മൂഡബിദ്രി: അന്തര്‍ സര്‍വകലാശാല അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ ഓവറോള്‍ കിരീടം മംഗളൂരു യൂണിവേഴ്സിറ്റിക്ക്. തുടര്‍ച്ചയായ നാലാം തവണയാണ് അവര്‍ ഈ നേട്ടം സ്വന്തമാക്കുന്നത്. ആല്‍വാസ് കോളേജിന്റെ താരങ്ങളുടെ കരുത്തിലാണ് ഇത്തവണയും മംഗളൂരു സര്‍വകലാശാല കിരീടത്തിലേക്ക് കുതിച്ചത്. ഒമ്പതുവീതം സ്വര്‍ണവും വെള്ളിയും അഞ്ച് വെങ്കലവുമുള്‍പ്പെടെ 170 പോയിന്റുമായാണ് മംഗളൂരു തുടര്‍ച്ചയായി കിരീടം സ്വന്തമാക്കിയത്. 98.5 പോയിന്റുമായി മദ്രാസ് യൂണിവേഴ്സിറ്റി റണ്ണറപ്പായി. കഴിഞ്ഞ വര്‍ഷം ഇതേ വേദിയില്‍ റണ്ണറപ്പായിരുന്ന കോട്ടയം എംജി സര്‍വകലാശാല ഇത്തവണ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 80 പോയിന്റാണ് എംജി നേടിയത്. 64 പോയിന്റുമായി കാലിക്കറ്റ് സര്‍വകലാശാലാ നാലാം സ്ഥാനം നേടി. ചാമ്പ്യന്‍ഷിപ്പില്‍ ആകെ 25 മെഡലുകളാണ് കേരളത്തില്‍നിന്നുള്ള സര്‍വകലാശാലകള്‍ നേടിയത്. സ്വര്‍ണനേട്ടത്തില്‍ മുന്നില്‍ കാലിക്കറ്റാണ്. നാല് സ്വര്‍ണം. കൂടാതെ രണ്ടു വീതം വെള്ളിയും വെങ്കലവും സ്വന്തമാക്കി. കേരള സര്‍വകലാശാല രണ്ടു സ്വര്‍ണവും രണ്ടു വെങ്കലവും നേടിയപ്പോള്‍ എംജി രണ്ടു സ്വര്‍ണവും അഞ്ചു വെള്ളിയും ആറു വെങ്കലവും സ്വന്തമാക്കി.
പുരുഷ- വനിതാ വിഭാഗത്തിലും കിരീടം മംഗളൂരു സര്‍വകലാശാലയ്ക്കാണ്. പുരുഷ വിഭാഗത്തില്‍ 101 പോയിന്റും വനിതാവിഭാഗത്തില്‍ 69 പോയിന്റും അവര്‍ സ്വന്തമാക്കി. വനിതാ വിഭാഗത്തില്‍ 47 പോയിന്റ് നേടിയ എംജി യൂണിവേഴ്സിറ്റിക്കാണ് രണ്ടാം സ്ഥാനം. പുരുഷ വിഭാഗത്തില്‍ 56.5 പോയിന്റുമായി മദ്രാസ് യൂണിവേഴ്സിറ്റി രണ്ടാം സ്ഥാനവും 33 പോയിന്റുമായി മഹര്‍ഷി ദയാനന്ദ് യൂണിവേഴ്സിറ്റി മൂന്നാം സ്ഥാനവും നേടി. 29 പോയിന്റുമായി കാലിക്കറ്റ് നാലാമത്.
ചാമ്പ്യന്‍ഷിപ്പിലെ മികച്ച വനിതാ താരമായി ഗുണ്ടൂര്‍ ആചാര്യനാഗാര്ജുന യൂണിവേഴ്സിറ്റിയിലെ 100 മീറ്ററിലും 100 മീറ്റര്‍ ഹര്‍ഡില്‍സിലും സ്വര്‍ണം നേടിയ വൈ. ജ്യോതി തെരഞ്ഞെടുക്കപ്പെട്ടു. മംഗളൂരുവിന്റെ ട്രിപ്പിള്‍ജമ്പ് താരം ജെയ് പ്രദീപ് ഷാ ആണ് മികച്ച പുരുഷ താരം.അവസാന ദിനമായ ഇന്നലെ ട്രാക്കിലും ഫീല്‍ഡിലുമായി രണ്ടു മീറ്റ് റെക്കോഡുകള്‍ പിറന്നു.
ട്രിപ്പിള്‍ ജമ്പില്‍ മംഗളൂരു യൂണിവേഴ്സിറ്റി താരം ജയ് പ്രദീപ് ഷാ സ്വന്തം റെക്കോഡ് തിരുത്തിയെഴുതി. 16.53 മീറ്ററാണ് പുതിയ ദൂരം. കഴിഞ്ഞ വര്‍ഷത്തെ 16.36 മീറ്ററായിരുന്നു മുന്‍ റെക്കോഡ്. 1500 മീറ്ററില്‍ പഞ്ചാബി യൂണിവേഴ്സിറ്റിയുടെ അന്താരാഷ്ട്ര താരം ഹര്മിലന് ബെയ്ന്‍സ് പുതിയ സമയം കുറിച്ചു. 4:24.86 മിനിറ്റില്‍ ഹര്മിലന് ഒാടിയെത്തിയപ്പോള്‍ പഴങ്കഥയായത് കഴിഞ്ഞവര്‍ഷം ഇതേ വേദിയില്‍ കാലിക്കറ്റിന്റെ പി.യു. ചിത്ര സ്ഥാപിച്ച 4:24.87 മിനിറ്റിന്റെ റെക്കോഡ്. ഇന്നലത്തെ രണ്ടെണ്ണം അടക്കം ആകെ ഒന്‍പത് റെക്കോഡുകളാണ് ചാമ്പ്യന്‍ഷിപ്പില്‍ ഉണ്ടായത്.പോള്‍വോള്‍ട്ടില്‍ കാലിക്കറ്റിന്റെ ഗോഡ്വിന് ഡാമിയനും എംജിയുടെ ദിവ്യമോഹനുംസ്വര്ണം നേടി. 4-400 റിലേയില്‍ പുരുഷ വിഭാഗത്തില്‍ എംജിയും വനിതകളില്‍ കാലിക്കറ്റും പൊന്നണിഞ്ഞു. ട്രിപ്പിള്‍ ജമ്പില്‍ എംജിയുടെ സാന്ദ്ര ബാബു, എ.ബി. അരുണ്‍, 4-400 റിലേയില്‍ എംജി വനിത ടീം എന്നിവര്‍ക്കാണ് വെള്ളി. 200 മീറ്ററില്‍ യു.വി. ശ്രുതിരാജ്, 1500 മീറ്ററില്‍ സി. ബബിത. എന്നിവര്‍ വെങ്കലം നേടി. രണ്ടുപേരും കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ താരങ്ങളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: