കഴിഞ്ഞ ദിവസങ്ങളില്‍ രാജ്യത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട വിഷയമാണ് എന്തുകൊണ്ട് ശ്രീലങ്കയില്‍ നിന്നുള്ള അഭയാര്‍ത്ഥികള്‍ക്ക് ഇന്ത്യ പൗരത്വം കൊടുക്കുന്നില്ല എന്നത്. ‘അവര്‍ ഹിന്ദുക്കളല്ലേ, ബുദ്ധമതക്കാരല്ലേ, തമിഴ് വംശജരല്ലേ…’ തുടങ്ങിയ വാദഗതികളും ഇക്കൂട്ടര്‍ ഉന്നയിക്കുന്നു. മറ്റൊന്ന് അഫ്ഗാനിസ്ഥാനെ എന്തിന് ഇപ്പോഴത്തെ നിയമ ഭേദഗതിയില്‍ ഉള്‍പ്പെടുത്തി. ആ രാജ്യത്തിന് ഇന്ത്യയുമായി എന്ത് ബന്ധം. മൂന്നാമത്തേത്, മുസ്ലിങ്ങളെ മാത്രം എന്തിനാണ് ഒഴിവാക്കിയത് എന്നത്.
രണ്ടു കാര്യങ്ങളാണ് ഇവിടെ പ്രസക്തം. ഒന്ന്, ഇപ്പോഴത്തെ പൗരത്വനിയമ ഭേദഗതി സ്വാതന്ത്ര്യ കാലഘട്ടത്തിലെ തെറ്റ് തിരുത്താനാണ്. അതില്‍ ശ്രീലങ്ക ഉള്‍പ്പെടുന്നില്ല. അതുകൊണ്ടുതന്നെ അവിടെനിന്ന് വന്നിട്ടുള്ളവരുടെ കാര്യം പരിഗണിക്കേണ്ടതില്ല.
ശ്രീലങ്കന്‍ അഭയാര്‍ത്ഥികള്‍ എന്ന് നാം പറയുന്നവര്‍ ഇവിടെ എത്തിയത് ആ രാജ്യത്തുണ്ടായ ഇന്ത്യാ വിരുദ്ധ-ഹിന്ദു വിരുദ്ധ കലാപത്തിന്റെയോ സംഘര്‍ഷത്തിന്റെയോ ഭാഗമായിട്ടല്ല. അവിടെ തെരഞ്ഞെടുക്കപ്പെട്ട ഭരണകൂടത്തെ അട്ടിമറിക്കാന്‍ നടത്തിയ പ്രവര്‍ത്തനത്തിന്റെ ഫലമായി ഒളിച്ചോടേണ്ടിവന്നവരും മറ്റുമാണ്. അത്തരക്കാരെ ഏത് രാജ്യത്തിനാണ് സംരക്ഷിക്കാനാവുക? അവരെ എങ്ങനെയാണ് വിശ്വസിക്കാനാവുക? മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ വധിക്കാന്‍ തയ്യാറായതാണ് ഇക്കൂട്ടര്‍. രാജീവ് ഗാന്ധിയെ വധിച്ചവര്‍ക്ക് ഇന്ത്യയില്‍ പൗരത്വം കൊടുക്കണമെന്നാണോ സോണിയ ഗാന്ധിയും മക്കളും ആവശ്യപ്പെടുന്നത്? അങ്ങനെ അവര്‍ കരുതുന്നുവെങ്കില്‍ കുറെയേറെ ചോദ്യങ്ങള്‍ക്കുകൂടി ഉത്തരം നല്‍കേണ്ടി വരും. എല്‍ടിടിഇ എന്ന തമിഴ് വിമോചന പുലികള്‍ക്ക് ഉണ്ടായിരുന്നെന്ന് പറയുന്ന വത്തിക്കാന്‍ കണക്ഷന് അതിലൊന്നാണ്. അതിന്റെയൊക്കെ തുടര്‍ച്ചയായി പല ആശങ്കകളും ഇന്ത്യക്കാരുടെയെങ്കിലും മനസില്‍ ഉയര്‍ന്നുവന്നാല്‍ കുറ്റപ്പെടുത്താനാവുമോ?
ശരിയാണ്, 1980കളില്‍ ഇന്ദിരാ ഗാന്ധി സര്‍ക്കാര്‍ ശ്രീലങ്കന്‍ വിമതരെ വഴിവിട്ട് സഹായിച്ചിട്ടുണ്ട്. അത് അന്ന് ഇന്ദിരയും കോണ്‍ഗ്രസും പുലര്‍ത്തിയിരുന്ന സോവിയറ്റ് യൂണിയന് ഭക്തികൊണ്ടാണ്. ഇന്ത്യ അന്ന് സോവിയറ്റ് യൂണിയനൊപ്പവും ശ്രീലങ്ക അമേരിക്കന്‍ ചേരിയിലുമായിരുന്നല്ലോ. ആ കാലഘട്ടത്തിലാണ് ലങ്കയില്‍ ആഭ്യന്തര കലാപത്തിന്റെ വിത്തു മുളയ്ക്കുന്നത്. യുഎസ്-സോവിയറ്റ് ശീതസമരത്തിന്റെ ഭാഗമായിരുന്നു അത്. ലങ്കന്‍ തമിഴ് വിമതരെ സഹായിക്കാന്‍ ഇന്ത്യ തീരുമാനിച്ചു. എല്‍ടിടിഇക്കാര്‍ക്ക് വേണ്ടി തമിഴ്നാട്ടില്‍ സായുധ പരിശീലന കേന്ദ്രങ്ങള്‍ വരെ നടത്തി. അവര്‍ക്ക് ആയുധങ്ങള്‍ നല്കാന് ശ്രമിച്ചു, പണം കൊടുത്തു. ഇന്ത്യയെപ്പോലുള്ള ഒരു രാഷ്ട്രം, ഒരിക്കലും ചെയ്തുകൂടാത്തതായിരുന്നു ആ നടപടികള്‍.
1977ലെ തെരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം ഇന്ദിര ഇന്ത്യയില്‍ അധികാരത്തില്‍ തിരിച്ചെത്തിയത് ജനതാ പാര്‍ട്ടിയെ തകര്ത്തുകൊണ്ടായിരുന്നല്ലോ. അന്ന് ആ രാഷ്ട്രീയ ചരടുവലിക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത് സോവിയറ്റ് കൈകളായിരുന്നു. അക്കാലത്ത് സോവിയറ്റ് യൂണിയന്റെ ദല്‍ഹി എംബസി 24 മണിക്കൂറും ജനത, സര്‍ക്കാരിനെ തകര്‍ക്കാന്‍ വ്യാപൃതമായിരുന്നു. പണവും മറ്റു പലതും ഒഴുക്കി. മാധ്യമ പ്രവര്‍ത്തകരെ കൂലിക്കെടുത്തു. ജനതാ പാര്‍ട്ടി നേതാക്കള്‍ അവരുടെ ചട്ടുകങ്ങളായി. 1980ലെ പൊതുതെരഞ്ഞെടുപ്പിനു വേണ്ട ഫണ്ട് കോണ്‍ഗ്രസിന് എത്തിച്ചുകൊടുത്തതും സോവിയറ്റ് യൂണിയനായിരുന്നു. അതുകൊണ്ട് 1980ല്‍ അധികാരത്തില്‍ തിരിച്ചെത്തിയ ഇന്ദിരക്ക് സോവിയറ്റ് യൂണിയന് പറയുന്നതിനനുസരിച്ച് ചലിക്കാനേ കഴിയുമായിരുന്നുള്ളൂ.
ഇന്ത്യന്‍ ഭരണകൂടം സഹായിച്ചത് എങ്ങനെയൊക്കെയാണ്, അതിനുള്ള ധാരണ എന്താണ് എന്നതൊക്കെ എല്‍ടിടിഇയുടെ ഇന്ത്യയിലെ കാര്യസ്ഥനായിരുന്ന കുമരന് പത്മനാഭന് ഒരു ടിവി അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്. എന്തൊക്കെ സഹായം ലഭിച്ചു, എന്തൊക്കെ ചെയ്തുകൊടുത്തു എന്നും മറ്റും അതില്‍ വ്യക്തമാണ്. മറ്റൊരു രാജ്യത്തിനെതിരെ ഇന്ത്യ ഒളിയുദ്ധം നടത്തുന്നത് അതാദ്യമായിട്ടായിരിക്കും. ഇന്ത്യക്കെതിരെ ഇസ്ലാമിക ഭീകരരും പാക്കിസ്ഥാനുമൊക്കെ നടത്തിവരുന്ന ഭീകര പ്രവര്‍ത്തനങ്ങളെ നാം എങ്ങനെയാണ് വിലയിരുത്താറുള്ളത്? അതിന് സമാനമായിരുന്നില്ലേ അന്നത്തെ ഇന്ത്യന്‍ നീക്കം? ഒരു ഇന്ത്യന്‍ ഭരണാധികാരിക്ക് അങ്ങനെയൊക്കെ ചിന്തിക്കുക പ്രയാസകരമാണ്. അത് ഇന്ത്യന്‍ സംസ്കാരമല്ലതാനും. ഒരുപക്ഷെ ആ തെറ്റ് തിരുത്തുകയാണോ രാജീവ് ഗാന്ധി ചെയ്തത് എന്നറിയില്ല. എന്നാല്‍ ഒന്നുണ്ട്, ലങ്കയില്‍ എല്‍ടിടിഇയോട് ചേര്‍ന്നുനിന്ന് പ്രവര്‍ത്തിച്ചിരുന്ന ‘റോ’ രാജീവ് ഭരണകാലത്ത് അകന്നിരുന്നു. ഇന്ത്യ അങ്ങനെയാണ് ശ്രീലങ്കയിലേക്ക് സൈന്യത്തെ അയച്ചത്. അതിന്റെ തുടര്‍ച്ചയായിരുന്നു രാജീവ് ഗാന്ധി വധം. അതോടെ 1991ല്‍ ഇന്ത്യ എല്‍ടിടിഇയെ നിരോധിച്ചു. അത്തരം സംഘടനയ്ക്കൊപ്പം നില്‍ക്കുന്നവര്‍ക്ക് എങ്ങനെയാണ് ഇന്ത്യന്‍ പൗരത്വം നല്‍കുക?
തമിഴ് പുലികളുടെ നേതാവ് വി. പ്രഭാകരന് 2009ല്‍ കൊല്ലപ്പെട്ടതോടെ എല്‍ടിടിഇ ഏതാണ്ടൊക്കെ ഇല്ലാതായി. അവര്‍ ആ ബാനറില്‍ പ്രത്യക്ഷത്തില്‍ രംഗത്തില്ലതാനും. എന്നാല്‍ കാനഡയും യൂറോപ്പുമൊക്കെ കേന്ദ്രീകരിച്ച് അവര്‍ വീണ്ടും സംഘടിച്ചുവരുന്നു. ഈയിടെ കൊളമ്പോയിലും മറ്റും നടന്ന വന്‍ സ്ഫോടനങ്ങള്‍ക്കു പിന്നിലും ഇക്കൂട്ടരുടെ റോള്‍ ശ്രീലങ്കന്‍ ഏജന്‍സികള്‍ സംശയിച്ചിരുന്നു. അവിടെ ഇസ്ലാമിക ഭീകരരുടെ പങ്കും ഇതോടൊപ്പം ചേര്‍ത്ത് വയ്ക്കേണ്ടതുണ്ട്. ഇവരൊക്കെ ഇന്നിപ്പോള്‍ ഒരേ നുകത്തില്‍ കെട്ടിനില്ക്കുന്നോ എന്നതൊക്കെ പരിശോധിക്കപ്പെടണം. ഏതാനും മാസം മുന്‍പ് ചെന്നൈയില്‍ ഒരു വൃക്ഷം നടുന്ന ചടങ്ങ് നടന്നിരുന്നു. അതില്‍ സംബന്ധിച്ചത് ‘ട്രാന്‍സ് നാഷണല്‍ ഗവണ്മെന്റ് ഓഫ് തമിഴ് ഈലം’ എന്ന സംഘടനയുടെ അന്താരാഷ്ട്ര നേതാക്കളില്‍ ഒരാളാണ്. ആ പേരിലാണ് ഇപ്പോള്‍ പഴയ എല്‍ടിടിഇക്കാര്‍ സംഘടിച്ചുവരുന്നത്. അങ്ങനെയുള്ളവരെ കരുതലോടെ കാണണ്ടേ?
ഇനി, അഫ്ഗാനിസ്ഥാനുമായി ഇന്ത്യക്ക് എന്ത് ബന്ധം എന്ന ചോദ്യം. അത് പരാമര്‍ശിച്ച് പോകുന്നതേയുള്ളു. ഇതിഹാസവും ചരിത്രവും വായിച്ചിട്ടുള്ളവര്‍ക്ക് സംശയമുണ്ടാവേണ്ട കാര്യമില്ല. ഗാന്ധാര ദേശത്തെക്കുറിച്ച് ഇന്ത്യക്കാര്‍ക്ക് പറഞ്ഞുകൊടുക്കേണ്ടതുണ്ടോ? ഋഗ്വേദ കാലഘട്ടം മുതലുള്ളതാണ് ആ ചരിത്രം. മഹാഭാരതത്തിലും ബുദ്ധ ചരിത്ര ഗ്രന്ഥങ്ങളിലും അതിന്റെ മഹത്വവും മാഹാത്മ്യവും ഹിന്ദു പാരമ്പര്യവും ഹിന്ദു-ബുദ്ധ സംസ്കാരത്തിന്റെ അടിവേരുകളുമൊക്കെ വ്യക്തമാവും. മൗര്യ വംശത്തിന്റെ ഭാഗമായിരുന്നു ഹിന്ദുക്കുഷ് പര്‍വതത്തിന്റെ തെക്ക്-കിഴക്ക് മേഖല, ബിസി 304-180 കാലഘട്ടത്തില്‍. ബിസി 305ല്‍ നടന്ന യുദ്ധവും അതിനിടയില്‍ അക്രമിയായ ഗ്രീക്ക് സൈന്യാധിപന്, മൗര്യ ഭരണകൂടവുമായി സന്ധി ചെയ്തതുമൊക്കെ മറക്കാമോ? ഇതേ മൗര്യ ഭരണകാലത്താണ് ബുദ്ധമതം അവിടെ പ്രചരിച്ചതും. എഡി 1001ഓടെ മുഹമ്മദ് ഗസ്നി ഭരണം കയ്യടക്കുന്നത് വരെ ഗാന്ധാര ദേശം പ്രതാപത്തോടെ നിലകൊണ്ടിരുന്നുതാനും. അതിനുശേഷം അതിന്റെ പേരും നാളുമൊക്കെ മാറ്റാന്‍ ശ്രമം നടന്നു. ഇനി ഇന്നിപ്പോള്‍ നമ്മുടെ ആധുനിക ചരിത്രകാരന്മാരും മറ്റും പൗരത്വ നിയമ ഭേദഗതിയെ എതിര്‍ക്കാനായി ചന്ദ്രഗുപ്ത മൗര്യന് ഇന്ത്യക്കാരനല്ല, ഹിന്ദു രാജാവല്ല, മൗര്യ രാജവംശവുമായി ഇന്ത്യക്ക് ബന്ധമില്ല എന്നൊക്കെ പറയുമോ ആവോ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: