ശ്രീ സത്യസായി ബാബയുടെ പ്രഭാഷണങ്ങളില്‍ നിന്ന് തെരഞ്ഞെടുത്ത കഥകള്‍ ആധാരമാക്കി കസ്തൂരി രചിച്ച ‘ഒക്ക ചിന്നക്കഥ’എന്ന പുസ്തകത്തില്‍ നിന്ന് മഹാഭാരതത്തിലുള്ള ഒരു ചെറുകഥയാണിത്. ശ്രീകൃഷ്ണന്റെ ഭാര്യമാരില്‍ സത്യഭാമയ്ക്ക് സ്വാര്‍ത്ഥബുദ്ധി കുറെ കൂടുതലായിരുന്നു. എങ്ങനെയെങ്കിലും ശ്രീകൃഷ്ണന് തന്റെ സ്വന്തമായിത്തീരണം എന്നായിരുന്നു അവരുടെ ആഗ്രഹം. ഈ കാര്യം എങ്ങനെ നിറവേറ്റാം എന്ന് അവര്‍ നാരദരോടാലോചിച്ചു. നാരദന് കാര്യം മനസ്ലിലായി. ഇക്കാര്യത്തില്‍ ഇത്ര സ്വാര്‍ത്ഥത നല്ലതല്ലാത്തതിനാല്‍ സത്യഭാമയെ ഒരു പാഠം പഠിപ്പിക്കണമെന്ന് നാരദന് തീരുമാനിച്ചു. ശ്രീകൃഷ്ണനെ തന്റേതുമാത്രമാക്കിത്തീര്ക്കാന് ഒരു വഴിയുണ്ട് എന്ന് പറഞ്ഞു. അതിലേക്കായി ചില ദൈവിക കര്‍മങ്ങളെല്ലാം ചെയ്യണമെന്നും അതിന്റെ അവസാനത്തില്‍ തന്റെ ഭര്‍ത്താവിനെ ഒരു സമ്മാനമെന്ന രീതിയില്‍ ആര്‍ക്കെങ്കിലും കൊടുക്കണമെന്നും അതിനുശേഷം ഭര്‍ത്താവിന്റെ ഘനത്തിന് സമം സ്വര്‍ണം തൂക്കി ആ ആള്‍ക്ക് കൊടുത്ത് തിരികെ ഭര്‍ത്താവിനെ വാങ്ങണമെനനും അങ്ങനെ ചെയ്താല്‍ പിന്നെ ഒരുനാളും ഭര്‍ത്താവ് ഭാര്യയെ വിട്ടുപിരിയുകയില്ല എന്നും ഉപദേശിച്ചു. സത്യഭാമയ്ക്ക് ഈശ്വരശക്തിയെപ്പറ്റി വളരെ ജ്ഞാനമൊന്നുമില്ലായിരുന്നു.
അതിനാല്‍ നാരദന് പറഞ്ഞുതന്നതുപ്രകാരം ചെയ്താല്‍ ശ്രീകൃഷ്ണന് എന്നെന്നേയ്ക്കും എന്റേതുമാത്രമായിരിക്കും എന്ന വിശ്വാസമുണ്ടായി അതുപോലെ ചെയ്യാന്‍ തയ്യാറായി. ദൈവിക കര്‍മങ്ങളെല്ലാം ചെയ്തു. അവസാനത്തില്‍ ഒരു തുലാസ് കൊണ്ടുവന്നു കൃഷ്ണനെ ഒരു തട്ടില്‍ ഇരുത്തി മറ്റെ തട്ടില്‍ സ്വര്‍ണാഭരണങ്ങള്‍ ഇട്ടുതൂക്കാന് തുടങ്ങി. സമ്മാനം വാങ്ങാന്‍ നാരദനും തയ്യാറായിനിന്നു. പക്ഷെ സത്യഭാമയുടെ സകലസ്വത്തും ആ തട്ടില്‍ നിക്ഷേപിച്ചിട്ടും ശ്രീകൃഷ്ണന് ഇരുന്ന തട്ട് അനങ്ങിയില്ല. നാരദന് പറഞ്ഞു, ഈ സ്ഥിതിക്ക് ശ്രീകൃഷ്ണന്റെ അവകാശി ഞാനാണ്. ഞാന്‍ അദ്ദേഹത്തെ കൊണ്ടുപോകുകയാണ് എന്ന്. സത്യഭാമ സങ്കടത്തിലായി. ഈ സമയത്ത് തന്നെ ആര് സഹായിക്കും എന്ന ആലോചനയായി. ഒടുവില്‍ രുഗ്മിണിയെസമീപിച്ച് തന്റെ കഷ്ടസ്ഥിതി അറിയിക്കാം എന്ന് കരുതി രുഗ്മിണിയെ തേടിനടന്നപ്പോള്‍ രുഗ്മിണി തുളസീവനത്തില്നിന്ന് തുളസീപൂജ ചെയ്യുകയായിരുന്നു. കാര്യമെല്ലാം പറഞ്ഞുകേള്‍പ്പിച്ചു.
താന്‍ തീര്ച്ചയായുംസഹായിക്കാം എന്ന് പറഞ്ഞ് കയ്യില്‍ വേറെ തുളസീദളങ്ങളുമായി സത്യഭാമയോടൊത്ത് നാരദനും കൃഷ്ണനും ഇരിക്കുന്ന സ്ഥലത്തേക്ക് ചെന്നു. പണംകൊണ്ട് ഭഗവാനെ തൂക്കിക്കളയാം എന്നുള്ള സത്യഭാമയുടെ മനഃസ്ഥിതികണ്ടപ്പോള് രുഗ്മിണി അതിശയിച്ചുപോയി. രുഗ്മിണി നാരദരോടായി ധനംകൊണ്ട് ഒരുകാലത്തും ഭഗവാനെ അളക്കാന്‍ സാധിക്കുന്നതല്ല എന്നും അദ്ദേഹത്തിന് തുല്യം പ്രാധാന്യമുള്ളതെന്തെങ്കിലുമുണ്ടെങ്കില് അത് അദ്ദേഹത്തിന്റെ നാമം മാത്രമാണെന്നും പറഞ്ഞു. അതിന് നാരദന് പറഞ്ഞത് കൃഷ്ണന് ഒരു ആകാരമുണ്ടല്ലൊ നാമത്തിനാണെങ്കില് ആകാരമില്ല. അതുകൊണ്ട് കൃഷ്ണന്റെ ഭാരം തൂക്കി ശരിപ്പെടുത്താന്‍ ആകാരമുള്ള എന്തെങ്കിലും – കാണപ്പെടുന്ന എന്തെങ്കിലും കൊണ്ടുവേണം അത് ശരിയാക്കാന്‍ എന്ന് പറഞ്ഞു. രുഗ്മിണിയുടെ ഹൃദയം പരിശുദ്ധമായിരുന്നതിനാല് നാരദന് പറഞ്ഞതിന്റെ അര്‍ത്ഥം ഉടനെ മനസ്സിലായി. അല്‍പ്പം ജലമോ, ദളമോ, പൂവോ, പഴമോ ഏതായാലും പരിപൂര്‍ണ വിശ്വാസത്തോടെ ഈശ്വരന് കൊടുക്കുന്നെങ്കില്‍ ഭഗവാന് തൃപ്തിയോടെ അത് സ്വീകരിക്കും എന്ന് പറഞ്ഞിട്ടുണ്ടല്ലൊ.
ആ പറഞ്ഞതില്‍ എന്തെങ്കിലും വാസ്തവമുണ്ടെങ്കില്‍ താന്‍ ഇപ്പോള്‍ പൂര്‍ണ ഭക്തിവിശ്വാസത്തോടെ ചെയ്യുന്നത് ശ്രീകൃഷ്ണന് മനസ്സില്‍ ധ്യാനിച്ചുകൊണ്ട് അദ്ദേഹത്തിന്റെ നാമം ഉച്ചരിച്ചുകൊണ്ട് കയ്യിലുണ്ടായിരുന്നതില്‍ ഒരു തുളസീദളം ആഭരണം ഇട്ടിരുന്ന തട്ടില്നിക്ഷേപിച്ചു. ഉടനെ തുലാസിന്റെ തട്ട് നിലംപതിച്ചു. സ്നേഹം, ഭക്തി, വിശ്വാസം, പരിശുദ്ധത ഇവകൊണ്ടുമാത്രമെ ഈശ്വരപ്രീതി നേടാന്‍ സാധിക്കയുള്ളു; നേരെ മറിച്ച് കുതന്ത്രങ്ങളും കുരുട്ടുവിദ്യകളും കൊണ്ട് ഈശ്വരകൃപ നേടാമെന്ന് കരുതിയാല്‍ അത് സാധ്യമല്ല. ഈശ്വരഭക്തിയുണ്ട് എന്ന് നടിക്കുന്നതുകൊണ്ടോ അങ്ങനെയെല്ലാം അഭിനയിക്കുന്നതുകൊണ്ടോ അദ്ദേഹത്തിന്റെ പ്രീതി ലഭിക്കില്ല.
(വിവര്‍ത്തനം : ഡോ. കെ. ജി. തങ്കമ്മ)
സമ്പാ: എം. എസ്. സംഗമേശ്വരന്
ഫോണ്‍: 9447530446
പ്രതികരിക്കാൻ ഇവിടെ എഴുതുക: