യഥാര്‍ത്ഥ ജനവിധിയെ അട്ടിമറിക്കാന്‍ കോണ്‍ഗ്രസ്സും ജെഡിഎസ്സും ചേര്‍ന്ന് നടത്തിയ ശ്രമങ്ങള്‍ക്കേറ്റ ശക്തമായ തിരിച്ചടിയാണ് കര്‍ണാടകത്തിലെ ഉപതെരഞ്ഞെടുപ്പ് ഫലം. കോണ്‍ഗ്രസ്സില്‍ നിന്നും ജെഡിഎസ്സില്‍ നിന്നും ബിജെപിയിലെത്തിച്ചേര്ന്ന എംഎല്‍എമാരെ അയോഗ്യരാക്കിയതിനെ തുടര്‍ന്നാണ് പതിനഞ്ച് നിയമസഭ മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് നടന്നത്. ഈ തെരഞ്ഞെടുപ്പിന്റെ പ്രചാരണവേളയില്‍ അയോഗ്യരാക്കപ്പെട്ടവര്‍ക്ക് വേണ്ടി ബിജെപി വോട്ട് പിടിക്കുന്നു എന്നായിരുന്നു കോണ്‍ഗ്രസ്സിന്റെയും ജെഡിഎസ്സിന്റെയും പ്രധാന ആരോപണം. എന്നാല്‍ ബിജെപിയില്‍ ചേര്‍ന്നവരാരും അയോഗ്യരല്ലെന്നും ജനപ്രതിനിധികളായിരിക്കാനും ജനങ്ങള്‍ക്ക് വേണ്ടി ഭരണം നടത്താനും നൂറുശതമാനം യോഗ്യരാണെന്നുമാണ് തെരഞ്ഞെടുപ്പിലെ ബിജെപിയുടെ അട്ടിമറി വിജയം തെളിയിക്കുന്നത്.
ഉപതെരഞ്ഞെടുപ്പ് നടന്ന പതിനഞ്ച് സീറ്റുകളില്‍ പന്ത്രണ്ടിലും ബിജെപി സ്ഥാനാര്‍ത്ഥികള്‍ ജയിച്ചു. അതേസമയം, കോണ്‍ഗ്രസ്സിന് അവരുടെ പതിനൊന്ന് സിറ്റിങ് സീറ്റുകളില്‍ പത്തും നഷ്ടമായി. ജെഡിഎസ്സിന് ഒരു സിറ്റിങ് സീറ്റും നഷ്ടമായി. ഈ പതിനൊന്ന് സീറ്റുകളും പിടിച്ചെടുത്തുകൊണ്ടാണ് ബിജെപി തിളങ്ങുന്ന വിജയം കാഴ്ചവച്ചത്. പൊതുവെ സ്വാധീനം കുറഞ്ഞ പ്രദേശങ്ങളിലും ബിജെപി ശക്തമായ മുന്നേറ്റം നടത്തുകയായിരുന്നു.
കര്‍ണാടക തെരഞ്ഞെടുപ്പിന് ശേഷം സിദ്ധരാമയ്യയുടെയും കുമാരസ്വാമിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ്സും ജെഡിഎസ്സും നടത്തിയ നാടകങ്ങള്‍ കണ്ട് മനംമടുത്ത ജനങ്ങള്‍ ഉപതെരഞ്ഞെടുപ്പിനെ ഒരവസരമായി എടുത്ത് ബിജെപിയെ പിന്തുണച്ചത് സ്വാഭാവികം. അവസരരാഷ്ട്രീയത്തോടുള്ള ജനങ്ങളുടെ പ്രതികരണമാണ് നാം അവിടെ കണ്ടത്. യെദിയൂരപ്പയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ നിലനിര്‍ത്താന്‍ ബിജെ
പിക്ക് വേണ്ടിയിരുന്നത് ആറ് സീറ്റ് മാത്രമാണ്. എന്നാല്‍ അതിന്റെ ഇരട്ടി സീറ്റുകളാണ് ജനങ്ങള്‍ ബിജെപിക്ക് സമ്മാനിച്ചത്. മൂന്ന് സിറ്റിങ് സീറ്റുകളിലുള്‍പ്പെടെ മത്സരിച്ച 13 സീറ്റുകളിലും ജെഡിഎസ് പരാജയപ്പെട്ടു. ഒരു സ്ഥലത്തു പോലും വിജയിക്കാനായില്ല.
ലോക്സഭ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് ശേഷം, ജെഡിഎസ്സുമായി ചേര്‍ന്ന് കര്‍ണാടകം ഭരിക്കാമെന്ന് വ്യാമോഹിച്ച കോണ്‍ഗ്രസ്സിനേറ്റ വലിയ പ്രഹരം തന്നെയാണ് ഈ ഉപതെരഞ്ഞെടുപ്പ് ഫലം. ഇതോടെ സിദ്ധരാമയ്യയുടെ മാത്രമല്ല, കര്‍ണാടക തെരഞ്ഞെടുപ്പിന് ചുക്കാന്‍പിടിച്ച കെ.സി. വേണുഗോ
പാലന്റെയും രാഷ്ട്രീയ ഭാവി അനിശ്ചിതത്വത്തിലായി. ഇരുവര്‍ക്കുമെതിരെ കോണ്‍ഗ്രസ്സിനകത്തു നിന്നുതന്നെ കടുത്ത വിമര്ശനങ്ങളുയരുകയാണിപ്പോള്.
ജനവിധിയെ പിന്‍വാതിലിലൂടെ മോഷ്ടിച്ച കോണ്‍ഗ്രസ്സിനെയും ജെഡിഎസ്സിനെയും പാഠംപഠിപ്പിച്ച ഉപതെരഞ്ഞെടുപ്പാണ് കര്ണാടകയിലേതെന്നായിരുന്നു തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതികരണം. കോണ്‍ഗ്രസ് നേതൃത്വം നല്കിയ കഴിഞ്ഞ സര്‍ക്കാര്‍ കര്‍ണാടകത്തിന്റെ വികസനകാര്യങ്ങളില്‍ നിന്ന് മുഖംതിരിഞ്ഞു നിന്നതും നേതാക്കളുടെ അഴിമതിക്ക് കൂട്ടുനിന്നതുമാണ് ജനവിധി അവര്ക്കെതിരാകാന് കാരണമെന്ന് തിരിച്ചറിയാന്‍ ഇനിയെങ്കിലും കോണ്‍ഗ്രസ് തയ്യാറാകണം. കര്‍ണാടകം ആര് ഭരിക്കണമെന്ന് അവിടത്തെ ജനങ്ങള്‍ ഇപ്പോള്‍ അസന്ദിഗ്ധമായി തീരുമാനിച്ചിരിക്കുകയാണ്. സുസ്ഥിരവും സംശുദ്ധവുമായ ഒരു ഭരണം അവര്‍ പ്രതീക്ഷിക്കുന്നു. കേന്ദ്രത്തിലെ മോദി സര്‍ക്കാരിനൊപ്പം കര്‍ണാടകത്തെ മാതൃകാസംസ്ഥാനമാക്കുമെന്ന മുഖ്യമന്ത്രി യെദിയൂരപ്പയുടെ പ്രഖ്യാപനത്തെയും നമുക്ക് പ്രതീക്ഷയോടെ സ്വാഗതം ചെയ്യാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: