോള്‍വല്‍ക്കറെ കാണാന്‍വന്നു. സംഘത്തിന്റെ സര്‍കാര്യവാഹ് സ്ഥാനം ഒഴിഞ്ഞ ഏക്നാഥ് റാനഡേ, സംഘടനാ യാത്രകള്‍ക്കായി തയ്യാറാവുകയായിരുന്നു. ഏക്നാഥ്ജിയുടെ സേവനം ശിലാസ്മാരകത്തിന്റെ പ്രവര്‍ത്തനത്തിനായി വിട്ടുനല്‍കാമോ എന്ന് സമിതി നേതാക്കള്‍ പൂജനീയ ഗുരുജിയോട് അഭ്യര്‍ത്ഥിച്ചു. ഗുരുജി അവരുടെ മുന്നില്‍വച്ചുതന്നെ ഏക്നാഥ്ജിയുമായി സംസാരിച്ചു. അതൊരു പുത്തന്‍ പര്‍വ്വത്തിന്റെ തുടക്കം കുറിച്ചു. ഏക്നാഥ്ജി അതുവരെയുള്ള കത്തിടപാടുകള്‍ പഠിച്ചു. കന്യാകുമാരി സന്ദര്‍ശിച്ചു. വിഷയം ഹൃദിസ്ഥമാക്കി. പിന്നീട് അദ്ദേഹത്തിന്റെ ദൗത്യം തുടങ്ങുകയായിരുന്നു.
1962 ആഗസ്റ്റിലെ ഒരു സന്ധ്യയില്‍ കോഴിക്കോട് വെള്ളയില്‍ കടപ്പുറത്തെ സംഘശാഖയിലെ പ്രമുഖ സ്വയംസേവകരായ പി.ബി. ലക്ഷ്മണനേയും ബാലനേയും മറ്റ് സ്വയംസേവകരേയും മുതിര്‍ന്ന പ്രചാരകന്മാരായ പി. മാധവ്ജിയും വി.പി. ജനാര്‍ദ്ദനനും കോഴിക്കോട് കാര്യാലയത്തിലേക്ക് ക്ഷണിച്ചു. മാധവ്ജി അവരുടെ മുന്നില്‍ വിഷയം അവതരിപ്പിച്ചു. കാര്യഗൗരവം മനസ്സിലാക്കി ദിവസങ്ങള്‍ നീണ്ടുനിന്ന പഠനങ്ങള്‍ക്കുശേഷം ലക്ഷ്മണന് ചേട്ടനും ബാലന്‍ചേട്ടനും നാല് സുഹൃത്തുക്കളും കുരിശ് തകര്‍ത്ത് കടലിലെറിഞ്ഞു. സംഭവം ക്രൈസ്തവ നേതാക്കളെ സ്തബ്ധരാക്കി. അവര്‍ ‘വിശ്വാസി’യായ സര്‍ക്കിള്‍ ഇന്‍സ്പെക്ടറുമായി ചര്‍ച്ച നടത്തി അന്നുതന്നെ മറ്റൊരു കുരിശ് സ്ഥാപിച്ചു. അടുത്ത ദിവസം 144 പ്രഖ്യാപിക്കാനായിരുന്നു പദ്ധതി. എന്നാല്‍, രണ്ടാം കുരിശും മാറ്റണമെന്ന് അവര്‍ ദൃഢനിശ്ചയമെടുത്തു. പക്ഷേ സന്ധ്യ മുതല്‍ ഇരുപതോളം വള്ളങ്ങള്‍ ശിലക്കുചുറ്റും ചുറ്റിക്കറങ്ങി. നേരം പുലരാറായപ്പോള്‍ ഇനി വരില്ലെന്ന് റോന്തുകാര്ക്ക് തോന്നി. അവര്‍ ഒന്നൊന്നായി പിന്‍വാങ്ങി. ലക്ഷ്മണന്‍ചേട്ടന്‍ നാല് സുഹൃത്തുക്കളുമൊത്ത് വീണ്ടും ശിലയിലെത്തി. അദ്ദേഹം സുഹൃത്തുക്കളോടു പറഞ്ഞു: ”അവസാനത്തെ ആള് വീഴുന്നതുവരെ നിങ്ങള്‍ പൊരുതണം. ഞാന്‍ കുരിശ് തകര്‍ക്കാം. അതിനുശേഷം നിങ്ങളോട് ചേര്ന്നുപൊരുതാം.” ബാലന്ചേട്ടന് കരയില്‍നിന്നും സിഗ്നല്‍ നല്കി. ലക്ഷ്മണന്‍ചേട്ടന്‍ കുരിശ് കടലിലെറിഞ്ഞു. തിരിച്ചുവരവെ റോന്തുകാര്‍ വള്ളം പിന്തുടര്ന്നു. ‘കോഴിക്കോട്ടുകാര്‍’ ‘സിദ്ധ’ എന്ന ആയോധന ചുവടില്‍ ദണ്ഡയേന്തി നിന്നു. ഓടിയടുത്ത ജനക്കൂട്ടം നിശബ്ദരായി. ആ സമയം ആര്‍ഡിഒയും പോലീസ് സേനയും സ്ഥലത്തെത്തി. ”നായ്ക്കളെ തല്ലിക്കൊല്ലണം” എന്ന് വികാരിയച്ചന് ആക്രോശിച്ചു. എന്നാല്‍ ജനക്കൂട്ടത്തിനോട് പിരിഞ്ഞുപോകാനാണ് ആര്‍ഡിഒ കല്‍പ്പിച്ചത്. അല്ലാത്തപക്ഷം വെടിവയ്ക്കേണ്ടിവരും എന്ന് പറഞ്ഞപ്പോള്‍ വികാരിയും ജനങ്ങളും പിരിഞ്ഞു. അങ്ങനെ കുരിശിന്റെ സ്റ്റാറ്റസ് ക്വോ ഉപയോഗിച്ച്, ശില കൈയ്ക്കലാക്കാമെന്ന സഭാമോഹം തകര്‍ന്നു.
കൊല്‍ക്കത്തയില്‍ ചെന്ന് ബേലൂര്‍ മഠത്തിലെ മാധവാനന്ദജിയെ കണ്ട് ഏക്നാഥ്ജി കാര്യങ്ങള്‍ വിശദീകരിച്ചു. ശ്രീരാമകൃഷ്ണ മിഷന് താല്പര്യമുണ്ടെങ്കില് മാത്രമേ തനിക്ക് ശിലാസ്മാരകത്തില്‍ താല്പര്യമുള്ളൂ എന്ന് സ്വാമിജിയോട് പറഞ്ഞു. സംന്യാസി സ്ഥലം സമരസംഘടനയല്ല എന്ന പരിമിതി അദ്ദേഹം വ്യക്തമാക്കി. ”എന്നാല്‍ താങ്കളെപ്പോലുള്ളവര്‍ ഇതേറ്റെടുത്താല്‍ മിഷന് മൊത്തമായും താങ്കളുടെ പിന്നിലുണ്ടാവും. സുധീരം മുന്നേറൂ. ശ്രീരാമകൃഷ്ണദേവന്റേയും വിവേകാനന്ദജിയുടെയും അനുഗ്രഹങ്ങള്‍ താങ്കള്‍ക്കുണ്ട്”എന്നായിരുന്നു സ്വാമിജിയുടെ വാക്കുകള്‍. ഈ ഉറപ്പോടെ ഏക്നാഥ്ജി മദിരാശി വഴി കന്യാകുമാരിയിലെത്തി. ഗുരുജിയുടെ അനുമതി സ്വാഭാവികമായും കിട്ടി. 1963 ആഗസ്റ്റ് 11ന് അദ്ദേഹം സമിതിയുടെ സംഘടനാ സെക്രട്ടറിയായി. മന്നത്ത് പത്മനാഭന് അധ്യക്ഷനും പ്രൊഫ. പി. മഹാദേവന് കാര്യദര്‍ശിയും ആര്. ശങ്കര്‍ സഹകാര്യദര്‍ശിയുമായ സമിതി നിലവില്‍വന്നു.
അദ്ദേഹം പാര്‍ലമെന്റിലെ മുഴുവന്‍ അംഗങ്ങളെയും മുഖ്യമന്ത്രിമാരേയും കണ്ടു. എന്നാല്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവും മദിരാശി മുഖ്യമന്ത്രി ഭക്തവത്സലവും ശിലാസ്മാരകം ഒരു അനാവശ്യകാര്യമാണെന്ന തത്വത്തില്‍ ഉറച്ചുനിന്നു. പ്രധാനമന്ത്രിയെ കാണാന്‍ സമയമായില്ലെന്ന് ലാല്‍ ബഹദൂര്‍ ശാസ്ത്രി ഏക്നാഥ്ജിയെ ഉപദേശിച്ചു. സമയമാകുമ്പോള്‍ താന്‍ ആ കൃത്യം നിര്‍വ്വഹിക്കും എന്നായിരുന്നു ശാസ്ത്രിജിയുടെ വാക്ക്. പ്രധാനമന്ത്രിക്ക് സമര്‍പ്പിക്കാനായി ഏക്നാഥ്ജി എംപിമാരുടെ ഒപ്പുശേഖരണം ആരംഭിച്ചു. രേണു ചക്രവര്‍ത്തി എന്ന കമ്യൂണിസ്റ്റ് എംപി ബംഗാളിലെ മുഴുവന്‍ കമ്യൂണിസ്റ്റ് എംപിമാരുടേയും ഒപ്പ് ശേഖരിച്ചുകൊടുത്തു. കേരളത്തില്‍നിന്നുള്ള പി.കെ. വാസുദേവന്‍നായര്‍, എം.കെ. കുമാരന്, ഇ.കെ. ഇമ്പിച്ചിബാവ, കെ.കെ. വാരിയര്‍, എം.എന്‍. ഗോവിന്ദന്‍നായര്‍, എ. സുബ്ബറാവു, കമ്യൂണിസ്റ്റ് പിന്തുണയോടെ എംപിയായ ജ്ഞാനപീഠം ജേതാവ് എസ്.കെ. പൊറ്റെക്കാട്, കോണ്‍ഗ്രസ് നേതാക്കളായ കെ. ഭാരതി, ദേവകി ഗോപീദാസ്, രവീന്ദ്രവര്‍മ്മ, ആര്. അച്യുതന്, പി.കെ. കോയ, പി. കുഞ്ഞന്‍, ആര്‍എസ്പി നേതാവ് എന്‍. ശ്രീകണ്ഠന്‍നായര്‍, സോഷ്യലിസ്റ്റ് നേതാവ് പി.എസ്. നടരാജപിള്ള എന്നിവരും അപേക്ഷയില്‍ ഒപ്പുവച്ചു. ശിലാസ്മാരകത്തിന് അനുമതി ചോദിച്ചുകൊണ്ടുള്ള അഭ്യര്‍ത്ഥന മുതിര്‍ന്ന എംപിയായ എം.എസ്. ആണേയുടെ നേതൃത്വത്തില്‍ എംപിമാരുടെ ഒരു സംഘം 1963 ഡിസംബര്‍ 26ന് നെഹ്റുവിന് സമര്‍പ്പിച്ചു. അഭ്യര്‍ത്ഥനയില്‍ 323 എംപിമാര്‍ ഒപ്പുവെച്ചു എന്നത് ശാസ്ത്രിയെ അത്ഭുതപ്പെടുത്തി. പിറ്റേന്ന് അദ്ദേഹത്തിന് പ്രധാനമന്ത്രിയുടെ കത്തുകിട്ടി: ”ശിലയില്‍ സ്വാമിജിയുടെ പ്രതിമ വേണമെന്ന് കേന്ദ്രം ആഗ്രഹിക്കുന്നു. എന്നാല്‍ അന്തിമ തീരുമാനം മദ്രാസ് സര്‍ക്കാരിന്റേതാണ്. സ്വാമിജിയുടെ പ്രതിമ അനാഛാദനം ചെയ്യാന്‍ അടുത്തുതന്നെ താന്‍ മദ്രാസിലേക്ക് പോകുന്നു. ആ സമയത്ത് വിഷയം മുഖ്യമന്ത്രിയുമായി സംസാരിക്കാം” എന്നായിരുന്നു കത്ത്.
അങ്ങനെ മഞ്ഞ് പൂര്‍ണമായും ഉരുകി. ധനസമാഹരണമായിരുന്നു അടുത്ത വെല്ലുവിളി. ഇതിനായി ദേശീയ വീക്ഷണമുള്ള മുഴുവന്‍ വ്യവസായികളേയും സംസ്ഥാന മുഖ്യമന്ത്രിമാരേയും കണ്ടു. ഇഎംഎസ് നയിച്ച കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ (1967-69) ഒഴികെ എല്ലാ സര്‍ക്കാരുകളും സംഭാവന നല്കി. പിന്നീട് ഭരണം ഏറ്റെടുത്ത അച്യുതമേനോന് സര്‍ക്കാര്‍ (1969-77) ആ കടം വീട്ടി. പിന്നീട് 1970 സപ്തംബര്‍ 2ന് അന്നത്തെ രാഷ്ട്രപതി വി.വി. ഗിരി, സ്മാരകത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. കന്യാകുമാരിയിലെ പ്രവര്‍ത്തനങ്ങള്‍ക്കായി മലബാറില്‍നിന്ന് സ്വയംസേവകരെ നിയോഗിച്ചിരുന്നു. ഇവരില്‍ 13 പേര് ആദ്യവസാനം അവിടെ പ്രവര്‍ത്തിച്ചു. വെള്ളയില്‍നിന്ന് പി.ബി. ലക്ഷ്മണന്, കെ.പി. ചന്ദ്രന്, എന്‍. നാരായണന്, അംബുജന്, രാമന്, ബേപ്പൂരില്‍നിന്ന് ദാസന്, കൃഷ്ണന്, വാസു, ഉണ്ണി, പയ്യോളിയില്‍നിന്ന് അച്യുതന്, ശ്രീധരന്, രാമന്, കൊയിലാണ്ടിയില്‍നിന്ന് എ.വി. ബാലന്.
അക്കാലത്ത് പ്രവര്‍ത്തനങ്ങള്‍ക്കായി പ്രതിമാസം 2500 രൂപ കേരള പ്രാന്തത്തില്‍നിന്ന് ഏക്നാഥ്ജിക്ക് നല്‍കിയിരുന്നു. ശിലാസ്മാരക പ്രവര്‍ത്തനത്തിനായി യാത്ര ചെയ്യാന്‍ ലാല്‍ ബഹദൂര്‍ ശാസ്ത്രി (അക്കാലത്ത് റെയില്‍വേമന്ത്രി) ഏക്നാഥ്ജിക്ക് സൗജന്യ റെയില്‍വേ പാസ് നല്‍കിയിരുന്നു. സ്മാരകത്തിന്റെ ഉദ്ഘാടനത്തിനുശേഷം പാസ് ശാസ്ത്രിക്ക് തിരിച്ചുകൊടുത്തത് അദ്ദേഹത്തെ അത്ഭുതപ്പെടുത്തി. ഇങ്ങനെ സംഘത്തിന്റെ മാത്രം പ്രത്യേകതയായ ചിട്ടകള്ക്കനുസരിച്ചാണ് വിവേകാനന്ദ ശിലാസ്മാരകം ഉയര്‍ത്തപ്പെട്ടതെന്ന് കാണാം. ഇന്ന് സ്മാരകത്തിന്റെ 50-ാം വാര്‍ഷികം ആചരിക്കുമ്പോള്‍ ഇതുപോലെ എത്രയോ ഓര്‍മ്മകള്‍ പലര്‍ക്കും അയവിറക്കാനുണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: