പത്തനംതിട്ട: പ്രകൃതി ദുരന്തങ്ങള്‍ നേരിടാനും രക്ഷാപ്രവര്‍ത്തനത്തിനുമെന്ന പേരില്‍ സാമൂഹിക സന്നദ്ധസേന രൂപീകരിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തില്‍ ദുരൂഹത. സിപിഎമ്മുകാരെ കുത്തിത്തിരുകാനും സേനയുടെ പ്രവര്‍ത്തനത്തില്‍നിന്ന് യഥാര്‍ഥ സന്നദ്ധപ്രവര്‍ത്തകരെ ഒഴിവാക്കാനുമാണിതെന്നാണ് ആരോപണം.
ദുരന്തമേഖലകളില്‍ പോലീസിന്റെയും അഗ്നിരക്ഷാസേനയുെടയും സൈന്യത്തിന്റെയും സേവനത്തിനു പുറമേ നിരവധി സന്നദ്ധസംഘടനകളില്‍ നിന്നുള്ള പ്രവര്‍ത്തകരുടെ സേവനം ലഭ്യമാകുമെന്നിരിക്കെയാണ് സര്‍ക്കാരിന്റെ നീക്കം. പ്രളയകാലത്ത് സേവാഭാരതി അടക്കമുള്ള നിരവധി സന്നദ്ധസംഘടനകള്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം കൊടുത്തിരുന്നു. ഇത് വിസ്മരിച്ചുള്ള സര്‍ക്കാര്‍ തീരുമാനം സിപിഎമ്മുകാര്‍ക്കു വേണ്ടിയാണ്.
സിപിഎം നിയന്ത്രണത്തില്‍ നൂറുകണക്കിന് ചാരിറ്റബിള്‍ ട്രസ്റ്റുകളും ക്ലബ്ബുകളും പിണറായി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം രൂപീകരിച്ചിട്ടുണ്ട്. എംപി, എംഎല്‍എ ഫണ്ടുകളും, തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ ഫണ്ടുകളും പല വിധത്തില്‍ ഈ ട്രസ്റ്റുകളിലെത്തുന്നുണ്ട്. ഇത്തരം ക്ലബ്ബുകളിലും ട്രസ്റ്റുകളിലുമുള്ള പാര്‍ട്ടിക്കാരെ സന്നദ്ധസേനയില്‍ ഉള്‍പ്പെടുത്താനും നീക്കമുണ്ട്. ആളുകളെ എടുക്കുമ്പോള്‍ ഭരണസ്വാധീനം ഉപയോഗിച്ച് രാഷ്ട്രീയം കലര്‍ത്തും.
നൂറു പേര്‍ക്ക് ഒരു സാമൂഹ്യ സന്നദ്ധ പ്രവര്ത്തകന് എന്ന നിലയില്‍ സംസ്ഥാനത്ത് 3.4 ലക്ഷം പേരുടെ സന്നദ്ധസേന രൂപീകരിക്കാനാണ് നീക്കം. 16 നും 65 നും ഇടയ്ക്ക് പ്രായമുള്ള ആര്‍ക്കും സേനയില്‍ ചേരാം. സേനയുടെ മേല്‍നോട്ടം ഡയറക്ടറേറ്റിനാകും. അഗ്നിരക്ഷാസേന, പോലീസ്, സംസ്ഥാന ദുരന്തപരിപാലന അതോറിറ്റി, അതോറിറ്റിയുടെ ഭരണച്ചുമതലയുള്ള റവന്യൂ വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ്, എന്‍സിസി, എന്‍എസ്എസ് വിഭാഗങ്ങള്‍ ഉള്‍പ്പെടുന്നതാണ് സേനയുടെ ഡയറക്ടറേറ്റ്. സംസ്ഥാനത്തെ കര, നാവിക, വ്യോമസേനാ വിഭാഗങ്ങളുടെ തലവന്മാരും ഡയറക്ടറേറ്റിന്റെ ഭാഗമായ സ്റ്റിയറിങ് കമ്മിറ്റിയിലുണ്ടാകും. ഡയറക്ടറേറ്റിന്റെ ഭരണച്ചുമതല പൊതുഭരണവകുപ്പിനായിരിക്കും.
സേനാംഗങ്ങള്‍ക്ക് പരിശീലനം നല്കാന് 700 മാസ്റ്റര്‍ ട്രെയിനര്‍മാരെ തയാറാക്കും. സേനയില്‍ ചേരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പേര് രജിസ്റ്റര്‍ ചെയ്യാന്‍ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ 10 മുതല്‍ 31 വരെ ലഭ്യമാകും. ഫെബ്രുവരിയില്‍ മാസ്റ്റര്‍ ട്രെയിനര്‍മാര്‍ക്കുള്ള പരിശീലനം. ഏപ്രില്‍ ഒന്നു മുതല്‍ മെയ് 15 വരെ 14 ജില്ലകളിലും മാസ്റ്റര്‍ ട്രെയിനര്‍മാരുടെ നേതൃത്വത്തില്‍ സേനാംഗങ്ങള്‍ക്ക് പരിശീലനം നല്‍കും.
സര്‍ക്കാര്‍ സംവിധാനത്തിലൂടെ പാര്‍ട്ടിക്കാര്‍ക്ക് മുന്‍തൂക്കമുള്ള സന്നദ്ധസേനയെ ദുരന്തമുഖങ്ങളില്‍ നിയോഗിക്കുന്നതിലൂടെ ജനസേവനരംഗത്ത് പിടിമുറുക്കാമെന്ന സിപിഎമ്മിന്റെ ഗൂഢലക്ഷ്യമാണ് ഇതിനു പിന്നില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: