പ്രോട്ടോകോള്‍ പ്രകാരം സംസ്ഥാനത്ത് ഒന്നാം സ്ഥാനക്കാരനാണ് ഗവര്‍ണര്‍. അങ്ങനെയൊരാള്‍ ഉദ്ഘാടകനായ ചടങ്ങില്‍ അനധികൃതമായി നടന്നുകയറി പ്രസംഗിക്കാനോ കൈചൂണ്ടി സംസാരിക്കാനോ ആര്‍ക്കും അധികാരമില്ല. എന്നാല്‍ ശനിയാഴ്ച കണ്ണൂരില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ കയ്യേറ്റം ചെയ്യുന്ന സ്ഥിതിവരെ കാര്യങ്ങള്‍ എത്തിയത് അങ്ങേയറ്റത്തെ ഗുണ്ടായിസമാണ്. ഇന്ത്യന്‍ ചരിത്ര കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ ഇര്ഫാന് ഹബീബാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുനേരെ ഓടിയെത്തിയത്. ഇയാളെ തടയാനോ, കസ്റ്റഡിയിലെടുക്കാനോ പോലീസ് തയ്യാറായില്ല. സദസില്‍ ആക്രോശിച്ചുകൊണ്ടിരുന്നവരെ പുറത്താക്കാന്‍ ശക്തമായ നടപടി സ്വീകരിക്കാനും പോലീസ് തുനിഞ്ഞില്ല. സിപിഎം നേതാക്കളുടെ ഒത്താശയോടെയാണ് ഗവര്‍ണറെ കയ്യേറ്റം ചെയ്യുന്നിടത്തോളം പ്രതിഷേധം ഉയര്‍ന്നത്. ഇന്ത്യന്‍ ചരിത്ര കോണ്‍ഗ്രസിന്റെ ഉദ്ഘാടനവേദിയാണ് കേരളത്തിന് അപമാനത്തിന്റെ ചരിത്രമുണ്ടാക്കിയത്. ഗവര്‍ണര്‍ക്ക് നല്‍കേണ്ട സുരക്ഷപോലും കൃത്യമായി ഒരുക്കാതെ പോലീസ് നോക്കുകുത്തിയായി. കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യെദിയുരപ്പയെ കയ്യേറ്റം ചെയ്യുന്നതിനായി സിപിഎം-കോണ്‍ഗ്രസ് ഗുണ്ടകള്‍ കണ്ണൂരില്‍ ഒരുങ്ങിയപ്പോഴും പോലീസിന്റെ പെരുമാറ്റം ഇതുപോലെയായിരുന്നു.
പൗരത്വ ഭേദഗതി നിയമത്തെ പിന്തുണയ്ക്കുന്ന ഗവര്‍ണറുടെ നിലപാടില്‍ പ്രതിഷേധിക്കാനെന്ന പേരിലാണ് കണ്ണൂര്‍ സര്‍വകലാശാലയിലെ ഉദ്ഘാടന വേദിയില്‍ ഇന്ത്യന്‍ ചരിത്ര കോണ്‍ഗ്രസ്സിനെത്തിയ ഇടത്-ജിഹാദി ഒരുപറ്റം പ്രതിനിധികള്‍ അതിരുവിട്ട് പെരുമാറിയത്. അയോധ്യയുടെ ചരിത്രത്തെ ഹിന്ദു വിരുദ്ധമായി വളച്ചൊടിക്കാന്‍ നേതൃത്വം നല്കിയ ഇര്ഫാന് ഹബീബിന്റെ നേതൃത്വത്തില്‍ ആസൂത്രിതമായാണ് ഗവര്‍ണര്‍ക്കെതിരെ ഗുണ്ടായിസം കാട്ടിയത്. വേദിയിലുയര്‍ന്ന രാജ്യവിരുദ്ധ, ഭരണഘടനാ വിരുദ്ധ പ്രസംഗങ്ങള്‍ക്ക് ഗവര്‍ണര്‍ മികച്ച മറുപടി നല്‍കിയതാണ് ഇര്‍ഫാനെ പ്രകോപിപ്പിച്ചതെങ്കില്‍ പ്രതിനിധികളായെത്തിയവര്‍ പ്ലക്കാര്‍ഡും കരുതിയിരുന്നു. ഇതില്‍ നിന്ന് ആസൂത്രണം വ്യക്തമാകുന്നു.
ഉദ്ഘാടന പ്രസംഗം നടത്തുന്നതിനിടെ പ്ലക്കാര്‍ഡ് ഉയര്‍ത്തിയും മുദ്രാവാക്യം വിളിച്ചും ബഹളമുണ്ടാക്കിയതിനെ തുടര്‍ന്ന് പ്രസംഗം പൂര്‍ത്തിയാക്കാതെ ഗവര്‍ണര്‍ മടങ്ങുകയായിരുന്നു. എഴുതിത്തയാറാക്കിയ പ്രസംഗമുണ്ടെങ്കിലും അതിന് മുന്നോടിയായി ചില കാര്യങ്ങള്‍ പറയാനുണ്ടെന്ന് സൂചിപ്പിച്ചുകൊണ്ടാണ് ആരിഫ് മുഹമ്മദ് ഖാന് പ്രസംഗം ആരംഭിച്ചത്. ആദ്യം ഇര്ഫാന് ഹബീബും കെ.കെ. രാഗേഷ് എംപിയും ഇന്ത്യന്‍ ഭരണഘടന അപകടത്തിലാണെന്നും ചരിത്രം മാറ്റിയെഴുതപ്പെടുകയാണെന്നും മറ്റും സൂചിപ്പിച്ചിരുന്നു. ഇതുകേട്ട് നിശബ്ദനാകാന്‍ ഗവര്‍ണര്‍ക്ക് സാധിക്കാത്തത് സ്വാഭാവികമാണ്.
‘ഭരണഘടനയെ സംരക്ഷിക്കുമെന്ന് സത്യപ്രതിജ്ഞ ചെയ്താണ് താന്‍ ഗവര്‍ണറായത്. ഭരണഘടനയ്ക്ക് ഭീഷണിയുണ്ടായെന്നു തോന്നിയ ഘട്ടങ്ങളില്‍ പദവി വലിച്ചെറിഞ്ഞയാളാണ് താന്‍. ഇന്ന് ഭരണഘടന ഭീഷണിയിലാണെന്ന പ്രചാരണം ശരിയല്ല’, ആരിഫ് മുഹമ്മദ് ഖാന് പറഞ്ഞു. പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ചുള്ള തന്റെ അഭിപ്രായങ്ങള്‍ പൂര്‍ണമായും ശരിയാണ്. ഈ വിഷയത്തില്‍ പ്രതിഷേധിച്ചവരോട് സംവാദത്തിന് തയാറാണെന്ന് താന്‍ അറിയിച്ചിരുന്നു. എന്നാല്‍ ഒരാള്‍ പോലും അതിന് തയാറായില്ല. ജനാധിപത്യം ആവശ്യപ്പെടുന്നത് ആരോഗ്യകരമായ ചര്‍ച്ചകളെയാണ്. സംവാദത്തിനുള്ള വാതില്‍ അടയ്ക്കുന്നവര്‍ അക്രമം പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നതെന്ന് ഗവര്‍ണര്‍ ആക്ഷേപിച്ചതില്‍ ഒരു രാജ്യസ്നേഹിക്കും പ്രകോപിതനാകാന് കഴിയില്ല.
ഗവര്‍ണര്‍ പങ്കെടുക്കുന്ന ചടങ്ങിന്റെ വേദിയില്‍ നിശ്ചിത ആള്‍ക്കാര്‍ക്കേ ഇരിക്കാന്‍ സാധിക്കൂ. ഇര്ഫാന് ഹബീബിന്റെ പേര് ലിസ്റ്റിലുണ്ടായിരുന്നില്ല. പിന്നെ ഇയാള്‍ എങ്ങനെ വേദിയിലെത്തി എന്ന് അന്വേഷിക്കേണ്ടതുണ്ട്. പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ച് ഈ സഖാവ് ചില വാദങ്ങള്‍ ഉന്നിയിച്ചിരുന്നു. ഗവര്‍ണര്‍ ഈ വാദങ്ങളെക്കുറിച്ച് സംസാരിച്ചുതുടങ്ങിയപ്പോള്‍ ഹബീബ് ശാരീരികമായി ഗവര്‍ണറെ തടയാന്‍ ശ്രമിച്ചത് എന്തടിസ്ഥാനത്തിലാണ്. മൗലാനാ അബ്ദുള്‍ കലാം ആസാദിന്റെ വാക്കുകള്‍ ഉദ്ധരിച്ചു ഗവര്‍ണര്‍ സംസാരിക്കുമ്പോള്‍ താങ്കള്‍ ഗോഡ്സയെക്കുറിച്ച് സംസാരിക്കണമെന്നാണ് ഇടത് ചരിത്രകാരന് ആക്രോശിച്ചത്. ഗവര്‍ണറുടെ എഡിസിയേയും സുരക്ഷാ ഉദ്യോഗസ്ഥനേയും അയാള്‍ തള്ളിമാറ്റി.
ഭരണഘടനാ പദവിയില്‍ ഇരിക്കുന്ന ആള് എന്ന നിലയില്‍ ഭരണഘടനയ്ക്കും പാര്‍ലമെന്റ് പാസാക്കിയ നിയമത്തിനും എതിരായി തന്റെ സാന്നിധ്യത്തില്‍ വിമര്‍ശനം ഉണ്ടായാല്‍ അതിന് മറുപടി പറയാന്‍ ഗവര്‍ണര്‍ക്ക് ബാധ്യതയുണ്ട്. വിയോജിപ്പുള്ളവര്‍ക്ക് അത് പ്രകടിപ്പിക്കാം. അതിന്റെ പേരില്‍ ഭരണഘടനാ പദവിയിലുള്ള ഒരാളെ അവഹേളിക്കാന്‍ പാടില്ല. നിര്‍ഭാഗ്യവശാല്‍ സര്‍ക്കാരും പ്രതിപക്ഷവും ഗവര്‍ണര്‍ക്കെ തിരായി എടുക്കുന്ന നിലപാടാണ് ഇത്തരം അവഹേളനങ്ങള്‍ക്കും അക്രമങ്ങള്‍ക്കും വഴിവയ്ക്കുന്നത്. ഭരണഘടനയോട് അല്‍പ്പമെങ്കിലും മതിപ്പുണ്ടെങ്കില്‍ കണ്ണൂര്‍ സംഭവത്തിന്റെ പേരില്‍ മുഖ്യമന്ത്രി ഗവര്‍ണറോട് പരസ്യമായി മാപ്പുപറയുകയാണ് വേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: