രണ്ട് തലമുറകളുടെ പ്രണയം പ്രമേയമാക്കി ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബെന്‍സി നാസര്‍ നിര്‍മ്മിച്ച് നവാഗത സംവിധായകന് ശ്രീദേവ് കപ്പൂര്‍ അപ്പാനി ശരത്തിനെ കേന്ദ്രകഥാപാത്രമായി ഒരുക്കുന്ന ലൗ എഫ് എം 2020 ജനുവരി 24 ന് തിയേറ്ററിലേക്ക്. വ്യത്യസ്തമായ പ്രണയാനുഭവം ഇതിവൃത്തമായി വരുന്ന ഈ ചിത്രം രണ്ട് കാലഘട്ടത്തിലെ പ്രണയമാണ് അവതരിപ്പിക്കുന്നത്.
യുവനടന്മാരില് പ്രേക്ഷക ശ്രദ്ധ നേടിയ ടിറ്റോ വില്‍സണ്‍, സിനോജ് അങ്കമാലി, ജിനോ ജോണ്‍, വിജിലേഷ്, നിര്‍മ്മല്‍ പാലാഴി തുടങ്ങിയവരും ഈ ചിത്രത്തില്‍ നായകന്റെ കൂട്ടാളികളായി വരുന്നു. സിനില്‍ സൈനുദ്ദീന്‍ പ്രതിനായകവേഷത്തില്‍ എത്തുന്നു. ഏതൊരു മലയാളികളുടെയും ഗൃഹാതുര ഓര്‍മ്മയായി മാറിയ റേഡിയോ ഈ ചിത്രത്തില്‍ പ്രേക്ഷകര്‍ക്ക് ഒരു നവ്യാനുഭവമായി മാറുകയാണ്. ആ മനോഹരമായ റേഡിയോകാലം ലൗ എഫ് എമ്മില്‍ പുനര്‍ജനിക്കുകയാണ്.
ടിറ്റോ വില്‍സണും നായക തുല്യമായ കഥാപാത്രമാണ് അവതരിപ്പിക്കുന്നത്. അപ്പാനി ശരത്ത്(ഗസല്‍) അയാളുടെ ജീവിതത്തിലുണ്ടാകുന്ന ആകസ്മികമായ ചില സംഭവങ്ങളിലൂടെയാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. ക്യാമ്പസ് ജീവിതം സിനിമയില്‍ പറഞ്ഞുപോകുന്നുണ്ടെങ്കിലും ഈ ചിത്രം ഒരു ക്യാമ്പസ് മൂവിയല്ലെന്ന് സംവിധായകന് ശ്രീദേവ് കപ്പൂര്‍ പറഞ്ഞു. ലൗ എഫ് എം ഒരു ഫാമിലി എന്റര്‍ടെയ്നറാണ്. എല്ലാത്തരം പ്രേക്ഷകരെയും രസിപ്പിക്കുന്നതാണ് ഈ സിനിമ. പ്രണയമാണ് പ്രമേയമെങ്കിലും പൊതുവെ മലയാള സിനിമയില്‍ ആവിഷ്ക്കരിച്ചുവന്ന പ്രണയചിത്രങ്ങളില്‍ നിന്നെല്ലാം തികച്ചും വ്യത്യസ്തമാണ് ലൗ എഫ് എം. രണ്ട് കാലഘട്ടങ്ങളിലെ കഥയാണ് അവതരിപ്പിക്കുന്നത്. സ്വാഭാവികമായും ആ കാലഘട്ടത്തിലെ സാമൂഹ്യവിഷയങ്ങളും ജീവിത സാഹചര്യങ്ങളും ചിത്രം ചര്‍ച്ച ചെയ്യുന്നുണ്ട്. ഗൗരവമായിട്ടല്ല വളരെ ലളിതമായിട്ടും തമാശയും കലര്‍ത്തിയാണ് ലൗ എഫ് എം പ്രേക്ഷകരില്‍ എത്തുന്നതെന്നും സംവിധായകന് പറഞ്ഞു.
ജാനകി കൃഷ്ണന് , മാളവിക മേനോന്, എം 80 മൂസ ഫെയിം അഞ്ജു എന്നിവരാണ് നായികമാര്‍. ചെറിയ ഇടവേളയ്ക്ക് ശേഷം പാലയ്ക്കല്‍ തങ്ങളായി നടന് ദേവന് ശ്രദ്ധേയമായ കഥാപാത്രമായി ഈ ചിത്രത്തിലൂടെ വരുന്നതും മറ്റൊരു പുതുമയാണ്. പ്രണയഗാനം ഉള്‍പ്പെടെ അഞ്ച് ഗാനങ്ങളും ചിത്രത്തിലുണ്ട്. തലശ്ശേരി, കണ്ണൂര്‍, കോഴിക്കോട്, പൊന്നാനി, മാഹി, കാസര്‍കോട് തുടങ്ങിയ ലൊക്കേഷനുകളിലായി ഒറ്റ ഷെഡ്യൂളിലാണ് ചിത്രം പൂര്‍ത്തീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: