കാള പെറ്റെന്ന് കേള്‍ക്കുമ്പോള്‍ കയറുമായി ഓടുക എന്നത് പഴകിത്തേഞ്ഞ പ്രയോഗമാണെങ്കിലും ഈ ന്യൂജെന്‍ കാലത്തും അതിന് ഒരു മാറ്റവുമില്ല എന്നതത്രേ നമ്മുടെ മുമ്പിലെ സ്ഥിതിഗതികള്‍ ചൂണ്ടിക്കാണിക്കുന്നത്. ആധുനിക സംവിധാനങ്ങള്‍ ഏറെ പുരോഗമിച്ച കാലത്തും ഇങ്ങനെയാണ് അവസ്ഥയെങ്കില്‍ അതിന്റെ പിന്നാമ്പുറത്ത് സുനിശ്ചിത അജണ്ടയുണ്ടെന്നത് വ്യക്തം.
പൗരത്വ നിയമം സംബന്ധിച്ച് എന്താണ് വസ്തുതയെന്ന് പരിശോധിക്കാതെ ഇരുട്ടുമുറിയില്‍ ഇല്ലാത്ത കരിമ്പൂച്ചയെ അടിക്കുകയാണ് ബന്ധപ്പെട്ടവരെല്ലാം. ഒരു വിഭാഗത്തെ രാജ്യത്തു നിന്ന് ഉന്മൂലനം ചെയ്യാനുള്ള ആദ്യപടിയെന്ന തരത്തിലാണ് തല്‍പ്പരകക്ഷികളുടെ പ്രചാരണം. അതിന്റെ ഗുരുതരമായ അനന്തര സംഭവഗതികള്‍ക്കാണ് രാജ്യം ഇപ്പോള്‍ സാക്ഷ്യം വഹിക്കുന്നത്.
തങ്ങള്‍ക്കിഷ്ടമില്ലാത്ത കേന്ദ്ര ഭരണകൂടത്തിനെതിരെ പല്ലും നഖവും ഉപയോഗിച്ച് അക്രമങ്ങള്‍ നടത്തുകയെന്ന രീതിയാണുള്ളത്. രാജ്യവിരുദ്ധ സമീപനവും ഒപ്പം വിഘടനവാദികള്‍ക്ക് ഒത്താശ ചെയ്യുകയുമെന്ന നിലപാടിലേക്കാണ് അവര്‍ നീങ്ങുന്നത്. അക്രമികള്‍ക്ക് കരുത്തു പകരാന്‍ കോണ്‍ഗ്രസും കമ്യൂണിസ്റ്റുമുള്പ്പെടെയുള്ളവരും സജീവമായി രംഗത്തുണ്ട്. കമ്യൂണിസ്റ്റുകാരുടെ രാജ്യവിരുദ്ധ മനോഭാവം കുപ്രസിദ്ധമാണല്ലോ. കോണ്‍ഗ്രസിനാണെങ്കില്‍ അധികാരം പിടിക്കാനുള്ള ആക്രാന്തവും.
രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് എന്നും കൈത്താങ്ങു നല്‍കിയിട്ടുള്ള ജാമിയ മിലിയ സര്‍വകലാശാല ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ അവരുടെ നിയതമായ സ്വഭാവവുമായി മുന്നോട്ടു പോവുകയാണ്. പൊതുമുതല്‍ നശിപ്പിച്ചും പൊലീസിനെ ആക്രമിച്ചും അവിടത്തെ വിദ്യാര്‍ഥികള്‍ മുന്നേറുമ്പോള്‍ സഹായിക്കാന്‍ എം പിമാരുള്പ്പെടെയുള്ളവരും രംഗത്തെത്തുന്നു. വിദ്യാര്‍ഥികളെ മുന്‍നിര്‍ത്തി അക്രമം നടത്തിയവരെ ലോക്സഭാംഗം തന്നെ കേരള ഹൗസില്‍ താമസിപ്പിക്കാന്‍ സൗകര്യം ചെയ്തു കൊടുത്തു എന്നത് ഞെട്ടലുണ്ടാക്കുന്നതാണ്.
കേരളത്തില്‍ ഇടതും വലതും തോളോടു തോള് ചേര്‍ന്നാണ് പൗരത്വ നിയമത്തിനെതിരേ രംഗത്തിറങ്ങിയിരിക്കുന്നത്. അതിന്റെ ചുവടുപിടിച്ചാവാം കോണ്‍ഗ്രസ് എംപി കേരള ഹൗസില്‍ ജാമിയ മിലിയയിലെ അക്രമങ്ങള്‍ക്ക് നേതൃത്വം കൊടുത്തവര്‍ക്ക് ഉണ്ടുറങ്ങാന്‍ അവസരമൊരുക്കിയത്.
പൊലീസ് തെരയുന്ന അക്രമികള്ക്കായിരുന്നു എംപിയുടെ സംരക്ഷണമെന്നത് നിസ്സാരമായി തള്ളിക്കളയാനാവുന്നതല്ല.
പൗരത്വ ബില്ലിന്റെ പേരിലായാലും ജമ്മു കശ്മീരിലെ പ്രത്യേക വകുപ്പ് എടുത്തു മാറ്റിയതിന്റെ പേരിലായാലും കേന്ദ്ര സര്‍ക്കാരിനെ തകര്‍ക്കുകയെന്ന അജണ്ടയുമായാണ് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള കക്ഷികള്‍ പ്രക്ഷോഭത്തിനിറങ്ങിയിരിക്കുന്നത്. ജനങ്ങളെ ബോധവല്‍ക്കരിച്ച് ദേശസ്നേഹത്തിന്റെ പാതയിലേക്ക് നയിക്കാനല്ല അവര്‍ ശ്രമിക്കുന്നത്. അധികാരം പിടിക്കാന്‍ എന്ത് രാജ്യദ്രോഹവും ആവാം എന്നാണവരുടെ നിലപാട്. കേന്ദ്ര ഭരണകൂടത്തെ താഴെയിറക്കാന്‍ ഏതു ദേശദ്രോഹ ശക്തികളെയും കൂട്ടുപിടിക്കുന്നതിന്റെ പിന്നിലെ താല്‍പ്പര്യവും അതാണ്. യുവജനങ്ങളെ അതിന് സമര്‍ഥമായി ഉപയോഗിക്കുകയും ചെയ്യുന്നു. ജാമിയ മിലിയ സര്‍വകലാശാല ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളെയും അവര്‍ അതിനായി ദുരുപയോഗിക്കുന്നു.
ഇത്തരം രാഷ്ട്രീയ ദുഷ്ടലാക്കുള്ള സംഭവഗതികളെ തുറന്നു കാട്ടേണ്ട മാധ്യമങ്ങളില്‍ ഭൂരിഭാഗവും അതേ രാഷ്ട്രീയ താല്‍പ്പര്യത്തോടെ മുന്നേറുന്നു എന്നതു കാണാതിരുന്നുകൂടാ. രാഷ്ട്രഗാത്രത്തെ താങ്ങി നിര്‍ത്തുന്ന നാലാംതൂണാണ് തങ്ങളെന്നത് അവര്‍ സൗകര്യപൂര്‍വം വിസ്മരിക്കുന്നു. അക്രമത്തിന് പ്രോത്സാഹനം നല്കുന്ന അന്തരീക്ഷം സൃഷ്ടിക്കാന്‍ അത്തരക്കാര്‍ മത്സരിക്കുകയാണെന്ന് അവരുടെ നിലപാടുകള്‍ വിളിച്ചു പറയുന്നുണ്ട്. ഇത്തരം ദുഷ്ട ചിന്താഗതിക്കാരുടെ താല്‍പ്പര്യങ്ങള്‍ സാധാരണക്കാര്‍ വരെ മനസ്സിലാക്കിക്കഴിഞ്ഞു എന്നതിന്റെ സൂചനയാണ് ഛിദ്രശക്തികള്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ഹര്‍ത്താലിനോടുള്ള കേരളത്തിന്റെ തണുത്ത പ്രതികരണം. താമസംവിനാ എല്ലാവരും യാഥാര്‍ഥ്യബോധത്തിലേക്ക് എത്തുമെന്ന ആശാവഹമായ വികാരവും അതിലുള്‍പ്പെടുന്നുണ്ട് എന്നത് അതിനൊപ്പം കാണുകയും വേണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: