കൊച്ചി: പ്ലീസ്… ഇനിയെങ്കിലും ഒന്ന് ജയിക്കുമോ…? ബ്ലാസ്റ്റേഴ്സ് ആരാധകരുടെ ചോദ്യമാണിത്. ഐഎസ്എല്‍ ആറാം സീസണില്‍ കൊച്ചിയില്‍ നടന്ന ഉദ്ഘാടന മത്സരത്തില്‍ എടികെയെ തോല്‍പ്പിച്ചു തുടങ്ങിയശേഷം ബ്ലാസ്റ്റേഴ്സിന്റെ ഒരു ജയത്തിനായി ആരാധകരുടെ കാത്തിരിപ്പാണ്. ഇന്ന് ബ്ലാസ്റ്റേഴ്സിന് എട്ടാം മത്സരമാണ്. എതിരാളികള്‍ ജംഷഡ്പൂര്‍ എഫ്സി. ആദ്യ ജയത്തിനുശേഷം കളിച്ച ആറ് മത്സരങ്ങളില്‍ മൂന്ന് വീതം തോല്‍വിയും സമനിലയുമാണ് ബ്ലാസ്റ്റേഴ്സിന് സ്വന്തമായുള്ളത്. ടീം നന്നായി കളിക്കുന്നുണ്ടെങ്കിലും ജയിക്കാന്‍ കഴിയാതായതോടെ ആരാധകരും സ്റ്റേഡിയത്തോട് വിടപറഞ്ഞു തുടങ്ങി.
നിലവില്‍ ഏഴ് കളികളില്‍ നിന്ന് ആറ് പോയിന്റുമായി എട്ടാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്. ജംഷഡ്പൂര്‍ അത്രയും മത്സരത്തില്‍ നിന്ന് 12 പോയിന്റുമായി നാലാം സ്ഥാനത്തും. ഇന്ന് ജംഷഡ്പൂര്‍ ജയിച്ചാല്‍ 15 പോയിന്റുമായി അവര്‍ ഒന്നാം സ്ഥാനത്തേക്കുയരും. ബ്ലാസ്റ്റേഴ്സ് ജയിച്ചാല്‍ 9 പോയിന്റുമായി അവര്‍ക്കും മുന്നേറാം.
പ്രമുഖ താരങ്ങളുടെ പരിക്കാണ് ബ്ലാസ്റ്റേഴ്സിനെ വലയ്ക്കുന്നത്. കോച്ച് എല്‍കോ ഷട്ടോരിക്ക് ഇതുവരെ താന്‍ ഉദ്ദേശിക്കുന്നപോലൊരു ഇലവനെ കളത്തിലിറക്കാന്‍ കഴിഞ്ഞിട്ടില്ല. അതിനു പുറമെയാണ് ബ്ലാസ്റ്റേഴ്സ് അവസാന നിമിഷങ്ങളില്‍ ഗോള്‍ വഴങ്ങുന്നതിന്റെ തലവേദനയും. ഗോവക്കെതിരെയും മുംബൈ സിറ്റിക്കെതിരെയും ബ്ലാസ്റ്റേഴ്സ് സമനിലയില്‍ കുരുങ്ങിയത് ഇങ്ങനെയായിരുന്നു. ഈ രണ്ട് കളികളിലും മുന്നിട്ടുനിന്നശേഷം ലീഡ് നിലനിര്‍ത്താന്‍ കഴിയാതെ ഗോള്‍ വഴങ്ങിയതാണ് ഷട്ടോരിയുടെ ടീമിന് തിരിച്ചടിയായത്. 7 കളികളില്‍ ആറ് ഗോളടിച്ച ബ്ലാസ്റ്റേഴ്സ് എട്ടെണ്ണം വഴങ്ങുകയും ചെയ്തു.
എങ്കിലും ഒരു സന്തോഷ വാര്‍ത്ത ബ്ലാസ്റ്റേഴ്സ് ക്യാമ്പില്‍ നിന്നുണ്ട്. പ്ലേ മേക്കര്‍ മരിയോ ആര്‍ക്കെസ് ഫിറ്റ്നസ് വീണ്ടെടുത്തു എന്നതാണ് ആ വാര്‍ത്ത. എന്നാല്‍ ഇന്ന് ആദ്യ ഇലവനില്‍ ഇറങ്ങുമോ എന്ന് കോച്ച് ഷട്ടോരി ഉറപ്പു പറയുന്നില്ല. താരം ഫിറ്റാണ്. എങ്കിലും മുഴുവന്‍ സമയവും കളിക്കാനുള്ള കായികക്ഷമതയില്ലെന്നാണ് ഇന്നലെ പത്രസമ്മേളനത്തില്‍ ഷട്ടോരി പറഞ്ഞത്. ഈ സീസണില്‍ ആദ്യ മത്സരത്തില്‍ പകരക്കാരനായി മാത്രം കളത്തിലിറങ്ങിയ ആര്‍ക്കെസ് പരിക്കുകാരണം പിന്നീട് കള ത്തിലിറ ങ്ങിയില്ല. ഇന്ന് പകരക്കാരനായ ആര്‍ക്കെസ് ഇറങ്ങുമെന്നാണ് കോച്ച് നല്കുന്ന സൂചന. അതേസമയം നായകന് ഒഗ്ബെച്ചെ ഇന്ന് കളിക്കില്ല. പരിക്കാണ് പ്രശ്നം. ഏകദേശം രണ്ടാഴ്ച വിശ്രമമാണ് ഒഗ്ബെച്ചെക്ക് ന ിര്ദ്ദേ ശിച്ചിരിക്കുന്നത്. മുംബൈ സിറ്റിക്കെതിരായ മത്സരത്തിലും ഒഗ്ബെച്ചെ കളിച്ചിരുന്നില്ല. കഴിഞ്ഞ മത്സരത്തില്‍ കളിച്ച അതേ ടീം തന്നെ ഇന്ന് ഇറങ്ങാനാണ് സാധ്യത. 4-4-1-1 ശൈലിയിലായിരിക്കും ബ്ലാസ്റ്റേഴ്സ് കളത്തിലെത്തുക. സ്ട്രൈക്കറായി മെസ്സി ബൗളിയും തൊട്ടുപിന്നില്‍ സഹലുമുണ്ടാകും. സെന്ട്രല്മിഡ്ഫീല്ഡറായി സിഡോയും ജീക്സണ് സിങ്ങും.
മറുവശത്ത് ഏഴ് മത്സരങ്ങള്‍ കളിച്ച ജംഷഡ്പൂര്‍ എഫ്സി ഒരു കളിയില്‍ മാത്രമാണ് തോറ്റത്. മൂന്ന് ജയവും മൂന്ന് സമനിലയും അവര്‍ക്കുണ്ട്. എന്നാല്‍ അവസാന രണ്ട് കളിയിലും സമനില പാലിക്കേണ്ടിവന്നതിന്റെ ക്ഷീണം തീര്‍ക്കാനുറച്ചായിരിക്കും അവര്‍ ഇന്ന് ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ ഇറങ്ങുന്നത്.
സൂപ്പര്‍ സ്ട്രൈക്കര്‍ സെര്‍ജിയോ കാസ്റ്റല്‍ ഇന്ന് കളിക്കില്ല. കളിച്ച ആറ് കളികളില്‍നിന്ന് അഞ്ച് ഗോളടിച്ച കാസ്റ്റലിന്റെ അഭാവം ജംഷഡ്പൂര്‍ നിരയില്‍ നിഴലിക്കുമെന്ന് ഉറപ്പ്. മുന്‍ ബ്ലാസ്റ്റേഴ്സ് താരവും മലയാളിയുമായ സി.കെ. വിനീത് ആദ്യ ഇലവനില്‍ ഉണ്ടാകും.
ഒപ്പം ഫാറൂഖ് ചൗധരിയും. ഡിഫന്‍സീവ് മിഡ്ഫീല്‍ഡറായി ഐറ്റര്‍ മൊണ്‍റോയ്, മധ്യനിരയില്‍ ബ്രസീലിയന്‍ താരം മെമോ, നോയെ അകോസ്റ്റ എന്നിവരും എത്തും. തിരിച്ചുവരവിനായി ബ്ലാസ്റ്റേഴ്സും വിജയവഴിയില്‍ തിരിച്ചെത്താന്‍ ജംഷഡ്പൂരും ഇറങ്ങുമ്പോള്‍ കളി ആവേശമാകുമെന്ന് പ്രതീക്ഷിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: