കേരളം മേനി നടിക്കുന്നതും സമൂഹം അംഗീകരിക്കുന്നതുമായ കാര്യമുണ്ട്. സാക്ഷരതയിലും സംസ്കാരത്തിലും കേരളം ഒന്നാമത്. പക്ഷേ അതൊക്കെ പൊങ്ങച്ചമാണെന്നതില്‍ മലയാളികള്‍ക്കും മാലോകര്‍ക്കും ഒരു സംശയവുമില്ല. സ്കൂളുകളില്‍ ചൊല്ലുന്നവരിലും പാഠാവലി പാടുന്നവരിലും കേരളക്കാര് മുന്നിലാണെങ്കിലും അതിലൊന്നും കഥയില്ലെന്നാണ് ഒടുവിലത്തെ റിപ്പോര്‍ട്ട്. പട്ടിണിമൂലം പഠിക്കാന്‍ പോകാത്തവരും മണ്ണുതിന്നുന്നവരും കുറവല്ലെന്ന കഥയാണ് ഏറ്റവും ഒടുവില്‍ വന്നത്. അതും തലസ്ഥാന നഗരത്തില്‍ തന്നെ. അതിനും പുറമെയാണ് ഉന്നത വിദ്യാഭ്യാസമന്ത്രി കെ.ടി.ജലീലിനെതിരെ വന്ന പരാതികള്‍. സ്വജനപക്ഷപാതത്തില്‍ ആരോപണവിധേയനായ മന്ത്രി പരീക്ഷാത്തട്ടിപ്പിലും പ്രതിക്കൂട്ടിലാണ്. മന്ത്രിയുടെ വിശദീകരണങ്ങളൊന്നും വിശ്വസനീയമല്ല. തന്റെ പ്രൈവറ്റ് സെക്രട്ടറിയെ കോളജുകളുടെയോ സര്വകലാശാലകളുടെയോ അയലത്തു പോലും കാണാന്‍ പാടില്ലെന്ന ബാലിശവാദം അവജ്ഞയോടെ തള്ളിക്കളയുന്നതായി മന്ത്രി പറയുന്നു. വിദ്യാര്‍ഥികളുടെ സ്വപ്നങ്ങള്‍ക്കു കാളിമ തീര്‍ക്കുന്നതും അധ്യാപകരുടെയും മാനേജ്മെന്റിന്റെയും ന്യായമായ ആവശ്യങ്ങള്‍ക്കു തടസ്സം നില്ക്കുന്നതുമായ ഏതു ഹിമാലയന്‍ പ്രതിബന്ധങ്ങളെയും തട്ടിമാറ്റി ഉന്നത വിദ്യാഭ്യാസ വകുപ്പ് മുന്നോട്ടു പോകുമെന്നും അതിലാര്‍ക്കും സംശയം വേണ്ടെന്നും അദ്ദേഹം പറയുന്നു.
പരിഷ്കാരങ്ങളും മാറ്റങ്ങളും ഉള്‍ക്കൊള്ളാന്‍ കഴിയാത്ത ന്യൂനപക്ഷം ഏതൊരു നാട്ടിലുമുണ്ടാകും. അവര്‍ നിയമവും വകുപ്പും ചട്ടങ്ങളും പറഞ്ഞു കാലം കഴിക്കും. ന്യായവും നീതിയും കിട്ടേണ്ടവര്‍ക്കു നിഷ്കരുണം അതു നിഷേധിക്കും. കേരളവും അതില്‍ നിന്നു ഭിന്നമല്ലെന്നാണ് ഉന്നത വിദ്യാഭ്യാസ രംഗവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ സൂചിപ്പിക്കുന്നത്. വിദ്യാര്‍ഥികള്‍ക്കു നല്‍കിവരുന്ന മോഡറേഷനെയാണു മാര്‍ക്ക്ദാനമെന്നു പ്രതിപക്ഷ നേതാവ് വിശേഷിപ്പിച്ചത്. അഞ്ചെട്ടു വര്‍ഷം മുന്‍പു വരെ എസ്എസ്എല്‍സിക്കു പത്തും ഇരുപതും മാര്‍ക്ക് മോഡറേഷന് നല്കിയിരുന്നതു നമുക്കറിയാം. ഒന്നോ രണ്ടോ മാര്‍ക്ക് കൂടുതല്‍ കിട്ടിയാല്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് ലഭിക്കുന്ന കുട്ടികളുണ്ടെങ്കില്‍ അവര്‍ക്കു മോഡറേഷന് നല്കി ഉന്നത വിജയികളാക്കുന്ന രീതി ഇപ്പോഴും തുടരുന്നുണ്ട്. ഇനി മുതല്‍ മോഡറേഷനേ (മാര്‍ക്ക്ദാനം) വേണ്ടായെന്ന നിലപാടു പ്രതിപക്ഷത്തിനും അവരുടെ വിദ്യാര്‍ഥി സംഘനകള്‍ക്കും ഉണ്ടോ? അങ്ങനെയെങ്കില്‍ അതെക്കുറിച്ചു ചര്‍ച്ചയാവാം. വിദ്യാര്‍ഥിതാല്‍പര്യമനുസരിച്ചു തീരുമാനവുമെടുക്കാം. മാര്‍ക്കുദാന തട്ടിപ്പിന് മന്ത്രി നല്കുന്ന ന്യായം വിചിത്രമാണ്. സര്‍വകലാശാലകളില്‍ മോഡറേഷന് നല്‍കാനുള്ള ആത്യന്തിക ഉത്തരവാദിത്തം സിന്‍ഡിക്കറ്റുകള്‍ക്കാണ്. ന്യായമെന്ന് തോന്നിയാല്‍ ഫലം പ്രസിദ്ധീകരിക്കുന്നതിന്റെ മുന്‍പായാലും ശേഷമായാലും നിയമപ്രകാരം തന്നെ യൂണിവേഴ്സിറ്റികള്‍ക്ക് മോഡറേഷന് നല്‍കാം.എംജി യൂണിവേഴ്സിറ്റിയില്‍ നൂറ്റമ്പതിലധികം കുട്ടികള്‍ക്കു ഗുണം ലഭിച്ച സംഭവത്തെയാണു മഹാപരാധമായി അവതരിപ്പിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പിനെ കരിവാരിത്തേക്കാന്‍ തല്‍പ്പരകക്ഷികള്‍ ശ്രമിക്കുന്നതെന്നാണ് ജലീലിന്റെ വാദം.
സര്‍വകലാശാലകളില്‍ കെട്ടിക്കിടക്കുന്ന ഫയലുകള്‍ പരിശോധിച്ചപ്പോള്‍ അധികമാണെന്നു കണ്ടെത്തിയ സാഹചര്യത്തിലാണ് എല്ലായിടത്തും അദാലത്തുകള്‍ നടത്താന്‍ തീരുമാനിച്ചത്. കെട്ടിക്കിടന്ന പരാതികളില്‍ ഒട്ടുമിക്കതിലും തീര്‍പ്പുണ്ടാക്കാന്‍ രണ്ടുമാസം കൊണ്ടു നടന്ന പരാതി പരിഹാര മേളയ്ക്കു സാധിച്ചു. ഈ അദാലത്തുകളില്‍ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെട്ടു മടങ്ങിയവരുടെ മുഖത്ത് കണ്ട സന്തോഷം മതി ജീവിത സാഫല്യത്തിനെന്നും ജലീല്‍ പറയുന്നു. മാര്‍ക്ക് തട്ടിപ്പ് മാത്രമല്ല ബന്ധു നിയമനത്തിലും ജലീല്‍ വില്ലനാണ്. ജലീലിന്റെ ബന്ധുവായ കെ.ടി. അദീബ് ന്യൂനപക്ഷ ധനകാര്യ വികസന കോര്പ്പറേഷന് ജനറല്‍ മാനേജര്‍ സ്ഥാനം നല്‍കിയത് ഏറെ ചര്‍ച്ച ചെയ്തതാണ്. ഒടുവില്‍ പദവി രാജിവച്ചു. ന്യൂനപക്ഷ ധനകാര്യ വികസന കോര്പ്പറേഷന് എം.ഡിക്കാണ് രാജി സമര്‍പ്പിച്ചത്. ഈ-മെയില്‍ സന്ദേശം വഴിയാണ് രാജി. ആത്മാഭിമാനം ചോദ്യം ചെയ്യപ്പെട്ട സാഹചര്യത്തിലാണ് രാജിയെന്നാണ് അദീബ് പറയുന്നത്. തന്നെ തിരിച്ച് സൗത്ത് ഇന്ത്യന്‍ ബാങ്കിലേക്ക് അയക്കണമെന്നു അദീബ് ആവശ്യപ്പെടുന്നുണ്ട്. അദീബിന്റെ രാജി ഡയറക്ടര്‍ ബോര്‍ഡ് യോഗം ചര്‍ച്ച ചെയ്യും. ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീല്‍ അധികാര ദുര്‍വിനിയോഗം നടത്തിയെന്ന് ഗവര്‍ണറുടെ ഓഫീസ് കണ്ടെത്തിയിട്ടുണ്ട്.
ബന്ധുനിയമന വിവാദത്തില്‍ മന്ത്രി കെ.ടി. ജലീലിനെതിരെ കനത്ത പ്രതിഷേധമാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ നടത്തുന്നത്. തസ്തിക നിര്‍ദ്ദേശിക്കുന്ന യോഗ്യത അദീബിന് ഇല്ല എന്നതായിരുന്നു വാദം. നിയമനത്തിലുള്‍പ്പെടെ വ്യക്തമായ അട്ടിമറി നടന്നുവെന്നും ആരോപണമുണ്ട്. ജലീല്‍ നടത്തുന്ന ക്രമക്കേടുകള്‍ പകല്‍പോലെ വ്യക്തമായിട്ടും എന്തേ നടപടിയില്ലെന്ന ചോദ്യം മുഖ്യമന്ത്രിക്കെതിരെ പ്രബലമാണ്. ഒന്നുകില്‍ മന്ത്രിയെ നിലയ്ക്കു നിര്‍ത്തണം. അല്ലെങ്കില്‍ പുറത്താക്കണം. കേരളം അവശ്യപ്പെടുന്നത് അതാണ്. ഗവര്‍ണര്‍ ബോധ്യപ്പെട്ട പ്രകാരം പ്രവര്‍ത്തിക്കാന്‍ തയ്യാറാവുകയും വേണം. എല്ലാം സുഗമമെന്ന നിഗമനം കേരളത്തെ താഴ്ത്തിക്കെട്ടുന്നതെന്നതിന് സമമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: