കാഞ്ഞങ്ങാട്: കാല്‍വിരല്‍ മുറിഞ്ഞിട്ടും സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്റെ മൂന്ന് നൃത്തയിനങ്ങളില്‍ നിറഞ്ഞാടുകായായിരുന്നു ജെനീഷ്. ആണ്‍കുട്ടികളുടെ ഹയര്‍സെക്കന്‍ഡറി വിഭാഗം കുച്ചിപ്പുടി മത്സരവേദിയിലാണ് ജെനീഷ് ആദ്യം ചുവടുവച്ചത്. കഴിഞ്ഞദിവസം പരിശീലനത്തിനിടെ കാല്‍വിരല്‍ മുറിഞ്ഞെങ്കിലും അത് വകവെയ്ക്കാതെ മത്സരിക്കാന്‍ തീരുമാനിക്കുകയായിരുന്നു ജെനീഷ്. പതിനഞ്ചു മിനിറ്റോളം നീണ്ടു നിന്ന കുച്ചിപ്പുടി അവതരണം അവസാനിക്കുമ്പോള്‍ കാല്‍വിരലിലെ കെട്ട് അഴിഞ്ഞു വീണിരുന്നു. മത്സരിച്ചു ജയിക്കണം എന്നതിലപ്പുറം മറ്റൊന്നിനെക്കുറിച്ചും തനിക്കു ചിന്തയില്ലെന്നാണ് ജെനീഷ് മുറിവിനെപ്പറ്റി ചോദിച്ചപ്പോള്‍ പറഞ്ഞത്.
റഫീഖ് മാസ്റ്ററാണ് കുച്ചിപ്പുടിയില്‍ ഗുരു. ഒന്നാം ക്ലാസ്സ്മുതല്‍ നൃത്തം അഭ്യസിക്കുന്നുണ്ട്. തുടര്‍ന്ന് ആണ്‍കുട്ടികളുടെ ഭാരതനാട്യത്തിലും നാടോടിനൃത്തത്തിലും ജെനീഷ് മുറിവേറ്റ കാല്‍വിരലുമായി മത്സരിച്ചു.
കണ്ണൂര്‍ എടൂര്‍ സെന്റ് മേരീസ് എച്ച്എസ്എസിലെ പ്ളസ് വണ്‍ വിദ്യാര്‍ത്ഥിയാണ്. കഴിഞ്ഞ മൂന്ന് വര്‍ഷവും ഭാരതനാട്ട്യത്തിലും കുച്ചിപ്പുടിയിലും നാടോടി നൃത്തത്തിലും എ ഗ്രേഡ് നേടിയിരുന്നു. അച്ഛന് മഹേഷ് ഇലക്ട്രിഷ്യന്‍ ആണ്. അമ്മ സുധ.
പോയിന്റുനിലയില്‍ കോഴിക്കോട് ജില്ല മുന്നേറ്റം തുടരുന്നു. 499 പേയിന്റുമായി കോഴിക്കോട് മുന്നില്‍ നില്ക്കുമ്പോള് 493 പോയിന്റുമായി കണ്ണൂര്‍ തൊട്ടുപിന്നില്‍. 491 പോയിന്റുമായി തൃശൂര്‍ മൂന്നാമതും 487 പോയിന്റുമായി പാലക്കാട് നാലാമതുമാണ്. 96 പോയിന്റുകള്‍ നേടിയ പാലക്കാട് ആലത്തൂര്‍ എച്ച്എസ്എസ് ആണ് സ്കൂള്‍ തലത്തില്‍ ഒന്നാമത്. 65 പോയിന്റുമായി ഇടുക്കി കുമാരമംഗലം എംകെഎന്‍എംഎച്ച്എസ് രണ്ടാം സ്ഥാനത്താണ്. 239 മത്സരങ്ങളില്‍ 112 മത്സരങ്ങള്‍ ഇന്നലെ പൂര്‍ത്തിയായി.
സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ കണ്ണൂര്‍ എടൂര്‍ സെന്റ് മേരീസ് എച്ച്എസ്എസിലെ
ജെനീഷ് കുച്ചിപ്പുടി അവതരിപ്പിക്കുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: