സിദ്ധാന്തവൈവിധ്യം (നിംബാര്‍ക്കസമ്പ്രദായം )
നിംബാര്‍ക്കന്റെ ദൈ്വതാദൈ്വതദര്‍ശനത്തിന് ഹംസസമ്പ്രദായം എന്നും പറയുന്നു. ഭാഗവതപുരാണമനുസരിച്ച് ഭഗവാന് ഹംസരൂപിയായി സനകനു നല്കിയതാണത്രേ ഈ ധര്‍മോപദേശം. ഇതിനെ സനകന്‍ സനത്കുമാരനും കുമാരന് നാരദനും നല്കി. നാരദന് സ്വശിഷ്യനായ നിംബാര്ക്കന് ഇതുപകര്ന്നു നല്കി. വേദാന്തപാരിജാതസൗരഭം, സിദ്ധാന്തരത്നം, ദശശ്ലോകീ, വേദാന്തകൗസ്തുഭം, ശ്രീകൃഷ്ണസ്തവം, വേദാന്തകൗസ്തുഭപ്രഭ, പാഞ്ചജന്യം, തത്വപ്രകാശികാ, സകലാചാര്യമതസംഗ്രഹം മുതലായവയാണ് ഈ സമ്പ്രദായത്തെ വിശദമാക്കുന്ന ഗ്രന്ഥങ്ങള്‍. ജീവാത്മാവ്, പരമാത്മാവ് അഥവാ ഈശ്വരന്, പ്രകൃതി എന്ന മൂന്നു തത്ത്വങ്ങളെ ഈ ദര്‍ശനം കല്പ്പിക്കുന്നു. ഈ മൂന്നും പരസ്പരഭിന്നങ്ങളാകയാല് അദൈ്വതാവസ്ഥ പറയാന്‍ സാധ്യമല്ല. ദൈ്വതം പറയണം. പക്ഷേ ജീവജഡങ്ങള്‍ പരമാത്മാവില്‍ ഓതപ്രോതമായതിനാല് അദൈ്വതമാണു താനും. അതുകൊണ്ട് ഈ സമ്പ്രദായത്തെ ദൈ്വതാദൈ്വതം എന്നു വിളിക്കുന്നു. ജഗത്ത് പരമാത്മാവിന്റെ പരിണതരൂപമാണ്.
പഞ്ചഭൂതങ്ങളില്‍ നിന്നും ശരീരം ഉണ്ടാകുന്നു. പൃഥ്വിയില്‍ നിന്നും മലമാംസമനസ്സുകളും ജലത്തില്‍ നിന്നും മൂത്രശോണിതങ്ങളും വായുവില്‍ നിന്നും പ്രാണനും തേജസ്സില്‍ നിന്നും മജ്ജാസ്ഥികളും ഉണ്ടാകുന്നു. ജീവനും ജഗത്തും സൂക്ഷ്മരൂപത്തില്‍ അന്തര്യാമിയായ ഭഗവാനില്‍ ലയിച്ചുനിലനില്ക്കുന്നു. ബദ്ധന്, മുക്തന് എന്നു രണ്ടുതരമാണ് ജീവാത്മാക്കള്‍. കര്‍മം അനാദിയാണ്. കര്‍മഫലം അനുഭവിക്കുന്നവനാണ് ബദ്ധന്. ദേവനും മനുഷ്യനും തിര്യക്കുകളുമെല്ലാം ബദ്ധാത്മാക്കളാണ്. വര്ണ്ണാശ്രമധര്മ്മങള് വിധിയാംവണ്ണം പാലിച്ചു ജീവിച്ചാല്‍ കര്‍മഫലം അനുഭവിച്ചുതീര്‍ക്കാം.കര്‍മഫലം അനുഭവിച്ചുതീര്‍ന്നാല്‍ മുക്തനാകും.
ദക്ഷിണായനത്തില്‍ മരിച്ചാലും അഭിജ്ഞര്‍ക്ക് മുക്തി ലഭിക്കും. ശൂദ്രനു ബ്രഹ്മവിദ്യാധികാരമില്ല. വേദപാഠം ചെയ്യാത്തവനെ ആകാം ശൂദ്രനെന്നു കരുതുന്നത് എന്നു വാസുദേവഭട്ടതിരി പറയുന്നു. മുക്തന്മാര് രണ്ടുതരക്കാരാണ്. ഗരുഡന്, അനന്തന്, വിഷ്വകസേനന്്, ഭഗവാന്റെ ആഭരണങ്ങളും ആയുധങ്ങളും ഓടക്കുഴലും മറ്റും നിത്യമുക്തഗണത്തില് പെടും.
കര്‍മ്മഫലം അനുഭവിച്ചുതീര്‍ത്ത മറ്റെല്ലാവരും രണ്ടാംഗണത്തില്‍ പെടുന്നു. യോഗത്തിലൂടെ ലഭിക്കുന്ന സദ്യോമുക്തിയും അഗ്നി, പകല്‍, വെളുത്തപക്ഷം, ഉത്തരായണം എന്നിവയുടെ അധിദേവതകള്‍ വഴി സൂര്യലോകത്തെത്തി ഹിരണ്യഗര്‍ഭനില്‍ ലയിച്ച് പിന്നെ പരമാത്മാവില്‍ ലയിക്കുന്ന ക്രമമുക്തിയും എന്ന ഭാസ്കരമതം നിംബാര്‍ക്കനും സ്വീകരിക്കുന്നു. ജഡങ്ങളും രണ്ടു തരം ഉണ്ട് പ്രാകൃതവും അപ്രാകൃതവും. ഭഗവാന്റെ ദേഹം,ആഭരണാദികള്‍, നഗരം, ഉപവനം മുതലായവ ത്രിഗുണാതീതങ്ങളായ ജഡവസ്തുക്കള്‍ കൊണ്ടുനിര്‍മ്മിച്ചവയാണ്. പ്രപഞ്ചവസ്തുക്കളെല്ലാം തന്നെ ത്രിഗുണമയജഡവസ്തുക്കളാണ്. നിത്യവും വിഭുവുമായ കാലം പ്രാകൃതവുമല്ലണ അപ്രാകൃതവുമല്ല. അവിദ്യ, അസ്മിത, രാഗദ്വേഷങ്ങള്‍, അഹന്ത, അഭിനിവേശം തുടങ്ങിയവയില്‍ നിന്നും മുക്തനും സര്‍വജ്ഞനും സൃഷ്ടിസ്ഥിതിലയങ്ങളെ ചെയ്യുന്നവനുമാണ് ഈശ്വരന്. വേദവാക്യങ്ങള്‍ കൊണ്ട് അറിയേണ്ടത് ആനന്ദമയനായ ഈ ഈശ്വരനെയാണ്. പരമാത്മാവ്, വൈശ്വാനരന്‍, പുരുഷോത്തമന്, ഭഗവാന്, ബ്രഹ്മം എന്നിങ്ങനെ ഈശ്വരന് പല പേരുകളുമുണ്ട്. ഭക്താനുഗ്രഹത്തിനായി ഈശ്വരന് പല രൂപങ്ങള്‍ സ്വീകരിക്കുന്നു. അവയില്‍ വാസുദേവന്‍, സങ്കര്‍ഷണന്‍, പ്രദ്യുമ്നന്, അനിരുദ്ധന് എന്നീ നാലെണ്ണം പ്രധാനപ്പെട്ടവയാണ്. രാധയോടും മറ്റു ഗോപികമാരോടും ഒത്ത് ഭഗവാന് വൈകുണ്ഠത്തിലെ ഗോലോകത്ത് ശ്രീകൃഷ്ണരൂപത്തില്‍ വിഹരിക്കുന്നു.
വാസുദേവഭട്ടതിരിയുടെ അഭിപ്രായപ്രകാരം ഭരാമാനുജനും നിംബാര്‍ക്കനും വൈഷ്ണവാചാര്യന്മാരാണെങ്കിലും ആശയപരമായി അവരിരുവരും ഭിന്നാഭിപ്രായക്കാരാണ്. രാമാനുജന് ലക്ഷ്മീനാരായണനു പ്രാധാന്യം നല്കുമ്പോള് രാധാകൃഷ്ണനു പ്രാധാന്യം കല്പ്പിക്കുന്നു. രാമാനുജന് ഭക്തിയും പ്രപത്തിയും രണ്ടാണെന്നു കരുതുമ്പോള്‍ നിംബാര്ക്കന് ഭക്തിയില്‍ പ്രപത്തിയെ ഉള്‍പ്പെടുത്തി. ചിത്തും അചിത്തും എന്ന രണ്ടിനേയും സ്വീകരിക്കുമ്പോഴും രാമാനുജന് ഈശ്വരാദൈ്വതത്തിനു പ്രാധാന്യം നല്കി. നിംബാര്ക്കനാകട്ടെ ഭാസ്കരാചാര്യരെപ്പോലെ ഭേദാഭേദവാദത്തെ സ്വീകരിച്ചു. രണ്ടുപേരും ഒരളവു വരെ ശാങ്കരവേദാന്തം സ്വീകരിച്ചെങ്കിലും യുക്തിയേക്കാള്‍ ഭക്തിക്കു മുന്‍തൂക്കം നല്കി. പുരാണകഥകളെ അവരിരുവരും കൂടുതലാശ്രയിച്ചു. ഭക്തിക്കു മുന്‍തൂക്കം നല്കുമ്പോഴും നിംബാര്ക്കന് ശാങ്കരാദൈ്വതത്തെ തള്ളിക്കളഞ്ഞില്ല. സാധാരണരായ അനുയായികള്‍ക്ക് സഗുണനായ ഈശ്വരനെയും വിഭൂതികളേയും പ്രകീര്‍ത്തിക്കാന്‍ അവസരം നല്‍കിയില്ലെങ്കില്‍ അവര്‍ ശുഷ്കങ്ങളായ വേദാന്തതത്വങ്ങളെ ഉപേക്ഷിക്കും എന്നു പ്രായോഗികമതിയായ നിംബാര്‍ക്കാചാര്യര്‍ കണ്ടുകാണും.
(തുടരും…)
പ്രതികരിക്കാൻ ഇവിടെ എഴുതുക: