തിരുവനന്തപുരം: സമൂഹ മാധ്യമത്തിലെ നെഗറ്റീവ് ട്രോളുകള്‍ക്ക് മാമാങ്കം സിനിമയെ തകര്‍ക്കാന്‍ കഴിയില്ലെന്ന് സംവിധായകന് എം. പത്മകുമാര്‍. തിരുവനന്തപുരം പ്രസ് ക്ലബ് സംഘടിപ്പിച്ച മീറ്റ് ദ പ്രസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സൂപ്പര്‍ സ്റ്റാറുകളുടെ സിനിമയ്ക്ക് സംഘടിത ആക്രമണങ്ങള്‍ പതിവാണ്. മോഹന്‍ലാലിന്റെ ‘ഒടിയ’നെതിരേയും വ്യാപകമായ പ്രചാരണമുണ്ടായി. ഇപ്പോള്‍ നെഗറ്റീവ് പ്രചാരണം നടത്തുന്നത് മോഹന്‍ലാല്‍ ആരാധകരാണെന്ന് താന്‍ പറയുന്നില്ലെന്നും അദ്ദേഹം അറിയിച്ചു.
മാമാങ്കത്തിന്റെ വ്യാജ പതിപ്പ് ഓണ്‍ലൈനില്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. തീയറ്ററില്‍ നിന്ന് ചിത്രം ഷൂട്ട് ചെയ്യുകയും സിനിമയെ അവമതിച്ചു കാണിക്കാന്‍ അതില്‍ സുഖകരമല്ലാത്ത സംഗീതം ചേര്‍ത്തുമാണ് പ്രചരിപ്പിക്കുന്നത്. ചിത്രം മോശമാണെന്ന് ചിത്രീകരിച്ച് നെഗറ്റീവ് അഭിപ്രായം സൃഷ്ടിക്കുകയാണ് ലക്ഷ്യം.
സിനിമയെ അപകീര്‍ത്തിപ്പെടുത്തണമെന്ന് പറയുന്ന ഒരു ശബ്ദസന്ദേശം ലഭിച്ചിരുന്നു. സംഭവം പോലീസ് അന്വേഷിക്കുന്നു. പൈറസിക്കെതിരെ മദ്രാസ് ഹൈക്കോടതിയില്‍നിന്ന് ഉത്തരവ് വാങ്ങിയിരുന്നു. ഇപ്പോള്‍ പോലീസിലും പരാതിപ്പെട്ടു. ഉടന്‍ അറസ്റ്റുണ്ടാകുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.സിനിമയ്ക്ക് തിയറ്ററില്‍ നല്ല പ്രതികരണം ലഭിക്കുന്നുണ്ട്. ചിത്രവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഷൂട്ടിങ്ങിനെയോ റിലീസിനെയോ ബാധിച്ചിട്ടില്ല. നീരജ് മാധവിനെ മാറ്റിയത് താനല്ല. താമസിച്ചാണ് സിനിമയുടെ ഭാഗമായത്.
തന്റെ കൈയില്‍ സ്ക്രിപ്റ്റ് ലഭിച്ചപ്പോള്‍ നീരജിന്റെ ഭാഗം ഉണ്ടായിരുന്നില്ലെന്നും അതാണ് അദ്ദേഹം ഒഴിവാകാന്‍ കാരണം. സജീവ് പിള്ള ചിത്രീകരിച്ച ഒരു രംഗം പോലും ചിത്രത്തില്‍ ഉപയോഗിച്ചിട്ടില്ലെന്നും സംവിധായകന് പറഞ്ഞു.ലോകത്ത് 2000 സ്ക്രീനിലാണ് ചിത്രം റിലീസ് ചെയ്തതെന്ന് എക്സിക്യുട്ടീവ് പ്രൊഡ്യൂസര്‍ ഐജൊ ആന്റണി ജോസഫ് പറഞ്ഞു.
ആദ്യദിനം 23.7 കോടിയായിരുന്നു കളക്ഷന്‍. മാമാങ്കവുമായി വൈകാരിക ബന്ധമുള്ള മലബാര്‍ മേഖലയില്‍ നിന്നാണ് അധികം കളക്ഷന്‍ ലഭിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. ചിത്രത്തിലെ അഭിനേതാക്കളായ മാസ്റ്റര്‍ അച്യുതന്, മണിക്കുട്ടന് എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: