ബ്രാഹ്മമുഹൂര്‍ത്തിലാണ് നട തുറക്കുന്നത്. പുലര്‍ച്ചെ മൂന്നിന് നട തുറക്കാനുള്ള ശംഖനാദം മുഴക്കും. കുത്തുവിളക്കിന്റെ അകമ്പടിയില്‍ മേല്‍ശാന്തി പ്രദക്ഷിണമായി എത്തി സോപാനത്തില്‍ സാഷ്ടാംഗം നമസ്ക്കരിച്ച് പടിക്കെട്ടില്‍ തീര്‍ഥം തളിച്ച് സോപാനത്തിലെ നിലവിളക്ക് തെളിച്ച് കര്‍പ്പൂരം കത്തിച്ച് മണിയടിച്ച് തിരുനട തുറക്കും.
നിര്‍മാല്യത്തിന് വിളക്കു വച്ച് നമസ്ക്കരിച്ച് മേല്‍ശാന്തി പുറത്തിറങ്ങി ഉപദേവതാ നടകള്‍ തുറന്ന് വിളക്കു കൊളുത്തി തിരിച്ചെത്തും. തന്ത്രിയുടെ കാര്‍മികത്വത്തില്‍ പിന്നീട് അഷ്ടാഭിഷേകം.
ഭസ്മം, പാല്, തേന്‍, പഞ്ചാമൃതം, കരിക്കിന് വെള്ളം, കളഭം, പനിനീര് എന്ന ക്രമത്തിലാണ് അഷ്ടാഭിഷേകം നടത്തുന്നത്. അതിനു ശേഷം ഇഞ്ച കൊണ്ട് തേച്ചുകുളിപ്പിച്ച് ശുദ്ധജലത്തില്‍ വൃത്തിയാക്കി പുതിയ തോര്‍ത്തു കൊണ്ട് തുടച്ച് നീലപ്പട്ട് ഉടുപ്പിച്ച് ചന്ദനവും മാലയും ചാര്‍ത്തി ഒരുക്കം. അതു കഴിഞ്ഞ് മലര് നിവേദ്യം സമര്‍പ്പിക്കും. പിന്നീട് സ്വര്‍ണക്കുടത്തില്‍ നെയ് നിറച്ച് തന്ത്രി ആദ്യത്തെ നെയ്യഭിഷേകം നടത്തും. തുടര്‍ന്ന് മേല്ശാന്തിക്കാകും ഊഴം. മേല്‍ശാന്തി നെയ്യഭിഷേകം നടത്തുമ്പോള്‍ തന്ത്രി പുറത്തിറങ്ങി കിഴക്കേ മണ്ഡപത്തില്‍ അഷ്ടദ്രവ്യ ഗണപതി ഹോമം നടത്തും. ഈ സമയത്ത് നെയ്യഭിഷേകം തുടരും. 7.15 ന് അഭിഷേകം നിര്‍ത്തി ഉഷപൂജയ്ക്കായി അയ്യപ്പനെ ഒരുക്കും. ദര്‍ശന പ്രാധാന്യം ഏറെയുള്ളതാണ് ഉഷപൂജ. ഇടിച്ചു പിഴിഞ്ഞപായസമാണ് നിവേദ്യം.
ഉഷപൂജ കഴിഞ്ഞാല്‍ ഉദയാസ്തമയപൂജയാണ്. അഭീഷ്ടസിദ്ധിക്കായുള്ള പ്രധാന വഴിപാടാണിത്. പതിനെട്ടു പൂജകളാണ് ഇതിനുള്ളത്. തീര്‍ഥാടനകാലത്ത് ഉദയാസ്തമയപൂജ ഇല്ല. ഉച്ചപൂജയ്ക്ക് ഒരു മണിക്കൂര്‍ മുമ്പേ നെയ്യഭിഷേകം പൂര്‍ത്തിയാക്കി ശ്രീകോവിലും തിരുമുറ്റവും കഴുകും. തന്ത്രിയുടെ കാര്‍മികത്വത്തിലാണ് ഉച്ചപ്പൂജ. ഇതിന് മൂന്ന് ഭാഗമുണ്ട്. പീഠപൂജ, മൂര്‍ത്തിപൂജ, പ്രസന്നപൂജ.
വെള്ളച്ചോറും അരവണയുമാണ് ഉച്ചപ്പൂജയുടെ നിവേദ്യം. വൈകീട്ട് ആറരയ്ക്കാണ് ദീപാരാധന. പൂക്കള്‍ക്കു നടുവിലെ അയ്യപ്പന്റെ അപൂര്‍വ ദര്‍ശനമാണ് പുഷ്പാഭിഷേകത്തിലൂടെ ലഭിക്കുന്നത്. രാത്രി പത്തുമണിക്ക് അത്താഴപൂജ. അപ്പം, വെള്ള, പാനകം എന്നിവയാണ് നിവേദ്യം. കഷായക്കൂട്ടാണ് പാനകം. അത്താഴപൂജ കഴിഞ്ഞ് ഹരിവരാസനം പാടിയുറക്കി നടയടയ്ക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: