മണ്ണിലും വിണ്ണിലും തെളിയുന്ന ധന്യനിമിഷം. ഭക്തകോടികള്‍ തൊഴുകൈകള്‍ ഉയര്‍ത്തി ജ്യോതി സ്വരൂപന്റെ ദിവ്യദര്‍ശനം ഏറ്റുവാങ്ങുന്ന മുഹൂര്‍ത്തം. അയ്യപ്പന്റെ മൂലസ്ഥാനമാണ് പൊന്നമ്പലമേട്. ഒന്‍പത് കേന്ദ്രങ്ങളില്‍നിന്ന് തടസങ്ങളില്ലാതെ മകരജ്യോതി കണ്ടുതൊഴാം. സന്നിധാനം, പാണ്ടിത്താവളം, പുല്‍മേട്, ശരംകുത്തി, നീലി, മരക്കൂട്ടം ഹില്‍ടോപ്പ്, ചാലക്കയം, അട്ടത്തോട് എന്നിവയാണ് ഒന്‍പത് കേന്ദ്രങ്ങള്‍.
സന്നിധാനത്തില്‍നിന്ന് ഏഴ് കിലോമീറ്റര്‍ അകലെയാണ് പുല്‍മേട്. പൊന്നമ്പലമേടിന്റെ അതേ ഉയരത്തിലാണ് പുല്‍മേട്. മാര്‍ഗതടസ്സങ്ങള്‍ ഒന്നുമില്ലാത്തതിനാല്‍ കാത്തിരിക്കുന്ന എല്ലാവര്ക്കും മകരജ്യോതിയുടെ പുണ്യം നുകരാം. 2011ല്‍ ഉണ്ടായ പുല്‍മേട് ദുരന്തത്തിന് ശേഷം ഇവിടെ കര്‍ശനനിയന്ത്രണവും കൂടുതല്‍ സുരക്ഷയും ഒരുക്കാറുണ്ട്. പമ്പയില്‍ ഹില്‍ ടോപ്പിലും കര്‍ശനമായ സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. അപ്പാച്ചിമേട്ടില്‍ വിശ്രമസങ്കേതത്തിന് മുകളില്നി്നന് ജ്യോതി ദര്‍ശിക്കാം.
മകരജ്യോതി ദര്‍ശനത്തിനൊപ്പം തിരുവാഭരണ വിഭൂഷിതനായ ഹരിഹര പുത്രനെയും കണ്ടുതൊഴാമെന്നതാണ് സന്നിധാനത്തില്‍ തിരുമുറ്റത്തെ പ്രത്യേകത. വിഐപികള്‍ക്കും ദേവസ്വത്തിന്റെ പ്രത്യേക പാസ്സുള്ളവര്ക്കുമേ തിരുമുറ്റത്തുനിന്ന് ജ്യോതികാണാന്‍ പറ്റു. നിലയ്ക്കല്‍ – പമ്പ റോഡില്‍ അട്ടത്തോടില്നിന്നും ജ്യോതി കണ്ടുമടങ്ങാം. റോഡിന്റെ വശങ്ങളില് ബാരിക്കേട് കെട്ടിയാണ് ഭക്തര്‍ക്ക് ജ്യോതികാണാന്‍ സൗകര്യം ഒരുക്കിയിരിക്കുന്നത്.
സീതത്തോട് പഞ്ചായത്തില്‍പ്പെട്ട പഞ്ഞിപ്പാറ മലയില്‍ നിന്നും ജ്യോതിദര്ശിക്കാം. ആങ്ങമൂഴിയില്നിന്ന് മൂന്ന് കിലോമീറ്ററോളം അകലെ മലയുടെ നിറുകയിലാണ് പഞ്ഞിപ്പാറ. ആന്ധ്ര, കര്‍ണാടക, തമിഴ്നാട് സ്വദേശികളായ ഭക്തരുടെയും തദ്ദേശീയരുടെയും വന്‍ തിരക്കാണ് മുന്‍കാലങ്ങളില്‍ ഇവിടെ അനുഭവപ്പെട്ടിട്ടുള്ളത്. എരുമേലി- പമ്പ പാതയില്‍ കണമല ഫോറസ്റ്റ് സ്റ്റേഷന്റെ പരിധിയില്‍പ്പെട്ട നെല്ലിമലയിലും മകരജ്യോതി ദര്‍ശനത്തിന് വന്‍തിരക്ക് അനുഭവപ്പെടാറുണ്ട്. തീര്‍ത്ഥാടനകാലത്തെ ചടങ്ങുകളില്‍ അതിപ്രധാനമായിട്ടുള്ളതാണ് മകരവിളക്ക്. സൂര്യന് ധനുരാശിയില്‍നിന്നും മകരം രാശിയിലേക്ക് കടക്കുന്ന പുണ്യദിനത്തിലാണ് ശബരിമല മകരവിളക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: