സിദ്ധാന്തവൈവിധ്യം
മധ്വാചാര്യരുടെ വേദാന്തം
കന്നടക്കാരനായ മധ്വാചാര്യര്‍ക്ക് ആനന്ദതീര്ത്ഥന്, പൂര്‍ണ്ണപ്രജ്ഞന്‍ എന്നീ പേരുകളുമുണ്ട്. മാധ്വവിജയം, നാരായണഭട്ടന്റെ ്രമണിമഞ്ജരി എന്നീ ഗ്രന്ഥങ്ങള്‍ ഈ ആചാര്യന്റെ ചരിതം വിസ്തരിക്കുന്നു. പസ്ഥാനത്രയിയെ ഇദ്ദേഹം ദ്വൈതവാദപരമായി വ്യഖ്യാനിച്ചു. മഹാഭാരതതാല്പര്യനിര്ണ്ണയം, ഭാഗവതതാല്‍പര്യനിര്‍ണ്ണയം, ഗീതാതാത്പര്യം, അനുവ്യാഖ്യാനം, ന്യായസുധ, പദാര്‍ത്ഥസംഗ്രഹം, മാധ്വസിദ്ധാന്തസാരം തുടങ്ങിയവ ഈ സമ്പ്രദായത്തിലെ പ്രധാനഗ്രന്ഥങ്ങള്‍ ആണ്.ഈശ്വര
നും ആത്മാവും തമ്മിലും ആത്മാക്കള്‍ തമ്മില്‍ തമ്മിലും ഈശ്വരനും ജഡവസ്തുവും തമ്മിലും ജഡവസ്തുക്കള്‍ തമ്മില്‍ തമ്മിലും അതേപോലെ ആത്മാക്കളും ജഡവസ്തുക്കള്‍ തമ്മിലും എന്നിങ്ങനെ അഞ്ചുതരം ഭേദങ്ങളെ ഈ സിദ്ധാന്തം അവതരിപ്പിക്കുന്നു. ജീവാവസ്ഥയിലോ മുക്താവസ്ഥയിലോ ബ്രഹ്മവും ജീവാത്മാവും തമ്മില്‍ ഏകത പറയുന്ന ശാസ്ത്രങ്ങളെല്ലാം തെറ്റാണെന്നാണ് ഈ വേദാന്തികള്‍ പറയുന്നത്. ഈ ദ്വൈതമതം ദ്രവ്യം, ഗുണം, കര്‍മ്മം, സാമാന്യം, വിശേഷം, അഭാവം, വിശിഷ്ടം, അംശി, ശക്തി, സാദൃശ്യം എന്ന പത്തു പദാര്‍ത്ഥങ്ങളെ കല്‍പ്പിച്ചിരിക്കുന്നു. ദ്രവണം അഥവാ സ്ഥാനാന്തരഗമനം ഉള്ളതാണ് ദ്രവ്യം. പരിണാമവിധേയമായ ഈ ദ്രവ്യം എല്ലാറ്റിന്റേയും ഉപാദാനകാരണം ആണ്. ഉപാദാനം പരിണാമം,അഭിവ്യക്തി എന്നു രണ്ടു തരമാണ്. മണ്ണു കുടമാകുന്നത് പരിണാമം. തൈരു കടയുമ്പോള്‍ വെണ്ണ പ്രത്യക്ഷപ്പെടുന്നത് അഭിവ്യക്തി. പരമാത്മാവ്, ലക്ഷ്മി, ജീവന് മുതലായ ഇരുപതു ഭേദങ്ങള്‍ ഈ ദ്രവ്യത്തിനുണ്ട്. പരമാത്മാവ് സര്‍വജ്ഞനും സര്‍വദ്രഷ്ടാവും സര്‍വസ്രഷ്ടാവുമാണ്. ലക്ഷ്മി പത്നിയാണ്. ബ്രഹ്മാദികള്‍ പുത്രന്മാരാണ്. ശ്രീ, ഭൂമി, ദുര്‍ഗാ, രുഗ്മിണി, സീതാ മുതലായവര്‍ ലക്ഷ്മിയുടെ മൂര്ത്തിഭേദങ്ങളാണ്. ജീവന്മാര് മുക്തിയോഗ്യര്‍, തമോമയര്‍, നിത്യസംസാരികള്‍ എന്നു മൂന്നുതരക്കാരാണ്. വിഹിതം, നിഷിദ്ധം, ഉദാസീനം എന്നു മൂന്നുവിധം കര്‍മ്മ ങ്ങള്. യജ്ഞാദികള്‍ വിഹിതകര്‍മത്തിലും നിന്ദിക്കലും മറ്റും നിഷിദ്ധത്തിലും കളികളും മറ്റും ഉദാസീനകര്‍മത്തിലും പെടുന്നു. പലതരം പ്രളയങ്ങള്‍, അവതാരങ്ങള്‍ എന്നിവയെക്കുറിച്ചെല്ലാം ഈ സിദ്ധാന്തം സവിസ്തരം പ്രതിപാദിക്കുന്നു. വല്ലഭാചാര്യരുടെ വേദാന്തം വല്ലഭാചാര്യര്‍ എണ്‍പത്തിനാലു ഗ്രന്ഥങ്ങള്‍ എഴുതിയിട്ടുണ്ടത്രേ. ബ്രഹ്മസൂത്രത്തിന് വല്ലഭാചാര്യര്‍ എഴുതിയ അണുഭാഷ്യം, അന്ത:കരണപ്രബോധം, ആചാര്യകാരികാ, ആനന്ദാധികരണം, ഏകാന്തരഹസ്യം, കൃഷ്ണാശ്രയം, തത്ത്വാര്‍ത്ഥദീപം, ഭേദാഭേദസ്വരൂപനിര്‍ണ്ണയം, വാദാവലി, പുരുഷോത്തമപ്രസ്ഥാനരത്നാകരം തുടങ്ങിയവ ശുദ്ധാദ്വൈതം എന്ന ഈ സിദ്ധാന്തത്തിന്റെ പ്രമാണഗ്രന്ഥങ്ങള്‍ ആണ്. ഇതനുസരിച്ച് ഒരേ ഒരു തത്വമേ ഉള്ളൂ. അത് ബ്രഹ്മമാണ്. മായ വിഷ്ണുഭഗവാന്റെ ശക്തിയാണ്. ബ്രഹ്മത്തിലെ സദംശത്തിന്റെ ക്രിയാരൂപശക്തിയും ചിദംശത്തിന്റെ വ്യാമോഹരൂപസക്തിയും ചേര്‍ന്നതാണ് മായ. ഈ മായാനിര്‍മിതമായ ഈ ജഗത്ത് സത്യവുമാണ്, നിത്യമാണ്. ഈശ്വരന് തന്നെയാണ് ഈ ജഗത്തിന്റെ സമവായി, നിമിത്തകാരണങ്ങള്‍. പ്രപഞ്ചത്തിന്റെ ഭാഗത്തു നിന്നും നോക്കുമ്പോള്‍ ബ്രഹ്മം വിവര്‍ത്തോപാദാനവും സൃഷ്ടികര്‍ത്താവായ ഈശ്വരന്റെ ഭാഗത്തുനിന്നും
നോക്കുമ്പോള്‍ പരിണാമ്യുപാദാനവുമാണ് എന്നാണ് വാദാവലിയില്‍ ഗോപേശ്വരസ്വാമി പറയുന്നത്. ഭഗവാന്റെ പ്രേരണയാണ് സൃഷ്ടിക്കു നിദാനം. ഭഗവാന് തന്നെയാണ് ജീവജഡങ്ങളായി പ്രകടമാകുന്നത്. ആനന്ദാനുഭവത്തിനായി ധര്‍മരൂപമായ ജ്ഞാനത്തിന്റെ രൂപമായ ഭഗവാന് മായയോടു ചേരുമ്പോള്‍ സൃഷ്ടി സംഭവിക്കുന്നു. പ്രാണധാരണയത്നം സ്വീകരിച്ച ചിദംശത്തിനു ജീവന് എന്നും ക്രിയാശക്തി വേര്‍പെട്ട സദംശത്തിനു ജഡമെന്നും പറയുന്നു. രാമാനുജന്റെ വിശിഷ്ടാദ്വൈ്വതവും വല്ലഭന്റെ ശുദ്ധാദ്വൈതവും മാധ്വന്റെ
ദ്വൈതവും നിംബാര്‍ക്കന്റെ ദ്വൈതാദ്വൈതവും വൈഷ്ണവദര്‍ശനങ്ങള്‍ എന്ന പേരിലാണ് അറിഞ്ഞുവരുന്നത്. വിഷ്ണുഭക്തന്മാര് സാകാരനും സഗുണനുമായ ഈശ്വരന്റെ ഭജനത്തിനു വേദാന്തത്തിന്റെ അടിസ്ഥാനത്തില്‍ യുക്തിയുടെ പരിവേഷം നല്കാന് നടത്തിയ പരിശ്രമങ്ങളാണ് ഈ ദര്‍ശനങ്ങള്‍ക്കു വഴി തെളിച്ചത് എന്ന് വാസുദേവഭട്ടതിരി ചൂണ്ടിക്കാട്ടുന്നു. വൈഷ്ണവസമ്പ്രദായങ്ങള്‍ സിദ്ധാന്തവൈവിധ്യം പുരാണങ്ങളിലെ തത്വചിന്തകള്‍ വിഷ്ണു, വായു, മാര്‍ക്കണ്ഡേയ, നാരദീയ, കൂര്‍മ്മ, ഭാഗവതാദി വൈഷ്ണവപുരാണങ്ങളിലെ തത്വചിന്തകളേയും ദാസ്ഗുപ്ത ചര്‍ച്ചചെയ്യുന്നുണ്ട്. അദ്ദേഹത്തിന്റെ അഭിപ്രായം ശാങ്കരപാരമ്പര്യത്തില്‍ നിന്നും വ്യത്യസ്തമായ ഒരു വേദാന്തചിന്താപദ്ധതി ശങ്കരാചാര്യര്‍ക്കു വളരെ മുമ്പുതന്നെ നിലവിലുണ്ടായിരുന്നു എന്നും പുരാണങ്ങളിലും ഭഗവദ്ഗീതയിലും ആ പാരമ്പര്യം കാണാനുണ്ട് എന്നുമാണ്. രാമാനുജന്, വിജ്ഞാനഭിക്ഷു എന്നിവര്‍ ഉപനിഷത്ത്, ബ്രഹ്മസൂത്രം എന്നിവയ്ക്കു നല്കുന്ന വിശദീകരണങ്ങള്‍ ഇതിനുതെളിവാണെന്നും ദാസ്ഗുപ്ത പറയുന്നു. ബ്രഹ്മസൂത്രം, കൂര്‍മ്മപുരാണത്തിലെ ഈശ്വരഗീത എന്നിവയുടെ വ്യാഖ്യാനങ്ങളില്‍ വിജ്ഞാനഭിക്ഷു സാംഖ്യം, യോഗം എന്നിവയുമായി വേദാന്തം വളരെ ബന്ധപ്പെട്ടിരിക്കുന്നു എന്നു സ്ഥാപിക്കുന്നു. ശങ്കരനു വളരെ മുമ്പുള്ള പല പുരാണങ്ങളില്‍ നിന്നും ഇതിനു തെളിവുകള്‍ നിരത്തുകയും ചെയ്യുന്നുണ്ട്. രാമാനുജന്, മധ്വന്, വല്ലഭന്, ജീവഗോസ്വാമി, ബലദേവന് എന്നിവരും അവരവരുടെ മതങ്ങള്‍ സ്ഥാപിക്കാന്‍ പുരാണങ്ങളില്‍ നിന്നും ധാരാളം ഉദ്ധരിക്കുന്നുണ്ട്. സര്‍ഗശ്ച പ്രതിസര്‍ഗശ്ച വംശോ മന്വന്തരാണി ച. വംശാനുചരിതം ചൈവ പുരാണം പഞ്ചലക്ഷണംഎന്ന പുരാണനിര്‍വചനപ്രകാരമുള്ള സര്‍ഗപ്രതിസര്‍ഗവര്‍ണനയുടെ ഭാഗത്താണ് പുരാണങ്ങളില്‍ സൈദ്ധാന്തികചര്‍ച്ചകളും പ്രധാനമായും ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.
ചൈതന്യപാരമ്പര്യം നിംബാര്‍ക്കനും വല്ലഭനും ശേഷം വന്ന ചൈതന്യമഹാപ്രഭു ആണ്് വൈഷ്്ണവപരിഷ്ക്കര്‍ത്താക്കളില്‍ അവസാനത്തെ ആചാര്യന് എന്നു ദാസ്ഗുപ്ത അഭിപ്രായപ്പെടുന്നു. അദ്ദേഹത്തിന്റേതായ കൃതികള്‍ ലഭ്യമല്ലെങ്കിലും വൃന്ദാവനദാസന്റെ ചൈതന്യഭാഗവതം, കൃഷ്ണദാസ കവിരാജന്റെ ചൈതന്യചരിതാമൃതം മുതലായ കൃതികളില്‍ നിന്നും ചൈതന്യമാര്‍ഗത്തെക്കുറിച്ച് അറിയാന്‍ കഴിയും. സി. ഇ. 1485ല്‍ ആണ് ജനനം. ബാല്യത്തിലേ കൃഷ്ണഭക്തിയില്‍ ആസക്തനായ ചൈതന്യനെ നിത്യാനന്ദന് എന്ന വൈഷ്ണവഅവധൂതനുമായുള്ള സമ്പര്‍ക്കം വളരെ സ്വാധീനിച്ചു. അവരിരുവരും കൂട്ടാളികളുമൊത്ത് കൃഷ്ണഭക്തിയില്‍ മതിമറന്ന് ആടിയുംപാടിയും ദിനരാത്രങ്ങള്‍ ചിലവഴിച്ചു. പുരി, വൃന്ദാവനം എന്നിവിടങ്ങളിലും നിരവധി തീര്‍ത്ഥസ്ഥലങ്ങളിലും അനുയായികളുമൊത്ത് സഞ്ചരിച്ചു. ആഴമാര്‍ന്ന കൃഷ്ണഭക്തിയില്‍ നിന്നുമുണര്‍ന്ന വികാരവൈവശ്യം ആണ് ചൈതന്യപാരമ്പര്യത്തിന്റെ മുഖമുദ്ര. ഭാഗവതപുരാണത്തിലെ ഒന്നുരണ്ടു വരികളൊഴിച്ചാല്‍ ഭഗവദ്ഗീതയിലോ മറ്റു പുരാണങ്ങളിലോ ഇത്തരം തീവ്രഭക്തിമാര്‍ഗത്തിന്റെ പരാമര്‍ശം കാണുന്നില്ല എന്നു ദാസ്ഗുപ്ത പറയുന്നു.
ജീവഗോസ്വാമിയും ബലദേവവിദ്യാഭൂഷണനും ഈ ചൈതന്യപരമ്പരയിലെ രണ്ടു പ്രതിഭാശാലികളായിരുന്നു. ഷഡ്സന്ദര്‍ഭം എന്നതാണ് ജീവഗോസ്വാമിയുടെ പ്രധാനകൃതി. ഈശ്വരന്, ജീവന്, ലോകം, ഭക്തിലക്ഷണം, ഈശ്വരശക്തികള്‍, ഈശ്വരനും ഭക്തരും തമ്മിലുള്ള ബന്ധം, ആത്യന്തികമുക്തി, ഭക്തി നല്കുന്ന ആനന്ദം മുതലായി വൈഷ്ണവമാര്‍ഗത്തിന്റെ മര്‍മ്മവിഷയങ്ങള്‍ ഇതില്‍ വിശദമായി ചര്‍ച്ച ചെയ്യുന്നു. വൈശ്യകുലത്തില്‍ ജനിച്ച ബലദേവവിദ്യാഭൂഷണന്‍ വൈരാഗി പീതാംബരദാസന്റെ ശിഷ്യനാണ്. ഗീതാഭൂഷണം എന്ന ഭഗവദ്ഗീതാവ്യാഖ്യാനമുള്‍പ്പടെ പതിനാലു കൃതികള്‍ ഇദ്ദേഹം രചിച്ചിട്ടുണ്ട്. ഇവയില്‍ ഗോവിന്ദഭാഷ്യം എന്ന ബ്രഹ്മസൂത്രവ്യാഖ്യാനം വളരെ പ്രാധാന്യമര്‍ഹിക്കുന്നു.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: