‘ഇത് കേരളമാണ്’ അതിര്‍വരമ്പുകള്‍ അലിഞ്ഞലിഞ്ഞ് ഇല്ലാതായ ഇടതു-വലതു മുന്നണികള്‍ ആവര്‍ത്തിക്കുന്ന മുദ്രാവാക്യമാണ് മേലുദ്ധരിച്ചത്. മറ്റൊരു സംസ്ഥാനത്തിനും ഇല്ലാത്ത എന്തോ ഒന്ന് കേരളത്തിന് കൂടുതലെന്ന് ബോധ്യപ്പെടുത്താനാണ് ആ മുദ്രാവാക്യം. എന്താണ് അധികമായുള്ളത്? സാമ്പത്തിക ഞെരുക്കവും അധികാരക്കൊള്ളയുമല്ലാതെ മറ്റെന്താണ്? ഉത്തരേന്ത്യയില്‍ എവിടെയെങ്കിലും കൂട്ടബലാത്സംഗം നടന്നാല്‍ ഇവിടെ കൊട്ടിഘോഷിക്കും. ആക്ടിവിസ്റ്റുകളായ അംഗനമാര്‍ കൂട്ടമായിറങ്ങി കൂവിവിളിക്കും. എവിടെയെങ്കിലുമൊരിടത്ത് മദ്യപാനത്തിനിടയില്‍ തമ്മിലടിച്ച് മരിച്ചാല്‍ ആള്‍കൂട്ടക്കൊലയെന്ന് മുറവിളികൂട്ടും. ബുദ്ധിജീവികളും കുബുദ്ധികളും അതൊരു ഉത്സവമാക്കും. ചാനലുകളില്‍ രാപകല്‍ ചര്‍ച്ചയാകും. എന്നാല്‍ ഇതൊന്നും കേരളത്തിലില്ലെന്ന് പറയാനാകുമോ? മറ്റെവിടെയും നടക്കാത്ത ക്രൂരകൃത്യങ്ങളും കേരളത്തില്‍ നടക്കുന്നില്ലേ? രാഷ്ട്രീയ കൊലകള്‍ കേരളത്തില്‍ നടക്കുന്നതുപോലെ മറ്റെവിടെയെങ്കിലും നടക്കുന്നുണ്ടോ? ടി.പി.ചന്ദ്രശേഖരനെന്ന കമ്യൂണിസ്റ്റുകാരനെ മാര്‍ക്സിസ്റ്റുകാരായ ആള്‍ക്കൂട്ടം നിഷ്ഠൂരമായി വധിച്ചത് കേരളത്തിലല്ലേ? തലശ്ശേരി വാടിക്കലില്‍ രാമകൃഷ്ണനെന്ന തയ്യല്‍ തൊഴിലാളിയെ മാര്‍ക്സിസ്റ്റ് അക്രമി സംഘം വധിച്ചത് മുതല്‍ തുടങ്ങിയ ആര്‍എസ്എസിനെതിരായ കൊലപാതക പരമ്പര തുടര്‍ന്നുകൊണ്ടിരിക്കുകയല്ലേ? കെ.ടി.ജയകൃഷ്ണനെന്ന അധ്യാപകനെ ക്ലാസ് മുറിയിലിട്ടല്ലേ ആള്‍ക്കൂട്ടം തുണ്ട് തുണ്ടാക്കിയത്.
കേരളത്തില്‍ മാവോയിസ്റ്റ് മുസ്ലീം വര്‍ഗീയവാദികള്‍-ആര്‍എസ്എസ് എന്നിവര്‍ ചേര്‍ന്ന് കുഴപ്പമുണ്ടാക്കാന്‍ നോക്കുന്നു എന്നാണ് മുഖ്യമന്ത്രി പിണറായി വിജയന് മുന്നറിപ്പ് നല്‍കിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഈ മുന്നറിയിപ്പ് എന്തടിസ്ഥാനത്തിലാണ്? മാവോയിസ്റ്റുകള്‍ നിലയുറപ്പിച്ചിട്ടുള്ളത് മുഖ്യമന്ത്രിയുടെ പാര്‍ട്ടിയിലാണ്. ഇപ്പോള്‍ കസ്റ്റഡിയിലുള്ള മാര്‍ക്സിസ്റ്റുകാര്‍ മാവോയിസ്റ്റുകളാണെന്ന് ആവര്‍ത്തിച്ച് സ്ഥിരീകരിച്ചത് പിണറായി വിജയനല്ലേ? മുസ്ലീം തീവ്രവാദികള്‍ മാര്‍സിസ്റ്റുപാര്‍ട്ടിയുടെ തണലിലല്ലെ തഴച്ചുവളരുന്നത്? ഏറ്റവും ഒടുവില്‍ അരങ്ങേറിയ ഹര്‍ത്താലിന് നേതൃത്വം നല്കിയ കോണ്‍ഗ്രസുകാരും മാര്‍ക്സിസ്റ്റുകാരും ആരൊക്കെയാണെന്ന് ജനം തിരിച്ചറിഞ്ഞില്ലേ? പകല്‍ മതേതര മേലങ്കിയണിഞ്ഞ് നടക്കുന്ന പലരും ഇരുട്ടിന്റെ മറവില്‍ എസ്ഡിപിഐയും വെല്ഫേര് പാര്‍ട്ടിക്കാരുമല്ലെ.? അവരെല്ലാ ഹര്‍ത്താലിന്റെ പേരില്‍ അഴിഞ്ഞാടിയത്. അനുമതിയില്ലാതെ ഹര്‍ത്താല്‍ നടത്തിയവരേയും നേതൃത്വം നല്കിയവരെയും കൈകാര്യം ചെയ്യാന്‍ പോലീസിനായോ? കൊള്ളയും കൊലയും നടത്തുന്നവര്‍ക്ക് സൈ്വര്യവിഹാരം നടത്താന്‍ അവസരമൊരുക്കുകയല്ലെ കേരളം ?
ആള്‍ക്കൂട്ടക്കൊലകളും ദുരഭിമാനക്കൊലകളും കേരളത്തില്‍ ഇപ്പോള്‍ പതിവായില്ലെ? കെവിന് എന്ന ചെറുപ്പക്കാരന്റെ കൊലപാതകം മറക്കാറായിട്ടില്ലല്ലേ. പല ജില്ലകളിലും ഇത് നടക്കുന്നു. വാര്‍ത്താപ്രാധാന്യം ലഭിക്കുന്നില്ലെന്ന് മാത്രം. കള്ളനും പോലീസും ഒന്നായാല്‍ മോഷണകേസുകള്‍ വെളിച്ചം കാണില്ല. കേന്ദ്ര സര്‍ക്കാരിനെതിരെ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും ഒരേ വേദിയില്‍ സമരമിരിക്കുമ്പോള്‍ കേരളത്തിലെ ക്രൂരതകള്‍ തമസ്കരിക്കപ്പെടുമെന്ന് തീര്‍ച്ചയല്ലെ? ഇരുകൂട്ടരുമല്ലെ മുസ്ലീം വര്‍ഗീയവാദികള്‍ക്ക് അഴിഞ്ഞാടാന്‍ അവസരം നല്‍കിയത്? ഏത് ഇന്ത്യന്‍ പൗരനും എതിരല്ല പുതിയ നിയമമെന്ന് പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ആവര്‍ത്തിക്കുമ്പോള്‍ പൗരത്വനിയമം മുസ്ലീങ്ങള്‍ക്ക് എതിരെന്നാണ് കോണ്‍ഗ്രസ് പ്രചരിപ്പിക്കുന്നത്. മാര്‍ക്സിറ്റുകാരും ലീഗുകാരും അത് ഏറ്റുപാടുന്നു. എന്നുവച്ചാല്‍ ഇന്ത്യയിലെ മുസ്ലീങ്ങള്‍ ഇന്ത്യന്‍ പൗരന്മാര്‍അല്ലെന്നാണോ ഇവര്‍ പറയുന്നത്? ഈ കള്ളക്കളികള്‍ക്കിടയിലാണ് ആള്‍ക്കൂട്ടക്കൊലകളും പെരുകുന്നത്. തലസ്ഥാന ജില്ലയില്‍ ഒരു ചെറുപ്പക്കാരനെ മോഷ്ടാവെന്ന് ശങ്കിച്ച് വളഞ്ഞിട്ട് പിടിച്ച് മര്‍ദ്ദിച്ചുകൊന്നു. ജനനേന്ദ്രിയം വരെ കരിച്ചുകളഞ്ഞു. കൊട്ടാരക്കരയിലും സമാന സംഭവങ്ങളുണ്ടായി. സദാചാര പോലീസ് ചമഞ്ഞാണ് നിഷ്ഠൂരമായ കൊല നടത്തിയത്. എന്നിട്ടും ഇത് കേരളമെന്ന് അഹങ്കരിക്കുന്നത് അല്പത്തരമാണ്. ഇത്തരം ദുരഭിമാനങ്ങളാണ് കേരളത്തിന്റെ ശാപം. ഇതിനെ ഇരുമുന്നണികളും മൗനത്തോടെ അംഗീകരിക്കുകയും ചെയ്യുന്നത് ഇനിയെങ്കിലും അവസാനിപ്പിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: