ശരണാര്‍ത്ഥികള്‍ക്കെല്ലാം ഒരേയൊരു ലക്ഷ്യം ശബരിമല. കാനനപാതകള്‍തന്നെ രണ്ടുണ്ട്. രണ്ടും പരമ്പരാഗത പാതകള്‍. ഒന്ന് എരുമേലി വഴി. മറ്റൊന്ന് കോട്ടയം -കുമളി റോഡില്‍ വണ്ടിപ്പെരിയാറില്‍ നിന്ന് തിരിഞ്ഞു പുല്‍മേട് പാണ്ടിത്താവളം വഴി സന്നിധാനത്ത് എത്താം.
സ്വാമിഭക്തര്‍ക്ക് പ്രകൃതിമനോഹാരിത നിറഞ്ഞ തീര്‍ത്ഥയാത്രയാണ് പുല്ലുമേട് പാത സമ്മാനിക്കുന്നത്. പുല്ലുമാത്രം മുളയ്ക്കുന്ന മൊട്ടക്കുന്നുകള്‍, വന്‍ ഗര്‍ത്തങ്ങള്‍ നിറഞ്ഞ മലയിടുക്കുകള്‍. ഭക്തരുടെ കണ്ണിനും മനസ്സിനും കുളിര്‍മ പകരുന്ന ഒട്ടേറെ കാഴ്ചകളുണ്ട് ഈ പാതയില്‍. പമ്പ മഹാ പ്രളയത്തില്‍ മുങ്ങിപ്പോയപ്പോള്‍ നിറപുത്തരിക്കുള്ള പൂജാചടങ്ങുകള്‍ക്ക് തന്ത്രിയും ദേവസ്വം ഉദ്യോഗസ്ഥരും നടന്നെത്തിയതും ഇതുവഴിയാണ്. പൂര്‍ണമായും പെരിയാര്‍ കടുവ സങ്കേതത്തിലൂടെയുള്ള യാത്രയായതിനാല്‍ വനപാലകരുടെ നിയമങ്ങള്‍ പാലിച്ചേ ഇതുവഴി പോകാന്‍ പറ്റൂ. വണ്ടിപ്പെരിയാറില്‍നിന്ന് ജീപ്പില്‍ സത്രത്തിലെത്താം. അവിടെനിന്ന് നടന്നുവേണം സന്നിധാനത്തെത്താന്‍. വണ്ടിപ്പെരിയാറില്‍നിന്ന് പതിനാല് കിലോമീറ്റര്‍ അകലെ അഴുത ഫോറസ്റ്റ് ഡിവിഷന് കീഴില്‍ സീതക്കുളം മലനിരയുടെ താഴ് വാരത്താണ് സത്രം. അവിടെ സുബ്രഹ്മണ്യ ക്ഷേത്രത്തില്‍ രാത്രിയില്‍ തങ്ങാം. രാവിലെ ആറ് മണിക്കുശേഷമേ തീര്‍ത്ഥാടകരെ പുല്ലുമേട് ഭാഗത്തേക്ക് പോകാന്‍ അനുവദിക്കൂ. ഉച്ചയ്ക്ക് 2 മണി കഴിഞ്ഞാല്‍ പുല്ലുമേട്ടില്‍ നിന്ന് സന്നിധാനത്തേക്ക് കടത്തിവിടില്ല. സത്രത്തില്‍നിന്ന് സന്നിധാനം വരെ 12 കിലോമീറ്ററാണ്. അതില്‍ 6 കിലോമീറ്റര്‍ നടന്നാല്‍ പുല്ലുമേടായി. അവിടെയാണ് ഉപ്പുപാറ ഫോറസ്റ്റ് ഓഫീസ്. കുത്തുകയറ്റവും ഇറക്കവുമാണ് പുല്‍മേട് വഴികള്‍. ഇടയ്ക്ക് കാട്ടാനക്കൂട്ടങ്ങള്‍. കാട്ടുപോത്തുകള്‍, കേഴകള്, മലയണ്ണാന് എന്നിവരെയും കാണാം. വഴിയില്‍ ഉയരമുള്ള പാറക്കെട്ടില്‍ കയറിനിന്ന് നോക്കിയാല്‍ സന്നിധാനവും ആഴിയില്‍ നിന്നുയരുന്ന പുകയും കാണാം. ഉപ്പുപാറ ഫോറസ്റ്റ് ഓഫീസിന് സമീപമാണ് 102 പേരുടെ മരണത്തിനിടയാക്കിയ പുല്ലുമേട് ദുരന്തം നടന്ന സ്ഥലം. 2011 ജനുവരി 15ന് പുല്മേടില്നി്നന് മകരജ്യോതി കണ്ടിറങ്ങിയ അയ്യപ്പന്മാരാണ് തിക്കിലും തിരക്കിലും പെട്ട് മരണമടഞ്ഞത്. മകരജ്യോതി യാതൊരു തടസ്സവും ഇല്ലാതെ നേരിട്ട് ദര്‍ശിക്കാവുന്ന സ്ഥലങ്ങളിലൊന്നാണ് പുല്ലുമേട്. പുല്ലുമേട് വഴി സന്നിധാനത്തേക്കുള്ള വഴിയില്‍ കയറ്റത്തെക്കാള്‍ കൂടുതല്‍ ഇറക്കമാണ്. പമ്പയില്‍നിന്ന് സന്നിധാനത്തേക്കുള്ളതിനെക്കാള് കൂടുതല്‍ ദൂരമുണ്ടെങ്കിലും കയറ്റം കുറവായതിനാലാണ് ഭക്തര്‍ ഈ പാത തെരഞ്ഞെടുക്കുന്നത്.
9447261963
പ്രതികരിക്കാൻ ഇവിടെ എഴുതുക: