ബിജെപി സര്‍ക്കാര്‍ അവരുടെ പ്രകടനപത്രികയിലൂടെ ജനങ്ങള്‍ക്ക് ഉറപ്പുകൊടുത്ത കാര്യങ്ങളാണ് ദേശീയ പൗരത്വ രജിസ്റ്ററും പൗരത്വ ഭേദഗതി ബില്ലും നടപ്പാക്കുക എന്നത്. ജനാധിപത്യ സംവിധാനത്തിലൂടെ തെരഞ്ഞെടുക്കപ്പെട്ട മോദി സര്‍ക്കാര്‍ അവര്‍ നല്കിയ വാഗ്ദാനങ്ങള്‍ പാലിക്കാന്‍ പ്രതിജ്ഞാബദ്ധരാണ്. കേവലം വാഗ്ദാനങ്ങള്‍ നല്കുകയല്ല തെരഞ്ഞെടുപ്പ് വിജയത്തിന്റെ ആധാരം എന്നാണ് ബിജെപി പറഞ്ഞുവയ്ക്കുന്നത്.
ദേശീയ പൗരത്വ രജിസ്റ്റര്‍
2013ല്‍ മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയും ഫലി നരിമാനും ഉള്‍പ്പെടുന്ന സുപ്രീംകോടതി ബെഞ്ചിന്റെ നിര്‍ദേശപ്രകാരം 1955ലെ ദേശീയ പൗരത്വ നിയമവും, 2003ലെ ദേശീയ പൗര നിയമാവലിയും അനുസരിച്ചു ദേശീയ പൗരത്വ രജിസ്റ്ററില്‍ ഭേദഗതി വരുത്താന്‍ കേന്ദ്ര സര്‍ക്കാരിനോടും ആസാം സംസ്ഥാന സര്‍ക്കാരിനോടും ആവശ്യപ്പെട്ടു.
ആദ്യമായി ദേശീയ പൗരത്വ രജിസ്റ്റര്‍ കൊണ്ടുവരുന്നത് 1951ലെ സെന്‍സസിന് ശേഷമാണ്. പിന്നീട് അതൊരിക്കലും പരിഷ്കരിച്ചില്ല. 1971ലെ ബംഗ്ലാദേശ് വിഭജനവും ഹിന്ദു കൂട്ടക്കൊലയും നടന്ന സമയത്ത് വലിയ തോതില്‍ ജനങ്ങള്‍ ബംഗ്ലാദേശില്‍ (അന്ന് കിഴക്കന്‍ പാക്കിസ്ഥാന്) നിന്നും ഇന്ത്യയിലേക്ക് അഭയം തേടിയെത്തി. ആ അഭയാര്‍ത്ഥികളെ കൂടി പരിഗണിച്ചാണ് ദേശീയ പൗരത്വ രജിസ്റ്റര്‍ (എന്‍ആര്‍സി) പരിഷ്കരിക്കാനുള്ള നിര്‍ദേശം സുപ്രീംകോടതി മുന്നോട്ടുവച്ചത്.
1951ലെ സെന്‍സസ് പ്രകാരമോ, 1951ലെ എന്ആര്സിയിലോ 1971 ആഗസ്റ്റ് 24ന് മുന്‍പോ ഉള്ള തെരെഞ്ഞെടുപ്പ് വോട്ടര്‍ പട്ടികയിലോ നിങ്ങളുടെ കുടുംബത്തിലെ പൂര്‍വികരുടെ പേരുകള്‍ ഉണ്ടെങ്കില്‍ നിങ്ങള്‍ ആ പട്ടികയില്‍ സ്വാഭാവികമായും ഉള്‍പ്പെടും. അങ്ങനെയുള്ള പട്ടിക പുറത്തുവിട്ട ശേഷം അതില്‍ പേരുകള്‍ ഇല്ലാത്തവര്‍ക്ക് താഴെ പറയുന്ന രേഖകള്‍ ഹാജരാക്കിയാല്‍ അവരുടെ പൗരത്വം തെളിയിച്ചു പട്ടികയില്‍ പേര് ചേര്‍ക്കാം.
എല്‍ഐസി പോളിസി, അഭയാര്‍ത്ഥി രജിസ്ട്രേഷന്, ജനന സര്‍ട്ടിഫിക്കറ്റ്, പൗരത്വരേഖ, വിദ്യാഭ്യാസ സംബന്ധമായ രേഖകള്‍, കോടതി രേഖകള്‍, പാസ്സ്പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ്, ബാങ്ക്/പോസ്റ്റ് ഓഫീസ് പാസ്ബുക്ക്, സര്‍ക്കാര്‍ ജോലിയുടെ രേഖകള്‍, സ്ഥിരതാമസ രേഖകള്‍ എന്നിവ ഹാജരാക്കാം.
1971ല്‍ വന്നവരാണെങ്കില്‍ കൂടി ഇതില്‍ ഒരു രേഖ പോലും ഇല്ലാത്തവര്‍ ഉണ്ടാവാന്‍ സാധ്യത തീരെയില്ല. എന്നിട്ടും അവര്‍ക്ക് വീണ്ടും അവസരം കൊടുക്കാന്‍ സുപ്രീംകോടതി അവശ്യപ്പെടുന്നുണ്ട്. അവര്‍ക്ക് പൗരത്വ ട്രിബ്യുണലില്‍ പരാതി കൊടുക്കാം, തീരുമാനം തൃപ്തികരമല്ലെങ്കില്‍ ഹൈക്കോടതിയെയും സുപ്രീംകോടതിയേയും സമീപിക്കാം. എന്നിട്ടും അയാള്‍ക്ക് മേല്‍പ്പറഞ്ഞ ഒരു രേഖയോ 1971 മുതലോ ഉള്ള ഇന്ത്യയിലെ ഒരു വേരും ബന്ധവും കണ്ടുപിടിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അയാളെ ന്യായമായും പുറത്താക്കാന്‍ ഇന്ത്യ എന്ന പരമാധികാര രാഷ്ട്രത്തിന് അധികാരമുണ്ട്. ആദ്യം ആസാമില്‍ മാത്രമായി നിശ്ചയിച്ച എന്‍ആര്‍സി അമിത് ഷാ ആഭ്യന്തര മന്ത്രിയായ ശേഷം മുഴുവന്‍ രാജ്യത്തും നടപ്പിലാക്കാന്‍ നിര്‍ദേശം നല്കി.
ദേശീയ പൗരത്വ രജിസ്റ്റര്‍ ലക്ഷ്യമാക്കുന്നത് അനധികൃതമായി ഇന്ത്യയിലേക്ക് കുടിയേറിയവരെ കണ്ടെത്തുക എന്നതാണ്. ഇത് ആദ്യമായി കൊണ്ടുവന്നത് ബംഗ്ലാദേശി നുഴഞ്ഞുകയറ്റം സാരമായി ജനജീവിതത്തെ ബാധിച്ച ആസാമിലാണ്. ഇത്തരം ആളുകള്‍ നമ്മുടെ രാജ്യത്ത് വിധ്വംസക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ഇവിടത്തെ ജനങ്ങള്‍ അനുഭവിക്കേണ്ട വിഭവങ്ങളില്‍ അവകാശം സ്ഥാപിക്കുകയും ഇന്ത്യന്‍ പൗരന്മാര്ക്ക് കിട്ടേണ്ട തൊഴില്‍, മറ്റാനുകൂല്യങ്ങള്‍ എന്നിവ കവര്‍ന്നെടുക്കുകയും ചെയ്യുന്നു. പക്ഷേ ഇന്ത്യ വളരെ അനുഭാവപൂര്‍ണമായ നിലപാടാണ് ഈ വിഷയത്തില്‍ എടുത്തിരിക്കുന്നതെന്നു പറയാതെ വയ്യ. മേല്‍പ്പറഞ്ഞ ഒരു രേഖ പോലും ഇല്ലാത്തവരെ ന്യായമായും സംശയിക്കണം. ഇന്ത്യയില്‍ ജിഹാദി ഭീകരവാദം കൊടുമ്പിരിക്കൊണ്ട 1990കള്‍ക്ക് ശേഷം ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയവരെ കണ്ടെത്തി അവരെ തടയുകയെന്നതും പൗരത്വ രജിസ്റ്ററിന്റെ ലക്ഷ്യമാണ്.
പൗരത്വ ഭേദഗതി ബില്‍
പൗരത്വ ഭേദഗതി ബില്‍ പ്രകാരം ഇന്ത്യയുമായി അതിര്‍ത്തി പങ്കിടുന്നതും ഈ രാജ്യത്തുനിന്നു വേര്‍പെട്ടു പോയതും എന്നാല്‍ ഒരേ സാംസ്കാരിക പൈതൃകം പേറുന്നതുമായ പാക്കിസ്ഥാന്, അഫ്ഗാനിസ്ഥാന്, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ വംശീയ ഉന്മൂലന ഭീഷണിയും പീഡനവും നേരിടുന്ന ആറ് ന്യൂനപക്ഷ മതങ്ങളില്‍പ്പെട്ടവര്‍ക്ക് പൗരത്വം നല്കാന് അനുമതി നല്കുന്ന ബില്ലാണ് പൗരത്വഭേദഗതി ബില്‍. മേല്‍പ്പറഞ്ഞ രാജ്യങ്ങളിലെ ഹിന്ദു, ക്രിസ്ത്യന്‍, പാഴ്സി, ജൈനര്‍, ബുദ്ധര്‍, സിഖ് എന്നീ ന്യൂനപക്ഷ സമുദായങ്ങളില്‍ ഉള്‍പ്പെട്ട എന്നാല്‍ ഉന്മൂലന ഭീഷണി മൂലം ഇന്ത്യയിലേക്ക് കുടിയേറിയവരില്‍ 2014 ഡിസംബര്‍ 31നു മുന്നേ വരെ വന്നവരെയാണ് പൗരത്വത്തിനായി പരിഗണിക്കുക. ഈ പരിധി മുന്‍പ് 1971 മാര്‍ച്ച് വരെയായിരുന്നു. പുതിയ ഭേദഗതി പാസ്സായതോടെ ഈ ഗണത്തില്‍പ്പെട്ട കുടിയേറ്റക്കാരെ ജയിലില്‍ ഇടുകയോ നാടുകടത്തുകയോ ചെയ്യില്ല.
1947 ലെ ഇന്ത്യ-പാക്കിസ്ഥാന് വിഭജനത്തിന് ശേഷം പാക്കിസ്ഥാനിലെ ന്യൂനപക്ഷമായിരുന്ന ഹിന്ദു സമൂഹവും സിഖ് സമൂഹവും ക്രിസ്ത്യന്‍ സമൂഹവും കൂടി ഏതാണ്ട് 20% ഉണ്ടായിരുന്നു. ഇന്നത് 5 ശതമാനത്തിലാണ് എന്നതുതന്നെയാണ് ഈ ബില്ലിന്റെ ആവശ്യകത വിളിച്ചു പറയുന്നതും. ബംഗ്ലാദേശില്‍ 1971 ല്‍ മാത്രം ഏതാണ്ട് 20 ലക്ഷം ഹിന്ദുക്കളെയാണ് ഉന്മൂലനം ചെയ്തത്. അന്ന് ജീവനും കൊണ്ടു പലായനം ചെയ്തവരും ഇതേപോലെ 1947 നു ശേഷം പലപ്പോഴായി ജീവന് വേണ്ടി അതിര്‍ത്തി കടന്നുവന്ന പാക്കിസ്ഥാനിലെ ന്യൂനപക്ഷങ്ങളും ഇന്ന് അനധികൃതമായാണ് ഇന്ത്യയില്‍ കഴിയുന്നത്.
ഈ രണ്ടു രാജ്യങ്ങളില്‍ ജീവിക്കുന്ന ഇസ്ലാമിതര മതങ്ങളില്‍പ്പെട്ടവര്‍ ഒന്നുകില്‍ കൊല്ലപ്പെടുകയോ അല്ലെങ്കില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് വിധേയരാക്കപ്പെടുകയോ ചെയ്യുന്നു എന്നാണ് കണക്കുകള്‍ കാണിക്കുന്നത്.
അഭയാര്‍ഥികളായി ഈ മണ്ണില്‍ കടന്നുവന്നവരോട് എന്നും മനുഷ്യത്വപരമായ സമീപനം കൈക്കൊണ്ടിട്ടുള്ള രാജ്യമാണ് ഇന്ത്യ. ആ പുരാതന സംസ്കൃതിയുടെ പാരമ്പര്യം ഇന്നും രാജ്യം നിലനിര്‍ത്തുന്നു. അഭയം തേടിയെത്തിയവര്‍ക്ക് നിയമപരിരക്ഷ നല്‍കാനും അവര്‍ക്കായി പൗരത്വനിയമങ്ങളില്‍ ഇളവ് കൊടുക്കാനും പൗരത്വഭേഗഗതി ബില്‍ മൂലം സാധിക്കും.
സ്വാഭാവിക പ്രക്രിയയിലൂടെ 1955 ലെ ഇന്ത്യന്‍ പൗരത്വനിയമം അനുസരിച്ചു ഏതു ലോകരാജ്യങ്ങളില്‍ നിന്നുള്ള ഏതൊരാള്‍ക്കും ഇന്ത്യന്‍ പൗരത്വത്തിനു അനുമതി തേടാം. അതിനു അവര്‍ 12 വര്‍ഷം ഇന്ത്യയില്‍ ജീവിക്കണം എന്ന വ്യവസ്ഥ പൗരത്വഭേദഗതിയിലൂടെ മുകളില്‍ പറഞ്ഞ ന്യൂനപക്ഷ മതങ്ങളില്പ്പെട്ടവരില് 2014 ഡിസംബറിന് മുന്നേ വന്ന അഭയാര്‍ത്ഥികള്‍ക്ക് പ്രത്യേക ഇളവ് കൊടുത്തുകൊണ്ടു 5 വര്‍ഷമായി ചുരുക്കി. മറ്റുള്ളവര്‍ക്ക് സ്വാഭാവിക പ്രക്രിയ പിന്തുടര്ന്നു ഇന്ത്യന്‍ പൗരത്വം നേടുന്നതിന് യാതൊരു തടസ്സവുമില്ല താനും.
ബിജെപി പൗരത്വഭേദതഗി ബില്‍ നടപ്പിലാക്കും എന്നു പ്രകടനപത്രികയില്‍ പറഞ്ഞുകൊണ്ടാണ് കഴിഞ്ഞ തെരെഞ്ഞെടുപ്പില്‍ ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിയതും വലിയ വിജയം നേടിയതും. കോണ്‍ഗ്രസ്സും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും പലപ്പോഴായി ഇതേ ആവശ്യം ഉയര്‍ത്തിയിട്ടുണ്ട്. രാഷ്ട്രീയ ഇരട്ടത്താപ്പ് നടത്തി അന്ന് പറഞ്ഞത് വിഴുങ്ങി ഇന്ന് എതിര്‍പ്പിന്റെ ഭാഗത്താണ്. വംശീയ ഉന്മൂലന ഭീഷണി അനുഭവിക്കുന്ന ഇസ്ലാമിക ഭരണമുള്ള അയല്‍രാജ്യങ്ങളിലെ ന്യൂനപക്ഷങ്ങളെ പൗരത്വം നല്കി സംരക്ഷിക്കണം എന്നു 2003 ല്‍ മുന്‍ പ്രധാനമന്ത്രി മന്മോഹന് സിങ് അന്നത്തെ ആഭ്യന്തരമന്ത്രി എല്‍.കെ. അദ്വാനിയോട് ആവശ്യപ്പെട്ടത് സഭാരേഖകളിലുണ്ട്. അതുപോലെ 2012 ലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് അവതരിപ്പിച്ച പ്രമേയത്തില്‍ ബംഗ്ലാദേശിലെ ന്യൂനപക്ഷ ഹിന്ദുക്കള്‍ക്ക് പൗരത്വം നല്കി സംരക്ഷിക്കാന്‍ അന്നത്തെ പ്രധാനമന്ത്രി മന്മോഹന് സിങിനെ ഓര്‍മ്മിപ്പിക്കുന്നുണ്ട്. കൂടാതെ ഇതേ ആവശ്യം ഉന്നയിച്ച് അതേ വര്‍ഷം ആഗസ്തില്‍ സിപിഎം മന്മോഹന് സിങിന് കത്തു നല്‍കുകയും ചെയ്തു. അതില്‍ മന്മോഹന് സിങ് 2003 ല്‍ രാജ്യസഭയില്‍ നടത്തിയ പരാമര്‍ശം സൂചിപ്പിക്കയും ചെയ്തിട്ടുണ്ട് എന്നും ആ പാര്‍ട്ടിയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ തന്നെ പറയുന്നുമുണ്ട്. പിന്നെ എന്ത് ധാര്‍മ്മികതയുടെ ബലത്തിലാണ് സിപിഎം ബിജെപി നടപ്പാക്കുന്ന പൗരത്വ ഭേദഗതി ബില്ലിനെ എതിര്‍ക്കുന്നത് എന്നു ചിന്തിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: