രാമാനുജാചാര്യരുടെ വിശിഷ്ടാദ്വൈതമാര്‍ഗത്തിന് ശ്രീസമ്പ്രദായമെന്നും പറയും. ബ്രഹ്മസൂത്രത്തിന് അദ്ദേഹം എഴുതിയ വ്യാഖ്യാനത്തിന് ശ്രീഭാഷ്യം എന്നാണ് പേര്. ഇതില്‍ നിന്നാണ് ശ്രീസമ്പ്രദായമെന്ന പേരു വന്നത് എന്നു വാസുദേവഭട്ടതിരി പറയുന്നു. നാഥമുനി, യാമുനാചാര്യര്‍ തുടങ്ങിയ പാഞ്ചരാത്രാചാര്യന്മാരുടെ പാതപിന്തുടര്ന്നാണ് രാമാനുജന് തന്റെ സിദ്ധാന്തം അവതരിപ്പിക്കുന്നത്.
ശങ്കരാചാര്യരുടെ വിവര്‍ത്തവാദഭാഷ്യത്തിനു മുമ്പുതന്നെ ബ്രഹ്മസൂത്രത്തിനു ഭേദാഭേദസിദ്ധാന്തപരമായ വ്യാഖ്യാനങ്ങള്‍ ദ്രമിഡാചാര്യരും മറ്റും രചിച്ചുഎന്നു യാമുനാചാര്യര്‍ തന്റെ സിദ്ധിത്രയത്തില്‍ പറയുന്നു. ശിക്ഷാകല്‍പാദിഷഡംഗങ്ങളോടു കൂടിയ വേദത്തെ ഈ സമ്പ്രദായികള്‍ പ്രമാണമായി അംഗീകരിക്കുന്നു. ഈ മതത്തില്‍ ചിത്ത്, അചിത്ത്, ഈശ്വരന് എന്നു മൂന്നു തത്വങ്ങളെ കല്‍പ്പിച്ചിരിക്കുന്നു. ‘ചിത്തും അചിത്തും ഈശ്വരന്റെ അവയവങ്ങളാണ്. അതായത് ഈശ്വരന് ചിദചിദ്വിശിഷ്ടനാണ്. ഈ കല്പ്പനയില് നിന്നാണ് വിശിഷ്ടാദ്വൈതം എന്ന പേരു വന്നത്. ചിത്ത് എന്നാല്‍ ജീവാത്മാവ്. ദേഹം, ഇന്ദ്രിയങ്ങള്‍, ബുദ്ധി, മനസ്സ്, പ്രാണന് എന്നിവ ചേര്‍ന്നതാണ് ജീവാത്മാവ്. ആത്മാക്കള്‍ നിത്യന്മാരാണ്. സമുദ്രവും തരംഗങ്ങളും പോലെ പരമാത്മാവും ജീവാത്മാക്കളും അഭിന്നമാണ്. ഒന്നു വിഭുവും മറ്റേത് അണുവുമാണെന്നു മാത്രം. ആത്മാക്കള്‍ ബദ്ധന്, മുക്തന്, നിത്യന് എന്നു മൂന്നുതരമാണ്. ഒരിക്കലും സംസാരത്തില്‍ വീഴാത്തവരാണ് നിത്യര്‍. ആദിശേഷന്, ഗരുഡന്, വിഷ്വക്സേനന് മുതലായവര്‍ ഇത്തരക്കാരാണ്. സംസാരത്തില്‍ പെട്ടവരാണ് ബദ്ധാത്മാക്കള്‍. കര്‍മഫലാനുഭവം അവസാനിച്ച ബദ്ധന് മുക്തനായി മാറുന്നു.
ഭാസ്കരാചാര്യര്‍ പറയുന്ന സദ്യോമുക്തിയും ക്രമമുക്തിയും രാമാനുജാചാര്യരും പറയുന്നു. രാമാനുജന്റെ മുക്തിസങ്കല്പ്പത്തെ വാസുദേവഭട്ടതിരി വിവരിക്കുന്നത് ഇപ്രകാരമാണ് ‘യോഗസാധന കൊണ്ട് പ്രാണനെ സുഷുമ്നയില്കൂടി ്ഉന്നയിച്ചു മൂര്ദ്ധരന്ധ്രം വഴി നിര്‍ഗമിപ്പിച്ച് അഗ്നിമാര്ഗത്തിലൂടെ ചന്ദ്രന്, വിദ്യുത്ത്, വരുണന്, ഇന്ദ്രന്, പ്രജാപതികള്‍ എന്നിവരുടെ ലോകങ്ങള്‍ കടന്ന് വിരജാതീര്ത്ഥം കടക്കുമ്പോള്‍ സൂക്ഷ്മശരീരവും ത്യജിച്ച് ആത്മാവ് വൈകുണ്ഠത്തില്‍ എത്തുന്നു. ഇവിടെ മനുഷ്യാത്മാവ് ദിവ്യശരീരം ധരിക്കുന്നു. ചതുര്‍ഭുജങ്ങള്‍, കിരീടകടകാംഗദാദികളൊക്കെ ധരിച്ച് വിഷ്ണുസാരൂപ്യം നേടുന്നു. ചിലര്‍ സായൂജ്യവും നേടുന്നു.’ ഭക്തിയും പ്രപത്തി അഥവാ ശരണാഗതിയും ആണ് മോക്ഷസാധകങ്ങള്. ഭക്തിയോടു ചേര്‍ന്നാലേ ജ്ഞാനകര്മയോഗങ്ങള്ക്ക് മോക്ഷം തരാന്‍ കഴിയൂ. ജഡവും പരിണാമിയുമാണ് അചിത്ത്. ഇതും മൂന്നു തരം ശുദ്ധസത്വം, മിശ്രസത്വം, സത്വശൂന്യം. ജ്ഞാനാനന്ദജനകമാണ് ആദ്യത്തേത്. വൈകുണ്ഠലോകം,
അവിടുത്തെ വിമാനം, ഗോപുരം, മണ്ഡപം, പ്രാസാദം, ഭഗവാന്റെയും മുക്തന്മാരുടെയും ദിവ്യദേഹങ്ങള്‍ എന്നിവ ഇക്കൂട്ടത്തില്‍ പെടുന്നു. മിശ്രസത്വം എന്നാല്‍ സത്വരജസ്തമോഗുണങ്ങള്‍ കലര്‍ന്നത് എന്നര്‍ത്ഥം. പ്രകൃതി, മായ, അവിദ്യ എന്നെല്ലാം പറയാവുന്ന ദൃശ്യപ്രപഞ്ചം ഇത്തരത്തിലാണ്. തന്മാത്രകള്, ഭൂതങ്ങള്‍, ഇന്ദ്രിയങ്ങള്‍, പ്രാണന്, ബുദ്ധി, മനസ്സ് ഇവയെല്ലാം ഈ ഗണത്തില്‍ പെടുന്നു. കാലമാണ് മൂന്നാമത്തെ അചിത്തായ സത്വശൂന്യം. ചിത്തും അചിത്തും ഈശ്വരാശ്രിതമാണ്.
‘ജ്ഞാനാനന്ദരൂപനും സൃഷ്ടിസ്ഥിതിലയകര്ത്താവും ധര്മാര്ത്ഥകാമമോക്ഷദാതാവുമാണ് ഈശ്വരന്. വിചിത്രശരീരവും വസ്ത്രാഭരണങ്ങളും വാസഗൃഹവും ലക്ഷ്മീഭൂമിമാരുടെ പരിചരണവും മുക്തന്മാരുടെ അകമ്പടിയുമുള്ള ഈശ്വരന് അതിമാനുഷന്‍ (ടൗുലൃ ാമി) ആണ്. ഈശ്വരന് ദയാലുവും ദു:ഖിതര്‍ക്ക് ആശ്വാസം നല്കുന്നവനുമാണ്. ഭഗവാന് സൃഷ്ടിസംഹാരലീല നടത്തുന്നു. സൃഷ്ടിസംഹാരങ്ങളില് പ്രയോജനാപേക്ഷയില്ല’ എന്നിങ്ങനെയാണ് സി. വി. വാസുദേവഭട്ടതിരി ഈ സമ്പ്രദായത്തിലെ ഈശ്വരസങ്കല്‍പ്പത്തെ വിവരിക്കുന്നത്.
(തുടരും…)
പ്രതികരിക്കാൻ ഇവിടെ എഴുതുക: