കേരളത്തിലെ സാമൂഹ്യരംഗത്ത് നിലനിന്ന അതിഭീകരമായ അയിത്തത്തിനും സാമൂഹ്യ വേര്‍തിരിവുകള്‍ക്കും എതിരെ നടന്ന സഹനസമരങ്ങളായ വൈക്കം സത്യഗ്രഹത്തിനും (1924) ഗുരുവായൂര്‍ സത്യഗ്രഹത്തിനും ഐതിഹാസിക മാനങ്ങളാണല്ലോ ചരിത്രത്തില്‍ നേടാന്‍ കഴിഞ്ഞത്. രണ്ടു സമരങ്ങള്‍ക്കും മഹാത്മാഗാന്ധിയുടെ അനുഗ്രഹാശിസ്സുകളുണ്ടായിരുന്നു. വൈക്കം സത്യഗ്രഹക്കാലത്ത് മഹാത്മജി നേരിട്ടുതന്നെ സ്ഥലത്തെത്തിയിരുന്നു. തുടര്‍ന്ന് വര്‍ക്കല കൊട്ടാരത്തില്‍ ക്യാമ്പു ചെയ്തിരുന്ന റീജന്റ് മഹാറാണി സേതു ലക്ഷ്മീബായിയെ സന്ദര്‍ശിച്ചു സംഭാഷണം നടത്തി. വൈക്കം സത്യഗ്രഹം നടത്തിയത് മഹാദേവക്ഷേത്രത്തിനു ചുറ്റുപാടുമുള്ള പൊതു നിരത്തുകളില്‍ കൂടി എല്ലാ ജാതിയിലും പെട്ട ഹിന്ദുക്കള്‍ക്ക് യാത്ര ചെയ്യാനുള്ള സ്വാതന്ത്ര്യത്തിനുവേണ്ടിയായിരുന്നു. അതനുവദിക്കപ്പെട്ടതോടെ 1925 നവംബറില്‍ വൈക്കം സത്യഗ്രഹം വിജയകരമായി അവസാനിച്ചു. വീണ്ടും ഒരു പന്തീരാണ്ടു കൂടി കഴിഞ്ഞാണ് തിരുവിതാംകൂറിലെ ഐതിഹാസികമായ ക്ഷേത്ര പ്രവേശന വിളംബരത്തില്‍ ശ്രീചിത്തിരതിരുനാള്‍ മഹാരാജാവ് തുല്യം ചാര്‍ത്തിയത്.
1932 സെപ്തംബറില്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ എല്ലാ വിഭാഗം ഹിന്ദുക്കള്‍ക്കും പ്രവേശം അനുവദിക്കുന്നതിനുവേണ്ടി കെ. കേളപ്പന്റെ നേതൃത്വത്തില്‍ ശ്രമമാരംഭിച്ചു. സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി അയിത്തോച്ചാടനം കൂടി അജന്‍ഡയായി മഹാത്മാഗാന്ധി സ്വീകരിച്ചതിനാല്‍ കേരളത്തില്‍ അതു കേളപ്പജി ഏറ്റെടുക്കുകയായിരുന്നു. ഹിന്ദുസമൂഹത്തിലെ ഏറ്റവും താഴെത്തട്ടിലുള്ളവരായി കരുതപ്പെട്ടിരുന്ന പുലയര്‍, പറയര് തുടങ്ങിയ വിഭാഗങ്ങള്‍ക്കിടയില്‍ ഉണര്‍വുണ്ടാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ അദ്ദേഹം ആരംഭിച്ചിരുന്നു. വൈക്കം സത്യഗ്രഹക്കാലത്തുതന്നെ തന്റെ സ്വന്തം ചുറ്റു ഗ്രാമങ്ങളില്‍ വിദ്യാലയങ്ങളും ആശ്രമങ്ങളും സ്ഥാപിച്ച് നിരവധി ഹരിജന ബാലന്മാരെ വളര്‍ത്തിക്കൊണ്ടു വന്നിരുന്നു. പാക്കനാര്‍പുരം, ഗോപാലപുരം മുതലായ പേരുകളില്‍ ചരിത്രത്തില്‍ സ്ഥാനം പിടിച്ച സ്ഥാപനങ്ങളും മറ്റും വളരെ ഭംഗിയായി പ്രവര്‍ത്തിച്ചിരുന്നു. ഒട്ടനവധി ഹരിജന ബാലന്മാര് അവിടെ പഠിച്ചുവളര്‍ന്ന് പില്ക്കാലത്തു കേരളത്തില്‍ മന്ത്രിമാരായും, ഉയര്‍ന്ന ഉദ്യോഗസ്ഥരായും സേവനമനുഷ്ഠിച്ചു വന്നിട്ടുണ്ട്. തന്റെ അനുയായികളായിരുന്ന തിക്കോടിയന്, സി.എച്ച്. കുഞ്ഞപ്പ, ചെറിയോമന നായര്‍ മുതലായവര്‍ ആ സ്ഥാപനങ്ങളില്‍ താമസിച്ച് കുട്ടികളെ വളര്‍ത്തിയെടുക്കുന്നതില്‍ സഹകരിക്കുകയും ചെയ്തു. സ്വാതന്ത്ര്യസമരത്തിലും കലാസാഹിത്യ, പത്രപ്രവര്‍ത്തന മേഖലകളിലും ഉയര്‍ന്ന നിലയിലെത്തിച്ചേര്‍ന്ന അവരെല്ലാംതന്നെ കേളപ്പജിയോടൊപ്പം നിന്ന് ചെയ്ത പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഹൃദയസ്പൃക്കായി വിവരിച്ചിട്ടുമുണ്ട്.
1932 സെപ്തംബര്‍ 21 നാണ് കേളപ്പജി ഗുരുവായൂരില്‍ ഉപവാസമാരംഭിച്ചത്. അതിനു മുന്‍പുതന്നെ തന്റെ ഈ സംരംഭത്തെക്കുറിച്ചു മലബാറിലാകെ ഏതാണ്ട് പത്തുമാസംനീണ്ട പ്രചാരണ യജ്ഞവും നടത്തി. 1931 നവംബറില്‍ തന്നെ സത്യഗ്രഹമാരംഭിച്ചിരുന്നു. കിഴക്കേ നടയില്‍നിന്ന് സത്യഗ്രഹികള്‍ കുളിച്ച് ശുഭ്രവസ്ത്രം ധരിച്ച് ദര്‍ശനത്തിന് പുറപ്പെട്ടു. അയിത്ത ജാതിക്കാര്‍ വിലക്കപ്പെട്ടിരുന്ന സ്ഥലത്തു ക്ഷേത്രാധികാരികള്‍ അവരെ തടഞ്ഞു. അവര്‍ അവിടെത്തന്നെ നിന്ന് വെയിലും മഴയും കൂസാതെ ഭജനയും നാമസങ്കീര്‍ത്തനങ്ങളുമായി നിന്നു. കേളപ്പജിക്കു പുറമെ ആഗമാനന്ദ സ്വാമികള്‍, മന്നത്തു പത്മനാഭപിള്ള, വൈശ്രവണത്ത് രാമന് നമ്പൂതിരി, ടി.എം. സുബ്രഹ്മണ്യന് തിരുമുമ്പ് തുടങ്ങിയ നിരവധി പേര് പ്രഭാഷണങ്ങള്‍ നടത്തിവരുന്നു.
സത്യഗ്രഹം പത്തുമാസം പിന്നിട്ടപ്പോഴും ക്ഷേത്രത്തിന്റെ ഉടമയായിരുന്ന സാമൂതിരി രാജാവോ, മറ്റു ഊരാളന്മാരോ അശേഷം കുലുങ്ങിയില്ല. അതിനാല്‍ ഉപവാസം ആരംഭിക്കാനുള്ള തീരുമാനം കേളപ്പജിയും കൂട്ടരും എടുത്തു. അതിനായി അദ്ദേഹം ഗാന്ധിജിയുടെ ഉപദേശം തേടി. സെപ്തംബര്‍ 21 ന് കേളപ്പജി പൊടുന്നനെ ഉപവാസം പ്രഖ്യാപിക്കുകയായിരുന്നു. തലേന്നു മഞ്ജുളാല്‍ തറയ്ക്കു സമീപം ചേര്‍ന്ന ജനസമൂഹത്തെ അദ്ദേഹം തന്റെ തീരുമാനമറിയിച്ചു. പില്ക്കാലത്തു കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ നേതാവായിത്തീര്‍ന്ന എ.കെ. ഗോപാലനായിരുന്നു ഉപവാസമനുഷ്ഠിച്ചുവന്ന അദ്ദേഹത്തെ ശുശ്രൂഷിക്കാനുണ്ടായിരുന്നത്. കൂടാതെ കേളപ്പജി വളര്‍ത്തു പുത്രനെപ്പോലെ കൊണ്ടുനടന്നു വന്ന പി.എം. ഉണ്ണികൃഷ്ണന് എന്ന ഹരിജന ബാലനും ഒപ്പമുണ്ടായിരുന്നു.
ഉപവാസമനുഷ്ഠിച്ചു കിടക്കുന്ന കേളപ്പജിയും എ.കെ. ഗോപാലനും, പ്രസ്തുത ബാലനും ഉള്‍ക്കൊള്ളുന്ന ഫോട്ടോ വളരെ പ്രസിദ്ധമാണ്. എന്നാല്‍ ഇക്കുറി പത്രങ്ങളില്‍ വന്ന ചിത്രങ്ങളില്‍ എ.കെ.ജിയേയും കേളപ്പജിയേയും മാത്രം നിര്‍ത്തിക്കൊണ്ട് ഉണ്ണികൃഷ്ണന് ഒഴിവാക്കപ്പെട്ടതായി കണ്ടു.
ഉണ്ണികൃഷ്ണനെക്കുറിച്ചു കൂടുതല്‍ വിവരങ്ങള്‍ തേടിക്കൊണ്ട് സംഘത്തിന്റെ മലപ്പുറം ജില്ലാ സംഘചാലക് ബാലചന്ദ്രന് ഫോണിലൂടെ സംസാരിക്കുകയുണ്ടായി. കേളപ്പജി അദ്ദേഹത്തെ പഠിപ്പിച്ചു നല്ല നിലയിലെത്തിക്കാന്‍ വളരെ പരിശ്രമിച്ചിരുന്നുവത്രേ. ഇരിങ്ങല്‍ ശ്രദ്ധാനന്ദ വിദ്യാലയത്തിലും കൊയിലാണ്ടി ഹൈസ്കൂളിലും പട്ടാമ്പി സംസ്കൃത കോളജിലുമെല്ലാമായിരുന്നു ഉണ്ണികൃഷ്ണന്റെ വിദ്യാഭ്യാസത്തിന് അദ്ദേഹം വ്യവസ്ഥ ചെയ്തിരുന്നതെന്നദ്ദേഹം പറഞ്ഞു.
പാപ്പിനിശ്ശേരിയിലെ ആറോണ്‍ കമ്പനിയില്‍ അദ്ദേഹം ജോലിചെയ്തിരുന്നതായറിയാം. സാമുവല്‍ ആറോണ്‍ കണ്ണൂരിലെ ആദ്യകാല സ്വാതന്ത്ര്യസമര നേതാവും കേളപ്പജിയുടെ അടുത്ത സുഹൃത്തുമായിരുന്നല്ലൊ. വടക്കേ മലബാറില്‍ ക്ഷയരോഗാസ്പത്രി ആരംഭിക്കാന്‍ കേളപ്പജിയുടെ പ്രേരണയില്‍ അദ്ദേഹം പരിയാരത്ത് 500 ഏക്കര്‍ സ്ഥലം ദാനം ചെയ്തിരുന്നു. ഇപ്പോള്‍ പരിയാരത്തെ സഹകരണ മെഡിക്കല്‍ കോളജ് ആ വളപ്പിലാണ് പ്രവര്‍ത്തിക്കുന്നത്. സാനിട്ടോറിയത്തിന്റെ അവസ്ഥയെപ്പറ്റി വിവരമില്ല.
ഉണ്ണികൃഷ്ണന് എന്ന പേര് അദ്ദേഹത്തിന് കേളപ്പജി നല്കിയതാണത്രേ. ആദ്യം കുഞ്ഞിവര്യന് എന്നായിരുന്നുവത്രേ പേര്.അദ്ദേഹത്തിന്റെ ജ്യേഷ്ഠന്റെ മകന്റെ മകന് സ്വാതി വിപിന്‍ രാജും അതിനിടെ ഫോണ്‍ ചെയ്തു അദ്ദേഹത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ എവിടെ കിട്ടുമെന്നന്വേഷിച്ചു. സംസ്ഥാന പുരാവസ്തു വകുപ്പില്‍ ജോലി ചെയ്യുന്ന അദ്ദേഹം തന്റെ പിതാവിന്റെ പിതൃവ്യന്റെ ജീവിതത്തെക്കുറിച്ചു കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ ശ്രമിക്കുകയാണ്. എന്നോ അദ്ദേഹത്തിന് സര്‍ക്കാര്‍ ജോലി ലഭിച്ചിരുന്നുവെന്നും, അഖില മലബാര്‍ ഹരിജന്‍ സമാജത്തിന്റെ മലബാര്‍ ഓര്‍ഗനൈസിങ് സെക്രട്ടറിയായും പ്രവര്‍ത്തിച്ചിരുന്നുവെന്ന് സ്വാതി വിപിന്‍ അറിയാം.
മലബാര്‍ സബ് കളക്ടര്‍ സുബ്രഹ്മണ്യന് ജോലിയില്‍നിന്ന് വിരമിച്ചപ്പോള്‍ കോഴിക്കോട് ആര്യഭവന് ഹോട്ടലില്‍ നടന്ന യാത്രയയപ്പു വേളയില്‍ എടുത്ത ഫോട്ടോ അദ്ദേഹത്തിനു ലഭിച്ചു.
1941-ല്‍ കോഴിക്കോടിനടുത്തു മൂഴിക്കല്‍ എന്ന സ്ഥലത്ത് ഹരിജനങ്ങള്ക്കെതിരെയുണ്ടായ മര്‍ദ്ദനത്തില്‍ കഠിനമായ പരിക്കേറ്റ് രക്തം ഛര്‍ദ്ദിച്ചുവെന്നും തുടര്‍ന്നു വേണ്ടുംവണ്ണമുള്ള ചികിത്സ ലഭിക്കാതെ 35-ാം വയസ്സില്‍ മരണപ്പെട്ടുവെന്നുമാണ് സ്വാതി വിപിന്‍ രാജിന് നേടിയെടുക്കാന്‍ കഴിഞ്ഞ വിവരം.
കേളപ്പജിയുടെ നേതൃത്വത്തില്‍ നടന്ന അക്കാലത്തെ എല്ലാ പ്രക്ഷോഭങ്ങളിലും ഉണ്ണികൃഷ്ണന് സജീവമായി പങ്കെടുത്തിരുന്നു. അയിത്തജാതിക്കാരനായതുകൊണ്ടാണോ അദ്ദേഹത്തിന്റെ പരാമര്‍ശങ്ങള്‍ മലബാറിലെ പൊതുസാമൂഹ്യ സാംസ്കാരിക പരാമര്ശങ്ങളില്പ്പെടാതെ പോയത്? ഒടിയന്മാരെ വേട്ടയാടുന്നതിന്റെ പേരിലും, ഉഴവുകാളകളെ മര്‍ദ്ദിച്ചതിന്റെ പേരിലും, കാളയോട്ട മത്സരങ്ങളില്‍ എതിര്പ്പുന്നയിച്ചതിനും ഉണ്ണികൃഷ്ണനെ പലരും നോട്ടപ്പുള്ളിയാക്കിയിരുന്നത്രേ. അയിത്തോച്ചാടനത്തിനും ഹരിജനോദ്ധാരണത്തിനും വേണ്ടി പ്രയത്നിച്ച മേല്‍ജാതിക്കാരായ പ്രവര്‍ത്തകര്‍ക്കെല്ലാം സാഹിത്യത്തിലും ചരിത്രഗ്രന്ഥങ്ങളിലും ഇടംകിട്ടുകയും, അക്കാലത്ത് പത്രങ്ങളില്‍ പരാമര്‍ശമുണ്ടാകുകയും ചെയ്തിരുന്നു. എന്തുകൊണ്ടോ ഉണ്ണികൃഷ്ണന് ആ അവസരവും ലഭിച്ചില്ല. സ്വാതി വിപിന്‍ രാജിന്റെ പരിശ്രമം വിജയിച്ചാല്‍ നമുക്കൊക്കെ അതു നേട്ടമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: