ശബരിമല: ലക്ഷക്കണക്കിന് തീര്‍ഥാടകരെത്തുന്ന ശബരിമലയിലെ അന്നദാനവഴിപാട് നടത്താന്‍ ബോര്‍ഡ് ഓട്ടംതുടങ്ങി. വഴിപാടെന്നപേരില്‍ സ്പോണ്‍സര്‍മാരെ കണ്ടെത്തി ഭക്ഷണം നല്‍കാനാണ് ബോര്‍ഡിന്റെ പദ്ധതി. സന്നിധാനത്തെത്തുന്ന ഭക്തര്‍ക്ക് നാലുവര്‍ഷം മുമ്പുവരെ നിരവധി ഹൈന്ദവ സംഘടനകളും സേവാപ്രവര്‍ത്തകരും സൗജന്യമായി ഭക്ഷണമൊരുക്കി നല്‍കിയിരുന്നത് ബോര്‍ഡ് നിര്‍ത്തലാക്കിയിരുന്നു. ഇതിന്ശേഷം ബോര്‍ഡ് അന്നദാനം ഏറ്റെടുത്ത് നടത്തുകയായിരുന്നു. അന്നദാനത്തിനായി പ്രതിദിനം വന്‍ തുക ചെലവാകുന്നു എന്ന കാരണം പറഞ്ഞാണ് ദേവസ്വം സ്പോണ്‍സര്‍മാരെ തേടിയിറങ്ങിയിരിക്കുന്നത്.
ദിവസം 40,000 പേര്‍ക്ക് മൂന്നുനേരം ഭക്ഷണം നല്കാന് ഇപ്പോള്‍ സംവിധാനമുണ്ട്. എന്നാല്‍, ഇതിന് ഭാരിച്ച സാമ്പത്തിക ചെലവ് വേണ്ടിവരുമെന്നാണ് ബോര്‍ഡിന്റെ ഭാഷ്യം. ഒരു ദിവസത്തെ അന്നദാനത്തിന് മാത്രം ആറുലക്ഷം രൂപ വേണമെന്നാണ് പറയുന്നത്. ഈ പണം വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും സമര്പ്പണമെന്നപേരില് കണ്ടെത്താനാണ് ബോര്‍ഡിന്റെ നീക്കം. ഒരു ദിവസത്തെ ചെലവിലേക്കായി ആറ് ലക്ഷം രൂപ സമര്‍പ്പിക്കുന്ന വ്യക്തിയുടെ പേരിലായിരിക്കും അന്നത്തെ അന്നദാന വഴിപാട്.
ഒരുനേരത്തെ അന്നദാനത്തിനായി രണ്ടുലക്ഷംരൂപയാണ് വഴിപാടുകാരന് നല്‍കേണ്ടത്. ഓരോരുത്തരും താത്പ്പര്യപ്പെടുന്ന തീയതിയും സമയവും അനുസരിച്ച് അന്നദാന വഴിപാട് നടത്താമെന്നാണ് ബോര്‍ഡ് പറയുന്നത്. അന്നദാനം ഇത്തരത്തില്‍ നടത്തിയാല്‍ ശബരിമലയിലെ മണ്ഡലകാലത്തെ ഉദയാസ്തമനപൂജയുടെ സ്ഥിതിയാകും. അന്നദാനവഴിപാട് ഇടനിലക്കാര്‍ മൊത്തമായി ബുക്കുചെയ്യുകയും പിന്നീട് വഴിപാട് ആവശ്യമുള്ളവര്‍ക്ക് പതിനായിരങ്ങളുടെ ലാഭത്തില്‍ മറിച്ചുനല്‍കുന്ന ഇടപാടും നിലനില്‍ക്കുന്നുണ്ട്. മണ്ഡല ഉത്സവകാലത്ത് ഇത്തരത്തില്‍ വഴിപാടുകള്‍ സ്വകാര്യവല്‍ക്കരിക്കുന്നതില്‍ ദേവസ്വം കാണിക്കുന്ന ഈ നിലപാടില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: