രുദ്രഗ്രന്ഥിം യദാ ഭിത്വാ
ശര്വ പീഠ ഗതോളനില:
നിഷ്പത്തൗ വൈണവ: ശബ്ദ:
ക്വണദ് വീണാക്വണോ ഭവേത് 4 76
രുദ്രഗ്രന്ഥി ഭേദിച്ച് പ്രാണന് ശിവ
പീഠത്തില്‍ ചെന്നാല്‍ നിഷ്പത്തി അവസ്ഥയില്‍ വേണുനാദവും വീണാ നാദവും കേള്‍ക്കും.
ആജ്ഞാചക്രത്തിലാണ് രുദ്രഗ്രന്ഥി. ശര്‍വന്‍ ശിവന്. ശിവന്റെ, ഈശ്വരന്റെ പീഠം, സ്ഥാനം ഭ്രൂമദ്ധ്യമാണ്. ഗ്രന്ഥി എന്നാല്‍ കെട്ട്. രുദ്രഗ്രന്ഥിയെ പൊട്ടിച്ചെറിഞ്ഞാണ് കുണ്ഡലിനി സഹസ്രാരചക്രത്തിലേക്ക് ഏന്നത്. അവിടെ ശ്രീകൃഷ്ണന്റെ ഓടക്കുഴലും കേള്‍ക്കാം, സരസ്വതിയുടെ വീണാനാദവും കേള്‍ക്കാം. അവിടെ അനിലന്‍,
പ്രാണന്, നിഷ്പത്തി അവസ്ഥയിലാവും. ‘ബ്രഹ്മരന്ധ്ര ഗതേ പ്രാണേ’
പ്രാണന് ബ്രഹ്മരന്ധ്രത്തില്‍ ചെല്ലുന്ന അവസ്ഥയാണ് നിഷ്പത്ത്യവസ്ഥ.
ശിവശക്ത്യൈക്യമാണ് ഇവിടെ നടക്കുന്നത്. ഇത് നിര്വികല്പ സമാധിക്കു തുല്യമാണ്. അതു സാധിച്ചവന് ജീവന്മുക്തനാണ്.
ഏകീഭൂതം തദാ ചിത്തം
രാജയോഗാഭിധാനകം
സൃഷ്ടി സംഹാര കര്ത്താളസൗ
യോഗീശ്വര സമോ ഭവേത് 4 77
ഏകീഭൂതമായ അന്ത:കരണ (ചിത്തം) മാണ് രാജയോഗമെന്നറിയപ്പെടുന്നത്. ആ യോഗി സൃഷ്ടി സംഹാര കര്‍ത്താവും ഈശ്വര തുല്യനുമാണ്.
വിഷയവും വിഷയിയും, കാണുന്നവ
നും കാണപ്പെടുന്നതും ഏകീഭൂതമാവുന്നതാണ് രാജയോഗം. അതു തന്നെ സമാധി. ആ നാദാനുസന്ധാനപര
നായ യോഗി ഈശ്വര തുല്യനാവും. ഈശ്വര തുല്യമായ കഴിവുകളും നേടും.
അസ്തു വാ മാസ്തു വാ മുക്തി
രെ്രെതവാഖണ്ഡിതം മുഖം
ലയോദ്ഭവമിദം സൗഖ്യം
രാജയോഗാദവാപ്യതേ 4 78
മോക്ഷമുണ്ടാവട്ടെ ഇല്ലാതിരിക്കട്ടെ ഇവിടെ തന്നെയാണ് അഖണ്ഡമായ സുഖം. ലയത്തില്‍ നിന്നുണ്ടാകുന്ന ഈ സുഖാവസ്ഥ രാജയോഗം കൊണ്ടു നേടാം.
ഇവിടെ ഭൂമി, വെള്ളം, അഗ്നി, വായു, ആകാശം എന്നീ പഞ്ചഭൂതങ്ങളോ മനസ്സോ ശിവനോ ശക്തിയോ അല്ല തത്വം.
‘തത്’ എന്നാല്‍ അത്. അതിന് ‘ത്വം’ ചേര്‍ക്കുക. ‘തത്വമസി’ എന്നതിലെ തത് (അത്, ബ്രഹ്മം) ത്വം (നീ) അസി (ആകുന്നു.) എന്ന അര്‍ഥമല്ല ഇവിടെ തത്വത്തിന്. ലഘുത്വം (ലഘു എന്ന ഗുണം) ഗുരുത്വം (ഗുരു, ഭാരം കൂടിയത് എന്ന ഗുണം) എന്ന രീതിയില്‍ കാണണം. കര്‍തൃത്വം ഭോക്തൃത്വം മഹത്വം വ്യക്തിത്വം എന്നൊക്കെ ഇങ്ങിനെയുണ്ടായ വാക്കുകളാണ്. അത് എന്ന അവസ്ഥ, ആത്മാനുഭവം. അതാണ് തത്വം. അവിടെ മനസ്സിന്റെ വ്യാപാരങ്ങളെല്ലാം, മനോവിലാസങ്ങളെല്ലാം
അസ്തമിക്കും. യോഗി ഈശ്വരനായിത്തീരും.
ആ ആത്മാനുഭൂതി തന്നെ ആനന്ദം. ഇത് ഇന്ദ്രിയസഹായമില്ലാതെ ലഭിക്കുന്ന സുഖമാണ്. പരിമിത വ്യക്തിത്വം പ്രപഞ്ച മനസ്സിനോടു ചേരുന്ന അവസ്ഥയാണ്. രാജയോഗത്താല്‍ ലഭ്യമായ ആനന്ദമാണ്.
ശിവസംഹിതയില്‍ പറയുന്നു:
തതോഭ്യാസക്രമേണ ഏവ
(പിന്നെ വേണ്ട വണ്ണം അഭ്യസിച്ചാല്‍)യോഗിന: (യോഗിമാര്‍ക്ക്) നിഷ്പത്തിര് ഭവേത് (നിഷ്പത്തി) ലഭിക്കും. അനാദി കര്‍മ ബീജാനി (അനാദിയായ കര്‍മ വാസനകളെ) തീര്‍ത്വാ ( മറികടന്ന്) അമൃതം പിബേത്. (അമൃതം പാനം ചെയ്യും.)
നിഷ്പത്തിസമ്പന്ന: (നിഷ്പത്തിസമ്പന്നന്) സ്വേച്ഛയാ (തന്നിഷ്ടപ്രകാരം) സമാധി: ഭവേത് ( സമാധി ലഭിക്കും)
രാജയോഗമജാനന്ത:
കേവലം ഹഠകര്മിണ:
ഏതാനഭ്യാസിനോ മന്യേ
പ്രയാസഫല വര്ജിതാന് 4 79
രാജയോഗത്തെ അറിയാതെ ഹഠയോഗം മാത്രം അഭ്യസിക്കുന്നവന് പ്രയാസപ്പെട്ടതിനനുസരിച്ച ഫലം കിട്ടില്ല.
ശരീരത്തിന്റെ ആരോഗ്യത്തിനും സൗന്ദര്യ ത്തിനും ദഹനത്തിനും മാത്രമായി യോഗാഭ്യാസമനുഷ്ഠിക്കുന്നവരുണ്ട്. അവര്‍ ഹഠയോഗത്തിന്റെ ശരിയായ ഉദ്ദേശ്യം അറിഞ്ഞിട്ടില്ല. രാജയോഗത്തിലേക്ക് എത്തിച്ചേരലാണ്, ആത്മസാക്ഷാത്കാ രത്തിന്റെ കവാടം മലര്‍ക്കേ തുറക്കലാണ് ഹീയോഗത്തിന്റെ പ്രയോജനം.
നാഡികളിലും പ്രാണനിലും മനസ്സിലും ഹീ യോഗാഭ്യാസത്തിലൂടെ ഉണ്ടാകുന്ന സൂക്ഷ്മമായ സ്വാധീനം അറിയാതെ പോവരുത്. യാന്ത്രികമായ അഭ്യാസ മായാലും അത് അറിയാതെ നടക്കുന്നുണ്ട്. ഗുണമുണ്ടാകുന്നുണ്ട്. പക്ഷെ അതു തിരിച്ചറിഞ്ഞില്ലെങ്കില്‍ വേണ്ടത്ര പ്രയോജനമോ പുരോഗതിയോ ലഭിക്കില്ല.
(കൊച്ചി പതഞ്ജലി യോഗ ട്രെയിനിംഗ് ആന്റ് റിസര്‍ച്ച് സെന്റര്‍ അധ്യക്ഷനാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: