ഈ പാഞ്ചരാത്രസമ്പ്രദായത്തിന് അതിവിപുലമായ സാഹിത്യശേഖരം ഉണ്ട്; പലതും അച്ചടിച്ചിട്ടില്ല എന്നാണ് ദാസ്ഗുപ്ത ചൂണ്ടിക്കാട്ടുന്നത്. പൊതുവേ ശൈവഗ്രന്ഥങ്ങളെ ആഗമങ്ങളെന്നും ശാക്തസാഹിത്യങ്ങളെ തന്ത്രങ്ങളെന്നും വൈഷ്ണവഗ്രന്ഥങ്ങളെ സംഹിതകളെന്നും തരംതിരിച്ചു പറയാറുണ്ട്. ഇതിന് അപവാദങ്ങളുമുണ്ട്. വൈഷ്ണവസംഹിതകളില് ഏറ്റവും പ്രധാനപ്പെട്ടത് സാത്വതസംഹിതയാണ്. മഹാഭാരതത്തില്‍ ഇതിനെ പരാമര്‍ശിക്കുന്നുണ്ട്. സങ്കര്‍ഷണന്റെ അഭ്യര്‍ത്ഥനയെ മാനിച്ച് മുനിമാര്‍ക്കു വേണ്ടി ഭഗവാന് പാഞ്ചരാത്രശാസ്ത്രത്തെ വെളിപ്പെടുത്തി എന്നാണ് ഇതില്‍ പറയുന്നത്. അതിലെ ഇരുപത്തിഅഞ്ച് അധ്യായങ്ങളിലായി ഭഗവാന് നാരായണനെ തന്റെ ചതുര്വ്യൂഹതലത്തില് (വിഭവദേവതകള്) പൂജിക്കേണ്ട വിധാനം, ഉടയാടകളും ആഭരണങ്ങളും, വിശേഷാല്‍ പൂജകള്‍, പ്രതിമാപ്രതിഷ്ഠാ മുതലായവ വിവരിക്കുന്നു.
മറ്റൊരു ഗ്രന്ഥം ഈശ്വരസംഹിതയാണ്. ഇതില്‍ ഇരുപത്തിനാല് അധ്യായങ്ങളുണ്ട്. പതിനാറെണ്ണം പൂജാവിധാനത്തെ വിവരിക്കുന്നു. പ്രതിമാനിര്‍മ്മാണം, ദീക്ഷാ, ധ്യാനം, മന്ത്രങ്ങള്‍, പിതൃകര്‍മ്മം, മനോനിയന്ത്രണം, യാദവഗിരിമാഹാത്മ്യവര്ണ്ണനം എന്നിവ ഓരോരോ അധ്യായങ്ങളിലായി പറയുന്നു. പൂജാവിധാനം വിവരിക്കുന്ന ഭാഗങ്ങളില്‍ അവിടവിടെയായി ശ്രീവൈഷ്ണവസിദ്ധാന്തവും സമ്പ്രദായവും വെളിപ്പെടുത്തിയിരിക്കുന്നു.
ഈ സംഹിത അനുസരിച്ച് എകായനവേദമാണ് മറ്റെല്ലാ വേദങ്ങളുടെയും മൂലം. ഇതാണ് ആദിമകാലത്തുണ്ടായിരുന്നത്. മറ്റു വേദങ്ങളെല്ലാം പിന്നീടുണ്ടായതാണ്. അതുകൊണ്ട് അവയെ വികാരവേദങ്ങള് എന്നാണ് വിളിക്കുന്നത്. ഈ വികാരവേദങ്ങള്ക്കു പ്രചാരം കിട്ടിയതോടെ മനുഷ്യര്‍ കൂടുതല്‍ കൂടുതല്‍ ലൗകികരായി. അപ്പോള്‍ വാസുദേവന്‍ ഏകായനവേദത്തെ പിന്‍വലിക്കുകയും സനന്, സനത്സുജാതീയന്, സനകന്‍, സനന്ദനന്‍, സനത്കുമാരന്‍, കപിലന്, സനാതനന് എന്നീ തിരഞ്ഞെടുക്കപ്പെട്ട ചിലര്‍ക്ക് അതിനെ ഉപദേശിക്കുകയും ചെയ്തു. ഇവരാണ് ആദ്യത്തെ ഏകാന്തികള്‍.മരീചി, അത്രി, അംഗിര്, പുലസ്ത്യന്, പുലഹന്, ക്രതു, വസിഷ്ഠന്, സ്വായംഭുവന് എന്നീ മുനിമാര്‍ നാരായണനില്‍ നിന്നും നേരിട്ട് ഇതിനെ അറിഞ്ഞു.
ഇതിന്റെ അടിസ്ഥാനത്തില്‍, പദ്യരൂപത്തില്‍ പാഞ്ചരാത്രഗ്രന്ഥങ്ങളും ധര്മശാസ്ത്രഗ്രന്ഥങ്ങളും മനുവും മറ്റ് ഋഷിമാരും നിര്‍മ്മിച്ചു. സാത്വതം, പൗഷ്കരം, ജയാഖ്യം മുതലായ ഗ്രന്ഥങ്ങള്‍ സങ്കര്‍ഷണന്റെ നിര്‍ദ്ദേശപ്രകാരം, അപ്പൊഴേക്കും തീരെ വിസ്മൃതിയിലാണ്ടുപോയ ഏകായനവേദസിദ്ധാന്തങ്ങള്ക്കനുസൃതമായി, എഴുതപ്പെട്ടു. ശാണ്ഡില്യനും സങ്കര്‍ഷണനില്‍ നിന്നും ഈ വേദം ഉള്‍ക്കൊണ്ട് ഋഷിമാര്‍ക്ക് ഉപദേശിച്ചു. ശാണ്ഡില്യഭക്തിസൂത്രം പ്രസിദ്ധമാണല്ലോ.
നാരായണന് ആദ്യം ഉപദേശിച്ച ഏകായനവേദം സാത്വികശാസ്ത്രം എന്നറിയപ്പെടുന്നു. പിന്നീട് ഈ വേദത്തിന്റെ അടിസ്ഥാനത്തിലും ഋഷിമാരാലും എഴുതപ്പെട്ടവയെ രാജസശാസ്ത്രങ്ങളെന്നും കേവലം മനുഷ്യരാല്‍ എഴുതപ്പെട്ടവയെ താമസശാസ്ത്രങ്ങളെന്നും പറയപ്പെടുന്നു. രാജസശാസ്ത്രങ്ങള് പാഞ്ചരാത്രം, വൈഖാനസം എന്നിങ്ങനെ രണ്ടു തരമാണ്. ഈ വൈഷ്ണവസാഹിത്യത്തിലെ സാത്വതം, പൗഷ്കരം, ജയാഖ്യം എന്നീ മൂന്നും മുനിമാരാല്‍ എഴുതപ്പെട്ട ആദ്യഗ്രന്ഥങ്ങള്‍ ആയിരിക്കാമെന്നും അവയില്‍വെച്ച് സാത്വതസംഹിത, അതില്‍ നാരായണ-സങ്കര്ഷണസംവാദം ഉള്ളതിനാല്‍, കൂടുതല്‍ പ്രാധാന്യം അര്‍ഹിക്കുന്നു എന്നും ദാസ്ഗുപ്ത അഭിപ്രായപ്പെടുന്നു.
അഹിര്ബുദ്ധ്ന്യസംഹിതാ, ഹയശീര്ഷസംഹിതാ, വിഷ്ണുതത്വസംഹിതാ, പരമസംഹിതാ, പരാശരസംഹിതാ, പദ്മസംഹിതാ, പരമേശ്വരസംഹിതാ, പൗഷ്കരസംഹിതാ, പ്രകാശസംഹിതാ, മഹാസനത്കുമാരസംഹിതാ, അനിരുദ്ധസംഹിതാ മഹോപനിഷത്, കാശ്യപസംഹിതാ, വിഹഗേന്ദ്രസംഹിതാ, സുദര്ശനസംഹിതാ, അഗസ്ത്യസംഹിതാ, വസിഷ്ഠസംഹിതാ, വിശ്വാമിത്രസംഹിതാ, വിഷ്ണുസംഹിതാ, മാര്ക്കണ്ഡേയസംഹിതാ, വിഷ്വക്സേനസംഹിതാ, ഹിരണ്യഗര്ഭസംഹിതാ എന്നിങ്ങനെ നിരവധി സംഹിതകള്‍ ഈ വൈഷ്ണവസമ്പ്രദായത്തിന്റേതായി കാണാം. വിശിഷ്ടാദൈ്വതം തുടങ്ങിയ പില്ക്കാലവൈഷ്ണവസിദ്ധാന്തങ്ങള്ക്കും സമ്പ്രദായങ്ങള്‍ക്കും അടിസ്ഥാനഗ്രന്ഥങ്ങളായി ഈ വിപുലമായ പാഞ്ചരാത്രസാഹിത്യം കരുതപ്പെട്ടുപോന്നു. പാഞ്ചരാത്രസമ്പ്രദായത്തെ സമര്‍ത്ഥിക്കുന്ന ഉപനിഷത്തുകളും പുരാണങ്ങളും എഴുതപ്പെട്ടിട്ടുണ്ട്. പില്ക്കാലത്ത് വൈഷ്ണവാചാര്യഗ്ലാരായ രാമാനുജാചാര്യരും മറ്റും ഇവയില്‍ പലതിനേയും സ്വമതസ്ഥാപനത്തിനായി അവലംബിക്കുന്നതു കാണാം.
(തുടരും..)
പ്രതികരിക്കാൻ ഇവിടെ എഴുതുക: