കടന്നു പോകുന്ന വര്‍ഷം മലയാള സിനിമയ്ക്ക് പറയാനുള്ളത് നഷ്ടത്തിന്റെ കണക്കുമാത്രം. 2018നെക്കാള്‍ എണ്ണത്തില്‍ കൂടുതല്‍ സിനിമകളുണ്ടായെങ്കിലും വിജയിച്ച സിനിമകള്‍ വിരലിലെണ്ണാവുന്നവ മാത്രം. ഇനിയും വിട്ടുമാറാത്ത ന്യൂജെന്‍ തരംഗരോഗത്തില് കുറേ സിനിമകള്‍ സൃഷ്ടിക്കപ്പെട്ടെങ്കിലും ഒന്നും മുടക്കുമുതല്‍ തിരികെ പിടിച്ചില്ല. പ്രേക്ഷകരില്‍ ഒരു ചലനവും സൃഷ്ടിക്കാതെ വെള്ളിത്തിരയില്‍ മിന്നിമറഞ്ഞുപോയ നൂറിലധികം ചലച്ചിത്രങ്ങളാണ് കടന്നു പോകുന്ന വര്‍ഷത്തിന്റെ മഹത്തായ സംഭാവന. 2018ല്‍ 152 സിനിമകളാണുണ്ടായത്. 2019ല്‍ ഇതുവരെ 193 സിനിമകള്‍ തിയറ്ററുകളിലെത്തി. അതില്‍ നഷ്ടമില്ലാതെ, നിര്‍മ്മാതാവിനെ സന്തോഷിപ്പിച്ചത് 23 സിനിമകള്‍ മാത്രം. അതില്‍ ഏഴെണ്ണം മാത്രമാണ് ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടിയത്. ഹിറ്റായ ചിത്രങ്ങളെല്ലാം കുറഞ്ഞ പണച്ചെലവില്‍ പൂര്‍ത്തിയായ കൊച്ചു സിനിമകളായിരുന്നു.
2019ലെ ആദ്യ ഹിറ്റ് ആസിഫലിയും ഐശ്വര്യലക്ഷ്മിയും അഭിനയിച്ച ‘വിജയ് സൂപ്പറും പൗര്‍ണമിയും’ ആണ്. പ്രത്യേകതകളേറെയുള്ള ചെറിയ കഥ, വളരെ കുറഞ്ഞചെലവില്‍ അവതരിപ്പിച്ചു. ജിസ് ജോയ് സംവിധാനം ചെയ്ത സിനിമ കണ്ടു കഴിഞ്ഞപ്പോള്‍ പ്രേക്ഷകര്‍ എഴുന്നേറ്റ് നിന്ന് കയ്യടിച്ചു. സിനിമ കണ്ടിറങ്ങിയവരുടെ മനസ്സില്‍ സന്തോഷത്തിന്റെ തണുപ്പു പടര്‍ന്നു. നാല് കോടിയോളം മുടക്കിയ ചിത്രം 15 കോടി തീയറ്ററില്‍ നിന്ന് സമ്പാദിച്ചു. 2019ല്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുകയും വലിയൊരുവിഭാഗം പ്രേക്ഷകര്‍ ഇഷ്ടപ്പെടുകയും ചെയ്ത സിനിമയാണ് ‘കുമ്പളങ്ങി നൈറ്റ്സ്’. ആറരക്കോടി മുടക്കി നിര്‍മ്മിച്ച ചിത്രം 40 കോടിയിലധികമാണ് നേടിയത്. മധു.സി. നാരായണന് സംവിധാനം ചെയ്ത സിനിമ പുതിയ അനുഭവമാണ് സമ്മാനിച്ചത്. ഫഹദ് ഫാസില്‍, സൗബിന് ഷാഹിര്‍, ഷെയ്ന് നിഗം, ശ്രീനാഥ് ഭാസി, അന്ന ബെന്‍, ഗ്രേസ് ആന്റണി തുടങ്ങിയവരായിരുന്നു അഭിനേതാക്കള്‍.
പാര്‍വ്വതി തിരുവോത്തിനെ പ്രധാന കഥാപാത്രമാക്കി നവാഗതനായ മനു അശോകന് സംവിധാനം ചെയ്ത ചിത്രം ‘ഉയരെ’ കടന്നുപോകുന്ന വര്‍ഷത്തെ അടയാളപ്പെടുത്തിയ ചലച്ചിത്രമാണ്. പാര്‍വ്വതിയുടെയും ആസിഫ് അലിയുടെയും അസാമാന്യ പ്രകടനമായിരുന്നു ചിത്രത്തിന്റെ ഹൈലൈറ്റ്സ്. ചിത്രത്തിന്റെ പ്രമേയം രാജ്യാന്തര തലത്തില്‍ ശ്രദ്ധനേടുന്നതുമായി. നിരൂപകര്‍ ഏറെ വാഴ്ത്തിയ ചിത്രം. അഭിനേത്രി എന്ന നിലയില്‍ പാര്‍വ്വതിയുടെ കരിയറിലെ ഏറ്റവും ശക്തമായ കഥാപാത്രങ്ങളിലൊന്നാണ് ഉയരെയിലെ പല്ലവി.
മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രം ലൂസിഫര്‍ 2019നെ ചരിത്രത്തില്‍ ഇടംചേര്ത്തു. വന്‍ വിജയമായിരുന്ന ‘ലൂസിഫര്‍’ മലയാളത്തിലെ ആദ്യ 200 കോടി കളക്ഷന്‍ നേടിയ ചിത്രമെന്ന നേട്ടം സ്വന്തമാക്കി. ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം പൃഥ്വിരാജ്, മഞ്ജു വാര്യര്‍, ടൊവിനോ തോമസ് തുടങ്ങിയ വന്‍ താര നിരയുമുണ്ടായിരുന്നു.
2019ല്‍ ലാഭം നേടിയ മറ്റൊരു ചിത്രമാണ് ‘തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍’. ലാഭം നേടി എന്നതിലുപരി പ്രേക്ഷകരെ തൃപ്തിപ്പെടുത്തിയ കൊച്ചു ചിത്രം എന്ന ഖ്യാതിയാണ് ‘തണ്ണീര്‍ മത്തന്‍ ദിനങ്ങളെ’ പ്രശസ്തമാക്കുന്നത്. ഗിരീഷ് എ.ഡി സംവിധാനം ചെയ്ത ചിത്രത്തിന്റെ മുടക്ക് മുതല്‍ രണ്ട് കോടിയില്‍ കുറവായിരുന്നു. എന്നാല്‍ സിനിമ 15 കോടിയോളമാണ് ബോക്സ് ഓഫീസില്‍ നിന്നും നേടിയത്. മാത്യു തോമസ്, അനശ്വര രാജന്, വിനീത് ശ്രീനിവാസന് എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തിയ ചിത്രം കടന്നുപോകുന്ന വര്‍ഷത്തെ മികച്ച ചലച്ചിത്രാനുഭവമാണ്.
2019ന്റെ തുടക്കത്തില്‍ ആസിഫ് അലിയാണ് ഹിറ്റ് സിനിമയിലെ സ്റ്റാര്‍. അവസാനത്തിലും ആസിഫ് അലിതന്നെ സ്റ്റാറായി. ചെറിയ സിനിമകളുടെ തമ്പുരാനായാണ് ആസിഫലി 2019ല്‍ വാണത്. കുടുംബ ബന്ധങ്ങളെ കുറിച്ചും ഭാര്യാ ഭര്‍തൃ ബന്ധത്തെക്കുറിച്ചും ചര്‍ച്ച ചെയ്ത ‘കെട്ട്യോളാണെന്റെ മാലാഖ’ എന്ന സിനിമ 2019ന്റെ അവസാനത്തില്‍ ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടി. നിസാം ബഷീറാണ് ചിത്രത്തിന്റെ സംവിധായകന്.
ലൂസിഫര്‍ കഴിഞ്ഞാല്‍ 2019ല്‍ ഏറെ പ്രതീക്ഷ പുലര്‍ത്തിയ ചിത്രമാണ് വര്‍ഷാന്ത്യം പുറത്തിറങ്ങിയ മാമാങ്കം. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ഭാരതപ്പുഴയുടെ കരയില്‍ തിരുനാവായ മണപ്പുറത്ത് പന്ത്രണ്ട് വര്‍ഷത്തിലൊരിക്കല്‍ നടന്നിരുന്ന മാമാങ്കം എന്ന മഹോത്സവത്തിനെ ആധാരമാക്കിയാണ് പത്മകുമാര്‍ സംവിധാനം ചെയ്ത സിനിമ. ആദ്യം വിദേശികള്‍ പോലുമെത്തിയിരുന്ന വാണിജ്യമേളയായും പിന്നീട് വള്ളുവക്കോനാതിരിക്കുവേണ്ടി സാമൂതിരിക്കെതിരേ പടവെട്ടി മരിച്ച ചാവേറുകളുടെ പേരിലും ചരിത്ര ലിപികളില്‍ മാമാങ്കം ഇടം പിടിച്ചു. വള്ളുവനാട് രാജാവിനുവേണ്ടി സാമൂതിരിക്കെതിരേ മാമാങ്കത്തില്‍ അങ്കംവെട്ടിയ ഒരേകുടുംബത്തിലെ പല തലമുറയില്‍ പെട്ട മൂന്ന് പേരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. മമ്മൂട്ടിയും ഉണ്ണി മുകുന്ദനും മാസ്റ്റര്‍ അച്യുതനുമാണ് ഈ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. വലിയ ബജറ്റില്‍ തീര്‍ത്ത സിനിമ ലോകമെങ്ങുമുള്ള തിയറ്ററുകളില്‍ നിറഞ്ഞോടുകയാണ്. റിലീസ് ചെയ്ത് ദിവസങ്ങള്‍ക്കുള്ളില്‍ ചിത്രം നൂറുകോടി ക്ലബ്ബില്‍ ഇടം പിടിച്ചു. വര്‍ഷാവസാനം തിയറ്ററുകളിലെത്തിയ റോഷന് ആന്‍ഡ്രൂസിന്റെ പ്രതി പൂവന്‍കോഴി, ജീന്പോള്ലാലിന്റെ ഡ്രൈവിംഗ് ലൈസന്‍സ് എന്നീ ചിത്രങ്ങളും നിറഞ്ഞ സദസ്സിലാണ് പ്രദര്‍ശിപ്പിക്കുന്നത്.
ലിജോജോസ് പെല്ലിശ്ശേരിയുടെ ജെല്ലിക്കെട്ട് എന്ന സിനിമ സാധാരണക്കാരായപ്രേക്ഷകരെ അത്രയൊന്നും ആകര്‍ഷിച്ചില്ലെങ്കിലും രാജ്യാന്തര തലത്തില്‍ ഏറെ ശ്രദ്ധനേടി. ടൊറന്റോ രാജ്യാന്തര ഫിലിം ഫെസ്റ്റിവലില്‍ ജെല്ലിക്കെട്ടിന്റെ വേള്‍ഡ് പ്രീമിയര്‍ നടന്നു. ഗോവയിലെ ഇന്ത്യന്‍ രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ മികച്ച സിനിമയ്ക്കുള്ള പുരസ്കാരവും നേടി. ഒരു ഗ്രാമത്തില്‍ കയറുപൊട്ടി ഓടിപ്പോകുന്ന പോത്തിനെ മെരുക്കാനുള്ള ആളുകളുടെ ശ്രമത്തിന്റെ കഥയാണ് ജെല്ലിക്കെട്ട് പറയുന്നത്.
പോയ വര്‍ഷത്തിലെ താരം ആസിഫ് അലിയാണ്. 8 ചിത്രങ്ങളില്‍ അഭിനയിച്ചു. അതില്‍ നാലും സൂപ്പര്‍ഹിറ്റുകളായി. അഭിനേതാവെന്ന നിലയില്‍ മമ്മൂട്ടിയുടെ വര്‍ഷമായിരുന്നു 2019. മലയാളത്തില്‍ നാല് ചിത്രങ്ങള്‍. അതില്‍ മാമാങ്കവും ഉണ്ടയും ഏറെ ശ്രദ്ധിക്കപ്പെട്ടു. എന്നാല്‍ തമിഴിലെ പേരന്‍പും തെലുങ്കിലെ യാത്രയും മമ്മൂട്ടിയെന്ന അഭിനയ പ്രതിഭ അദ്ഭുതപ്പെടുത്തിയ ചിത്രങ്ങളാണ്. മൂന്ന് ചിത്രങ്ങളില്‍ അഭിനയിച്ച മഞ്ജുവാര്യരും നാല് ചിത്രങ്ങളില്‍ അഭിനയിച്ച ഐശ്വര്യ ലക്ഷ്മിയുമാണ് 2019ലെ ശ്രദ്ധേയരായ അഭിനേത്രികള്‍. ലൂസിഫറിലും പ്രതി പൂവന്‍കോഴിയിലും മഞ്ജു തിളങ്ങിയപ്പോള്‍ ആദ്യ തമിഴ് സിനിമയായ അസുരനില്‍ മികച്ച പ്രകടനമാണുണ്ടായത്. ‘വിജയ് സൂപ്പറും പൗര്‍ണമിയും’ എന്ന ചിത്രത്തിന്റെ വിജയം മുഴുവന്‍ ഐശ്വര്യ ലക്ഷ്മിക്ക് അവകാശപ്പെട്ടതാണ്.
മുടക്കുമുതല്‍ തിരിച്ചുകിട്ടിയ 23 പടങ്ങളില്‍ 7 എണ്ണം മാത്രമാണ് തിയറ്ററിലെ കളക്ഷന്‍ കൊണ്ടു മാത്രം അതു നേടിയത്. ബാക്കി ചിത്രങ്ങള്‍ സാറ്റലൈറ്റ് അവകാശമുള്‍പ്പെടെ നല്‍കിയതിലുള്ള വരുമാനത്തിലാണ് പിടിച്ചു നിന്നത്. കടന്നുപോകുന്ന വര്‍ഷത്തിലിറങ്ങിയ 192 ചിത്രങ്ങളില്‍ 10 കോടിയിലേറെ മുതല്‍ മുടക്ക് 12 എണ്ണത്തിനാണ്. മാമാങ്കത്തിനും ലൂസിഫറിനും
ജാക്ക് ഡാനിയേലിനും കൂടി മാത്രം 100 കോടിയിലേറെയാണ് മുതല്‍ മുടക്ക്. മാമാങ്കം-56 കോടി. ലൂസിഫര്‍-36 കോടി. ജാക്ക് ഡാനിയേല്‍-16 കോടി. ശരാശരി 5 കോടി മുതല്‍മുടക്കുള്ള 40 പടങ്ങളുണ്ട്. ശരാശരി 2 കോടി മുടക്കുള്ള ചിത്രങ്ങള്‍ 80 എണ്ണമെങ്കിലുമുണ്ട്. ശരാശരി അഞ്ചു കോടി മുതല്‍ മുടക്കുള്ള 40 ചിത്രങ്ങളില്‍ നിന്നാണ് 7 ഹിറ്റുകളില്‍ കൂടുതലുമുണ്ടായതെന്നതാണ് പ്രത്യേകത. ചെറിയ ചിത്രങ്ങള്‍ പ്രേക്ഷകര്‍ കൂടുതല്‍ സ്വീകരിച്ച വര്‍ഷമാണ് കടന്നു പോകുന്നത്. അവയാണ് ലാഭമുണ്ടാക്കിയതും. വന്‍ മുടക്കു മുതലില്‍ ബ്രഹ്മാണ്ഡ ചിത്രങ്ങള്‍ ഒരുക്കുന്നവരുടെ വീഴ്ചയുടെ ആഘാതവും കൂടും. പോയ കാലങ്ങളിലൊക്കെ മലയാള സിനിമ അത് കാട്ടിത്തന്നിട്ടുമുണ്ട്.
2019ല്‍ തിയറ്ററുകളിലെത്തിയ ആകെ സിനിമകളുടെ മുടക്കുമുതലെടുത്താല് 900 കോടിയോളം വരും. എന്നാല്‍ തിരിച്ചുപിടിച്ചത് 350 കോടി മാത്രം. മലയാള സിനിമ ഓടിക്കൊണ്ടിരിക്കുന്നത് 550 കോടി നഷ്ടത്തില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: