വാസുദേവസങ്കല്‍പ്പത്തെ കേന്ദ്രമാക്കിയുണ്ടായ ഏകാന്തധര്‍മ്മം അഥവാ ഭാഗവതധര്‍മ്മം ആയിരുന്നു വൈഷ്ണവസമ്പ്രദായത്തിന്റെ ആദിമരൂപം എന്നു നാം കണ്ടു. പ്രസിദ്ധമായ ഭഗവദ്ഗീത ഈ ആദ്യമാതൃകയുടെ മൂലഗ്രന്ഥം ആയിരുന്നു എന്ന നിഗമനവും നാം മനസ്സിലാക്കി. അവൈദികഗോത്രങ്ങളില്പെട്ട യാദവഗോത്രങ്ങളില്‍ ആയിരുന്നു ഇത് ആദ്യം രൂപപ്പെട്ടത് എന്നും പിന്നീട് മൂന്നടി അളക്കുന്ന വിക്രമന് അഥവാ വാമനന്, വിഷ്ണു, നാരായണന് എന്നീ വൈദികകല്പ്പനകളുമായി കൂട്ടി ഇണക്കപ്പെട്ടു എന്നും ഉള്ള പണ്ഡിതമതവും നാം വായിച്ചു. സൂര്യന്റെ പ്രഭാത, മധ്യാഹ്നാദിസ്ഥിതികളെ (ഗമനത്തെ) ആണത്രേ മൂന്നടി അളവ് (ത്രിവിക്രമം) ആയി ചിത്രീകരിച്ചിരിക്കുന്നത്. ക്രമേണ അവതാരകല്പനകള് രൂപമെടുത്തു.
വൈഷ്ണവസമ്പ്രദായത്തിന്റെ വലിയ സംഭാവനകളായ പ്രപത്തി അഥവാശരണാഗതി, ഭക്തി എന്നിവ ആധ്യാത്മികപഥത്തിലെ ഉപായങ്ങളായി സ്വീകരിക്കപ്പെട്ടു. വിഷ്ണുഭാഗവതം എഴുതപ്പെട്ടു. ഭാസ്കരന് (ഭേദാഭേദവാദം), രാമാനുജന് (വിശിഷ്ടാദ്വൈതം), നിംബാര്ക്കന്(ദ്വൈതാദ്വൈതം), മാധ്വന്‍ (ദ്വൈതം), വല്ലഭന് (ശുദ്ധാദ്വൈതം) എന്നീ വൈഷ്ണവാചാര്യന്മാര് ആശയപരമായ വിശദീകരണങ്ങള്‍ നല്കിയതും വൈഷ്ണവസമ്പ്രദായത്തില്‍ പ്രസിദ്ധമായ വൈകുണ്ഠവാസിയായവിഷ്ണുസങ്കല്പ്പത്തിന്റെ സ്ഥാനത്ത് നിംബാര്ക്കന് ഗോലോകത്തു വിരാജിക്കുന്ന രാധാകൃഷ്ണസങ്കല്പ്പത്തെ ആണ്് കാണുന്നത് എന്നും പാഞ്ചരാത്രം, വൈഖാനസം എന്ന രണ്ടു പിരിവുകള്‍ വൈഷ്ണവരുടെ ആചരണത്തിലുണ്ട് എന്നും
നാം കണ്ടു. പ്രധാനമായും സാലോക്യം, സാമീപ്യം, സാരൂപ്യം, സായുജ്യം എന്ന നാലു തരം മുക്തി (മോക്ഷം) കളെ വൈഷ്ണവസാഹിത്യത്തില് വിവരിക്കുന്നുണ്ട്്്. ശാക്ത, ശൈവസമ്പ്രദായങ്ങള്‍ അവയുടെ ആദ്യകാലത്ത് അദ്വൈതാനുഭൂതിപരമായ തന്ത്ര, യോഗചര്യകളുമായി ഇഴുകിച്ചേര്‍ന്നാണ് വളര്‍ന്നത്. വൈഷ്്ണവസമ്പ്രദായമാതൃകയെ ഇവ ആശയത്തിലും ആചരണത്തിലും പിന്നീട് അനുകരിക്കുകയായിരുന്നു എന്നു കരുതേണ്ടിയിരിക്കുന്നു. വൈഷ്ണവസമ്പ്രദായമാകട്ടെ പിന്നീട് തന്ത്രയോഗചര്യകളെ ഉള്‍ക്കൊള്ളുകയും ചെയ്തു. ബംഗാളിലെ വൈഷ്ണവസഹജീയസമ്പ്രദായം ഇത്തരത്തില്‍ രൂപപ്പെട്ടതാണ്. ചൈതന്യമഹാപ്രഭുവും ഗീതഗോവിന്ദം എന്ന കൃതിയിലൂടെ അനശ്വരനായ ജയദേവകവിയും ഈ സമ്പ്രദായികളായിരുന്നത്രെ.
ഹിന്ദുസമൂഹത്തില്‍, ആത്മവിസ്മൃതിയാല്‍, പില്ക്കാലത്തു കടന്നുകൂടിയ ഭേദഭാവനകളെ ഇല്ലായ്മ ചെയ്യുന്നതില്‍ വലിയ പങ്കു വഹിച്ച ഭക്തിപ്രസ്ഥാനങ്ങള്‍ക്ക് അടിത്തറ ആയത്് നാഥസമ്പ്രദായത്തോടൊപ്പം ഈ വൈഷ്ണവശൈവസമ്പ്രദായങ്ങളായിരുന്നു. സൗരം, ഗാണപത്യം, കൗമാരം എന്നീ സമ്പ്രദായങ്ങളും പില്ക്കാലങ്ങളില് ഈ വൈഷ്ണവമാതൃകയില് രൂപം കൊള്ളുകയോ പരിഷ്കരിക്കപ്പെടുകയോ ചെയ്തു. ഭക്തി വര്‍ധിപ്പിക്കാനായി അതാതു ദേവതാരൂപത്തെ പ്രകീര്‍ത്തിക്കുന്ന വിവിധങ്ങളായ പുരാണങ്ങളും എഴുതപ്പെട്ടു. അതുപോലെ ഈ വൈഷ്ണവമാതൃക പ്രചാരത്തില്‍ വന്നതിന്റെ മറ്റൊരു ഉപോല്‍പ്പന്നം ദ്വൈതതന്ത്രപദ്ധതികളാണ്. ഇതിന്റെ പ്രമാണഗ്രന്ഥങ്ങളായി വിഷ്ണുസംഹിത പോലുള്ള വൈഷ്ണവസംഹിതകള്‍, മൃഗേന്ദ്രം മുതലായ ശൈവാഗമങ്ങള്‍, രുദ്രയാമളം മുതലായ ശാക്തതന്ത്രങ്ങള്‍ എന്നിവ എഴുതപ്പെട്ടു.
കൂടാതെ വൈദികമാതൃകയില് ഋഷി, ഛന്ദസ്സ്, ഗായത്രി, ദേവതാമന്ത്രങ്ങള്‍, വൈദികമായ അഗ്നിഹോത്രം പോലെ താന്ത്രികഹോമം എന്നിവ രൂപപ്പെട്ടു. വ്യത്യസ്തദേവതകളുടെ രൂപഭാവങ്ങള്‍ പ്രകടമാക്കുന്ന ധ്യാനശ്ളോകങ്ങള്‍, മന്ത്രജപം, കൈമുദ്രകള്‍, ദേവതാപൂജ എന്നിവയും ചിട്ടപ്പെടുത്തപ്പെട്ടു. വൈദികമെന്നും താന്ത്രികമെന്നും രണ്ടുതരം നിത്യാനുഷ്ഠാനങ്ങള് ജീവിതത്തിന്റെ ഭാഗമായി. മന്ത്രശാസ്ത്രം വളര്‍ന്നു. വൈഷ്ണവം, ശാക്തം, ശൈവം, ഗാണപത്യം, കൗമാരം മുതലായ വിഭിന്ന സമ്പ്രദായങ്ങളിലെ വിധികളെ ഒരുമിച്ചു വിസ്തരിക്കുന്ന തന്ത്രഗ്രന്ഥങ്ങളുണ്ടായി. പ്രപഞ്ചസാരം, ശാരദാതിലകം തുടങ്ങിയ ഗ്രന്ഥങ്ങള്‍ ഇതിന് ഉദാഹരണങ്ങളാണ്. തുടര്‍ന്ന് ദേവതാബിംബങ്ങളും യന്ത്രങ്ങളും നിര്‍മ്മിക്കാനുള്ള വിധാനങ്ങളുണ്ടായി. സാമൂഹ്യമായ ദേവതാരാധനയ്ക്കുതകുന്ന സങ്കീര്‍ണ്ണങ്ങളായ ക്ഷേത്രപദ്ധതികളും ഉരുത്തിരിഞ്ഞു. തന്ത്രസമുച്ചയപ്രകാരം ക്ഷേത്രപദ്ധതി വൈദികയാഗത്തിനു തുല്യമാണ്. ദൈവവാദത്തിന്റെ ഈ ഹിന്ദു മാതൃക (ങീറലഹ) ഏകശിലാത്മകമായ മേല്‍പ്പറഞ്ഞ വൈദേശികമാതൃകയില്‍ നിന്നും തികച്ചും വ്യത്യസ്തമാണ്. പാശ്ചാത്യര്‍ പൊതുവേ ബാഹ്യമായ ഏകരൂപതയിലാണ് ഊന്നുന്നത്. അവര്‍, തമ്മില്‍തമ്മില്‍ വ്യത്യസ്തങ്ങളായ ഘടകങ്ങളെ കൂട്ടിച്ചേര്‍ത്തതും ബാഹ്യശക്തിയാല്‍ പ്രവര്‍ത്തിക്കുന്നതും ആയ ഒരു യന്ത്രം പോലെ ആണ് ലോകത്തെ കാണുന്നത്. അവര്‍ രൂപപ്പെടുത്തിയ മതങ്ങളിലും ഭൗതികശാസ്ത്രത്തിലും (ക്വാണ്ടം ശാസ്ത്രം കണ്ടെത്തുന്നതു വരെ) ഈ നിലപാടു തെളിഞ്ഞു കാണാം. ഹിന്ദുസമീപനമാകട്ടെ ആന്തരമായ ഏകാത്മതയിലാണ് കൂടുതല്‍ ഊന്നല്‍ നല്‍കുന്നത്. ബാഹ്യങ്ങളായ നാമരൂപങ്ങളില്‍ അല്ല. ഹിന്ദുഉപബോധത്തിന്റെ അടിത്തട്ടില്‍ കുടികൊള്ളുന്നത് ഭഎല്ലാം ബോധസ്വരൂപമാണ് എന്ന ഏകാത്മതയുടെ തോന്നലാണ്, എല്ലാം ഒന്നെന്ന നിലപാടാണ്.
ധ്രുവപ്രദേശങ്ങളില്‍ ചെന്നാല്‍ അവിടെ സമുദ്രവും അതില്‍ ഒഴുകി നടക്കുന്ന ധാരാളം മഞ്ഞുകട്ടകളും കാണാന്‍ കഴിയും. വെള്ളം തന്നെ ഘനീഭവിച്ചതാണല്ലോ മഞ്ഞുകട്ട. അതുപോലെ ലോകമാകുന്ന ബോധതലത്തില്‍ ബോധത്തിന്റെ ഘനരൂപങ്ങളായ നാമും മറ്റു വസ്തുക്കളും നിലക്കൊള്ളുന്നു എന്നതാണ് ആ നിലപാട്. നമ്മുടെ ബാഹ്യവും ആന്തരവുമായ ബോധതലങ്ങളെ വേറിട്ട രണ്ടു തലങ്ങളായിട്ടല്ല മറിച്ച് ഒരു ബോധാനുസ്യൂതമായിട്ടാണ്, ബോധത്തിന്റെ തുടര്‍ച്ച ആയിട്ടാണ് നാം കരുതുന്നത്. അവയില്‍ കാണപ്പെടുന്ന സചേതനങ്ങളും അചേതനങ്ങളും ആയ എല്ലാ വസ്തുക്കളും നമുക്ക് കാലദേശാവധികള്ക്കുള്ളില് കാണപ്പെടുന്ന ബോധത്തിന്റെ നാമരൂപങ്ങള്‍ മാത്രം. അതുകൊണ്ട് ആണ് നാം എല്ലാം ശിവമയം, ശക്തിമയം, വിഷ്ണുമയം, ഈശ്വരമയം എന്നു പറയുന്നതും. ഈ വൈവിധ്യാന്തര്‍ഗതഏകാത്മത എന്ന നിലപാട് അനുസരിച്ച് ഈശ്വരനും നമുക്ക് ബോധസ്വരൂപനാണ്, സച്ചിദാനന്ദമാണ്, സഗുണബ്രഹ്മമാണ്; ഒരേ ഒരു ഈശ്വരന് പക്ഷേ വിഷ്ണു, ശിവന്, ശക്തി മുതലായ നാമരൂപങ്ങളാല്‍ പലത്. ഈ പ്രപഞ്ചം ഈശ്വരന്റെ ലീലാസൃഷ്ടി ആണ്. കര്മ്മഫലമാണ്സുഖദു:ഖങ്ങള്‍ക്കു കാരണം. ഭക്തിപൂര്‍വം ഇഷ്ടദേവതാരൂപത്തില്‍ ഈശ്വരനെ ഭജിച്ചാല്‍ ഭൗതികസമ്പത്സുഖങ്ങള് അനുഭവിച്ച് അവസാനം കര്‍മ്മബന്ധങ്ങളില്‍ നിന്നും ജനനമരണചക്രത്തില്‍ നിന്നും മോക്ഷവും ലഭിക്കും. ഭാരതീയദൈവവാദം എത്തിനില്‍ക്കുന്നത് ഇവിടെ ആണ്.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: