സാഹിത്യ സപര്യയില്‍ ആറാമതായി മഹാകവി അക്കിത്തത്തേടി ജ്ഞാനപീഠ പുരസ്കാരവും എത്തിയിരിക്കുകയാണ്. പരമോന്നതമായ ഈ പുരസ്കാരം അക്കിത്തത്തിന് ലഭിക്കുമെന്ന് കേള്‍ക്കാന്‍ തുടങ്ങിയിട്ട് നാളേറെയായി. കാരണം എഴുത്തുകാരില്‍ ഈ ബഹുമതിക്ക് ഏറ്റവും അര്‍ഹന്‍ എന്നതുതന്നെ. ഇപ്പോള്‍ കാലം കാത്തുവച്ച ഈ പുരസ്കാരം പരിഭവമേതുമില്ലാതെ ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസകാരന് കൈകളിലേറ്റുവാങ്ങുമ്പോള് അത് മലയാളത്തിന്റെ മുഴുവന്‍ ധന്യതയായി മാറുന്നു. ഭാരതീയ തത്വചിന്തയും കാരുണ്യവും മൂല്യബോധവും ആധുനികതയും പാരമ്പര്യവും പ്രതിഫലിക്കുന്നതാണ് അക്കിത്തം കവിതകള്‍ എന്ന് വിലയിരുത്തിയാണ് പ്രതിഭാറായ് അധ്യക്ഷയായ പുരസ്കാര നിര്‍ണയ സമിതി നവതി പിന്നിട്ട മഹാകവിക്ക് ഈ പരമോന്നത ബഹുമതി നല്കാന് തീരുമാനിച്ചത്. അസുലഭമായ ഈ പുരസ്കാര ലബ്ധിയില്‍ ഏറെ സന്തോഷിക്കുന്നത് മഹാകവിയുടെ ജന്മനാടായ കുമരനല്ലൂര്‍ തന്നെയാണ്. അക്കിത്തത്തിന് ആചാര്യ സ്ഥാനമുള്ള തപസ്യ കലാസാഹിത്യവേദി കുമരനല്ലൂരില്‍ ഒരുക്കിയ സ്വീകരണത്തില്‍ ഒരു ഗ്രാമം മുഴുവന്‍ പങ്കുചേരുകയായിരുന്നു. മഹാകവിയെ അടുത്തറിയാവുന്ന പല തലമുറകളില്‍പ്പെട്ട നിരവധി പേര് വ്യക്തിയും കവിയുമായ അക്കിത്തത്തിലൂടെ സഞ്ചരിച്ചതിന്റെ നേര്‍സാക്ഷ്യമായി അത് മാറി.
സമകാലികനും സ്നേഹിതനുമായി കോഴിക്കോട് നഗരത്തില്‍ വര്‍ഷങ്ങള്‍ ജീവിച്ചത് ഭാഗ്യമായി കണക്കാക്കുന്നയാളാണ് വിഖ്യാത ചരിത്രകാരനായ ഡോ. എം.ജി.എസ്. നാരായണന്. അകവും പുറവും കൂടിയ സാഹിത്യ സമഗ്രതയാണ് അക്കിത്തം ‘ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസ’ത്തിലൂടെ ചിത്രീകരിക്കുന്നതെന്ന് തിരിച്ചറിഞ്ഞിട്ടുള്ള എംജിഎസ്, ജ്ഞാനപീഠ ലബ്ധിയിലൂടെ അക്കിത്തം ലോകാരാധ്യനായി മാറിയിരിക്കുന്നു എന്നാണ് അഭിപ്രായപ്പെട്ടത്.
”റേഡിയോ നിലയത്തില്‍ പ്രവര്‍ത്തിച്ചിരുന്ന കാലത്തുതന്നെ ഒന്നിച്ച് കൂട്ടുകാരായിരുന്നവരാണ് ഞങ്ങള്‍. ഇപ്പോള്‍ ലോകാരാധ്യനായി മാറിയത് കാണുമ്പോള്‍ വളരെയധികം ആഹ്ലാദമാണ് തോന്നുന്നത്. ഇത്തരത്തില്‍ ഒരു അവസരം ഒത്തുവന്നത് എന്റെ ദീര്‍ഘായുസ്സും കാരണമാണ്. അക്കിത്തതിന് എല്ലാ ആശംസകളും അര്‍പ്പിക്കുന്നു.”
എഴുത്തുകാരെക്കാള്‍ സാഹിത്യ പ്രേമികള്‍ ചടങ്ങില്‍ ഒത്തുചേര്‍ന്നതിന്റെ ആഹ്ലാദമാണ് നോവലിസ്റ്റ് പി. വത്സല പങ്കുവച്ചത്. കവിയില്‍നിന്ന് പുരസ്കാരം വാങ്ങാന്‍ കഴിഞ്ഞതിന്റെ ധന്യത അറിയിക്കുകയും ചെയ്തു.
”അക്കിത്തത്തെ ആദരിക്കുന്ന ചടങ്ങില്‍ സാഹിത്യകാരന്മാരെക്കാള് സാഹിത്യപ്രേമികള്‍ അധികമായി എത്തിച്ചേര്‍ന്നത് വളരെ മഹാനീയമാണ്. ഇത്തരത്തിലുള്ള ഒരു കൂടിച്ചേരല്‍ എനിക്ക് വളരെയധികം ആഹ്ലാദം നല്‍കുകയാണ്. എഴുത്തുകാരെ ആദരിക്കുക എന്നത് സഹൃദയ ലോകത്തിന്റെ ആദ്യത്തെ കര്‍ത്തവ്യമാണ്. താന്‍ ഏറെ ആരാധിച്ചിരുന്ന ആകാശവാണി നിലയത്തിലെ ഉദ്യോഗസ്ഥനായിരുന്ന അക്കിത്തത്തില്‍ നിന്ന് എനിക്ക് സമ്മാനം വാങ്ങാന്‍ ഭാഗ്യം ഉണ്ടായിരുന്നു. ഇവിടെ വന്ന് അദ്ദേഹത്തോടോപ്പം വേദിയില്‍ ഇരിക്കാനും സാധിച്ചത് വലിയ കാര്യമായാണ് എനിക്ക് തോന്നുന്നത്.”
ഈശാവാസ്യോപനിഷത്തിന്റെ മന്ത്രത്തോട് അക്കിത്തത്തിന്റെ കാവ്യജീവിതത്തെ ഉപമിച്ച കവിയും ഗാനരചയിതാവുമായ ശ്രീകുമാരന്‍ തമ്പി ഞാനെന്ന ബോധത്തെ വളരെ മനോഹരമായാണ് മഹാകവി ആവിഷ്കരിക്കുന്നതെന്ന് പറഞ്ഞു.
”ഈശാവാസ്യോപനിഷത്തിന് ഒരു മനുഷ്യരൂപം നല്കുകയാണെങ്കില് അത് മഹാകവി അക്കിത്തമായിരിക്കും. ഇവിടെയുള്ള എല്ലാറ്റിലും ഈശ്വരന് നിവസിക്കുന്നു എന്നാണ് ഈശാവാസ്യോപനിഷത്തിന്റെ തുടക്കത്തില്‍ പറയുന്നത്. ഏതു വസ്തു ഉപയോഗിക്കുമ്പോഴും ത്യാഗബുദ്ധിയോടെ ഉപയോഗിക്കണം. ഏത് പദവിയും നിമിഷനേരംകൊണ്ട് വേണ്ടെന്നു വെയ്ക്കാനും തയ്യാറാകണം. ഒന്നും നമ്മുടേതല്ല, എല്ലാം ദൈവത്തിന്റെതാണ്. മറ്റൊന്നുകൂടി, മറ്റുള്ളവരുടെ സ്വത്തില്‍ ആഗ്രഹവും പാടില്ല. കാരണം എല്ലാം ഈശ്വരന്റെതാണ്. ഒരുകാലത്ത് വിപ്ലവത്തിന്റെ വഴിയിലൂടെ നടന്നയാളായിരുന്നു അക്കിത്തം. ഭാരതീയ സംസ്കൃതി എന്നു പറഞ്ഞാല്‍ അത് അന്ധവിശ്വാസവും, പാശ്ചാത്യമാകുമ്പോള് സയന്‍സ് എന്നും നാം പറയുന്നു. ബ്രഹ്മം എന്ന് പറഞ്ഞാല്‍ അന്ധവിശ്വാസം, എനര്‍ജി എന്നു പറയുമ്പോള്‍ സയന്‍സ്. ഇത്തരത്തിലാണ് പോക്ക്. പാശ്ചാത്യര്‍ എന്തു പറഞ്ഞാലും അത് സയന്‍സ്! ഇതാണ് നാം പഠിക്കുന്നത്.
”ഓരോ ഉപനിഷത്തിലും ബ്രഹ്മത്തെക്കുറിച്ചുള്ള വിശദീകരണങ്ങളാണ്. ബ്രഹ്മത്തെ വിവിധ രീതിയില്‍ അവിടെ വ്യാഖ്യാനിക്കുന്നു. ഒന്ന് മാത്രമേ ഉള്ളൂ രണ്ടില്ല എന്നത് ആദിശങ്കരന് അദ്വൈതത്തിലൂടെ പറഞ്ഞു. ബ്രഹ്മം മാത്രമേ സത്യമായുള്ളൂ ശരീരം സത്യമല്ല. എല്ലാവരും സമമാണെന്ന് പറയുന്നതിലെ ഏറ്റവും നല്ല ഉദാഹരണമാണ് ശബരിമല. അവിടെ പുറത്ത് നില്ക്കുന്നവനും അകത്തുള്ളവനും അയ്യപ്പന് ആകുന്നു. എല്ലാവരും അയ്യപ്പന്മാര്. ഇത്തരം മഹത്തായ ദര്‍ശനങ്ങളാണ് ഏകദേശം 5000 വര്‍ഷം മുന്‍പേ ഭാരതം നല്‍കിയത്.
”ഞാനെന്ന ബോധത്തെ വളരെ മനോഹരമായാണ് അക്കിത്തം കവിതയിലൂടെ അവതരിപ്പിക്കുന്നത്. ജീവിതത്തില്‍ ദുഃഖം മാത്രമാണ് അവശേഷിക്കുന്നത്. എന്തൊക്ക സമ്പത്തും സൗകര്യങ്ങളും ഉണ്ടെങ്കിലും ദുഃഖം അനുഭവിക്കാതെ ഈ ലോകത്തുനിന്ന് പോകുന്നതിനു സാധ്യമല്ല. ജീവിതം യജ്ഞമാണെന്ന് വിശ്വസിക്കുമ്പോള്‍ നമുക്ക് ദുഃഖം കുറയും. ഇദം ന മമ എന്നതിന് അക്കിത്തം ഇങ്ങനെ പറയുന്നു: ”എന്റെയല്ലെന്റെയല്ലീ കൊമ്പനാനകള്‍, എന്റെയല്ലീ ഈ മഹാ ക്ഷേത്രവും മക്കളെ.”
അക്കിത്തവുമായുള്ള ആത്മബന്ധത്തിന് അടിവരയിടുന്നതായിരുന്നു തപസ്യ സംസ്ഥാന അധ്യക്ഷന്‍ മാടമ്പ് കുഞ്ഞുകുട്ടന് പറഞ്ഞ വാക്കുകള്‍.
”കവിതയില്‍ പ്രായം ഒരു ഘടകമല്ലെന്ന് തെളിയിച്ച വ്യക്തിയാണ് മഹാകവി അക്കിത്തം. പല സന്ദര്‍ഭങ്ങളിലും പ്രായം ചെല്ലുന്ന അവസരത്തിലാണ് നല്ല കവിതകള്‍ ഉണ്ടാകുന്നത്. പ്രത്യേകിച്ച് വിശേഷണങ്ങള്‍ ഒന്നും ആവശ്യമില്ലാത്ത വ്യക്തിയാണ് അക്കിത്തം. പവിത്രവും ശ്രേഷ്ഠവുമായ കവിതകള്‍ മലയാളിക്ക് സമ്മാനിച്ച മഹാകവിക്ക് ആശംസകള്‍ അര്‍പ്പിക്കുന്നു.”
ചിരപുരാതനമായ സംസ്കൃതിയുടെ ഊര്‍ജ്ജം വലിച്ചെടുത്ത് നിത്യനൂതനമായ കവിത സമ്മാനിച്ച വരദാനമാണ് മഹാകവിയെന്ന നിരീക്ഷണം മിസ്സോറാം ഗവര്‍ണര്‍ അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള മുന്നോട്ടുവച്ചു.
”ഞാന്‍ ഒരു ക്രിമിനല്‍ അഭിഭാഷകനാണ്. പക്ഷേ പ്രതിക്കൂട്ടില്‍ നില്ക്കുന്ന അവസ്ഥയാണ്. കേരളത്തിലെ ഏറ്റവും ശ്രദ്ധേയമായ ഈ ഗ്രാമത്തെ സംബന്ധിച്ച് ഒരു അസുലഭ മുഹൂര്‍ത്തമാണ് ഇത്രയും പേരെ ഒന്നിച്ച് കിട്ടുക എന്നത്. പ്രോട്ടോക്കോള്‍ ഉള്ളതുകൊണ്ട് പലര്‍ക്കും സംസാരിക്കാന്‍ അവസരം ഇല്ലാതെ പോകുന്നു എന്നത് വിഷമമുണ്ടാക്കുന്നു.
”എങ്ങോട്ടാണ് കേരളത്തിന്റെ പോക്ക്? നമുക്ക് കിട്ടിയ വരദാനമായ ഒരു മഹാകവി. സത്യത്തിന്റെയും ധര്‍മത്തിന്റെയും പന്ഥാവിലൂടെ മാത്രം പോകാന്‍ ഒരു പുരുഷായുസ്സ് മുഴുവന്‍ ശ്രമിച്ചു. അതില്‍ അദ്ദേഹത്തിനു അദ്ദേഹത്തിന്റേതായ അഭിപ്രായങ്ങള്‍ ഉണ്ടായിരിക്കും. അതില്‍ വ്യത്യസ്തമായ അഭിപ്രായങ്ങളുണ്ട്, വൈവിധ്യമുണ്ട്. അതിനെയെല്ലാം നല്ലരീതിയില്‍ സ്വീകരിക്കേണ്ട മലയാളി സമൂഹത്തിന് എന്തുപറ്റിയെന്ന് ഞാന്‍ ആശങ്കപ്പെടുകയാണ്. അതുകൊണ്ടാണ് ഞാന്‍ എങ്ങോട്ടാണ് ഈ പോക്കെന്ന് ചോദിക്കാന്‍ കാരണം.
”അപവാദങ്ങളും വിവാദങ്ങളും താടിച്ചുകൊഴുക്കുമ്പോള് നഷ്ടപ്പെടുന്നത് എന്താണ്? കവിതയാണ് മാനദണ്ഡമെങ്കില്‍ മഹാകവിയെപ്പറ്റി സംസാരിക്കുമ്പോള്‍ കവിത എങ്ങോട്ട് എന്ന ചോദ്യവും പ്രസക്തമാണ്. ചിരപുരാതനമായ സംസ്കൃതിയുടെ ഊര്‍ജ്ജം വലിച്ചെടുത്ത് അതിലൂടെ പാകപ്പെടുത്തപ്പെട്ട ഒന്നിലൂടെ നമുക്ക് നേടിത്തന്നത് നിത്യനൂതനമായ കാവ്യമാണ്. ഭാഷകള്‍ക്കപ്പുറത്തേക്ക് മലയാള കവിതയെ കൊണ്ടെത്തിക്കുന്നതിനു അക്കിത്തത്തിന്റെ കവിതകള്‍ക്ക് സാധിച്ചു. അക്കിത്തം കവിതകള്‍ പഠനവിഷയമാക്കുന്നതിന് നമുക്ക് സാധിക്കണം. നമുക്ക് ആത്മപരിശോധന ആവശ്യമാണ് . അദ്ദേഹത്തിന് ഈ ബഹുമതി ലഭിച്ചതിനെതിരെ ശബ്ദമുണ്ടായി എന്ന് പറയുമ്പോള്‍ ദുഃഖിക്കുന്നു, വേദനിക്കുന്നു, ആശങ്കപ്പെടുന്നു.
”എവിടെയും പ്രശ്നങ്ങളാണ്. കഴിഞ്ഞ ദിവസം ഒരു അനുഭവം ഉണ്ടായി. ഗവര്‍ണറായി വന്നപ്പോള്‍ ലഭിച്ച ഒരു സ്വീകരണത്തില്‍ മുന്‍ മുഖ്യമന്ത്രിയുടെ മകന്, ഇപ്പോഴത്തെ എംഎല്‍എ ആയിരിക്കുന്നയാള് എന്നെ ആശ്ലേഷിച്ചു. സൗഹൃദം, അതും വിവാദമാക്കിക്കൊണ്ട് ഒരു പത്രത്തില്‍ എഴുതിയിരിക്കുന്നു. ആ പത്രത്തിന്റെ എല്ലാമെല്ലാമായ പണ്ഡിതന് ഓരോ ആവശ്യങ്ങള്‍ക്ക് എന്നെ കാണാനായി വരുമായിരുന്നു.”
കാലഘട്ടത്തിന്റെ അനുഭവത്തെയും ചരിത്രത്തെയും ധീരമായും സൂക്ഷ്മമായും കവിതയില്‍ ആവിഷ്കരിക്കുന്നതാണ് അക്കിത്തം കവിതകളെന്ന് ഭാരതീയ വിചാരകേന്ദ്രം അസി. ഡയറക്ടര്‍ ആര്. സഞ്ജയന് നിരീക്ഷിച്ചു. പതിറ്റാണ്ടുകളായി കവിയെ അടുത്തറിഞ്ഞതിന്റെ ചൂടുണ്ടായിരുന്നു തപസ്യ രക്ഷാധികാരി കൂടിയായ സഞ്ജയന്റെ വാക്കുകള്‍ക്ക്.
”മഹാകവി അക്കിത്തത്തിന്റെ കാവ്യസപര്യ തുടങ്ങിയിട്ട് ഏകദേശം ഏഴ് പതിറ്റാണ്ട് കഴിഞ്ഞു. ആധുനിക കാലത്തെ മലയാളത്തിലെ ഏറ്റവും ദാര്‍ശനികനായ കവിയാണ് മഹാകവി അക്കിത്തം. ഭാരതീയ സംസ്കാരത്തിന്റെ, അല്ലെങ്കില്‍ വൈദിക സംസ്കാരത്തിന്റെ ഒരു പാരമ്പര്യത്തില്‍ വളര്‍ന്നു. അതിന്റെ കാമ്പും കരുത്തും തിരഞ്ഞു. മഹാകവി അക്കിത്തത്തെ അടുത്തുനിന്ന് നിരീക്ഷിക്കാന്‍ എനിക്ക് അവസരമുണ്ടായിട്ടുണ്ട്. ആദര്‍ശത്തെ മുറുകെ പിടിച്ചു മുന്നോട്ട് കൊണ്ടുപോകുന്ന ആളുകളെയാണ് ധീരനായകന്മാരെന്ന് നാം വിളിക്കുന്നത്. ആദര്‍ശം തന്നെയായി മാറുന്നവരെ വിളിക്കുന്ന പേരാണ് അവതാരങ്ങള്‍. അവരുടെ സാമീപ്യംതന്നെ മറ്റുള്ളവരില്‍ മാറ്റങ്ങള്‍ ഉണ്ടാക്കും.
”1950 കളിലാണ് ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം പ്രസിദ്ധീകരിക്കുന്നത്. ആ കൃതി പ്രസിദ്ധപ്പെടുത്തുന്നത് അദ്ദേഹത്തിനു ഏതാണ്ട് മുപ്പത് വയസ്സ് പ്രായമുള്ളപ്പോഴാണ്. അക്കാലത്തു തന്നെ വളരെ പക്വമായ ജീവിത ദര്‍ശനം അതില്‍ കാഴ്ചവെച്ചിരുന്നു. അതിന്റെ അന്തര്‍ധാര ആര്‍ഷമായ ദര്‍ശനം തന്നെയാണ്. ‘ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം’ അക്കിത്തത്തിന്റെ മാസ്റ്റര്‍ പീസ് എന്ന് വിശേഷിപ്പിക്കാവുന്നത്. ഇവിടെ പരാമര്‍ശിച്ചു കഴിഞ്ഞതുപോലെ ചില ഒറ്റ ശ്ലോകങ്ങള്‍ സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത് അക്കിത്തം ആധുനികതയിലേക്ക് മലയാളഭാഷയെ, മലയാള കവിതയെ പിടിച്ച് കൊണ്ടുവന്നു എന്നൊക്കെ പറഞ്ഞ് ഒരുതരം സൂത്രത്തിലുള്ള വ്യഖ്യാനമാണ് ‘ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസ’മെന്ന മഹത്തായ കൃതിയെക്കുറിച്ച് നമ്മുടെ നാട്ടില്‍ വന്നിട്ടുള്ളത്. നിരൂപക ശ്രേഷ്ഠന്മാരും അവിടെ മാത്രമേ നില്‍ക്കുന്നുള്ളൂ.
”ഇത്രയും ധീരമായി ഒരു കാലഘട്ടത്തിന്റെ അനുഭവത്തെയും ചരിത്രത്തെയും സുസൂക്ഷ്മമായി വിലയിരുത്തുകയും, ഒരു ഋഷിയുടെ ഉള്‍ക്കാഴ്ചയോടെ ഇന്നത്തേക്ക് മാത്രമല്ല, ഇരുപതാം നൂറ്റാണ്ടിലേക്ക് മാത്രമല്ല, മനുഷ്യകുലം നിലനില്‍ക്കുന്നിടത്തോളം കാലം നമ്മള് അനുവര്‍ത്തിക്കേണ്ടുന്ന ഒരു ഉപദര്‍ശനമാണ് അക്കിത്തം ആവിഷ്ക്കരിക്കുന്നത്. അത് പുസ്തക പഠനത്തിലൂടെ മാത്രം നേടിയതല്ല. ജീവിതാനുഭവങ്ങളിലൂടെ കേരളത്തിന്റെ നാല്‍പ്പതുകളില്‍ ഒരു ദശകക്കാലത്തെ അനുഭവം തനിക്ക് പറ്റിയ വീഴ്ചകള്‍, ലോകത്തോട് ഏറ്റുപറയുക, ഭൂമിയോട് ഏറ്റുപറയുക എന്ന തരത്തിലാണ്. അവിടെ ഞാന്‍ എന്ന് പറയുമ്പോള്‍ നമുക്കറിയാം അക്കിത്തം എന്ന വ്യക്തിയല്ല, ഒരു പ്രതീകമാണ്.
”ഒരു ദര്‍ശനത്തെ ആമുഖമായി അവതരിപ്പിച്ചുകൊണ്ട് സ്വര്‍ഗം, നരകം, പാതാളം, ഭൂമി എന്നീ സങ്കല്‍പ്പങ്ങള്‍ പഠനവിധേയമാക്കണം. നാല്‍പ്പതുകളിലെ കേരളീയ ചരിത്രത്തെ, അമ്പതുകളിലെ കേരളീയ ചരിത്രത്തെ പശ്ചാത്തലമാക്കണം. പക്ഷേ അത്തരത്തിലുള്ള ഒരു പഠനമോ ഒരു വ്യാഖ്യാനമോ നാളിതുവരെ ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസത്തെക്കുറിച്ച് ഉണ്ടായില്ല എന്നത് മലയാളത്തിന്റെയും കേരളത്തിന്റെയും സാമൂഹിക രാഷ്ട്രീയ അന്തരീക്ഷം നമ്മളില്‍ ചിലരുടെ കാപട്യത്തിന്റെ കൂടി ഫലമാണ്. എം.ആര്. നായര്‍ എന്ന സഞ്ജയനുശേഷം ഇത്രയും ധീരമായി സാമൂഹിക വിമര്‍ശനം നടത്തിയ മറ്റൊരാളില്ല എന്നുതന്നെ പറയാം. സര്വസമ്മിതിയോടെ വളരെ താമസിച്ചാണെങ്കിലും ജ്ഞാനപീഠം ലഭിച്ചതില്‍ കേരളം മുഴുവന്‍ ആഹ്ലാദിക്കുകയാണ്.”
കുട്ടിയായിരിക്കെ കാവ്യാലാപനവേദിയില് മഹാകവി തന്നെ തിരുത്തിയതാണ് സിനിമാതാരവും ടിവി അവതാരകനുമായ ഗോവിന്ദ് പത്മസൂര്യ(ജിപി) പറഞ്ഞുവച്ചത്.
”താന്‍ കാണുകയും സംസാരിക്കുകയും ചെയ്ത ആദ്യ സെലിബ്രിറ്റിയാണ് മഹാകവി അക്കിത്തം. മഹാകവി എന്നാല്‍ എന്താണെന്ന് മനസ്സിലാക്കാന്‍ സാധിക്കാത്ത കാലം മുതല്‍ അദ്ദേഹവുമായി പരിചയമുണ്ട്. മൂന്നാംതരത്തില്‍ പഠിക്കുമ്പോഴാണ്, ഒരു ലളിതഗാനം ചൊല്ലി തീര്‍ന്നതും സദസ്സില്‍ നിന്ന് നിറയെ കയ്യടി കിട്ടി. തന്റെ കവിത കേട്ടിരുന്ന അക്കിത്തത്തില്‍നിന്ന് പ്രതികരണം വരാതെയായപ്പോള്‍ ഞാന്‍ അസ്വസ്ഥനായി. അദ്ദേഹം എന്താവും പറയുക എന്ന ആശങ്കയായിരുന്നു മനസ്സില്‍. ആശങ്കയ്ക്ക് വിരാമമാകാന്‍ അധികസമയം വേണ്ടിവന്നില്ല. തന്റെ അച്ഛനോടായിരുന്നു പ്രതികരണം. ഇത്രയും ചെറിയ കുട്ടിക്ക് ഇത്തരത്തില്‍ ഒരു ശോകഗാനമാണോ തെരഞ്ഞെടുത്തത് എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. ചൊല്ലുന്ന കവിതയുടെ ഭാവവും ഈണവും അല്ലാതെ അതിന് ഒരു അര്‍ത്ഥം കൂടിയുണ്ട് എന്ന് ആദ്യമായി ചിന്തിച്ചു തുടങ്ങിയത് അന്ന് മുതലാണ്. കുട്ടികളെ ശ്രദ്ധിക്കുന്നതിലും ആവശ്യമെങ്കില്‍ തിരുത്തുന്നതിനും അദ്ദേഹം ശ്രദ്ധിച്ചിരുന്നു.”
പ്രതികരിക്കാൻ ഇവിടെ എഴുതുക: