ക്രിക്കറ്റിലും ഫുട്ബോളിലും ഇംഗ്ലീഷ് കരുത്ത്, ഇന്ത്യയുടെ സിന്ദൂരത്തിലകമായി പി.വി. സിന്ധു, ആറാം തമ്പുരാനായി ലയണല്‍ മെസി, സെഞ്ചുറിയടിച്ച ഫെഡററും അടിക്കാനിരിക്കുന്ന റോണോയും… പ്രൗഢഗംഭീരമായിരുന്നു 2019ലെ കായികരംഗം. കളിക്കളങ്ങളിലെ തലമുറ കൈമാറ്റത്തിന് ഏറെക്കുറെ തുടക്കമായെന്ന പ്രത്യേകതയും തലയില്‍ ചാര്‍ത്തിയാണ് 2019 വിടപറയാനൊരുങ്ങുന്നത്. സര്‍വ മേഖലകളിലും യുവതലമുറ ആധിപത്യം സ്ഥാപിച്ചു തുടങ്ങി. ഇന്ത്യന്‍ ടെന്നീസിന്റെ മാനസ പുത്രന് ലിയാന്‍ഡര്‍ പേസ് 2020ഓടെ കോര്‍ട്ടിനോട് പൂര്‍ണമായും വിടപറയുമെന്ന വാര്‍ത്തയും 2019ന്റെ ബാക്കിപത്രം. പ്രതീക്ഷയോടെ, അതിലേറെ ആവേശത്തോടെയാണ് ഒളിമ്പിക്സ് വര്‍ഷത്തെ കായിക ലോകം വരവേല്‍ക്കാനൊരുങ്ങുന്നത്.
സിന്ധു മുതല്‍ ആന്‍സി വരെ
പി.വി. സിന്ധു, ഒരിക്കല്‍കൂടി ഇന്ത്യന്‍ പതാക വാനിലുയര്‍ത്തിയ ലേഡി സൂപ്പര്‍ സ്റ്റാര്‍. ബാഡ്മിന്റണില്‍ ഇന്ത്യയുടെ എക്കാലത്തെയും മികച്ച താരമാവുകയാണ് സിന്ധു. ആഗസ്റ്റ് 25ന് സ്വിറ്റ്സര്‍ലന്‍ഡിലെ ബേസലില്‍ ജപ്പാന്റെ നസോമി ഒക്കുഹാരയെ കീഴടക്കി ലോക ചാമ്പ്യന്‍ഷിപ്പ് നേടി ചരിത്രം കുറിക്കുമ്പോള്‍ സിന്ധു ഇന്ത്യന്‍ കായിക ലോകത്തിന്റെ മുഖമായി. വലിയ നേട്ടത്തിലെത്തിയെങ്കിലും പിന്നീടങ്ങോട്ട് സിന്ധുവിന് കാര്യങ്ങള്‍ അത്ര പന്തിയല്ല. തൊടുന്നതെല്ലാം പൊള്ളുന്നു. പങ്കെടുക്കുന്നിടത്തെല്ലാം തോല്‍വിയാണ് താരത്തിന്റെ വര്‍ഷാവസാനത്തെ സമ്പാദ്യം.
ഷൂട്ടിങ്ങില്‍ അടുത്ത തലമുറയുടെ താരം താനാകുമെന്ന് തെളിയിക്കുന്നതായിരുന്നു യുവതാരം മനു ഭാക്കറുടെ ലോക ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പിലെ 10 മീറ്റര്‍ പിസ്റ്റളിലെ പ്രകടനം. ലോക റെക്കോഡ് തിരുത്തിയ താരം ജൂനിയര്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്കായി സ്വര്‍ണം നേടുന്ന രണ്ടാമത്തെ താരവുമായി.
വലിയ പാരമ്പര്യം അവകാശപ്പെടാനില്ലാത്ത എഫ്ഐഎം മോട്ടോര്‍ സ്പോര്‍ട്സ് ലോക ചാമ്പ്യന്‍ഷിപ്പിലും ഇന്ത്യയുടെ ദേശീയ ഗാനം ഉയര്‍ന്നു കേട്ടു. 23 വയസ്സുള്ള ഐശ്വര്യ പിസെ മോട്ടോര്‍ സ്പോര്‍ട്സില്‍ ആദ്യമായി ഒരു കിരീടം ഇന്ത്യയിലെത്തിച്ചു. ശക്തരായ വനിതാ റേസര്‍മാരുടെ നിരയിലേക്ക് ഐശ്വര്യ വളര്‍ന്നു.
ഇങ്ങ് കേരളത്തിലും ഒരു പെണ്‍കുട്ടിയുടെ മികവിലായിരുന്നു ദേശീയ സ്കൂള്‍ കായിക മേളയില്‍ കേരളത്തിന്റെ കുതിപ്പ്. സംസ്ഥാന സ്കൂള്‍ മീറ്റെന്നപോലെ ദേശീയ മീറ്റിലും നാട്ടിക ഗവ. എച്ച്എസ്എസിലെ ആന്‍സി സോജന് ട്രിപ്പിള്‍ സ്വര്‍ണം നേടി. ട്രാക്കില്‍ ഇന്ത്യയുടെ പ്രതീക്ഷയാണ് ആന്‍സി.
മുന്നോട്ടു കുതിച്ച് ഇംഗ്ലീഷ് പട
ക്രിക്കറ്റിലും ഫുട്ബോളിലും ഇംഗ്ലീഷ് ടീമുകളുടെ കുതിപ്പ് പ്രകടമായിരുന്നു. ക്രിക്കറ്റിന്റെ രാജാക്കന്മാരായി ഇംഗ്ലണ്ട് അധികാരമേറ്റ വര്‍ഷമാണ് കടന്നുപോകുന്നത്. നീണ്ട കാലത്തെ കാത്തിരിപ്പിന് വിരാമമിട്ട് സ്വന്തം നാട്ടില്‍ നടന്ന ടൂര്‍ണമെന്റ് ഇംഗ്ലണ്ട് ആഘോഷമാക്കി. എന്നാല്‍, ഐസിസിയുടെ മണ്ടന്‍ നിയമം ഇംഗ്ലണ്ടിന്റെ നേട്ടത്തിന് മങ്ങലേല്‍പ്പിച്ചു. ഫൈനലില്‍ ഒരേ സ്കോറില്‍ ഇംഗ്ലണ്ടും ന്യൂസിലന്‍ഡും കളി അവസാനിപ്പിച്ചപ്പോള്‍ ബൗണ്ടറി നേട്ടത്തിന്റെ ഏറ്റക്കുറച്ചിലില്‍ വിജയിയെ നിശ്ചയിച്ചത് നാണക്കേടായി. ഇന്ത്യയും ഓസ്ട്രേലിയയും കിരീടത്തിനു മുന്നില്‍ തട്ടി വീണു. ബെന്‍ സ്റ്റോക്സ്, ജോസ് ബട്ലര്, ജോണി ബെയര്‍സ്റ്റോ, ജോഫ്രെ ആര്‍ച്ചര്‍, ജോ റൂട്ട് എന്നിവര്‍ ഒയിന്‍ മോര്‍ഗന്റെ കീഴില്‍ അസാധാരണ സംഘമായി മാറിയിരുന്നു. ഇംഗ്ലണ്ടിന്റെ കിരീട നേട്ടത്തോടൊപ്പം ഫൈനലിലെ വിജയവും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു.
ഫുട്ബോളിലും വാര്‍ത്തകളില്‍ നിറഞ്ഞത് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ടീമുകള്‍. നീണ്ട ഇടവേളയ്ക്ക് ശേഷം ലിവര്‍പൂള്‍ ചാമ്പ്യന്‍സ് ലീഗില്‍ ജേതാക്കളായി. പ്രീമിയര്‍ ലീഗില്‍ കിരീടത്തിനായി മാഞ്ചസ്റ്റര്‍ സിറ്റിയും ലിവര്‍പൂളും നടത്തിയ പോരാട്ടം യൂറോപ്യന്‍ മൈതാനങ്ങളെ തീപിടിപ്പിച്ചു. ഫോട്ടോ ഫിനിഷിലായിരുന്നു സിറ്റിയുടെ കിരീട ധാരണം. സ്പാനിഷ് ലീഗില്‍ റയല്‍ മാഡ്രിഡ് കിതച്ചപ്പോള്‍ ബാഴ്സലോണ അനായാസം കിരീടത്തിലെത്തി. ഇറ്റാലിയന്‍ ലീഗില്‍ യുവന്റസും ഫ്രഞ്ച് ലീഗില്‍ പിഎസ്ജിയും ജര്‍മന്‍ ലീഗില്‍ ബയേണ്‍ മ്യൂണിക്കും കിരീടമണിഞ്ഞു. യുഇഎഫ്എ നേഷന്‍സ് ലീഗില്‍ പോര്‍ച്ചുഗലും കോപ്പ അമേരിക്കയില്‍ ബ്രസീലും ജേതാക്കളായി.
പ്രതീക്ഷയോടെ 2020
ഒളിമ്പിക്സ് വര്‍ഷമെന്ന നിലയിലാണ് 2020 കായിക ചരിത്രത്തില്‍ ഇടംപിടിക്കുക. ജപ്പാന് തലസ്ഥാനം ടോക്കിയോ വേദിയാകുന്ന ഒളിമ്പിക്സിന് മെഡല്‍ പ്രതീക്ഷയുമായി ഇരുന്നൂറിലധികം രാജ്യങ്ങളും പതിനായിരത്തിലധികം താരങ്ങളുമെത്തും. വലിയ സ്വപ്നങ്ങളില്ലെങ്കിലും ഷൂട്ടിങ്, ഹോക്കി, ഗുസ്തി, ബോക്സിങ് തുടങ്ങി പല ഇനങ്ങളിലും ഇന്ത്യക്കും പ്രതീക്ഷയുണ്ട്.
ഐസിസി അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പും ട്വന്റി20 ക്രിക്കറ്റ് ലോകകപ്പും ആണ് വരും വര്‍ഷം ക്രിക്കറ്റിലെ പ്രധാന പോരാട്ടങ്ങള്‍. കിരീട പ്രതീക്ഷയില്‍ മുന്നിലാണ് ഇന്ത്യയെന്നതു തന്നെ ആരാധകരുടെ ആവേശം വര്‍ധിപ്പിക്കും. ഒരുപക്ഷെ ക്യാപ്റ്റന്‍ കൂള്‍ എം.എസ്. ധോണിയുടെ വിരമിക്കലിനും വരും വര്‍ഷം സാക്ഷിയായേക്കാം.
ടെന്നീസില്‍ റോജര്‍ ഫെഡററും റഫാല്‍ നദാലും നൊവാക് ദ്യോക്കോവിച്ചും ഗ്രാന്‍ഡ് സ്ലാമുകളുടെ എണ്ണം കൂട്ടാന്‍ കളത്തിലുണ്ടാകും. അവര്‍ക്ക് വെല്ലുവിളിയായി പുത്തന്‍ താരങ്ങളും.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂള്‍ അനായാസം മുന്നേറുന്നു. ചാമ്പ്യന്‍സ് ലീഗ് കിരീടം നിലനിര്‍ത്താമെന്ന പ്രതീക്ഷയും ആന്‍ഫീല്‍ഡിലെ ചുവപ്പുപടയ്ക്കുണ്ട്. സ്പെയിനില്‍ റയലും ബാഴ്സയും ഒപ്പത്തിനൊപ്പം പൊരുതുമ്പോള്‍, ഇറ്റലിയില്‍ യുവന്റസിന് വെല്ലുവിളിയായി ഇന്റര്‍ മിലാനുണ്ട്. ഫ്രാന്‍സില്‍ പിഎസ്ജി ആധിപത്യം തുടരുമ്പോള്‍, ജര്‍മനിയില്‍ ബയേണിന് വെല്ലുവിളിയുണ്ട്. യൂറോപ്യന്‍ ഫുട്ബോളിന്റെ ചാരുതയുമായി യൂറോ കപ്പിനും ഈ വര്‍ഷം വേദിയാകും. പ്രായത്തെ വെല്ലുന്ന മെയ്വഴക്കവുമായി ഇടിക്കൂട്ടില്‍ മേരി കോമും തിരിച്ചുവരവിന്റെ കാഹളം മുഴക്കി സാനിയ മിര്‍സയും ഇന്ത്യന്‍ ആരാധകര്‍ക്ക് നല്‍കുന്നത് ചെറുതല്ലാത്ത പ്രതീക്ഷകളാണ്.
കേരളത്തിന്റെ അഭിമാനമുയര്‍ത്തിയവര്‍
ആഭ്യന്തര ക്രിക്കറ്റില്‍ കേരളം കൂടുതല്‍ കരുത്താര്‍ജിച്ച വര്‍ഷമാണ് കടന്നുപോകുന്നത്. ചരിത്രത്തിലാദ്യമായി രഞ്ജി ട്രോഫിയുടെ സെമിഫൈനലില്‍ കേരളമെത്തി. മുന്‍ ശ്രീലങ്കന്‍ പരിശീലകന് ഡേവ് വാട്മോറിന്റെ കീഴിലായിരുന്നു നേട്ടം. അതിഥി താരമായെത്തിയ ജലജ് സക്സേനയുടെ ഓള്‍റൗണ്ട് മികവും സന്ദീപ്
വാര്യര്‍, ബേസില്‍ തമ്പി പേസ് ബൗളിങ് കൂട്ടുകെട്ടിന്റെ പ്രഹരശേഷിയും സച്ചിന് ബേബിയുടെ നേതൃത്വത്തില്‍ ബാറ്റിങ് നിരയുടെ മിന്നും പ്രകടനവും കേരളത്തെ മുന്നോട്ടു നയിച്ചു. ഇത്തവണ റോബിന് ഉത്തപ്പ പോലുള്ള താരങ്ങളെ എത്തിച്ച് പ്രതീക്ഷയിലാണ് ടീം. ഈ വര്‍ഷത്തെ നിയന്ത്രിത ഓവര്‍ മത്സരങ്ങളായ സയ്യിദ് മുഷ്താഖ് അലി ട്വന്റി20 ട്രോഫിയിലും വിജയ് ഹസാരെ ഏകദിന ചാമ്പ്യന്‍ഷിപ്പിലും കര്‍ണാടകം കിരീടം നേടി.
ഫുട്ബോളില്‍ ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സ് തകര്‍ന്നടിഞ്ഞെങ്കിലും ഗോകുലം കേരള രാജ്യത്തെ ഏറ്റവും പഴക്കമുള്ള ചാമ്പ്യന്‍ഷിപ്പായ ഡ്യൂറന്‍ഡ് കപ്പ് നേടി കരുത്തു കാട്ടി. ഈ വര്‍ഷവും ബ്ലാസ്റ്റേഴ്സില്‍ മുടന്തി നീങ്ങുമ്പോള്‍, ഗോകുലം പ്രതീക്ഷ നല്കുന്നു.
ട്രാക്കില്‍ കേരളത്തിന്റെ കുതിപ്പിനും 2019 അവസാനം സാക്ഷിയായി. ദേശീയ സ്കൂള്‍ കായിക മേളയില്‍ ഇരുപതാം തവണ കേരളം കിരീടം നേടി. സീനിയര്‍ പെണ്‍കുട്ടികളുടെ തകര്‍പ്പന്‍ പ്രകടനത്തിലായിരുന്നു കിരീട നേട്ടം.
യുവാക്കള്‍ നിറയുന്ന ഇന്ത്യന്‍ ക്രിക്കറ്റ്
ഇന്ത്യന്‍ ക്രിക്കറ്റ് ഇന്ന് യുവാക്കളുടെ കൈയില്‍ ഭദ്രം. ഒന്നില്‍ പിഴച്ചാല്‍ ടീമിനു പുറത്തേക്കെന്ന സാഹചര്യത്തിലേക്ക് ടീം ഇന്ത്യ മാറി. അവസരത്തിനായി കാത്തുനില്ക്കുന്നവവര് ഏറെ. മുഹമ്മദ് സിറാജ്, വിജയ് ശങ്കര്‍, ശുഭ്മാന്‍ ഗില്‍, ശിവം ദുബെ, സവദീപ് സൈനി ഈ വര്‍ഷം മാത്രം ഇന്ത്യന്‍ ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച താരങ്ങളാണിത്. ഐസിസി ഏകദിന ക്രിക്കറ്റ് ലോകകപ്പിന് ശേഷം ഇടവേളയെടുത്ത ഇന്ത്യയുടെ സൂപ്പര്‍ നായകന് എം.എസ്. ധോണി ഏറെക്കുറെ വിരമിച്ച മട്ടാണ്. ധോണിയുടെ സ്ഥാനത്തേക്ക് പോലും മലയാളി താരം സഞ്ജു വി. സാംസണ് അടക്കമുള്ളവര്‍ കടുത്ത പോരാട്ടം നടത്തുന്നു. പ്രിഥ്വി ഷാ, ഋഷഭ് പന്ത്, ദീപക് ചാഹര്‍, ഖലീല്‍ അഹമ്മദ്, ശ്രേയസ് അയ്യര്‍… യുവനിരയാല്‍ സമ്പന്നമാണ് ഇന്ത്യന്‍ ക്രിക്കറ്റ്.
വിരാട് കോഹ്ലിയും രോഹിത് ശര്‍മയും നേതൃത്വം നല്കുന്ന ബാറ്റിങ് നിരയാണ് ഇന്ത്യയെ മുന്നോട്ടു നയിക്കുന്നത്. വിവിധ ഫോര്‍മാറ്റുകളില്‍ ഇവര്‍ക്ക് താങ്ങായി ഓരോരുത്തര് ഉത്തരവാദിത്വം ഏറ്റെടുക്കുന്നത് ആശ്വാസകരം. ടെസ്റ്റില്‍ ആശങ്കയ്ക്ക് വകയില്ലെങ്കിലും ഏകദിനത്തില്‍ മധ്യനിര കൂടുതല്‍ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടിയിരിക്കുന്നു. ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി, ഉമേഷ് യാദവ്, ഇഷാന്ത് ശര്‍മ… ഇന്ത്യന്‍ പേസ് ബൗളിങ്ങിന്റെ ആക്രമണോത്സുകതയുടെ മുഖങ്ങളാണിവര്‍. ടെസ്റ്റ് ക്രിക്കറ്റില്‍ രാജ്യത്തും പുറത്തും ഇന്ത്യ തുടരുന്ന അധീശത്വത്തില്‍ ഈ പേസ് നിരയുടെ പങ്ക് പ്രധാനം. സമകാലീന ക്രിക്കറ്റിലെ ഏറ്റവും പ്രഹരശേഷിയുള്ള ബൗളിങ് നിരയെന്ന വിശേഷണവും ഇവര്‍ക്ക് സ്വന്തം.
ബിസിസിഐയിലെ അധികാര കൈമാറ്റവും പോയ വര്‍ഷം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. ഇന്ത്യന്‍ ക്രിക്കറ്റിന്റെ തലപ്പത്തേക്ക് സൗരവ് ഗാംഗുലി അവരോധിക്കപ്പെട്ടതോടെ പല മാറ്റങ്ങള്‍ക്കും വഴിതുറക്കുമെന്ന പ്രതീക്ഷയിലാണ് ക്രിക്കറ്റ് ലോകം. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മകന് ജെയ്ഷാ സെക്രട്ടറിയും, കേന്ദ്ര സഹമന്ത്രി അനുരാഗ് താക്കൂറിന്റെ സഹോദരന് അരുണ്‍ സിങ് ധുമല്‍ ട്രഷററുമായി ഗാംഗുലിക്കൊപ്പമുണ്ട്. ജോയിന്റ് സെക്രട്ടറിയായി മലയാളിയായ ജയേഷ് ജോര്‍ജ്ജും സംഘത്തിലുണ്ട്.
ഫെഡററും മെസിയും പിന്നെ ഹാമില്‍ട്ടണും
മുന്‍നിര താരങ്ങള്‍ക്ക് അത്ര മോശം സമയമല്ല കടന്നുപോകുന്നത്. കിരീടങ്ങള്‍ വാരിക്കൂട്ടിയില്ലെങ്കിലും അഭിമാനിക്കാന്‍ മുഹൂര്‍ത്തങ്ങള്‍ ഏറെയായിരുന്നു. ഗ്രാന്‍ഡ് സ്ലാം കിരീടം ഒഴിഞ്ഞുനിന്ന വര്‍ഷമാണെങ്കിലും കരിയറില്‍ നൂറു സിംഗിള്‍സ് കിരീടമെന്ന സ്വപ്ന നേട്ടം സ്വന്തമാക്കാന്‍ റോജര്‍ ഫെഡറര്‍ക്കായി. ഈ നേട്ടത്തിലെത്തുന്ന രണ്ടാമത്തെ താരമായി അദ്ദേഹം. സെര്‍ബിയയുടെ നൊവാക് ദ്യോക്കോവിച്ചാകട്ടെ ഓസ്ട്രേലിയന്‍ ഓപ്പണിലും വിംബിള്‍ഡണിലും കിരീടം നേടി. തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ഫ്രഞ്ച് ഓപ്പണ്‍ നേടിയ റാഫേല്‍ നദാല്‍ യുഎസ് ഓപ്പണിലും മുത്തമിട്ട്, പോയ വര്‍ഷം ഗംഭീരമാക്കി.
ഫുട്ബോളിലെ മികച്ച താരത്തിനു നല്കുന്ന ബാലന് ദ്യോറിന്റെ എണ്ണം കൂട്ടിയ ലയണല്‍ മെസി ചിരവൈരിയായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെക്കാള്‍ ഒരുപടി മുന്നിലെത്തി. മൂന്ന് വര്‍ഷത്തിന് ശേഷമായിരുന്നു മെസിയുടെ നേട്ടം. മറുവശത്ത് രാജ്യത്തിനായി 100 ഗോള്‍ എന്ന അത്ഭുത നേട്ടത്തിന്റെ പടിവാതില്‍ക്കലാണ് റോണോ. വരും വര്‍ഷം റോണോ ഈ നേട്ടം അനായാസം മറികടന്നേക്കാം. ലിവര്‍പൂളിന്റെ പ്രതിരോധ താരം വിര്‍ജില്‍ വാന്‍ ഡിക്ക് യുവേഫയുടെ മികച്ച താരത്തിനുള്ള പുരസ്കാരവും നേടി. ഫോര്‍മുല വണ്ണില്‍ ലൂയിസ് ഹാമില്ട്ടണ് തുടര്‍ച്ചയായ മൂന്നാം തവണയും കിരീടം നേടി. ഇതോടെ ഇതിഹാസ താരം മൈക്കിള്‍ ഷൂമാക്കറിന് ശേഷം ഫോര്‍മുല വണ്ണില്‍ ഏഴ് കിരീടം നേടുന്ന രണ്ടാമത്തെ താരമായി.
ദോഹയില്‍ നടന്ന ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ ജസ്റ്റിന് ഗാറ്റ്ലിനെ പിന്തള്ളി അമേരിക്കയുടെ തന്നെ ക്രിസ്റ്റ്യന്‍ കോള്മാന് വേഗമേറിയ താരമായി. വനിതകളില്‍ ജമൈക്കയുടെ ഷെല്ലി ആന്‍ ഫ്രെയ്സര്‍ പ്രൈസ് നൂറു മീറ്ററില്‍ സ്വര്‍ണം നേടുന്ന പ്രായമേറിയ വനിതയായി. ലോക ചാമ്പ്യന്‍ഷിപ്പില്‍ താരത്തിന്റെ നാലാം സ്വര്‍ണമാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: