ഡെന്‍വര്‍ (കൊളറാഡോ): ബാങ്ക് കൊള്ളയടിച്ച് കിട്ടിയ പണം ക്രിസ്മസ് തലേന്ന് ‘മെറി ക്രിസ്മസ്’ എന്ന് പറഞ്ഞ് റോഡില്‍ വിതറിയ 65-കാരനെ പോലീസ് അറസ്റ്റു ചെയ്തു. വെളുത്ത താടിയും മുടിയുമുള്ള ഒരാള്‍ ‘ഹൊ ഹൊ ഹൊ, മെറി ക്രിസ്മസ്’ എന്ന് പറഞ്ഞ് ജനങ്ങള്‍ക്കിടയില്‍ നോട്ടുകള്‍ വിതറി അഭിവാദ്യം ചെയ്തപ്പോള്‍ അത് സാന്താക്ലോസ് ആണെന്ന് ആളുകള്‍ തെറ്റിദ്ധരിച്ചു.
എന്നാല്‍, കൊളറാഡോയിലെ അക്കാദമിക് ബാങ്കില്‍ കവര്‍ച്ച നടന്നതായി പിന്നീട് കണ്ടെത്തി. വാസ്തവത്തില്‍, ‘ക്രിസ്മസ് സമ്മാനം’ നല്‍കിയത് ബാങ്ക് കൊള്ളയടിച്ച വ്യക്തി തന്നെയായിരുന്നു. ആയിരക്കണക്കിന് ഡോളര്‍ വായുവില്‍ എറിഞ്ഞതായി പോലീസും പ്രാദേശിക മാധ്യമങ്ങളും പറഞ്ഞു. 65 കാരനായ ഡേവിഡ് വയാന് ഒലിവര്‍ എന്ന വ്യക്തിയെ പിന്നീട് ഒരു കോഫി ഷോപ്പില്‍ നിന്ന് അറസ്റ്റ് ചെയ്തു.
പ്രതി ബാങ്കില്‍ പ്രവേശിച്ച് വെടിവെയ്ക്കുമെന്ന് ഭീഷണിപ്പെടുത്തി വലിയൊരു തുകയുമായാണ് രക്ഷപ്പെട്ടത്. എത്ര പണം കൊള്ളയടിച്ചുവെന്ന് പോലീസ് പറഞ്ഞിട്ടില്ല. ബാങ്കില്‍ നിന്ന് പണമടങ്ങിയ ബാഗുകള്‍ ഒലിവര്‍ കൊണ്ടുപോകുന്നതായി പ്രാദേശിക ടിവി ചാനലായ കെകെടിവി റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ആയിരക്കണക്കിന് ഡോളര്‍ റോഡില്‍ വിതറിയ ശേഷം പ്രതി പോലീസിനായി കാത്തുനിന്നു. ഒലിവര്‍ മാത്രമാണ് മോഷണം നടത്തിയതെന്ന് പോലീസ് പറഞ്ഞു. റോഡില്‍ നിന്ന് ഡോളര്‍ എടുത്തവര്‍ ബാങ്കിലേക്ക് തന്നെ അത് തിരികെ നല്‍കിയതായി പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: